UPDATES

ട്രെന്‍ഡിങ്ങ്

മദനി മുതല്‍ മുരളി വരെ: പെരുകുന്ന വിചാരണ തടവുകാരും തുടരുന്ന നീതിനിഷേധവും

2014ല്‍ പ്രസിദ്ധീകരിച്ച ജയില്‍ കണക്കനുസരിച്ച് നമ്മുടെ രാജ്യത്തെ ജയിലുകളില്‍ 2,82,879 വിചാരണ തടവുകാരുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീംകോടതി അനുവദിച്ച ജാമ്യം നിഷേധിക്കുന്നതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ നീക്കം നാം കണ്ടുകഴിഞ്ഞു. ഒടുവില്‍ സുപ്രീംകോടതിയുടെ തന്നെ ഇടപെടലിനെ തുടര്‍ന്ന് മദനിക്ക് കേരള യാത്ര തരപ്പെട്ടിരിക്കുന്നു എന്നത് മറ്റൊരു കാര്യം. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ മദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് മദ്രാസ് ഹൈക്കോടതി വിട്ടയച്ചുവെങ്കിലും ബംഗളൂരു സ്‌ഫോടന കേസിന്റെ പേരില്‍ മദനി വീണ്ടും ജയിലടക്കപ്പെടുകയാണ് ഉണ്ടായത്. മദനിക്കുമേല്‍ ചുമത്തിയിട്ടുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വിചാരണ തടവുകാരനായി അയാള്‍ ഇന്നും തുടരുന്നു.

1989ല്‍ ആര്‍എസ്എസിനെതിരെ ഇസ്ലാമിക് സേവക് സംഘ് (ഐഎസ്എസ്) എന്ന സംഘടന രുപീകരിച്ച് രംഗത്തുവന്ന മദനിയുടെ അക്കാലത്തെ പ്രഭാഷണങ്ങളില്‍ പലതും മതസ്പര്‍ദ്ധ വളര്‍ത്താന്‍ പോന്നവയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, ശിവസേന, സിമി എന്നീ സംഘടനകളെ നിരോധിച്ചതിനൊപ്പം മദനിയുടെ ഐഎസ്എസും നിരോധിക്കപ്പെട്ടു. തുടര്‍ന്ന് പിഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുവന്ന മദനിയെ കാത്തിരുന്നത് ആക്രമണങ്ങളും കേസുകെട്ടുകളുമായിരുന്നു. ഇത്തരം ഒരു ആക്രമണത്തിലാണ് മദനിക്ക് കാല്‍ നഷ്ടപ്പെട്ടത്.

ഈ പ്രഭാഷങ്ങള്‍ തന്നെയാണ് മദനിക്ക് ഇപ്പോഴും പാരയായി തുടരുന്നത്. അനന്തമായി നീളുന്ന വിചാരണ തടവ് എന്ന ക്രൂരതയ്ക്ക് ഇരയാകുന്നത് മദനി മാത്രമല്ല. പ്രത്യക്ഷത്തില്‍ കേസൊന്നും ഇല്ലാതിരുന്നിട്ടും 2015 മേയില്‍ പൂനെയില്‍ വെച്ച് എടിഎസ് കസ്റ്റഡിയിലെടുത്ത് ജയിലടച്ച മുരളി കണ്ണമ്പള്ളിയടക്കം ലക്ഷക്കണക്കിനാളുകള്‍, വിചാരണ കാത്ത് നമ്മുടെ രാജ്യത്തെ 1,387 ജയിലുകളിലായി കഴിയുന്നുണ്ട്. കേരളത്തിലെ സൗമ്യനായ മാവോയിസ്റ്റ് നേതാവ് എന്നാണ് മുരളിക്ക് എടിഎസ് നല്‍കിയിട്ടുള്ള വിശേഷണം. പൂനെയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള യര്‍വാദ സെന്‍ട്രല്‍ ജയിലിലെ ഒരാള്‍ക്ക് കഷ്ടിച്ച് നിന്നുതിരിയാനോ നിവര്‍ന്ന് നില്‍ക്കാനോ പോലും കഴിയാത്തത്ര കുടുസായ അണ്ഡ സെല്ലില്‍ (മുട്ടയുടെ ആകൃതിയിലുള്ള) അടയ്ക്കപ്പെട്ടിട്ടുള്ള മുരളിയെ സ്വതന്ത്രനാക്കണമെന്ന് ആവശ്യപ്പെട്ട് വലിയൊരു കാമ്പയിന്‍ നടന്നുവരികയാണ്. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള മുരളിക്ക് നെഞ്ചുവേദന വന്നപ്പോള്‍ ചികിത്സ നിഷേധിച്ചതിനെതിരെ ഒട്ടേറെ പൗരാവകാശ സംഘടകളും പ്രവര്‍ത്തകരും രംഗത്തുവരികയും ചെയ്തിരുന്നു.

