പത്താം ക്ലാസ് മുതല്‍ക്കു തന്നെ പഠനത്തിനിടയില്‍ ചെയ്തു തുടങ്ങിയ ബീഡി തെറുപ്പ്, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നതോടെ നിര്‍ത്താനാകും എന്ന പ്രതീക്ഷ മീനാക്ഷിയ്ക്കുണ്ടായിരുന്നു
2014ല്‍, കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെത്തേടി രാഷ്ട്രപതി ഭവനില്‍ നിന്നും ഒരു കത്തുവന്നു. പ്രാക്തനഗോത്രവിഭാഗമായ കൊറഗ വംശത്തില്‍പ്പെട്ട ആ പെണ്‍കുട്ടിയെ അത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ രാഷ്ട്രപതിയുടെ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു ആ കത്ത്. കേരളത്തില്‍ ഏഴോളം പഞ്ചായത്തുകളിലായി ആയിരത്തിനാന്നൂറില്‍ താഴെ മാത്രം അംഗങ്ങളുള്ള, അതീവ പിന്നാക്കാവസ്ഥയിലുള്ള കൊറഗ വിഭാഗത്തില്‍ നിന്നും ആദ്യമായി ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയെടുത്ത മീനാക്ഷി ഏറെ അര്‍ഹിച്ച അംഗീകാരം തന്നെയായിരുന്നു അത്. പ്രതിബന്ധങ്ങളോടു പടവെട്ടിയും എതിര്‍പ്പുകളെ അവഗണിച്ചും നേടിയെടുത്ത വിദ്യാഭ്യാസമാണ് തന്റെ കൈമുതല്‍ എന്ന് അന്നും ഇന്നും വിശ്വസിക്കുന്ന മീനാക്ഷി, ഡല്‍ഹിയിലേക്കുള്ള യാത്രയെക്കുറിച്ചും രാഷ്ട്രപതിയെ പരിചയപ്പെട്ടതിനെക്കുറിച്ചും ഏറെ ആവേശത്തോടെയാണ് ഇപ്പോഴും സംസാരിക്കുന്നത്. ‘ഇവിടെ നിന്നും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറും ജില്ലാ കലക്ടറും ഒക്കെ ശുപാര്‍ശ ചെയ്തിട്ടാണ് ആ കൊല്ലത്തെ അതിഥിയായി എന്നെ ക്ഷണിച്ചത്. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രിമാര്‍ എല്ലാവരെയും കണ്ട് സംസാരിക്കാന്‍ പറ്റി.’ ഡല്‍ഹിയില്‍ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോഴും നിര്‍ത്താതെ ജോലിയിലാണ് മീനാക്ഷി. അന്ന് രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം തേടിയെത്തിയ എംഫില്‍ ബിരുദധാരിയുടെ ഇന്നത്തെ ജോലി ബീഡി തെറുപ്പാണ്.
പത്താം ക്ലാസ് മുതല്‍ക്കു തന്നെ പഠനത്തിനിടയില്‍ ചെയ്തു തുടങ്ങിയ ബീഡി തെറുപ്പ്, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നതോടെ നിര്‍ത്താനാകും എന്ന പ്രതീക്ഷ മീനാക്ഷിയ്ക്കുണ്ടായിരുന്നു. തങ്ങളുടെ വിഭാഗത്തില്‍ ആരും കണ്ടു പരിചയിച്ചിട്ടില്ലാത്തതു പോലെ മകള്‍ ബിരുദങ്ങള്‍ ഓരോന്നായി നേടി മുന്നേറിയപ്പോള്‍, കൂലിപ്പണിക്കാരായ മീനാക്ഷിയുടെ മാതാപിതാക്കള്‍ ശേഖരയും തുക്കുറുവും അങ്ങനെ തന്നെ വിശ്വസിച്ചു. എങ്കിലും, വര്‍ഷങ്ങള്‍ക്കിപ്പുറം കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരിയായ മീനാക്ഷിയ്ക്ക് ഇപ്പോഴും വരുമാനമാര്‍ഗ്ഗം ബീഡി തെറുപ്പു തന്നെയാണ്. കാസര്‍കോഡ് ഗവണ്‍മെന്റ് കോളേജില്‍ നിന്നും കന്നഡയില്‍ എം.എ നേടിയ ശേഷം, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍ നേടിയത് കൊറഗരുടെ ഭാഷയേയും സംസ്‌കാരത്തേയും കുറിച്ചു പഠിച്ചാണ്. ഇതേ വിഷയത്തില്‍ ഗവേഷണം ചെയ്യാന്‍ അതിയായ താല്‍പര്യമുണ്ടെങ്കിലും, തനിക്കിപ്പോള്‍ ആവശ്യം ഒരു ജോലിയാണെന്ന് മീനാക്ഷി പറയുന്നു. ‘ഭര്‍ത്താവ് രത്‌നാകര സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ്. എല്ലാ ദിവസവും ജോലിയൊന്നുമുണ്ടാകില്ല. മാതാപിതാക്കള്‍ ഇപ്പോഴും കൂലിവേല ചെയ്യുന്നു. വരുമാനമാര്‍ഗ്ഗമായി പഴയ ബീഡിതെറുപ്പ് തുടരാതെ മറ്റു വഴിയില്ല. ജോലിയാവശ്യവുമായി ജില്ലാ കലക്ടര്‍ അടക്കമുള്ളവരെ പോയി കണ്ട് സംസാരിച്ചതാണ്. പി.എസ്.സി എഴുതിയെടുക്കുക തന്നെ വേണം. അല്ലാതെ സ്ഥിരം ജോലി കിട്ടില്ലല്ലോ.’
