UPDATES

ട്രെന്‍ഡിങ്ങ്

പിതാവ് സക്കറിയ കുഞ്ഞാലിക്കുട്ടിയെ നേരിടുമ്പോള്‍ വിപി സാനുവിന് പ്രായം മൂന്ന്; മലപ്പുറം രാഷ്ട്രീയത്തിലെ പുത്തന്‍ താരോദയം

തുടര്‍ച്ചയായി ഒരേ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാരോട് ഒരു മാറ്റത്തിനു വേണ്ടി ചിന്തിക്കാനാവശ്യപ്പെടാതെ, സ്വന്തമായ മേല്‍വിലാസം കൊണ്ട് വോട്ടു ചോദിക്കാനുള്ള പ്രവര്‍ത്തന പശ്ചാത്തലം സാനുവിനുണ്ടെന്നതില്‍ തര്‍ക്കമില്ല

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ സ്വതന്ത്രനാക്കാനുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം, ക്യാംപസില്‍ നിന്നും കാണാതായ നജീബിന് നീതി ആവശ്യപ്പെട്ടു ദല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍- കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം കണ്ട പ്രധാന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ മുന്‍നിരപ്പോരാളിയായിരുന്ന വളാഞ്ചേരി സ്വദേശിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്‌സഭാ തെരഞ്ഞെടുപ്പു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ച്ചയായി രണ്ടുവട്ടമെത്തിയ, ജെ.എന്‍.യു അടക്കമുള്ളയിടങ്ങളില്‍ എസ്.എഫ്.ഐയുടെ പ്രക്ഷോഭങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച വി.പി സാനുവാണ് മലപ്പുറത്ത് ഇത്തവണ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി. കേരളമാകെ ഉറ്റുനോക്കുന്ന ഇടതുപക്ഷ മുന്നണിയുടെ പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥിത്വങ്ങളിലൊന്ന് വി.പി സാനുവാകാന്‍ കാരണങ്ങളേറെയാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ എല്ലാ തലങ്ങളിലും കഴിവു തെളിയിച്ച ശേഷമാണ് വി.പി സാനു മത്സരരംഗത്തേക്കിറങ്ങുന്നത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ഏതാനും മാസങ്ങള്‍ തികയ്ക്കുന്നതിനു മുന്നേയാണ് പതിനഞ്ചാം ദേശീയ കോണ്‍ഫറന്‍സില്‍ സാനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് കനയ്യ കുമാറിനെ സ്വതന്ത്രനാക്കാനാവശ്യപ്പെട്ട് തലസ്ഥാനത്തു നടന്ന സമരത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നതും, നജീബിനു നീതി തേടിയുള്ള പ്രക്ഷോഭങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസിന്റെ മര്‍ദ്ദനത്തിനിരയാകുന്നതും. കഴിഞ്ഞ വര്‍ഷം നടന്ന പതിനാറാം കോണ്‍ഫറന്‍സില്‍ സാനു രണ്ടാമതും ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയ തലത്തില്‍ സംഘടനാപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് മലപ്പുറത്ത് സാനുവിന് ടിക്കറ്റ് ലഭിക്കുന്നത്.

എസ്.എഫ്.ഐ നേതൃനിരയില്‍ നിന്നും മത്സരരംഗത്തെത്തിയവരുടെ പട്ടികയിലെ ഏറ്റവുമൊടുവിലത്തെയാളാവുകയാണ് വി.പി സാനു. ദേശീയ തലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളുമായി ഇടപെട്ടു പ്രവര്‍ത്തിക്കുന്നതിനു മുന്‍പേ തന്നെ, എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പ്രധാന പേരുകളിലൊന്നായി മാറിക്കഴിഞ്ഞിരുന്നു സാനുവിന്റേത്. നന്നേ ചെറിയ പ്രായത്തില്‍ ബാലസംഘവുമായി ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച ചരിത്രമാണ് സാനുവിനുള്ളത്. കുറ്റിപ്പുറം ജി.എച്ച്.എസ്.എസിലെ സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കാലടി ശ്രീശങ്കരാചാര്യ കോളേജിലെ ബിരുദാനന്തര ബിരുദ പഠനാകാലം വരെ എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു സാനു. സംഘടനാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനു ഏറ്റെടുത്ത പദവികളില്‍ ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനം മുതല്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വരെയുള്ളവ ഉള്‍പ്പെടും. 2014-15 കാലഘട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന മാസങ്ങള്‍ നീണ്ട വിദ്യാര്‍ത്ഥി സമരത്തിന് നേതൃത്വം നല്‍കിയതോടെയാണ് വി.പി. സാനു എന്ന പേര് കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. അന്നത്തെ വൈസ് ചാന്‍സലറായിരുന്ന അബ്ദുല്‍ സലാമിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, ഹോസ്റ്റലടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യം മുന്‍നിര്‍ത്തിയും നടന്ന വിദ്യാര്‍ത്ഥികളുടെ ‘ഒക്യുപൈ ക്യാംപസ്’ സമരം ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ പന്തല്‍ കെട്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പുസ്തകങ്ങളും കട്ടിലുകളുമടക്കം നീക്കം ചെയ്തും അറസ്റ്റു ചെയ്തും പൊലീസ് പ്രകോപിപ്പിച്ചിട്ടും, വിജയം കാണുന്നതു വരെ പിന്മാറാതെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ പുതിയ മാതൃക കാണിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുന്നില്‍ത്തന്നെ സാനുവുമുണ്ടായിരുന്നു. സര്‍വകലാശാലാ സമരം വിജയിക്കുമ്പോള്‍ എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായരുന്നു സാനു.

