UPDATES

ഒടുവില്‍ ഭരണകൂടവും ജനപ്രതിനിധികളും കണ്ണ് തുറക്കുന്നു; നാല് പതിറ്റാണ്ട് കാലത്തെ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓമനക്കുട്ടന്റെ അംബേദ്കര്‍ ഗ്രാമം

ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഉള്‍പ്പെടുന്ന കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് അംബേദ്കര്‍ ഗ്രാമത്തിന്റെ വികസനത്തിന് പദ്ധതികള്‍ തയ്യാറാകുന്നത്

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനിലൂടെ ശ്രദ്ധാകേന്ദ്രമായ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അംബേദ്കര്‍ ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് വഴി തെളിയുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന്റെ രൂക്ഷതയേറെ അനുഭവിക്കുന്നവരാണ് പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ ചേരുന്ന അംബേദ്കര്‍ ഗ്രാമത്തിലുള്ള പട്ടികജാതി കുടുംബങ്ങള്‍. കഴിഞ്ഞ മുപ്പത്തിയഞ്ച് കൊല്ലത്തിനുമേലായി വര്‍ഷത്തില്‍ രണ്ട് തവണയായി മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കേണ്ടി വരുന്നവരാണ് ഇവര്‍. ഇത്തവണയും പ്രദേശവാസികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയപ്പോഴായിരുന്നു, ക്യാമ്പിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുവന്നതിന്റെ ഓട്ടോക്കൂലിക്കായി അന്തേവാസികള്‍ ചേര്‍ന്ന് പിരിവെടുത്ത തുക ക്യാമ്പ് കണ്‍വീനര്‍ കൂടിയായ ഓമനക്കുട്ടനെ ഏല്‍പ്പിച്ചതും അത്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതും. ഇതിനെ തുടര്‍ന്നായിരുന്നു സിപിഎം നേതാവ് ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന വിവാദം ഉണ്ടാകുന്നത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തു വന്നതോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നുവന്ന ദുരിതാശ്വാസ ക്യാമ്പ് വാര്‍ത്താകേന്ദ്രമായി. ഇതിന്റെ പശ്ചാത്തലത്തില്‍ അംബേദ്കര്‍ ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് അഴിമുഖം വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു-പുന്നപ്ര വയലാര്‍ മുതല്‍ പാര്‍ട്ടിക്കൊപ്പം, എന്നാല്‍ വര്‍ഷത്തില്‍ രണ്ട് തവണയും ദുരിതാശ്വാസ ക്യാമ്പിലാണ് സഖാവ് ഓമനക്കുട്ടന്റെ ഗ്രാമം.

പ്രതിയാക്കപ്പെട്ട സംഭവത്തില്‍ ഓമനക്കുട്ടന്‍ നിരപരാധിയാണെന്നു തെളിയുകയും അദ്ദേഹത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പിന്തുണ ഉണ്ടാവുകയും ചെയ്തതിനു പിന്നാലെയാണ്, ഓമനക്കുട്ടന്‍ കൂടി താമസക്കാരനായ അംബേദ്കര്‍ ഗ്രാമത്തിന്റെ ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നിരിക്കുന്നത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഉള്‍പ്പെടുന്ന കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് അംബേദ്കര്‍ ഗ്രാമത്തിന്റെ വികസനത്തിന് പദ്ധതികള്‍ തയ്യാറാകുന്നത്. ഈ മാസം 26 ന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കമ്യൂണിറ്റി ഹാളില്‍ (ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നയിടം) ഒരു യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ഈ യോഗത്തില്‍ അംബേദ്കര്‍ ഗ്രാമത്തിന്റെ സമഗ്രവികസനം ലക്ഷ്യം വച്ച് ഒരു മാസ്റ്റര്‍ പ്രൊജക്ട് തയ്യാറാക്കാനാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ധനമന്ത്രി തോമസ് ഐസക്ക്, പി. തിലോത്തമന്‍, എ എം ആരിഫ് എം പി എന്നിവര്‍ അംബേദ്കര്‍ ഗ്രാമ വികസനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ പദ്ധതി ലക്ഷ്യത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പഞ്ചായത്ത് ജനപ്രതിനിധികള്‍.

