UPDATES

ട്രെന്‍ഡിങ്ങ്

അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷിന്റെ തുറന്ന കത്ത്; അഹന്തയും അല്‍പ്പത്തരവും മാറ്റിവച്ച് സ്കൂള്‍ കുട്ടികള്‍ക്കുള്ള ചരിത്രമെങ്കിലും പഠിക്കൂ

നിങ്ങളെ പോലുള്ളവര്‍ക്ക് തലച്ചോറ് ആവശ്യമില്ല. ശബ്ദം മാത്രം മതി.

ചാനല്‍ ചര്‍ച്ചയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ഏകപക്ഷീയമായി ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ടിവി എംഡിയും പ്രമുഖ വാര്‍ത്താ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷ് എംപിയുടെ തുറന്ന കത്ത്. അര്‍ണാബിനെ പോലെ സംസ്കാര ശൂന്യമായി പെരുമാറുകയും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വാര്‍ത്താ അവതാരകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തലച്ചോര്‍ ആവശ്യമില്ലെന്നും ബഹളമുണ്ടാക്കാനുള്ള ശബ്ദം മാത്രം മതിയെന്നും രാജേഷ് തുറന്നടിക്കുന്നു.

മേയ് 26ന് റിപ്പബ്ലിക് ടിവി നടത്തിയ ചര്‍ച്ച സംബന്ധിച്ചാണ് എംബി രാജേഷിന്‍റെ കത്ത്. മോദി സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികം എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തന്നെ കബളിപ്പിക്കുകയും അപമാനിക്കുകയും ആണ് ഉണ്ടായതെന്ന് എംബി രാജേഷ് പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തെ അപമാനിച്ചെന്ന് ആരോപിച്ചുള്ള വിഷയത്തിലേക്ക് മാറ്റി സിപിഎമ്മിനെ കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുകയായിരുന്നു ഗോസ്വാമി. സ്കൂള്‍ കുട്ടികള്‍ക്ക് അറിയുന്ന ചരിത്രം പോലും അറിയാത്ത അര്‍ണാബ് ഗോസ്വാമി ട്യൂഷന് പോകുന്നത് നന്നായിരിക്കുമെന്നും എംബി രാജേഷ് പരിഹസിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് അര്‍ണാബ് ഗോസ്വാമിക്കുള്ള എംബി രാജേഷിന്‍റെ തുറന്ന കത്ത്.

ഇംഗ്ലീഷില്‍ എഴുതിയ കത്തിന്‍റെ മലയാള പരിഭാഷ – പൂര്‍ണരൂപം:

മിസ്റ്റര്‍ അര്‍ണാബ് ഗോസ്വാമി,

എന്റെ ഈ തുറന്ന കത്ത് മേയ് 26ന് ഞാന്‍ കൂടി പങ്കെടുത്ത രാത്രി 10 മണിയുടെ ടിവി ചര്‍ച്ചയെക്കുറിച്ചാണ്. ചര്‍ച്ചക്കിടെ നിങ്ങള്‍ അഹങ്കാരത്തോടെ എന്നോട് പറഞ്ഞു ഞാന്‍ നിങ്ങളേക്കാള്‍ വലിയ നേതാക്കളെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന്. ഈ ഷോയില്‍ നിങ്ങള്‍ പറഞ്ഞ ഒരേയൊരു സത്യം അതായിരിക്കും. നിങ്ങളുടെ ഈഗോയും അഹന്തയും അല്‍പ്പത്തരവും വ്യക്തമാക്കാന്‍ ഈ ഒറ്റ വാചകം മാത്രം മതി. ഞാനൊരു വലിയ നേതാവാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.