വര്‍ഷങ്ങളായി അംഗസംഖ്യയില്‍ വലിയ കുറവ് നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗമാണ് കൊറഗ. മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, ബദിയടുക്ക, ദേലംപാടി, വെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലായി ആയിരത്തിനാന്നൂറില്‍ത്താഴെ പേര്‍ മാത്രമാണ് കൊറഗരായി ഇപ്പോള്‍ കേരളത്തിലുള്ളത്. ദക്ഷിണ കര്‍ണാടകയിലെ ചില ഭാഗങ്ങളിലും കൊറഗരുണ്ട്. കാടുകയറി വള്ളികളും മറ്റും ശേഖരിച്ച് കുട്ടകളും മറ്റുപകരണങ്ങളും മെടഞ്ഞെടുത്ത് വിറ്റാണ് കൊറഗര്‍ പരമ്പരാഗതമായി ജീവിച്ചു പോരുന്നത്. കാടിനോടു ചേര്‍ന്നുള്ള താമസം അടക്കമുള്ള ശീലങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളിലൂടെ ഇല്ലാതായിട്ടുണ്ടെങ്കിലും, സാമൂഹികമായും സാമ്പത്തികമായും വലിയ വെല്ലുവിളികള്‍ നേരിടുന്ന വിഭാഗമാണ് ഇപ്പോഴും കൊറഗര്‍. പത്താം ക്ലാസ് കടക്കുന്നവരുടെ എണ്ണം പോലും കൊറഗവിഭാഗത്തില്‍ വളരെക്കുറവാണ്. മരണനിരക്കും കൂടുതലാണ്. സംവരണം പോലും ഇവര്‍ക്കിടയില്‍ പലപ്പോഴും അട്ടിമറിക്കപ്പെടുകയാണെന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ കന്നഡ വിഭാഗം അധ്യാപകനും മീനാക്ഷിയുടെ വഴികാട്ടിയുമായ രത്‌നാകര മല്ലമൂലെ പറയുന്നു.
‘വിദ്യാഭ്യാസ മേഖലയില്‍ ഇന്നും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് കൊറഗര്‍. മറാട്ടി, മാവില പോലുള്ള വിഭാഗങ്ങള്‍ക്കൊപ്പം പട്ടികവര്‍ഗ്ഗമായാണ് കൊറഗരെ കണക്കാക്കിപ്പോരുന്നത്. പക്ഷേ, കാസര്‍കോട്ടെ മറ്റു ഗോത്രവര്‍ഗ്ഗങ്ങളുമായി താരതമ്യപ്പെടുത്താന്‍ പോലും സാധിക്കാത്തത്ര പിന്നാക്കാവസ്ഥയിലാണ് കൊറഗരുള്ളത്. വിദ്യാഭ്യാസ മേഖലയിലും ജോലിസംബന്ധമായിട്ടായാലും മറ്റു ഗോത്രവിഭാഗങ്ങള്‍ കൊറഗരേക്കാള്‍ എത്രയോ മുന്നോട്ടു വന്നിട്ടുണ്ട്. മാവില വിഭാഗത്തില്‍ നിന്നൊക്കെ എത്രയോ പേര്‍ ഡോക്ടറും എഞ്ചിനീയറും സര്‍ക്കാരുദ്യോഗസ്ഥരുമാകുന്നുണ്ട്. പക്ഷേ, കൊറഗ വിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ജോലിയിലുള്ളത്. ഒരാള്‍ ക്ലറിക്കല്‍ പോസ്റ്റിലാണ്, മറ്റൊരാള്‍ എല്‍.പി സ്‌കൂളിലെ അധ്യാപകനും. ജോലിക്കായി മീനാക്ഷി പി.എസ്.സി എഴുതട്ടേ എന്നാണ് ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. പക്ഷേ, പി.എസ്.