അംബേദ്കര്‍ ഗ്രാമത്തിന് ഗുണവും ദോഷവും ഒരുപോലെ ചെയ്യുന്ന കരിപ്പയില്‍ ചാല്‍ നവീകരണമാണ് ആദ്യത്തെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളുടെ സഹായത്തോടെ കരിപ്പയില്‍ ചാല്‍ വൃത്തിയാക്കി ആഴം കൂട്ടിയിരുന്നു. ഈ പ്രവര്‍ത്തി മഴക്കാലത്തിനു മുന്നേ തീര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് പതിവില്‍ നിന്നും വിപരീതമായി ഇത്തവണ അംബേദ്കര്‍ ഗ്രാമം പൂര്‍ണമായി വെളളത്തിനടിയില്‍ ആകാതെ കഴിഞ്ഞതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു പറയുന്നത്. “മുന്‍ വര്‍ഷങ്ങളില്‍ മഴക്കാലത്ത് കരിപ്പയില്‍ ചാല്‍ കരകവിഞ്ഞ് തലയ്‌ക്കൊപ്പം വെള്ളം വരുന്ന അവസ്ഥയായിരുന്നു അംബേദ്കര്‍ ഗ്രാമത്തിലുണ്ടായിരുന്നത്. ഹരിത കേരളം വഴി അമ്പത്തിയഞ്ചര ലക്ഷം രൂപ വകയിരുത്തി കരിപ്പയില്‍ ചാല്‍ നവീകരണം നടത്തിയതോടെ ഇത്തവണ തോടിന്റെ ആഴം കൂടുകയും അതുവഴി കൂടുതല്‍ വെള്ളം ഉള്‍ക്കൊണ്ട് ഒഴുകാന്‍ സാധിച്ചതുമാണ് സാധാരണയുണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടാകാതിരുന്നതുനു കാരണം. നാല്‍പ്പത് വര്‍ഷത്തിനടുത്തായി നവീകരണമില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു കരിപ്പയില്‍ ചാല്‍. ഒരുകാലത്ത് പ്രധാനപ്പെട്ടൊരു ജലഗതാഗത മാര്‍ഗം കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണ ഒരു മീറ്റര്‍ ആഴത്തില്‍ ചെളി മാറ്റിയാണ് തോടിന് ആഴം കൂട്ടിയത്. ധനമന്ത്രി തോമസ് ഐസക്ക്, ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ എ എം ആരിഫ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കരിപ്പയില്‍ ചാല്‍ നവീകരണ പ്രൊജക്ട് നടപ്പാക്കിയത്”; പ്രഭ മധു പറയുന്നു.

