UPDATES

കേരളം

ഇറച്ചിയും മീനും കഴിക്കുന്ന താഴ്ന്ന ജാതിക്കാര്‍ സഞ്ചരിച്ചാല്‍ തീണ്ടുമത്രെ; റോഡിനായി പാളത്തൊപ്പി സമരവുമായി ഹൊസവളിഗെ നിവാസികള്‍

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പെട്ട കിടപ്പിലായ രോഗിയാണ് 66കാരിയായ സീതു. അടിയന്തര ചികിത്സയ്ക്കായി പരിയാരത്ത് മാറ്റിയ ഇവരെ തിരിച്ച് വീട്ടിലേക്കെത്തിക്കാന്‍ കോളനിയിലെ യുവാക്കള്‍ക്ക് അരമണിക്കൂറോളം സീതുവിനെയും പൊക്കി കുന്ന് കയറേണ്ടി വന്നു.

മുള്ളേരിയയ്ക്കപ്പുറത്തെ ബള്ളൂര്‍ പഞ്ചായത്തിന്റെ മുറ്റത്ത് കഴിഞ്ഞ ദിവസം വ്യത്യസ്തമായൊരു പ്രതിഷേധ പ്രകടനം നടന്നു. പാളത്തൊപ്പി സമരം! മഴയെ തുളുനാടന്‍ തനിമയില്‍ പാളത്തൊപ്പിയാല്‍ തടുത്ത് ഹൊസവളിഗെ നിവാസികളെല്ലാം അവിടെ ഒത്തുചേര്‍ന്നു. അവര്‍ക്ക് തങ്ങളുടെ കോളനിയിലേക്കും, വീടുകളിലേക്കും ഒരു വഴി വേണം. പുതിയ വഴി ഉണ്ടാക്കുകയൊന്നും വേണ്ട. കാലാകാലങ്ങളായി അവരുടെ തലമുറ നടന്നു തുടങ്ങിയ ഒരു വഴിയുണ്ട് അവര്‍ക്ക്. പട്ടിക ജാതിക്കാരായ 37കുടുംബങ്ങള്‍, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട അഞ്ചും, മറ്റ് വിവിധ വിഭാഗങ്ങളില്‍ പെടുന്ന 36 കുടുംബങ്ങള്‍ എന്നിങ്ങിനെ 78 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വഴിമുട്ടിയത്.

കോളനിയോട് ചേര്‍ന്ന് താമസിക്കുന്ന ഭൂവുടമ പറയുന്നു, റോഡ് നില്‍ക്കുന്ന സ്ഥലം തന്റെ സ്വകാര്യ സ്വത്താണ്. അത് വഴി റോഡ് ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്ന്. പലയാവര്‍ത്തി തര്‍ക്കങ്ങള്‍ നടന്നപ്പോള്‍ കോടതിയെ സമീപിച്ച നവീന്‍ കുമാര്‍ കടമ്പളിത്തായ തനിക്ക് അനുകൂലമായ വിധി നേടിയെടുത്തു. 2009 മുതല്‍ നിയമക്കുരുക്കുകളിലും, വാക്‌പോരിലും കിടക്കുന്ന സ്ഥലം ഒരുകാലത്ത് യാതൊരു പ്രശ്‌നവുമില്ലാതെ തങ്ങളുടെ അപ്പനപ്പൂപ്പന്‍മാര്‍ ഉപയോഗിച്ചിരുന്നതായിരുന്നു, ഹൊസവളിഗെ നിവാസിയായ സീതാരാമ പറയുന്നു.

പിന്നീട് നവീന്‍ കുമാര്‍ കുടുംബത്തിലും, കൃഷിയിലുമുണ്ടായ നഷ്ടത്തെ തുടര്‍ന്ന് ഒരു പൂജ നടത്തി. അതിന് ശേഷമാണ് അവര്‍ റോഡ് വിട്ടുകിട്ടണമെന്ന് പറഞ്ഞു തുടങ്ങിയത്. താണജാതിക്കാറായ നമ്മളെല്ലാം ഇറച്ചീം മീനും കഴിക്കുന്നവരാണ്. ഞങ്ങള്‍ വഴി നടക്കുന്നത് അവര്‍ക്ക് ദോഷമെന്ന വിശ്വാസമാണ് അതിന് പിന്നില്‍. നമ്മളെ ടൗണില്‍ നിന്ന് ഇവിടേക്ക് കൊണ്ടു വന്നുകൊണ്ടിരുന്ന റിക്ഷാക്കാരെയും അയാള്‍ ഭീഷണിപ്പെടുത്തി. ഞങ്ങളെ കൊണ്ടുവന്ന് റോഡിലൂടെ മുകളിലേക്ക് പോയാല്‍ ശപിക്കുമെന്ന് അവര്‍ പറഞ്ഞു. അത് പേടിച്ച് പല റിക്ഷക്കാരും ഇങ്ങോട്ടേയ്ക്ക് വരാറേ ഇല്ല, കോളനിക്കാര്‍ പറയുന്നു.

