UPDATES

ട്രെന്‍ഡിങ്ങ്

ചികിത്സാ നിഷേധം, പിഴവുകള്‍; കോട്ടയം മെഡിക്കൽ കോളേജിൽ അനാസ്ഥ തുടർക്കഥയാകുന്നുവോ?

ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുകയാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്നു മെഡിക്കല്‍ കോളേജ്

മെഡിക്കൽ കോളേജുകളെ മികവിന്‍റെ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെ ചിത്സാപിഴവുകളും കൃത്യവിലോപങ്ങളും തുടർക്കഥയാകുന്നു. മെഡിക്കൽ കോളേജ് ആധുനികവൽക്കരിക്കുന്നതിനുവേണ്ടി കിഫ്ബി വഴി 564 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഡോക്ടർമാരും നഴ്സുമാരും അടക്കം 201 പുതിയ തസ്തികകൾ സൃഷ്ടിച്ചു. പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി, കാർഡിയാക് അനസ്തീഷ്യ എന്നീ വിഭാഗങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നു.

കാർഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ്, 128 സ്ലൈസ് സിടി സ്കാൻ, ഏർലി ഇൻറർവെൻഷൻ ആൻഡ് ഓട്ടിസം സെൻറർ, റെറ്റിന യൂണിറ്റ്, നെഫ്രോളജി വിഭാഗത്തിലെ സി എ പി ഡി ഐ സി യു, ഗ്യാസ്ട്രോ എൻട്രോളജി അത്യാഹിത വിഭാഗത്തിലെ താക്കോൽദ്വാര ശസ്ത്രക്രിയക്ക് ഉള്ള ആധുനിക ലാപ്രോസ്കോപ്പിക് മെഷീൻ, ഇനി സർവീസ് നഴ്സിംഗ് യൂണിറ്റ്, എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ജനുവരിയിൽ നടന്നിരുന്നു.

ഇതിനിടയിലാണ് എച്ച് വൺ എൻ വൺ രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയ രോഗിക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടതായി പരാതി ഉയർന്നിരിക്കുന്നത്. ആംബുലൻസിൽ എത്തിച്ച രോഗിയെ വെൻറിലേറ്റർ സൗകര്യമില്ലെന്നു പറഞ്ഞു മടക്കി അയച്ചതാണ് മരണകാരണം എന്ന് ആരോപിക്കപ്പെടുന്നു.

മാറിടത്തിൽ മഴയുമായി ചികിത്സ തേടിയ രജനി എന്ന യുവതിക്ക് കാൻസർ ആണെന്ന ധാരണയിൽ കീമോതെറാപ്പി നൽകിയ വാർത്ത മൂന്നുദിവസം മുമ്പ്മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പാത്തോളജി ലാബിലെ ഫലം വരാൻ കാത്തുനിൽക്കാതെ സ്വകാര്യ ലാബുകളെ പരിശോധനാ ഫലം അനുസരിച്ച് ഇവരുടെ കീമോ നടത്തുകയായിരുന്നു. അതോടെ പാത്തോളജി ലാബിൽ നിന്ന് എത്രയും വേഗം പരിശോധനാഫലങ്ങൾ ലഭ്യമാക്കുകയും രോഗം ഉറപ്പിക്കാതെ ഇത്രയും പാർശ്വഫലങ്ങളുള്ള ചികിത്സ ആരംഭിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ഉള്ള ആവശ്യം വ്യാപകമായിരുന്നു. ഇതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട ആരോഗ്യമന്ത്രി ക്യാൻസർ ചികിത്സയ്ക്കുള്ള നടപടിക്രമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.