താങ്കള്‍ എന്നേക്കാള്‍ വലിയ നേതാക്കന്മാരെ കൈകാര്യം ചെയ്തിട്ടുള്ളത് പോലെ എനിക്ക് സത്യസന്ധരും മര്യാദയും സംസ്‌കാരവുമുള്ളവരും താങ്കളേക്കാള്‍ വിവരമുള്ളവരുമായ പല വാര്‍ത്താ അവതാരകരുമായും ഇടപെടാന്‍ അവസരം കിട്ടിയിട്ടുണ്ട്. വലിയൊരു വ്യക്തിത്വമാണെന്ന് സ്വയം അഹങ്കരിക്കാനുള്ള എല്ലാ അവകാശവും താങ്കള്‍ക്കുണ്ട്. പക്ഷെ താങ്കള്‍ എല്ലായ്‌പോഴും പക്ഷപാതപരമായും മുന്‍വിധികളോടെയും പെരുമാറുകയും യാതൊരു അടിസ്ഥാനവുമില്ലാതെ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നയാളായും ധാര്‍മ്മികതയോ വിശ്വാസ്യതയോ ആത്മവിശ്വാസമോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകനായിട്ടുമാണ് എനിക്ക് തോന്നിയിട്ടുള്ളത്. താങ്കളുടെ ഇത്തരം ദൗര്‍ബല്യങ്ങളെക്കുറിച്ച് താങ്കള്‍ക്ക് തന്നെ ബോധ്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. മോഹഭംഗങ്ങള്‍ മറച്ചുവയ്ക്കാനും ആത്മവിശ്വാസമില്ലായ്മ മറച്ചുപിടിക്കാനുമാണ് ചാനല്‍ ഷോയില്‍ നിങ്ങള്‍ പൊട്ടിത്തെറിക്കുന്നതും ആക്രോശിക്കുന്നതും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് യാതൊരു തത്വദീക്ഷയും ധാര്‍മ്മികതയുമില്ലാത്ത മാധ്യമപ്രവര്‍ത്തകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നിങ്ങളാണ്.

മേയ് 26ന് മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമയം ചോദിച്ച് താങ്കളുടെ ചാനലില്‍ നിന്ന് എനിക്കൊരു ഫോണ്‍ കോള്‍ വന്നു. രാത്രി 10നും 10.15-നും ഇടയ്ക്കായിരുന്നു ഇത്. ചര്‍ച്ചയ്ക്കായി താങ്കളുടെ ചാനലുമായി സഹകരണത്തിലുള്ള ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയില്‍ താങ്കളുടെ ചാനല്‍ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം 9.50-ഓടെ ഞാനെത്തി. ആ സമയത്ത് മിസ്റ്റര്‍ രവിശങ്കര്‍ പ്രസാദ് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചര്‍ച്ച അവസാനിക്കാറായെന്ന് എനിക്ക് മനസിലായി. എന്നെ ഏത് വിഷയത്തിലാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ഞാന്‍ ഏഷ്യാനെറ്റ് ജീവനക്കാരോട് ആവശ്യപ്പെട്ടു. അരവിന്ദ് എന്ന ജീവനക്കാരന്‍ എന്റെ സാന്നിദ്ധ്യത്തില്‍ താങ്കളുടെ ചാനലുമായി ബന്ധപ്പെട്ടു. വിഷയം മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം തന്നെയാണെന്ന് അരവിന്ദ് ഉറപ്പ് വരുത്തി. എന്നാല്‍ പെട്ടെന്ന് നിങ്ങള്‍ വിഷയം മാറ്റി. സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയതായി പറയുന്ന പരാമര്‍ശങ്ങളാണ് ചര്‍ച്ചാവിഷയമെന്ന് മനസിലായി. എനിക്ക് അപ്പോള്‍ തന്നെ ആ ഷോ ഉപേക്ഷിച്ച് പോകാമായിരുന്നു. എന്നാല്‍ ഞാന്‍ ഷോ ഉപേക്ഷിച്ച് പോയാല്‍ ഒളിച്ചോടിയതാണെന്ന നുണ നിങ്ങള്‍ പ്രചരിപ്പിക്കും. അതിനാല്‍ നിങ്ങളുടെ ഈ വാര്‍ത്ത സംബന്ധിച്ച വ്യാജ പ്രചാരണത്തെക്കുറിച്ച് എന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ തീരുമാനിച്ചു.

