UPDATES

ട്രെന്‍ഡിങ്ങ്

അവള്‍ അവധി നല്‍കി മാറ്റിനിര്‍ത്തേണ്ടവളല്ല; പിന്തുണ നല്‍കി ഒപ്പം നിര്‍ത്തേണ്ടവളാണ്..!

‘ഔദാര്യ അവധി’ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മറിച്ച് സ്ത്രീപക്ഷ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുകയും പോരായ്മകള്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടത്തി പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്.

ആദ്യം ഒരു സംഭവകഥ പറയാം…

1) ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഒരു സമയത്ത് എതിര്‍സ്ഥാനാര്‍ഥിയും ആ സമയത്തെ രാഷ്ട്രത്തലവനുമായിരുന്ന ആള്‍, ഗര്‍ഭിണിയായ ബേനസീറിന്റെ പ്രസവസമയത്തോട് അടുപ്പിച്ച്, അധികാരഗര്‍വില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ചൂടുപിടിച്ച അവസാന ദിന പ്രചാരണങ്ങളില്‍ നിന്ന്, അവരെ സ്‌ത്രൈണസഹജമായ അനിവാര്യകാരണങ്ങളാല്‍ മാറ്റിനിര്‍ത്താനുള്ള രാഷ്ട്രീയ കുബുദ്ധിയായിരുന്നു അത്. ബേനസീര്‍ പ്രസവത്തിനായി പോകുന്ന അവസാന ദിനങ്ങളില്‍ അവരുടെ പാര്‍ട്ടി, പ്രചാരണത്തിന് നേതാവില്ലാതെ ശൂന്യത അനുഭവിക്കുന്നത് കാത്തിരുന്ന രാഷ്ട്രീയ നിരീക്ഷക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, ഡോക്ടര്‍ പറഞ്ഞ ഡേറ്റ് എത്തുന്നതിന് രണ്ടാഴ്ച മുമ്പ് ബ്രിട്ടനിലേക്ക് വിമാനം കയറി സിസേറിയന്‍ ചെയ്ത് തിരിച്ചുവന്നുകൊണ്ട് ബേനസീര്‍ ലോകത്തേയും, പാകിസ്ഥാന്‍ രാഷ്ട്രീയത്തേയും ഞെട്ടിച്ചു. മാനസികമായി അതിശക്തയായ ഒരു സ്ത്രീ രാഷ്ട്രീയകുബുദ്ധികളായ പുരുഷക്കൂട്ടത്തെ അത്രമേല്‍ അസാധാരണമായി നേരിട്ട ഈ സംഭവം ഇന്നും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൗതുകമുള്ള ചരിത്രമാണ്. മാതൃത്വവും, ആര്‍ത്തവവും പോലുള്ള സ്ത്രീസഹജമായ അനിവാര്യതകളെ സ്ത്രീകള്‍ ധൈര്യപൂര്‍വം കൈകാര്യം ചെയ്യുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് പറഞ്ഞത്.

2) കേരളത്തിലെ ഒരു മാധ്യമസ്ഥാപനം അവരുടെ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ത്തവാവധിയായി എല്ലാ മാസവും ഒരു ദിവസം നല്‍കാന്‍ തീരുമാനിച്ചതാണ് ഈ മണിക്കൂറുകളിലെ ചര്‍ച്ച. പ്രാഥമികമായി പ്രശംസിക്കേണ്ട ഒരു തീരുമാനമായാണ് സമൂഹം ഇതിനെ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. അതില്‍ തെറ്റുപറയാനുമാകില്ല. കാരണം ആണ്‍കണ്ണുകള്‍ കൊണ്ടാണ് നമ്മുടെ നീതിയും, ധാര്‍മ്മികതയും, സാമൂഹ്യ സ്വീകാര്യതകളും എല്ലാം നോക്കിക്കാണുന്നത്. ആ നിലയില്‍ പുരുഷന് അഭികാമ്യമായി തോന്നിയ ഈ മാധ്യമ സ്ഥാപന തീരുമാനത്തെ ഒരു സാമൂഹ്യാംഗീകാരമായി നാം തെറ്റിദ്ധരിക്കുന്നു എന്നതാണ് വസ്തുത.