സിയില്‍ കൊറഗരെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ മീനാക്ഷിയെപ്പോലുള്ളവര്‍ മത്സരിക്കേണ്ടിവരിക മറ്റു ഗോത്രവിഭാഗങ്ങളില്‍ നിന്നും വരുന്നവരോടാണ്. സാമൂഹികമായും സാമ്പത്തികമായും കൊറഗരെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് മറ്റെല്ലാ വിഭാഗങ്ങളും. കുറച്ചു വര്‍ഷം മുന്‍പുവരെ കൊറഗരെ ദളിതര്‍ പോലും വീട്ടുമുറ്റത്ത് കയറ്റില്ലായിരുന്നു. അവരുടെ ഇടയില്‍ നിന്നും ഒരു കുട്ടി ഇത്രയേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് എം.ഫില്‍ വരെ പഠിച്ചെത്തി എന്നത് ചെറിയ കാര്യമല്ല. അവള്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി കിട്ടിയാലേ ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അതൊരു മാതൃകയായി മാറുകയുള്ളൂ. സര്‍ക്കാര്‍ മീനാക്ഷിയെ ഒരു കാരണമായെടുത്ത് കൊറഗരെ പ്രത്യേകമായി പരിഗണിക്കുകയാണ് വേണ്ടത്.’
കൊറഗരേക്കാള്‍ മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ നിന്നും വരുന്ന മറ്റു ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവരോട് മത്സരിച്ച് സ്ഥാനം നേടാനാകുമോ എന്ന ആശങ്ക മീനാക്ഷിക്കുമുണ്ട്. താനുള്‍പ്പെടുന്ന സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയും മീനാക്ഷിയ്ക്കുണ്ട്. അതേ വിഷയത്തില്‍ ഗവേഷണം നടത്താനുള്ള ആഗ്രഹവും അതിയായുണ്ട്. എന്നാല്‍, തനിക്കിപ്പോള്‍ ആവശ്യം ഒരു ജോലിയാണെന്ന് മീനാക്ഷി തീര്‍ച്ചപ്പെടുത്തുന്നത് മറ്റു ചില കാരണങ്ങള്‍ കൂടി കണക്കിലെടുത്താണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കാത്ത കൊറഗരുടെ ഇടയില്‍ നിന്നും ഉന്നതവിദ്യാഭ്യാസം നേടാനുറച്ചപ്പോള്‍, ചുറ്റിലും നിന്ന് മീനാക്ഷി കേട്ടതെല്ലാം പിന്തിരിപ്പിക്കാനുള്ള ഉപദേശങ്ങള്‍ മാത്രമായിരുന്നു. മാതാപിതാക്കള്‍ എല്ലാത്തിനും പിന്തുണയുമായി നിന്നപ്പോഴും, സ്‌കൂളിലും കോളേജിലും പോയി സമയം കളയുന്നു എന്നാണ് ബന്ധുക്കളും കോളനിയിലുള്ളവരുമെല്ലാം ആവര്‍ത്തിച്ചിരുന്നത്. അവര്‍ക്കു മുന്നില്‍ നല്ലൊരു മാതൃകയായി മാറാന്‍ സാധിച്ചില്ല എന്ന ദുഃഖമാണ് മീനാക്ഷിയെ ഇപ്പോള്‍ അലട്ടുന്നത്. എത്ര പഠിച്ചിട്ടെന്താ, ബീഡി തെറുപ്പല്ലേ എന്ന ചോദ്യത്തേക്കാള്‍, തങ്ങളുടെ മക്കളെ എന്തിന് പഠിക്കാന്‍ വിടണം, മീനാക്ഷി പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന വാക്കുകളെയാണ് മീനാക്ഷിയ്ക്കു ഭയം.