താങ്കളുടെ മര്യാദയില്ലാത്ത ആക്രോശങ്ങള്‍ക്കിടയില്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിച്ചതായി പറഞ്ഞുള്ള പക്ഷപാതപരമായ പ്രസ്താവനകളില്‍ എന്റെ അഭിപ്രായം പറഞ്ഞു. താങ്കളുടെ സ്വന്തം ഏഷ്യാനെറ്റ് അടക്കം ഒരു ടിവി ചാനല്‍ പോലും ഇതൊരു ചര്‍ച്ചാവിഷയമാക്കിയിട്ടില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇതൊരു വിവാദമേ ആയിരുന്നില്ല. കാരണം കോടിയേരി പറഞ്ഞത് അഫ്‌സപയുടെ (പ്രത്യേക സൈനികാധികാര നിയമം) പേരില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് മാത്രമാണ്. അല്ലാതെ അത് സൈന്യത്തിന് എതിരായിരുന്നില്ല. എന്നിട്ടും നിങ്ങള്‍ സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. 2016 ഏപ്രില്‍ 27ലെ സുപ്രീംകോടതി വിധിയിലേയ്ക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മണിപ്പൂരില്‍ അഫ്‌സ്പ നിയമം നല്‍കുന്ന അധികാരത്തിന്റെ പിന്‍ബലത്തില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും നടത്തിയ 1528 കൊലപാതകങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അസ്വസ്ഥപ്പെടുത്തുന്ന ഈ വസ്തുത താങ്കള്‍ അവഗണിച്ചു.

അഫ്‌സ്പയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങളൊന്നും താങ്കള്‍ ശ്രദ്ധിച്ചുകാണില്ല. താങ്കളെ സംബന്ധിച്ച് വാര്‍ത്താവതരണം അടക്കം മാധ്യമപ്രവര്‍ത്തനം എന്നത് പരമാവധി ഉറക്കെ ശബ്ദമുണ്ടാക്കലാണ്. വായന, പുതിയ വിവരങ്ങള്‍ മനസിലാക്കുക, നിരീക്ഷിക്കുക ഇതൊന്നും പ്രശ്‌നമല്ലല്ലോ. നിങ്ങളെ പോലുള്ളവര്‍ക്ക് തലച്ചോറ് ആവശ്യമില്ല. ശബ്ദം മാത്രം മതി. സംഘപരിവാര്‍ സംരക്ഷണത്തില്‍ ഒരു ഭീരുവിനെ പോലെ നിങ്ങള്‍ സിപിഎമ്മിനെതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പടച്ചുവിടുകയും എനിക്ക് പറയാന്‍ അവസരം തരാതെ മുന്നോട്ട് പോവുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തെ ഞങ്ങള്‍ ഒരു തരത്തിലും അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ നിങ്ങള്‍ സ്‌ക്രീനില്‍ എന്റെ പേരിന് താഴെ കൊടുത്തിരുന്നത് എഗൈന്‍സ്റ്റ് ആര്‍മി (സൈന്യത്തിന് എതിരെ) എന്നായിരുന്നു. നിങ്ങളുടെ ഇപ്പോഴത്തെ മുതലാളി രാജീവ് ചന്ദ്രശേഖറിനേയും നിങ്ങളുടെ ഏറ്റവും വലിയ യജമാനനായ സംഘപരിവാറിനേയും സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്കറിയാം.

സിപിഎമ്മിനെ കുറിച്ച് നിങ്ങള്‍ നടത്തിയ അസഭ്യവര്‍ഷത്തിലും പരാമര്‍ശങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. നിങ്ങള്‍ക്ക് ഒരു പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ഉള്ളത്ര പോലും ചരിത്രബോധമില്ല. ചരിത്രത്തിലെ നിങ്ങളുടെ അജ്ഞത നിങ്ങളുടെ ചരിത്രാധ്യാപകര്‍ കാണുകയാണെങ്കില്‍ അവര്‍ ലജ്ജിച്ച് തല താഴ്ത്താന്‍ ഇടയുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെ കുറിച്ച് അറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ തുടക്കക്കാര്‍ക്കുള്ള ചില ലഘു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാം. ഗൗരവമുള്ള ചരിത്രരചനകളൊന്നും താങ്കള്‍ക്ക് ദഹിക്കുമെന്ന് തോന്നുന്നില്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചത് കമ്മ്യൂണിസ്റ്റുകാരല്ല, മറിച്ച് വിഡി സവര്‍ക്കറാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അത് ആദ്യമായി കേള്‍ക്കുന്നത് പോലെയായിരുന്നു താങ്കളുടെ പ്രതികരണം. ഈ മാപ്പപേക്ഷകളുടെ കോപ്പികള്‍ ഞാന്‍ താങ്കള്‍ക്ക് അയച്ചുതരാം. അടുത്ത തവണ നിങ്ങളുടെ ഹിന്ദുത്വ യജമാനന്മാരെ ന്യായീകരിക്കേണ്ടി വരുമ്പോള്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ താങ്കള്‍ക്ക് നടത്താവുന്നതാണ്. ഒരു ഹിസ്റ്ററി ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും.