കരിപ്പയില്‍ ചാല്‍ നവീകരണം അംബേദ്കര്‍ ഗ്രാമത്തിനു മാത്രമല്ല ഗുണം ചെയ്യുക. തൈക്കല്‍ ഭാഗത്തും വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. പൂര്‍ണമായ നവീകരണം കൊണ്ടു മാത്രമാണ് ഗുണം കിട്ടുക. ഇത് ലക്ഷ്യം വച്ചുകൊണ്ടു തന്നെയാണ് രണ്ടു പഞ്ചായത്തുകളെയും സഹകരിപ്പിച്ച് കഞ്ഞിക്കുഴി ബ്ലോക്കിന്റെ നേതൃത്വത്തില്‍ നവീകരണം നടത്തിയത്. വ്യാപകമായ കയ്യേറ്റം കരിപ്പയില്‍ ചാലിനെ തകര്‍ത്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അംബേദ്കര്‍ ഗ്രാമത്തില്‍ 85 മീറ്റര്‍ വീതിയില്‍ ഒഴുകുന്ന തോട് തൈക്കല്‍ പാലം എത്തുമ്പോള്‍ വെറും നാലര മീറ്റര്‍ ആയി ചുരുങ്ങുകയാണ്. ഇതുമൂലം മഴക്കാലത്ത് തൈക്കല്‍ പാലം ഭാഗത്തും വെള്ളക്കെട്ടുകള്‍ രൂക്ഷമാകുന്നു. നബാഡ് സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിപ്പയില്‍ ചാലിന്റെ വശങ്ങളില്‍ കരിങ്കല്‍ ഭിത്ത് കെട്ടിയതും ജനങ്ങള്‍ക്ക് ദോഷമായാണ് മാറിയത്. തോട് സംരക്ഷിക്കാനെന്ന പേരിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ചതെങ്കിലും വെള്ളത്തിനു സമമായി കെട്ടിയ കരിങ്കല്‍ ഭിത്തി യാതൊരു വിധ പ്രയോജനവും ചെയ്തില്ല. മഴക്കാലത്ത് വെള്ളം നിറഞ്ഞ് കരിങ്കല്‍ ഭിത്തി കാണാന്‍ കഴിയാത്ത അവസ്ഥയാകും. ഇരുകരകളിലേക്കും തോട്ടിലെ വെള്ളം ഇരച്ചു കയറുന്നതോടെ വീടുകള്‍ വെള്ളത്തിലാകും. ഇതിനൊപ്പമാണ് നിലങ്ങളില്‍ നിന്നുള്ള വെള്ളക്കയറ്റവും. നിലങ്ങളുടെ വശങ്ങളും കല്ല് കെട്ട് ഉയര്‍ത്തണമെന്ന് ആവശ്യം നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും നടപ്പാക്കിയില്ല. തോടിന്റെ വശങ്ങളില്‍ രണ്ട് മീറ്റര്‍ ഉയരത്തിലെങ്കിലും കല്‍ഭിത്തി കെട്ടണമെന്ന ആവശ്യത്തിനും ഫലമുണ്ടായില്ല.

ഇപ്പോള്‍ കെട്ടിയിരിക്കുന്ന കരിങ്കല്‍ ഭിത്തി തോടിനെ ഒതുക്കി കളയാന്‍ മാത്രമാണ് ഉപകരിച്ചിരിക്കുന്നതെന്നാണ് പഞ്ചായത്ത് ജനപ്രതിനിധികള്‍ പറയുന്നത്. വ്യാപകമായ രീതിയിലാണ് കരിപ്പയില്‍ ചാല് കയ്യേറ്റം നടന്നിരിക്കുന്നത്. അംബേദ്കര്‍ ഗ്രാമക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പ്രാധന കാരണവും ഈ കയ്യേറ്റമാണ്. അതൊഴിപ്പിക്കുന്ന എന്നതാണ് ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. കരിപ്പയില്‍ ചാലിന്റെ യഥാര്‍ത്ഥ വീതി കണ്ടെത്താനുള്ള സര്‍വേ നടത്താനായി ചേര്‍ത്തല താലൂക്ക് ഓഫിസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍വേ നടത്തി തോടിന്റെ അതിര് തിട്ടപ്പെടുത്തും. മുന്‍പ് ഇവിടെ കല്ല് കെട്ടിയതുപോലും യഥാര്‍ത്ഥ അതിര് കണ്ടെത്താതെയായിരുന്നു. ഇനിയിത്തരം പാകപ്പിഴകള്‍ ആവര്‍ത്തിക്കില്ല. സര്‍ക്കാര്‍ സ്ഥലം എത്രത്തോളമെന്ന് കണ്ടെത്തി കുറ്റിയടിക്കും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. കയ്യേറിയതെല്ലാം തിരിച്ചു പിടിക്കും; ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. മാസ്റ്റര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്താതെ തന്നെ കഞ്ഞിക്കുഴി ബ്ലോക്ക് ആറുലക്ഷം രൂപ കൂടി കരിപ്പയില്‍ ചാല്‍ നവീകരണത്തിന് നീക്കി വച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പ്രഭ മധു പറയുന്നു. കരിപ്പയില്‍ ചാല്‍ നവീകരിച്ച് ആഴവും വീതിയും കൂട്ടാതിരിക്കുന്നിടത്തോളം കാലം അംബേദ്കര്‍ ഗ്രാമം വെള്ളത്തില്‍ മുങ്ങിക്കിടക്കുമെന്നാണ് പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്ന ആശങ്ക.