മുകളിലേക്ക് കയറ്റം നിറഞ്ഞ ഈ റോഡ് സിപിഎം പഞ്ചായത്ത് ഭരിച്ചിരുന്ന സമയത്ത് 2009ല്‍ ചെത്ത് കല്ല് വെച്ച് കെട്ടുന്നുണ്ടായിരുന്നു. എന്നാല്‍, നവീന്‍ കുമാര്‍ ഇടപെട്ട് അത് നിര്‍ത്തിവെച്ചു. ഞങ്ങള്‍ റോഡ് ഉപയോഗിക്കാതിരിക്കാനായി അവര്‍ റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് ജെസിബി ഉപയോഗിച്ച് എടുത്തു കളഞ്ഞു. നിലവില്‍ ഒന്നോ, രണ്ടോ ആളുകളുമായി ഒരു റിക്ഷയ്ക്ക്‌പോലും അതുവഴി പോകാന്‍ സാധിക്കില്ല.

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ ഭൂമി പഞ്ചായത്തിന്റെ അധീനതയിലായിരുന്നുവെന്ന് ബെള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖര റാവു കല്ലഗ പറയുന്നു.

നവീന്‍ കുമാറിന്റെ കവുങ്ങിന്‍ തോട്ടത്തില്‍, അടക്ക പെറുക്കാന്‍ ചെന്ന 8 വയസുകാരനായ രവി മരണപ്പെട്ടത് പാമ്പുകടിയേറ്റായിരുന്നു. യഥാസമയം കൃത്യമായ വൈദ്യ സഹായം ലഭിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു, ആ കുട്ടിക്ക്. ഒരു ആംബുലന്‍സ് കയറാന്‍പോലും സാധിക്കാത്ത ഇവിടെ നിന്നും ഉറ്റവര്‍ക്ക് രവിയെ രക്ഷിക്കാനായില്ല. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പെട്ട കിടപ്പിലായ രോഗിയാണ് 66കാരിയായ സീതു. അടിയന്തര ചികിത്സയ്ക്കായി പരിയാരത്ത് മാറ്റിയ ഇവരെ തിരിച്ച് വീട്ടിലേക്കെത്തിക്കാന്‍ കോളനിയിലെ യുവാക്കള്‍ക്ക് അരമണിക്കൂറോളം സീതുവിനെയും പൊക്കി കുന്ന് കയറേണ്ടി വന്നു. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും തീരെ താഴ്ന്നു നില്‍ക്കുന്ന ഈ ജനതയെ നേരിടാന്‍ നില്‍ക്കുന്ന നവീന്‍ കുമാറിന് പിടിപാടുള്ള ബിജെപിയാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നും, പഞ്ചായത്ത് അയാള്‍ക്കൊപ്പമേ നില്‍ക്കുകയുള്ളൂവെന്നും കോളനിയിലെ ജനങ്ങള്‍ പറയുന്നു.

നവീന്‍ കുമാറിന്റെ അമ്മ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച സമയത്ത് കോളനിയിലെ ജനങ്ങള്‍ക്കായി റോഡിന് വേണ്ടി സ്ഥലം വിട്ടുകൊടുക്കാമെന്ന് വാഗ്ദാനം നല്‍കുകയും, അവര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പഞ്ചായത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച ഭൂരേഖയ്ക്ക്കത്തും റോഡ് കൃത്യമായി പറയുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച പഞ്ചായത്തിന്റെ ആസ്ഥി ഇനത്തിലും റോഡിനെക്കുറിച്ച് പറയുന്നുണ്ട്. എന്നിട്ടും പൊതു വഴി ഉപയോഗിക്കാന്‍ സാധിക്കാത്ത ദുരിതം സഹിച്ച് മടുത്തപ്പോഴാണ് ആദ്യം 2009ല്‍ ഇവര്‍ സമരത്തിനിറങ്ങിയത്. ഒരു ദശാബ്ദത്തോളം പിന്നിടുമ്പോഴും ഇവരുടെ അവസ്ഥയ്ക്ക് മാറ്റമില്ല. അയിത്തവും, ജന്‍മിത്തവും തളംകെട്ടിക്കിടക്കുന്ന ഈ തുളുമണ്ണില്‍, അങ്ങിനെയാണ് അവര്‍ പാളത്തൊപ്പി സമരത്തിനിറങ്ങിയത്.

