UPDATES

ദ അണ്‍മെയ്ക്കിംഗ് ഓഫ് കേരള; അമേരിക്കയാകാന്‍ ഇനിയെന്താണ് തടസം?

മാതൃഭാഷ പഠിക്കാത്തവര്‍ക്ക് കേരളത്തില്‍ ഇനി സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കില്ല. നിലവിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മലയാള ഭാഷാജ്ഞാനം പരിശോധിക്കാന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വകുപ്പുതല പരീക്ഷ നടത്തും. വിചിത്രവും അസാധാരണവുമായി തോന്നുന്നില്ല ഈ ഉത്തരവ് ആര്‍ക്കും. കേരളത്തില്‍ മാതൃഭാഷ അറിയാതെയും പഠിക്കാതെയും ഏത് ഉയരം വരെയും പഠിച്ചുകയറാം എന്നൊരു അവസ്ഥയുണ്ടായിരുന്നു എന്നതാണ് അതിലേറെ വിചിത്രം. വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഒരു സമൂഹത്തിലും ഇങ്ങനെ തലതിരിഞ്ഞ ഒരു സ്ഥിതിവിശേഷം ഉണ്ടാകുമെന്നു തോന്നുന്നില്ല. വികസിത രാജ്യങ്ങളിലെല്ലാം മാതൃഭാഷയിലാണ് എല്ലാ വിഷയങ്ങളും പഠിക്കുന്നത്. അത് ഭാഷാപരമായ പിടിവാശിയോ ഭാഷാഭ്രാന്തോ അല്ല. അടിസ്ഥാന വിദ്യാഭ്യാസവും ഉപരിപഠനവും മാതൃഭാഷയില്‍ വേണമെന്ന് എല്ലാ ബോധനശാസ്ത്രപണ്ഡിതരും അനുശാസിക്കുന്നു. കേരളത്തില്‍ ഇപ്പോഴും അങ്ങനെ നിര്‍ബന്ധമില്ല. മലയാളം കൂടി അറിയണമെന്നേ ഉള്ളൂ. ബോധനമാധ്യമം മാതൃഭാഷയാകണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നില്ല.

മലയാളം അറിയാതെയും പഠിക്കാതെയും കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസത്തിന്റെ ഏതു മണ്ഡലം വരെയും എത്തിച്ചേരാമെന്ന സ്ഥിതിവിശേഷം യാദൃച്ഛികമായി ഉണ്ടായതാണെന്ന് കരുതരുത്. കേരളത്തെ കേരളമല്ലാതാക്കാനുള്ള വിപുലവും ബോധപൂര്‍വ്വവുമായ ഒരു ഗൂഢാലോചനയാണത്. വിദേശ സ്വാധീനമുള്ള ഒരു രഹസ്യ തീരുമാനം അതിനു പിന്നിലുണ്ട്. ‘The unmaking of Kerala’ എന്ന ആ ഗൂഢപദ്ധതി വിദ്യാഭ്യാസത്തിനു പുറമെ കൃഷി, ആരോഗ്യം, സംസ്‌കാരം, ശാസ്ത്രം തുടങ്ങി ജീവിതത്തിന്റെ നാനാമേഖലകളിലും നടപ്പാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വിഷമവും വിമ്മിഷ്ടവും നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം. മുന്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ ജനകീയാസൂത്രണ പദ്ധതിയില്‍പ്പോലും സാമ്രാജ്യത്വ താല്‍പ്പര്യത്തിന്റെ രഹസ്യകരങ്ങളുണ്ടായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരളീയ സമൂഹത്തെ പാശ്ചാത്യവല്‍ക്കരിക്കാന്‍ വര്‍ഷങ്ങളായി ബോധപൂര്‍വ്വം ശ്രമം നടന്നുവരുന്നു. നരസിംഹ റാവു സര്‍ക്കാര്‍ ”ഗാട്ട്” കരാര്‍ ഒപ്പുവയ്ക്കുന്നതിന് മൂന്ന് ദശാബ്ദം മുമ്പ് അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ ഇന്ത്യയില്‍ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നോട്ടമിട്ടിരുന്നു.