കരിപ്പയില്‍ ചാല്‍ നവീകരണത്തിനൊപ്പം തന്നെ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തികളാണ് നിലവിലെ പാലങ്ങളുടെ പുനര്‍നിര്‍മാണം. തൈക്കല്‍ പാലത്തിന്റെ വീതി കൂട്ടും. ഇത് കൂടാതെ മൂന്നോളം പാലങ്ങള്‍ കരിപ്പയില്‍ ചാലിനു കുറകെ ഈ പ്രദേശത്ത് തന്നെയുണ്ട്. ഇപ്പോഴവ ചാലിലെ വെള്ളത്തില്‍ മുട്ടിയെന്നവണ്ണമാണ് നില്‍ക്കുന്നത്. ഇവ ഉയര്‍ത്തി നിര്‍മിക്കാനാണ് തീരുമാനം. അംബേദ്കര്‍ ഗ്രാമ വികസനത്തിനായുള്ള മാസ്റ്റര്‍ പ്രൊജക്ടില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അംബേദ്കര്‍ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യമായ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമെന്നാണ് ജനപ്രതിനിധികള്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ രണ്ടു റോഡുകള്‍ പകുതിയില്‍ നിര്‍മാണം നിലച്ചു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കണ്ണികാട് ക്ഷേത്രത്തിനു മുന്നിലൂടെ വന്ന് ഇപ്പോഴത്തെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുന്നില്‍ വരെ എത്തി നില്‍ക്കുന്ന റോഡും കരിപ്പയില്‍ ചാലിന്റെ കരയിലൂടെ പോകുന്ന റോഡും പൂര്‍ണമായാല്‍ അംബേദ്കര്‍ ഗ്രാമക്കാരുടെ ഗതാഗത ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയും. അര്‍ത്തുങ്കല്‍ ഭാഗത്തുള്ള പ്രധാന റോഡുമായി ബന്ധിപ്പിക്കാവുന്നതാണ് രണ്ടു റോഡുകളും. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ നിര്‍മാണം പൂര്‍ത്തിയായാലും പുറത്തേക്ക് കടക്കാന്‍ ഇപ്പോള്‍ തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. റോഡ് സൗകര്യം ഇല്ലാത്തതു മൂലം വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും വെള്ളം നില്‍ക്കാത്തവണ്ണം ഭൂമി ഉയര്‍ത്താനും സാധനങ്ങള്‍ പോലും എത്തിക്കാന്‍ കഴിയാതെ വരുന്നുണ്ട് ഇവിടുത്തുകാര്‍ക്ക്. ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യവും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് അധികാരികള്‍ പറയുന്നത്.