വിഷയത്തെക്കുറിച്ച് നവീന്‍ കുമാറിന് പറയാനുള്ളത് ഇങ്ങനെ;

ഒരു കാലത്ത് ഈ പ്രദേശം മുഴുവന്‍ ഞങ്ങളുടേതായിരുന്നു. ഭൂപരിഷ്‌ക്കരണ നിയമത്തെതുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഞങ്ങളുടെ തോട്ടത്തില്‍ പണിയെടുക്കുന്ന ആളുകള്‍ക്ക് തന്നെ നല്‍കണമെന്ന അപേക്ഷയെ തുടര്‍ന്നാണ് അവര്‍ക്കിവിടെ സ്ഥലം ലഭിച്ചത്. ഞങ്ങളുടെ ആരുടേയും സമ്മതമില്ലാതെയാണ് കോളനിക്കാര്‍ ഇവിടെ റോഡ് ഉണ്ടാക്കിയത്. പഞ്ചായത്തില്‍ അന്ന് പരാതിയുമായി ചെന്നപ്പോള്‍, അവര്‍ പറഞ്ഞത് അത് നാട്ടുകാരാണെന്നാണ്. ആദ്യം നടപ്പാതയാക്കി ഉപയോഗിച്ച ഇടമാണ് പിന്നീട് റോഡാക്കിയത്. എന്നാല്‍, ഞങ്ങള്‍ക്ക് അത് താല്‍പര്യമില്ല. റോഡ് വരുന്നതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് വേലി കെട്ടാന്‍ കഴിയുന്നില്ല. ഈ പറയുന്ന റോഡ് അടങ്ങുന്ന സ്ഥലത്തിന്റെ നികുതി കെട്ടുന്നത് ഞങ്ങളാണ്. അവര്‍ക്കായി മറ്റൊരിടത്ത് റോഡിനായി സ്ഥലം കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍, അത് കോളനിക്കാര്‍ക്ക് സമ്മതമല്ല. അവര്‍ക്ക് ഈ റോഡ് തന്നെ വേണണെന്ന് വാശി.

ഇതിനെ ചൊല്ലി മുനിസിഫ് കോടതിയില്‍ കേസ് നടത്തി അനുകൂല വിധി വന്നിട്ടുണ്ട്. വില്ലേജില്‍ നിന്നും അധികാരികളെത്തി, സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷവും അവര്‍ ഇത് തങ്ങളുടെ സ്ഥലം തന്നെയാണെന്നാണ് പറഞ്ഞത്. ജില്ലാ കലക്ടര്‍ വന്ന് പരിശോധിച്ച ശേഷം അദ്ദേഹവും ഇത് തന്നെയാണ് പറഞ്ഞത്. 2009ല്‍ റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട ഏല്ലാര്‍ക്കും എതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പൊലീസ്.

തവണകള്‍ മുടങ്ങാതെ നവീന്‍ കുമാര്‍ കരമടക്കുന്ന ഭൂമി അയാള്‍ക്ക് സ്വന്തമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലത പറയുന്നത്. കോളനിയിലേക്ക് റോഡ് വേണം എന്ന് തന്നെയാണ് പഞ്ചായത്തിന്റെയും ആഗ്രഹം. എന്നാല്‍, ഭൂമി വിട്ടുകൊടുക്കാതെ നവീന്‍ കുമാറും, അത് തന്നെ വേണമെന്ന് കോളനിക്കാരും വാശി പിടിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം. കോളനിക്കാര്‍ക്കായി മറ്റൊരു സ്ഥലത്ത് പാതയ്ക്കായി സ്ഥലം നല്‍കാമെന്ന് നവീന്‍ കുമാര്‍ പറയുമ്പോഴും, കോളനിക്കാര്‍ക്ക് അത് വേണ്ട എന്ന് വാശി പിടിക്കുകയാണ്. പ്രസിഡന്റ് പറയുന്നു.

സ്വന്തമായി ഭൂമിയില്ലാത്ത ഒരു വിഭാഗത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുമ്പോള്‍, അവരുടെ താമസത്തിനും,ജീവിതത്തിനും അനിവാര്യമായ സൗകര്യങ്ങള്‍ (ഗതാഗത സൗകര്യം ഉള്‍പ്പെടെ) ചെയ്തുകൊടുക്കേണ്ടിയിരുന്നത് സര്‍ക്കാരാണ്. അത് യഥാസമയത്ത് കാര്യ ഗൗരവത്തോടെ പ്രാവര്‍ത്തികമാക്കാത്തതാണ് ഹൊസവളിഗെയില്‍ ഇന്നു വരെ നടന്ന എല്ലാ പ്രശ്‌നങ്ങളുടേയും കാരണം. ഗതാഗത സൗകര്യം മാത്രമല്ല, പൊതു ശ്മശാനമില്ലാത്തതും ഇവിടുത്തെ താമസക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. മരണങ്ങള്‍ നടന്നു കഴിയുമ്പോള്‍, മൃതദേഹങ്ങള്‍ സ്വന്തം വീട്ടു മുറ്റത്ത് അടക്കേണ്ടി വരുന്നതിനെതിരെയാകും ഇവിടെ ഇനിയൊരു സമരം നടക്കുക.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