ഒരാഴ്ച മുൻപ് പ്രസവത്തെ തുടർന്ന് പത്തനംതിട്ട സ്വദേശിനി കവിത മരിച്ചതും ചികിത്സ പിഴവാണെന്ന് പരാതി ഉയർന്നിരുന്നു. സിസേറിയനു ശേഷം വയറിനുള്ളിലെ പഴുപ്പ് നീക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും കവിത മരിക്കുകയായിരുന്നു. പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ കഴിയവേ കവിതയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ വിവരം ഡോക്ടർമാരെ അറിയിച്ചെങ്കിലും മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ കവിതയുടെ ബന്ധുക്കൾ കോട്ടയം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

അതിനിടെ ചില വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. മെഡിസിൻ വിഭാഗത്തിൽ മരണ നിരക്ക് കൂടാൻ കാരണം രോഗം അതീവ ഗുരുതരാവസ്ഥയിൽ എത്തിയിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കാത്ത കൊണ്ടാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. സാധാരണ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ വിഭാഗങ്ങളിലും ഉള്ള സീനിയർ ഡോക്ടർമാർ രാവിലെതന്നെ വാർഡുകൾ സന്ദർശിച്ച അവരവരുടെ യൂണിറ്റിനെ കീഴിലുള്ള രോഗികളെ പരിശോധിച്ച് ചികിത്സയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയാണ് പതിവ്. രാവിലെ തീയേറ്ററുകളിലോ അധ്യാപനത്തിനോ ഒ.പിയിലോ പോകേണ്ട വരാണെങ്കിൽ ഇതിനുശേഷം വാർഡുകൾ സന്ദർശിച്ചു മടങ്ങുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ഇത് ചില വാർഡുകളിൽ ഒക്കെ പാലിക്കപ്പെടാതെ പോകുന്നു.

“ആശുപത്രിയിലെ ചികിത്സാരീതികളെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചും മിക്കവർക്കും പരാതികളുണ്ട്. എന്നാൽ പരാതി രേഖാമൂലം നൽകിയാൽ മരണപ്പെട്ടാൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കേണ്ടി വരും. വാർഡിൽ ചികിത്സയിൽ കഴിയുന്ന വരാണെങ്കിൽ ചികിത്സാ നിഷേധം ഉണ്ടാകുമോ എന്ന് പേടിയുമുണ്ട്. ഇതുകൊണ്ടാണ് പരാതി നൽകുകയോ പേര് വെളിപ്പെടുത്തുകയോ ചെയ്യാത്തത്. എന്റെ അമ്മയാണ് ആശുപത്രിയിൽ. ഇതിനു മുൻപ് ആശുപത്രിയിൽ കിടക്കേണ്ടി വന്ന സമയത്തെ അനുഭവത്തിന്റെ പുറത്ത് എന്നെ ധർമ്മാശുപത്രിയിൽ കൊണ്ട് ഇടരുതേ എന്നാണ് അമ്മയുടെ നിലവിളി. പക്ഷേ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കാൻ സാമ്പത്തിക അവസ്ഥ അനുവദിക്കുന്നില്ല.”– ഒരു കൂട്ടിരിപ്പുകാരി പറയുന്നു.

ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ആരോഗ്യമേഖല കുത്തഴിഞ്ഞു കിടക്കുകയാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചില പരാതികളെന്നും ലഭ്യമാക്കാവുന്ന ഏറ്റവും നല്ല ചികിത്സ ഉറപ്പു വരുത്താൻ ഓരോ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും ശ്രമിക്കുന്നുണ്ട് എന്നുമാണ് മെഡിക്കൽ കോളേജ് അധികൃതർ പ്രതികരിച്ചത്.

മെഡിക്കൽ കോളേജിലെ പോരായ്മകൾ ഒരു വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ ചില ഒറ്റപ്പെട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് പേരിൽ ഡോക്ടർക്ക് ഒടുവിൽ രാജി വെച്ച് പുറത്തു പോകേണ്ടി വന്ന ചരിത്രവും കോട്ടയം മെഡിക്കൽ കോളേജിനുണ്ട്. മെഡിക്കൽ കോളേജിൽ അധ്യാപകനായിരുന്ന ഡോ. ജിനേഷിനാണ് ഈ അനുഭവം ഉണ്ടായത്.

ഇത്തരം പ്രവണതകൾ സർക്കാർ മെഡിക്കൽ കോളേജുകളെ ജനങ്ങളിൽ നിന്ന് അകറ്റുകയും കനത്ത സാമ്പത്തിക ബാധ്യതകൾ വരുത്തിവയ്ക്കുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.

Read More: ‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നുcom%2Fkgnastatecommittee%2Fposts%2F2101170110185873&width=500″ width=”500″ height=”643″ frameborder=”0″ scrolling=”no”></

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