3) സ്ത്രീ, പുരുഷന്‍, ജൈവ വ്യത്യാസങ്ങള്‍…

ഗര്‍ഭപാത്രത്തിലെത്തുന്ന ബീജത്തില്‍ X ക്രോമാസോമോ Y ക്രോമാസോമോ ഉണ്ടാകാം. അണ്ഡത്തില്‍ നിന്നും, ബീജത്തില്‍ നിന്നുമുള്ള രണ്ടു X ക്രോമസോമുകള്‍ (XX) ആണെങ്കില്‍ അത് പെണ്ണും, അണ്ഡത്തില്‍ നിന്നുള്ള X ഉം ബീജത്തില്‍ നിന്നുള്ള ഒന്ന് Y യുമാണെങ്കില്‍ (XY) അത് ആണുമാകുന്നു എന്നതാണ് എല്ലാവര്‍ക്കും അറിയുന്ന ലളിതശാസ്ത്രം. എന്നുവച്ചാല്‍ ടെസ്റ്റോസ്റ്ററിറോണ്‍ ഹോര്‍മോണ്‍ പുരുഷ ജീവന്റെ അവയവങ്ങളെ നിര്‍ണ്ണയിക്കാനും, അല്ലാത്തവ പെണ്‍ജീവന്‍ പിറവിയെടുക്കാനും സഹായിക്കുന്നു. XX ക്രോമസോമുകള്‍ സ്ത്രീലിംഗ ഭിന്നത തീരുമാനിക്കുകയും സ്‌ത്രൈണ അവയവങ്ങള്‍ ശരീരത്തില്‍ ഉണ്ടാകുവാന്‍ കാരണമാവുകയും ചെയ്യുന്നു. അണ്ഡത്തില്‍ എപ്പോഴും X ക്രോമസോമുകള്‍ മാത്രമാണ് ഉണ്ടാവുക. എന്നുവച്ചാല്‍ ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ എപ്പോഴും സന്നദ്ധയാണ് ഒരു സ്ത്രീ. പെണ്‍കുട്ടിയെ നിര്‍ണയിക്കുന്നത് പുരുഷ ബീജത്തിലെ X ക്രോമസോമാണ്. പുരുഷബീജമാണ് ലിംഗ നിര്‍ണ്ണയം നടത്തുന്നതെന്ന് ചുരുക്കം. എന്നിട്ടും നമുക്കിടയിലെ ‘പ്രാകൃത സമൂഹം’ പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകളെ ശപിക്കുന്നതും ചിലപ്പോഴൊക്കെ അതിന്റെ പേരില്‍ വിവാഹമോചനം വരെ നടക്കുന്നതും അജ്ഞതയുടെ ഒരു കറുത്ത ദുരന്ത ഹാസ്യമാണ്.!

4) ജന്മംകൊണ്ട്, വളര്‍ന്ന് ശാരീരികമായി ഗര്‍ഭധാരണത്തിന് പാകപ്പെട്ട ഒരു സ്ത്രീ ശരീരത്തിലെ അണ്ഡം (Ovum) പുരുഷബീജവുമായി ചേര്‍ന്ന് ഒരു ജീവനായി രൂപാന്തരപ്പെടുന്നെങ്കില്‍ മാസമുറ തെറ്റുകയും, ഇല്ലെങ്കില്‍ ആ അണ്ഡം പുറത്തേക്ക് പോകുന്ന അവസ്ഥയും സ്ത്രീ ആര്‍ത്തവാവസ്ഥയില്‍ ആകുന്ന സ്ഥിതിയും ഉണ്ടാകുന്നു. ഇത് വളരെ സ്വാഭാവികവും പ്രകൃതിപരവുമായ ഒരു ജൈവ പ്രക്രിയയാണ്. അന്ധവിശ്വാസജടിലമായ തെറ്റിദ്ധാരണകളും, വികലമായ മതപരികല്‍പ്പനകള്‍ രൂപപ്പെടുത്തിയിട്ടുള്ള ‘അശുദ്ധി’യുടെ ചിന്തകളും തന്നെയാണ് ആര്‍ത്തവകാലത്തെ ഇത്രമേല്‍ ‘ഭയാനകമായ ഒരു സംഭവമാക്കി’ മാറ്റിയിട്ടുള്ളത്. ആര്‍ത്തവത്തെ സംബന്ധിച്ച ചൊല്ലുകളില്‍ കൌതുകരമായിട്ടുള്ളത് ‘നഷ്ടപ്പെട്ട അണ്ഡത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടുള്ള ഗര്‍ഭപാത്രത്തിന്റെ കണ്ണുനീരാണ് ആര്‍ത്തവം’ (Weeping of the uterus for the lost ovum) എന്നതാണ്.!