“തങ്ങളുടെ പറമ്പില്‍ക്കൂടി റോഡ് പോകുന്നതിന് സ്ഥലം വിട്ടു നല്‍കാന്‍ ചില വീട്ടുകാര്‍ തയ്യാറാകാത്തതാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെ അനുനയിപ്പിച്ച് സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതം വാങ്ങിയെടുക്കുകയാണ് ആദ്യലക്ഷ്യം. ജനപ്രതിനിധികളുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തില്‍ തന്നെ ഇതിനായി ശ്രമങ്ങള്‍ നടത്താനാണ് തീരുമാനം. സ്ഥലം നല്‍കി കൊണ്ടുള്ള അനുമതി പത്രം കിട്ടുകയാണെങ്കില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. റോഡ് വന്നാല്‍ അംബേദ്കര്‍ കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വലിയതോതില്‍ പരിഹാരം ഉണ്ടാവുകയും ചെയ്യും”; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

വീടുകളുടെ പുനരുദ്ധാരണവും വെള്ളക്കെട്ട് ഒഴിവാക്കലും നടപ്പാക്കാനായാല്‍ താമസക്കാര്‍ക്ക് ഇവിടെ തന്നെ തുടര്‍ന്ന് ജീവിക്കാന്‍ കഴിയും. അതേസമയം തന്നെ പുനരധിവാസ പാക്കേജ് എന്ന ആവശ്യവും അംബേദ്കര്‍ ഗ്രാമക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഒട്ടും താമസിക്കാന്‍ കഴിയാതെ വരുന്നവര്‍ ഉണ്ടെങ്കില്‍ വില്ലേജ് ഓഫിസില്‍ നിന്നും പരിശോധന നടത്തി താമസയോഗ്യമല്ലെന്നു കാണുന്ന വീട്ടുകാരെ പുനരധിവസിപ്പിക്കുക എന്ന തീരുമാനം എടുക്കാനും ആലോചനയുണ്ട്. ജീവിതസാഹചര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസമാണ് ആലോചിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്കും പി. തിലോത്തമനും സ്ഥലം എംപി എഎം ആരിഫും ഈ നിര്‍ദേശത്തോട് യോജിക്കുന്നുണ്ട്. ഇവരുടെ കൂടെ സഹായത്തോടെ പുനരധിവാസ പാക്കേജ് നടപ്പാക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്. 26 ന് ചേരുന്ന യോഗത്തില്‍ ഈ ആവശ്യവും ചര്‍ച്ചയില്‍ വയ്ക്കുന്നുണ്ട്. ഇപ്പോള്‍ പല വീടുകളും ജീര്‍ണാവസ്ഥയില്‍ അംബേദ്കര്‍ ഗ്രാമത്തില്‍ ഉണ്ട്. ഭിത്തികെട്ടിയ വീടുകളായതുകൊണ്ട് ഇവയ്ക്ക് പകരമായി പുതിയ വീടുകള്‍ അനുവദിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടെന്നതിനാല്‍ വീടുകളുടെ പുനരുദ്ധാരണമാണ് നോക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പുനനിര്‍മാണത്തിനുള്ള സഹായം ലഭിക്കുമോയെന്നാണ് പരിശോധിക്കുന്നത്. ആ വഴിയില്‍ ഒരു സ്‌പെഷ്യല്‍ പാക്കേജ് അനുവദിച്ചു കിട്ടുമോയെന്നാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ ഫണ്ട് ലഭിക്കുകയാണെങ്കില്‍ വീടുകളുടെ അറ്റകുറ്റപ്പണികളും ഉടനടി ചെയ്തു കൊടുക്കും. ഇതോടൊപ്പം തന്നെ ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനായി അവരുടെ വരുമാന മാര്‍ഗങ്ങള്‍ വിപുലപ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. കൃഷി ഇവിടുത്തെ പ്രധാന ജീവിതോപാധിയാണ്. കാര്‍ഷികരംഗത്ത് കൂടുതല്‍ സഹായങ്ങള്‍ നല്‍കുക അതിനു പിന്നിലെ ലക്ഷ്യമാണ്. വെള്ളവും പുല്ലും ലഭിക്കുന്ന സ്ഥലമായതിനാല്‍ പോത്ത്, എരുമ കൃഷി നടത്തുന്നതിനുള്ള സഹായവും ജനങ്ങള്‍ക്ക് ചെയ്തു കൊടുക്കുകയെന്നതും മറ്റൊരു ഉദ്ദേശമാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ചു നിന്നുകൊണ്ട് തന്നെ അംബേ്ദകര്‍ ഗ്രാമത്തിന്റെ സമഗ്രവികസനം എന്ന ലക്ഷ്യം കാലതാമസം വരുത്താതെ തന്നെ യാഥാര്‍ത്ഥ്യത്തില്‍ എത്തിക്കും. ഇനിയും ഈ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിടാതിരിക്കാനായി സാധ്യമയ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുംം. 26 ആം തീയതി നടക്കുന്ന യോഗത്തില്‍ ഇതിനനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു; കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധുവും, കുറുപ്പന്‍കുളങ്ങര ബ്ലോക്ക് മെംബര്‍ സുധര്‍മ്മിണി തമ്പാനും പറയുന്നു.