മനില ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇറി’ അഥവാ ഇന്റര്‍നാഷണല്‍ റൈസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളുടെ ഫണ്ടിംഗില്‍ നിലനില്‍ക്കുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനമാണ്. ഇന്ത്യയില്‍ കൃത്രിമ കൂട്ടുകൃഷി പ്രസ്ഥാനത്തിന് തുടക്കമിട്ടത് ‘ഇറി’യാണ്. അത്യുല്‍പ്പാദനശേഷിയുള്ള നെല്‍വിത്തും രാസവളവും വഴി നമ്മുടെ കാര്‍ഷിക വൃത്തിയുടെ പാരമ്പര്യമഹിമകളെ മുഴുവന്‍ തകര്‍ക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം ലോകയുദ്ധം കഴിഞ്ഞ് നിശ്ചലമായ അമേരിക്കയുടെ ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ക്ക് പണിയുണ്ടാക്കാന്‍ ട്രാക്ടറും വിഷകീടനാശിനികളും രാസവളങ്ങളും നിര്‍മ്മിക്കേണ്ടിവന്നു. അവ വിറ്റഴിക്കാനുള്ള മുഖ്യമായ കമ്പോളമായി ഇന്ത്യയെ കണ്ടു. ഇന്ത്യയില്‍ നടപ്പായ ഹരിതവിപ്ലവത്തിന്റെ മറവില്‍ ഇങ്ങനൊരു ചതിയുണ്ടായിരുന്നെന്ന് ഇന്ന് പലര്‍ക്കും അറിയാം. അറുപതുകളില്‍ കേരളത്തിലെ വയലേലകളില്‍ ‘ഐ.ആര്‍-8’ എന്നൊരു നെല്‍വിത്ത് എത്തിയത് ഓര്‍ക്കുക. വിതച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ വളര്‍ന്ന് കതിര്‍ക്കുല ചൂടിയ നെല്ല് മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്ത ഒട്ടനരിയാണ് അതില്‍ നിന്നു ലഭിച്ചത്. മനിലയില്‍ നിന്നുവന്ന ആ വ്യാജ സുന്ദരി വന്നതിനേക്കാള്‍ വേഗം കേരളത്തിലെ വയലുകളില്‍ നിന്ന് അപ്രത്യക്ഷമായി. കൃഷിഭൂമിക്കും കര്‍ഷകനും ഐ.ആര്‍-8 മൂലം ഏറ്റ ക്ഷതം ബാക്കിയായി. മുണ്ടകനും കൊച്ചതിക്കിരാഴിയും പോലെ മൂവായിരത്തോളം വിത്തിനങ്ങള്‍ വര്‍ഷങ്ങളായി വിളയിക്കുന്ന ഭൂമിയില്‍ വിദേശി വിതറിയ വിഷം നാടിന്റെ ആരോഗ്യത്തെയും സംസ്‌ക്കാരത്തെയും ഗുരുതരമായി ബാധിച്ചു. പകര്‍ച്ചവ്യാധിക്കെതിരെ ‘അച്ചുകുത്ത്’ എന്ന പേരില്‍ പ്രചരിച്ച പ്രതിരോധകുത്തിവയ്പുകള്‍, ട്രിപ്പിള്‍ പോളിയോ മരുന്നുപ്രയോഗം എന്നിവയെല്ലാം വ്യാപകവും കര്‍ശനവുമായി കേരളത്തില്‍ നടപ്പായി. വസൂരി, കോളറ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചെന്നോ നിര്‍മ്മാര്‍ജ്ജനം ചെയ്‌തെന്നോ പ്രചരിപ്പിച്ചു. 