വി.പി സാനു എന്ന വ്യക്തിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ലഭിക്കുന്നത് ഇത്തരത്തില്‍ ജില്ലാ തലം മുതല്‍ ദേശീയ തലം വരെ നീണ്ട പ്രവര്‍ത്തനങ്ങളുടെ പട്ടികയാണ്. മലപ്പുറം പോലൊരു മണ്ഡലത്തില്‍ സി.പി.എം ഒരു യുവ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍, സ്വാഭാവികമായും അതിനെ ചര്‍ച്ചയാക്കുന്ന പല ഘടകങ്ങളുണ്ട്. മുസ്ലിം ലീഗിന്റെ കോട്ടയായ മലപ്പുറം മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. 1982 മുതല്‍ മലപ്പുറത്തു നിന്നും കുറ്റിപ്പുറത്തു നിന്നും നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു ജയിച്ചിട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ തുടര്‍ച്ചയായ സ്ഥാനാര്‍ത്ഥിത്വങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് സാനുവിന്റെ കടന്നു വരവ്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.പി സക്കറിയയുടെ മകനാണ് വി.പി. സാനു. കുഞ്ഞാലിക്കുട്ടിക്കെതിരെ 1991ല്‍ കുറ്റിപ്പുറത്തു നിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടിട്ടുള്ള വി.പി സക്കറിയ, മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചത് വലിയ വിജയപ്രതീക്ഷയോടെയാണ്. താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന്‍ മത്സരിക്കുമ്പോഴും കുഞ്ഞാലിക്കുട്ടിയെത്തന്നെ മത്സരിപ്പിക്കുന്ന മുസ്ലിം ലീഗിനെ വിമര്‍ശിച്ചുകൊണ്ട്, ഇനി സാനുവിന്റെ മകന്‍ മത്സരിച്ചാലും കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി എന്നായിരുന്നു സക്കറിയയുടെ പരിഹാസരൂപേണയുള്ള പ്രതികരണം. സക്കറിയ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമ്പോള്‍ വെറും മൂന്നു വയസ്സുമാത്രം പ്രായമുള്ള സാനു ഇന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരരംഗത്തിറങ്ങുമ്പോള്‍, ചരിത്രത്തിലെ ഈ കൗതുകം കൂടിയാണ് ചര്‍ച്ചയാകുന്നത്.

യുവാക്കളുടെ സാന്നിധ്യം മത്സരരംഗത്ത് ഉറപ്പിക്കുന്നതിന്റെ ലക്ഷണമായി സാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ നിരീക്ഷിക്കുന്നവരുണ്ടെങ്കിലും, എസ്.എഫ്.ഐ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ എടുത്തിട്ടുള്ള ശക്തമായ ചില നിലപാടുകളുടെ കൂടി പശ്ചാത്തലത്തിലാകും യുവാക്കളായ വോട്ടര്‍മാര്‍ സാനുവിനെ വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം മലയാള ചലച്ചിത്ര രംഗത്തെ അപചയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ചുരുക്കം ചില രാഷ്ട്രീയപ്രവര്‍ത്തകരിലൊരാളായിരുന്നു സാനു. വിമന്‍ ഇന്‍ സിനിമ കലക്ടീവിനു പിന്തുണ പ്രഖ്യാപിച്ചും, പ്രതിസ്ഥാനത്തുള്ള ദിലീപിനെ സംരക്ഷിക്കുന്ന ‘അമ്മ’യുടെ നിലപാടിനെ വിമര്‍ശിച്ചും സാനു എടുത്ത നിലപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘അമ്മ’യില്‍ അംഗത്വമുള്ള, ‘അമ്മ’യുടെ ആശയങ്ങള്‍ പിന്‍പറ്റുന്ന ചലച്ചിത്രതാരങ്ങളെ എസ്.എഫ്.ഐയുടെ പരിപാടികളില്‍ സഹകരിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന സാനുവിന്റെ അന്നത്തെ പ്രസ്താവന വലിയ തോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാരപ്രശ്‌നത്തിലും കൃത്യമായ നിലപാടെടുത്തതിന്റെ പേരില്‍ സാനു ചര്‍ച്ചയായിട്ടുണ്ട്. സദാചാര പൊലീസിംഗ് നടത്തുന്നത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നായിരുന്നു സാനുവിന്റെ അന്നത്തെ നിലപാട്.

തുടര്‍ച്ചയായി ഒരേ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാരോട് ഒരു മാറ്റത്തിനു വേണ്ടി ചിന്തിക്കാനാവശ്യപ്പെടാതെ, സ്വന്തമായ മേല്‍വിലാസം കൊണ്ട് വോട്ടു ചോദിക്കാനുള്ള പ്രവര്‍ത്തന പശ്ചാത്തലം സാനുവിനുണ്ടെന്നതില്‍ തര്‍ക്കമില്ല. എതിര്‍സ്ഥാനത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന, ലീഗിനല്ലാതെ മറ്റൊരു പാര്‍ട്ടിയെയും പിന്തുണയ്ക്കാത്ത മലപ്പുറം മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി നടക്കുമോ എന്ന് കേരളം ഉറ്റുനോക്കാനുള്ള കാരണവുമതാണ്. എസ്.എഫ്.ഐ നേതാക്കള്‍ മത്സരിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചിട്ടുള്ള ചരിത്രം നേരത്തേയുമുണ്ടായിട്ടുള്ളതിനാല്‍ പ്രത്യേകിച്ചും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