കഠിനമായി പരിശ്രമിച്ചാല്‍ നിങ്ങളുടെ കുറവുകളും വിവിധ വിഷയങ്ങളെ കുറിച്ചുള്ള ധാരണാക്കുറവുകളും നിങ്ങള്‍ക്ക് നികത്താനാവും. ഈ പ്രായത്തില്‍ സംസ്‌കാരവും മര്യാദയുമെല്ലാം താങ്കള്‍ക്കിനി ഉണ്ടാകുമോ എന്ന കാര്യം എനിക്കറിയില്ല. ഞങ്ങള്‍ ഇതൊക്കെ കുട്ടിക്കാലത്ത് തന്നെ പഠിച്ചതാണ്. സൈന്യം എന്നത് ന്യൂസ് റൂമില്‍ ഒതുങ്ങുന്ന അനുഭവമല്ല. ഞാന്‍ ഒരു സൈനിക ആശുപത്രിയില്‍ ജനിച്ചയാളാണ്. കുട്ടിക്കാലം മുഴുവന്‍ സൈനിക പരിസരങ്ങളിലായിരുന്നു. അര്‍ണാബ്, ഏറെക്കാലം ഇന്ത്യന്‍ ആര്‍മിയെ സേവിച്ച ഒരു പിതാവിന്റെ മകനാണ് ഞാന്‍. 1971ലെ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച നിരവധി സൈനികരില്‍ ഒരാളുടെ കുടുംബത്തില്‍ പെട്ടയാളാണ് ഞാന്‍. റേറ്റിംഗ് ഉയര്‍ത്താന്‍ മാത്രം ലക്ഷ്യമിട്ട് സൈന്യത്തിന്റെ പേരില്‍ നടത്തുന്ന കപടവും നാടകീയവുമായ പ്രകടനങ്ങള്‍ക്കപ്പുറം താങ്കള്‍ക്ക് സൈന്യവുമായി ബന്ധപ്പെട്ട് എന്ത് അനുഭവമാണുള്ളത്.

സ്വയം സൈന്യത്തിന്റെ അംബാസഡറായി ചമയുന്ന നിങ്ങള്‍, നിങ്ങളുടെ തന്നെ ടിവി പ്രകടനങ്ങളുടെ റെക്കോഡിംഗുകള്‍ ഒരിക്കലെങ്കിലും ഒന്നെടുത്ത് കാണണം. എത്രമാത്രം വൃത്തികെട്ടതാണ് അവയെന്ന് ബോധ്യമായേക്കും. അത് മനസിലായാല്‍ നിങ്ങള്‍ ചിലപ്പോള്‍ മറ്റ് വല്ല തൊഴിലും തേടുമായിരിക്കും. നിങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെടുന്നത് വരെ നിങ്ങളുടെ ബോധമില്ലാത്ത ഇത്തരം പ്രകടനങ്ങളും നിങ്ങളുണ്ടാക്കുന്ന മലിനീകരണവും സഹിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് വഴിയില്ല. ഞാനൊരു വലിയ നേതാവല്ലാത്തത് കൊണ്ടും ഒരിക്കലും അങ്ങനെ ആവാന്‍ ആഗ്രഹിക്കാത്തത് കൊണ്ടും കൂടിയാണ് ഈ കത്ത് എഴുതുന്നത്.

ആശംസകളോടെ,
എംബി രാജേഷ്

എംബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