മലയാളം ഉപഭാഷയായിപ്പോലും പഠിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ അതില്‍ നിന്ന് അകറ്റുന്ന ഒരു പ്രവണത ഉന്നത വിദ്യാഭ്യാസ മണ്ഡലത്തില്‍ പ്രബലമായി ഉണ്ടായിരുന്നു. ഉയര്‍ന്ന മാര്‍ക്കു വാങ്ങാന്‍ മലയാളം സഹായകമല്ലെന്ന പ്രചരണം. തല്‍സ്ഥാനത്ത് ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകള്‍ പഠിച്ചാല്‍ നൂറുശതമാനം സ്‌കോറിങ്ങ്. മലയാളം എത്ര നന്നായി പഠിച്ചഴുതിയാലും 80 ശതമാനത്തിന് അപ്പുറം എത്താന്‍ പ്രയാസം. ഉന്നതവിജയം ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷാ പഠനം ഉപേക്ഷിച്ച്, ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ഉപയോഗിക്കേണ്ടിവരില്ലെന്നറിയാവുന്ന ജര്‍മ്മനോ ലാറ്റിനോ പഠിച്ചു. ഈ ശീലത്തെയും പ്രവണതയെയും പ്രോത്സാഹിപ്പിച്ച സര്‍വകലാശാലകളിലെ നയതീരുമാനങ്ങളുടെ പിന്നില്‍ ഒളിച്ചിരുന്നവര്‍ ആരായിരുന്നു എന്ന് കണ്ടുപിടിക്കുന്നത് രസകരമാണ്.

കൃഷിരീതിയെ തകിടം മറിക്കുന്നതും ആരോഗ്യ വ്യവസ്ഥയെ നശിപ്പിക്കുന്നതും വിദ്യാഭ്യാസ പദ്ധതിയില്‍ ഇടപെടുന്നതും സംസ്‌കാരത്തെ ഇല്ലാതാക്കുന്നതും ഒരു സമൂഹത്തെ തകര്‍ക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണെന്ന് അനുഭവത്തിലൂടെ സാമ്രാജ്യത്വതല്‍പ്പര കക്ഷികള്‍ മനസ്സിലാക്കി. പഞ്ചാബില്‍ ഖാലിസ്ഥാന്‍ ഭീകര പ്രസ്ഥാനത്തെ വളര്‍ത്തി യുവാക്കളെ കൊല്ലിനും കൊലയ്ക്കും അയച്ച അതേ ശക്തി തന്നെയാണ് കേരളത്തില്‍ നിശബ്ദമായി പല വഴികളിലൂടെ നുഴഞ്ഞുകയറി ഇറങ്ങിക്കൊണ്ടിരിക്കുന്നത്.

കേരളീയരുടെ ഏറ്റവും വലിയ വിനോദവും വിജ്ഞാനവിനിമയവും ഒരിക്കല്‍ ഉത്സവപ്പറമ്പുകളില്‍ നടന്നിരുന്നു. കഥാപ്രസംഗങ്ങളില്‍ നിന്നും നാടകങ്ങളില്‍ നിന്നും സാധാരണക്കാര്‍ അറിവും ആവേശവും രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നേടിയെടുത്തു. ഗ്രാമീണരുടെ അനൗപചാരിക വിദ്യാഭ്യാസം നടന്നത് ഉത്സവപ്പറമ്പുകളിലായിരുന്നു. സത്യദേവന്‍, കെ.കെ. വാധ്യാര്‍, വി. സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍, കടയ്‌ക്കോട് വിശ്വംഭരന്‍ തുടങ്ങിയ കഥാപ്രസംഗകര്‍ ജനങ്ങളെ രസിപ്പിക്കുകയും സാഹിത്യത്തില്‍ വിജ്ഞരാക്കുകയും ചെയ്തു. വിശ്വസാഹിത്യ കൃതികളിലെ കഥാപാത്രങ്ങള്‍ പോലും കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനിച്ചു. ടെലിവിഷന്റെ പ്രചരണത്തോടെ നാടകവും കഥാപ്രസംഗവും നാടുനീങ്ങിയെന്നാണ് പലരുടെയും ധാരണ. അതിനും വളരെ മുമ്പേ മിമിക്രിയും സിനിമാറ്റിക് ഡാന്‍സും മിമിക്‌സ് പരേഡും പോലുള്ളവ കലയുടെ പേരില്‍ യുവാക്കളെ സ്വാധീനിക്കുകയും വേദികള്‍ കൈയടക്കുകയും ചെയ്തു. അതൊരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലമാണെന്ന് അറിയുമ്പോള്‍ മാത്രമേ ചതിയുടെ ആഴം മനസ്സിലാകൂ.