ജനപ്രതിനിധികള്‍ പറയുന്ന വാക്കുകള്‍ നടപ്പിലാവുകയാണെങ്കില്‍ നാലു പതിറ്റാണ്ടോളമായി അംബേദ്കര്‍ ഗ്രാമത്തിലെ ദളിത് ജീവിതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമാകും. വെള്ളം കയറാത്ത വിധം വീടുകള്‍ സംരക്ഷിച്ചു നല്‍കുക, അതല്ലെങ്കില്‍ തങ്ങളെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ നിരന്തരമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തിന്റെ ജീവിതം നിലവാരം ഉയര്‍ത്താന്‍ വേണ്ടി ഒരു കോടി രൂപ പ്രസ്തുത വകുപ്പില്‍ നിന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി. തിലോത്തമന്റെ ശ്രമഫലമായി അംബേദ്കര്‍ ഗ്രാമത്തിനായി അനുവദിച്ചിട്ടുപോലും അതിന്റെയൊരു ഗുണവും ഈ മനുഷ്യര്‍ക്ക് ഇന്നേവരെ കിട്ടിയിട്ടില്ല. വെള്ളം കയറാത്ത വിധം വീടുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇവിടുത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓരോ വീടുകളിലും ചെന്ന് എന്തൊക്കെ പ്രാഥമികാവശ്യങ്ങളാണോ അവിടെ വേണ്ടതെന്നു സര്‍വേ നടത്തി ലിസ്റ്റ് തയ്യാറാക്കി നിര്‍മിതി കേന്ദ്രയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അമ്പതുലക്ഷം രൂപ നിര്‍മിതി കേന്ദ്രയ്ക്ക് കൈമാറിയെന്നും പട്ടികജാതി വകുപ്പില്‍ നിന്നും അറിയിപ്പും കിട്ടി. പക്ഷേ, ഇന്നേവരെ ഒരു കല്ല് പോലും അതിന്റെ ഭാഗമായി എടുത്തിട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് അധികമാകും നിശ്ചിത കാലയളവില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി നിര്‍മിതി കേന്ദ്ര ഒന്നും ചെയ്യാതെ തന്നെ അംബേദ്കര്‍ കോളനിയെ കൈയൊഴിയുകയും ചെയ്തിരുന്നു. അംബേദ്കര്‍ ഗ്രാമം ഉള്‍പ്പെടുന്ന പഞ്ചായത്ത് വാര്‍ഡിലെ മെംബര്‍ സരസ്വതി ഈ വിഷയത്തില്‍ അഴിമുഖത്തോട് കാര്യങ്ങള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു; “ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഒരുപാട് ആകുമെന്നതായിരുന്നു നിര്‍മിതി കേന്ദ്രക്കാരുടെ ആദ്യത്തെ പരാതി. ഇങ്ങോട്ട് റോഡ് ഗതാഗതം ബുദ്ധിമുട്ടായ കാര്യമാണ്. വര്‍ഷകാലത്ത് മുഴുവന്‍ ഇവിടം വെള്ളക്കെട്ടായതുകൊണ്ട് വേനല്‍ക്കാലത്ത് മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാലപരിധിയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമെന്നതായിരുന്നു അടുത്ത പ്രശ്നമായി ചൂണ്ടിക്കാണിച്ചത്. ചാലിന്റെ രണ്ടു കരയിലുമായിട്ടാണ് ഇവിടെ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. വീടുകള്‍ തമ്മില്‍ അകലവുമുണ്ട്. ഒരു നിശ്ചിത പ്രദേശത്ത് അടുത്തടുത്തായി