അനന്തമായി വിചാരണ നീട്ടിക്കൊണ്ടുപോകുന്നതും ആളുകളെ വിചാരണ തടവുകാരായി പൂട്ടിയിടുന്നതും കടുത്ത നീതി നിഷേധം തന്നെയാണ്. പൗരാവകാശ സംഘടനകളും പ്രവര്‍ത്തകരും ഈ സംവിധാനത്തിനെതിരെ മുറവിളി കൂട്ടാറുണ്ടെങ്കിലും നമ്മുടെ നിയമ നിമ്മാതാക്കളുടെയോ ജുഡീഷ്യറിയുടേയോ ശ്രദ്ധ ഇക്കാര്യത്തില്‍ ഇതുവരെ പതിഞ്ഞിട്ടില്ല എന്നത് തികച്ചും നിര്‍ഭാഗ്യകരം തന്നെ. 2014ല്‍ പ്രസിദ്ധീകരിച്ച ജയില്‍ കണക്കനുസരിച്ച് നമ്മുടെ രാജ്യത്തെ ജയിലുകളില്‍ 2,82,879 വിചാരണ തടവുകാരുണ്ട്. ഇത് കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിലെ മൊത്തം ജനസംഖ്യയുടെ അത്രതന്നെ വരും. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നല്‍കുന്ന കണക്കനുസരിച്ച് നോക്കിയാല്‍ നമ്മുടെ രാജ്യത്തെ മൊത്തം തടവുകാരുടെ മൂന്നില്‍ രണ്ട് ശതമാനവും (68 ശതമാനം) വിചാരണ തടവുകാരാണ്.

ചെയ്ത അപരാധം എന്തെന്ന് അറിയാതെ, ഒരു വിചാരണയിലൂടെ അത് തെളിയിക്കപ്പെടാതെ നീതി നിഷേധിക്കപ്പെടുന്ന അനേകര്‍ വേറെയുമുണ്ട് നമ്മുടെ ഇരുണ്ട തടവറകളില്‍. കോണ്‍ഗ്രസ് ഭരണ കാലത്ത് തുടങ്ങിവച്ച ഈ നീതിനിഷേധം ഇന്നും തുടരുന്നു. കുറ്റം ചെയ്തവനെ അത് തെളിയിക്കപ്പെട്ടാല്‍ തൂക്കിലേറ്റാന്‍ പോലും ഭരണഘടന അനുവദിക്കുന്ന ഈ നാട്ടില്‍ ചുരുങ്ങിയ പക്ഷം വിചാരണ തടവുകാരായി കഴിയുന്നവര്‍ ചെയ്ത കുറ്റം ഒരു വിചാരണയിലൂടെയെങ്കിലും തെളിയിക്കപ്പെടേണ്ടതുണ്ട്. തമിഴകത്തിന്റെ ചിന്നമ്മ ശശികലയെപ്പോലുള്ളവര്‍ക്ക് പഞ്ചനക്ഷത്ര അടുക്കള പോലും കനിഞ്ഞരുളുന്ന ഭരണ സംവിധാനത്തെക്കുറിച്ചും ജയില്‍ സംവിധാനങ്ങളെക്കുറിച്ചും ചുരുങ്ങിയ പക്ഷം നമ്മുടെ സുപ്രീം കോടതി എങ്കിലും ഉണര്‍ന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