ഓക്‌സ്ഫാം, കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൌണ്ടേഷന്‍ തുടങ്ങി ഒട്ടേറെ വിദേശ സ്ഥാപനങ്ങളും സംഘടനകളും വഴി കേരളത്തില്‍ ധാരാളം സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം എത്തുന്നു. ‘വേള്‍ഡ് വിഷന്‍’ എന്ന ആഗോള സംഘടന വര്‍ഷം എണ്ണായിരം കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കുന്നുണ്ട്. കേരളത്തില്‍ ഇവരില്‍ നിന്നു ധനസഹായം പറ്റുന്ന എണ്‍പതു സംഘടനകളുണ്ട്. സാധുജനപരിപാലനം, അന്ത്യോദയം എന്നീ പേരുകളില്‍ ഈ ധനം വിനിയോഗിക്കുന്നു. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകളുടെ ഒരു മഹാവനമാണ് കേരളം. 38,000 രജിസ്‌ട്രേഡ് സന്നദ്ധസംഘടനകളുണ്ട് കേരളത്തില്‍. ഇതില്‍ ആയിരത്തിലേറെ സംഘടനകള്‍ക്ക് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) പ്രകാരം വിദേശധനസഹായം കൈപ്പറ്റാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതിയുണ്ട്.

ജര്‍മ്മനിയിലെ കാള്‍ക്യൂബിള്‍ ഫൗണ്ടേഷന്‍ കേരളത്തില്‍ അനേകം പദ്ധതികള്‍ക്ക് ധനസഹായം ചെയ്യുന്നതിന്റെ ഉദ്ദേശ്യം എന്താണ്? മിമിക്‌സ് പരേഡിനെ ഒരു കലയാക്കി പ്രചരിപ്പിക്കേണ്ട ആവശ്യം ഒരു ജര്‍മ്മന്‍ ഫൗണ്ടേഷന് ഉണ്ടാകുന്നത് വിചിത്രം തന്നെ. കത്തോലിക്ക സഭയിലെ സി.എം.ഐ. വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന്‍ (SEVA) വന്‍തോതില്‍ കേരളത്തില്‍ പണം വാരി എറിയുന്നു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, തൊടുപുഴ ഉപാസന, അടിമാലി സോപാനം തുടങ്ങിയ സ്ഥാപനങ്ങള്‍ ‘സേവ’യുടെ കീഴില്‍ വരും. സാംസ്‌ക്കാരിക രംഗത്ത് ഇവരുടെ ഇടപെടല്‍ മൂലം ജനങ്ങളുടെ വിനോദ രീതിയും അഭിരുചിയും പാടെ മാറി. രാഷ്ട്രീയ വിദ്യാഭ്യാസം നിന്നു. സാംസ്‌ക്കാരിക ബോധവികാസം തകിടം മറിഞ്ഞു. ഒരു ഉത്സവകമ്മിറ്റിയില്‍ കഥാപ്രസംഗത്തിനും സാമൂഹിക സന്ദേശപ്രേരിതമായ നാടകത്തിനും വാദിക്കാന്‍ ആരും ഉണ്ടാകില്ല. തലനരച്ച ആരെങ്കിലും ഒരു കാഥികന്റെ പേരു പറഞ്ഞാല്‍ അയാളെ കളിയാക്കി ഇരുത്തും. പകരം സിനിമാറ്റിക് ഡാന്‍സ് ബുക്ക് ചെയ്യാന്‍ തീരുമാനിക്കും. മിമിക്‌സ് പരേഡ് മതിയെന്ന് വാദിക്കും. ഏതെങ്കിലും സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുള്ളവരെ സാംസ്‌ക്കാരിക ബിംബമായി എഴുന്നെള്ളിക്കും. ഉല്ലസിക്കാന്‍ വാലന്റൈന്‍സ് ഡേ, രുചിക്കാന്‍ പിസ്ത, ഹോട്ട് ഡോഗ്, ബര്‍ഗര്‍. ‘ഫൊര്‍ഗറ്റ് എബൗട്ട് മല്‌യാലം, ബ്ലഡി മദര്‍ടങ്ങ്’ കുഞ്ഞുങ്ങള്‍ ബാധ്യതയാണ്. വൃദ്ധര്‍ ചണ്ടിയാണ്. കേരളം അമേരിക്കയാകാന്‍ ഇനി എന്താണു തടസ്സം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