വീടുകള്‍ ഉണ്ടെങ്കില്‍ മാത്രമെ നിര്‍മാണം വേഗത്തിലും ചെലവ് കുറച്ചും നടത്താന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരുലക്ഷത്തില്‍ താഴെയാണ് ഓരോ വീടിനുമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. അത്രയും തുക കൊണ്ട് ഇവിടുത്തെ അവസ്ഥയില്‍ ലഭ്യമായ ഫണ്ടിനകത്ത് നിന്നുകൊണ്ട് നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാകാന്‍ വേണ്ടി പലതവണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ചെന്നു. അവര്‍ക്ക് പറയാന്‍ ന്യായങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചു. എങ്ങനെയെങ്കിലും പണി നടത്തണമെന്നു മന്ത്രി പറഞ്ഞു നോക്കിയിട്ടും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഓഡിറ്റും മറ്റും വന്നാല്‍ തങ്ങള്‍ക്ക് പ്രശ്നമാകുമെന്നായിരുന്നു നിര്‍മിതി കേന്ദ്രയിലെ ഉദ്യോഗസ്ഥര്‍ തടസം പറഞ്ഞത്. ഇത്തവണത്തെ മഴയ്ക്കു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോ എന്നറിയാന്‍ രണ്ടു മാസം മുമ്പ് നിര്‍മിതി കേന്ദ്രയില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണറിഞ്ഞത് അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറിയെന്ന്. ഇതുവരെ അനുവദിക്കപ്പെട്ട പണം ലാപ്സ് ആയിട്ടില്ല. അങ്ങനെ സംഭവിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യാന്‍ കഴിയണം. കുറച്ചു തുക കൂടുതല്‍ ലഭ്യമാക്കിയിട്ടാണെങ്കിലും ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത മഴയ്ക്കും ഇവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ വരേണ്ടി വരും”.

മുന്‍ പദ്ധതിയില്‍ നിന്നും നിര്‍മിതി കേന്ദ്ര പിന്മാറിയത് കഴിഞ്ഞ സംഭവമാണെന്നും ഇനിയെന്തൊക്കെ അംബേദ്കര്‍ ഗ്രാമത്തിനുവേണ്ടി ചെയ്യാന്‍ കഴിയുമെന്നതാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നത്. മന്ത്രി പി. തിലോത്തമന്‍ ഇടപെട്ട് അനുവദിച്ച പട്ടിക ജാതി വകുപ്പില്‍ നിന്നുള്ള ഫണ്ട് ലാപ്‌സ് ആകാത്ത സാഹചര്യത്തില്‍ അത് വിനിയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം വീണ്ടും പരിശോധിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ട്. ഏതു രീതിയിലായാലും അംബേദ്കര്‍ ഗ്രാമത്തിലെ പട്ടികജാതി ജീവിതങ്ങള്‍ മുന്‍കാലങ്ങളിലെപ്പോലെ ദുരിതക്കയത്തില്‍ കഴിയേണ്ടി സാഹചര്യം ഉണ്ടാക്കില്ലെന്നാണ് ജനപ്രതിനിധികള്‍ വീണ്ടും ഉറപ്പിച്ചു പറയുന്നത്. ഈ ഉറപ്പ് വിശ്വസിക്കുകയാണ് ഇവിടുത്തെ മനുഷ്യര്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