‘മീനാക്ഷി ജനിച്ചു വളര്‍ന്ന ബഡ്ഡോഡ്ഡി കോളനിയിലും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന കുളൂര്‍ കോളനിയിലുമൊക്കെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നല്ലൊരു ഉദാഹരണമായി കുട്ടികളെ പ്രചോദിപ്പിക്കാവുന്ന കഥയാണ് മീനാക്ഷിയുടേത്. അതുതന്നെയായിരുന്നു അവളുടെ ആഗ്രഹവും. പക്ഷേ ഇപ്പോള്‍ അവളെ കണ്ട് അവളുടെ ഗോത്രത്തിലുള്ളവര്‍ തന്നെ ചോദിക്കുന്നത് എന്തിനാണ് കോളേജിലും സ്‌കൂളിലും പോയി സമയം കളയുന്നത് എന്നാണ്. ആ സമയത്ത് ജോലിക്കു പോയിരുന്നെങ്കില്‍ പൈസയുണ്ടാക്കാമായിരുന്നല്ലോ എന്നാണ് അവര്‍ ചോദിക്കുന്നത്. മീനാക്ഷിക്ക് അതു വലിയ സങ്കടമാണ്. കൊറഗരുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വീക്ഷണത്തിനു തന്നെ മാറ്റം വരുത്താന്‍ മീനാക്ഷിയ്ക്കു സാധിക്കും. അതിന് അവള്‍ക്കാവശ്യം നല്ലൊരു ജോലിയാണ്. കൊഴിഞ്ഞു പോക്ക് വളരെ കൂടുതലാണ് കൊറഗ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍. ഈയടുത്ത് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്ന ഒരു കുട്ടിയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. ആവുന്നത്ര പ്രോത്സാഹിപ്പിച്ചിട്ടും സംസാരിച്ചു നോക്കിയിട്ടും പഠനം പാതിയില്‍ നിര്‍ത്തി പോകുകയാണ് ചെയ്തത്. അതിനെല്ലാം ഒരു മാറ്റം വരുത്താന്‍ മീനാക്ഷിയ്ക്കാകും. പഠിച്ചിട്ടും മാതൃകയാകാന്‍ സാധിക്കുന്നില്ലല്ലോ എന്ന ചിന്തയാണ് അവളെ അലട്ടുന്നത്.’ രത്‌നാകര പറയുന്നു.
ഇതിനിടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയ്ക്കു കീഴില്‍ ബി.എഡും ചെയ്തിരുന്നു മീനാക്ഷി. അവസാന പരീക്ഷയില്‍ പക്ഷേ, സൈക്കോളജിയില്‍ ജയിക്കാനായില്ല. ആ പേപ്പര്‍ ഒരിക്കല്‍ക്കൂടി എഴുതാന്‍ അവസരം ലഭിച്ചാല്‍ ബി.എഡ് ബിരുദവും നേടാം എന്ന ആത്മവിശ്വാസം മീനാക്ഷിയ്ക്കുണ്ട്. ബി.എഡ് ഉണ്ടെങ്കില്‍ ആഗ്രഹം പോലെ ദിവസവേതനത്തിനെങ്കിലും അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാം. എന്നാല്‍, സാങ്കേതിക തടസ്സങ്ങള്‍ കാണിച്ച് അവസരം നീട്ടുകയാണ് യൂണിവേഴ്‌സിറ്റി. മീനാക്ഷി പഠിയ്ക്കുമ്പോള്‍ ബി.എഡ് ഒരു വര്‍ഷത്തെ കോഴ്‌സായിരുന്നെങ്കിലും, തൊട്ടടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തെ കോഴ്‌സാക്കി മാറ്റിയിരുന്നു. ഒരാള്‍ക്കു വേണ്ടി ഒരു പരീക്ഷ മാത്രം വീണ്ടും നടത്താനാകില്ലെന്നാണ് സര്‍വകലാശാലയുടെ പക്ഷം. മീനാക്ഷിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരുമായി ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലാണ് രത്‌നാകര അടക്കമുള്ളവര്‍.
എല്ലാ ദിവസവും നൂറു രൂപ യാത്രാക്കൂലി നല്‍കിയും മണിക്കൂറുകളോളം നടന്നും യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്നും നേടിയെടുത്ത എം.ഫില്‍ വെറുതെയാകാന്‍ അനുവദിക്കില്ല എന്നുതന്നെയാണ് മീനാക്ഷിയുടെ വാശി. ഒന്നര വയസ്സുള്ള മകനുള്ളതിനാല്‍ ഹോസ്റ്റലില്‍പ്പോലും നില്‍ക്കാനാകാതെ ദിവസേന യാത്ര ചെയ്താണ് മീനാക്ഷി പഠിച്ചിരുന്നത്. ബി.എഡ് നേടിയെടുത്ത്, യു.ജി.സിയുടെ നെറ്റ് പരീക്ഷയിലും യോഗ്യത നേടി, തന്റെ സമൂഹത്തില്‍ നിന്നുള്ള ആദ്യ കോളേജ് അധ്യാപികയായി മാറുന്ന ദിവസമാണ് മീനാക്ഷി ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. മീനാക്ഷിയുടെ ആഗ്രഹം സഫലീകരിക്കുന്നതിനൊപ്പം, സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കൊറഗരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് സംരക്ഷിക്കുക കൂടി ചെയ്യണമെന്നാണ് രത്‌നാകരയെപ്പോലുള്ളവരുടെ ആവശ്യവും.
നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