5) ഇന്ത്യയിലെ മധ്യവര്‍ഗ സമൂഹത്തില്‍ 80% സ്ത്രീകള്‍ക്കും കൃത്യം 28 ആം ദിവസം ആര്‍ത്തവം ഉണ്ടാകുന്നില്ല എന്നതാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ തെളിയിക്കുന്നത്. 28 ദിവസം തികഞ്ഞിട്ടും മെന്‍സസ് ആകാത്തവ സ്ത്രീക്ക് എന്തെങ്കിലും കുഴപ്പമുണ്ട് എന്നും ഇതിനര്‍ത്ഥമില്ല. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വ്യക്തിജീവിതത്തിലെ, തൊഴിലിടത്തിലെ മാനസിക സംഘര്‍ഷങ്ങള്‍, തടിയുള്ള ശാരീരിക സ്ഥിതി, കഴിക്കുന്ന ഭക്ഷണത്തിലെ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവത്തിന്റെ ക്രമം തെറ്റിക്കുന്നതാണ്.

6) ഒരു പക്ഷേ ഒരു സ്ത്രീ ഗര്‍ഭിണിയായി ആര്‍ത്തവം ഇല്ലാതാകുന്നതും മൂന്ന് മാസത്തേക്ക് വരെ ഉറപ്പിക്കാന്‍ കഴിയാത്ത കാര്യമാണ്. മൂന്ന് മാസം വരെ ഗര്‍ഭം അലസുന്നത് ഉള്‍പ്പടെയുള്ള സാദ്ധ്യതകളോ, മറ്റെന്തെങ്കിലും കാരണത്താലാണ് ആര്‍ത്തവം ഉണ്ടാവാത്തത് എന്ന സ്ഥിതിയോ സംഭവിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മെന്‍സസ് വന്നതുപോലെ അഭിനയിച്ചുകൊണ്ട് ഒരു സ്ത്രീ അവധി എടുക്കേണ്ട കാര്യമില്ലല്ലോ. ചുരുക്കത്തില്‍ സൂര്യന്‍ കിഴക്ക് ഉദിക്കുന്നതുപോലെ കൃത്യവും, അനിവാര്യവുമായ ഒരവസ്ഥയാണ് ആര്‍ത്തവം എന്നത് പുരുഷ സമൂഹത്തിന്റെ പഠനമില്ലായ്മയാണ് കാണിക്കുന്നത്.

7) ലോകത്തിലെ മുഴുവന്‍ സാനിട്ടറി നാപ്കിന്‍ കമ്പനികളുടെയും പരസ്യങ്ങളുടെ പൊതുസ്വഭാവം, ആര്‍ത്തവ ദിനങ്ങളില്‍ ഏറ്റവും സ്വാഭാവികമായ ജീവിതം സാധ്യമാക്കുന്ന അവരുടെ ഉല്‍പ്പന്നത്തെ ഉയര്‍ത്തിക്കാണിക്കുന്നതാണ്. ഈയിടെയാണ് ആര്‍ത്തവ സമയത്ത് ഒളിമ്പിക്‌സ് ഓട്ടമത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണം നേടുന്ന ഒരു വനിതയുടെ ആശയം പരസ്യമായി അവതരിപ്പിച്ചത് ഒരു യൂറോപ്യന്‍ ചാനലിലെ വീഡിയോ യൂടൂബില്‍ കണ്ടത്. സ്വാഭാവികമായ ആര്‍ത്തവ ദിനങ്ങളില്‍ ഏറ്റവും സ്വാഭാവികമായ തൊഴില്‍ജീവിതം ഒരു സ്ത്രീക്ക് സാധ്യമാണ്. അങ്ങനെയല്ലാത്തവരുടെ കാര്യത്തില്‍ നിസാരവിലയുള്ള ഗുളികകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കൂടുതല്‍ സങ്കീര്‍ണമായതും, പ്രയാസമുള്ളതുമായ സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍പോലും ഒരു ദിവസ അവധി അപ്രസക്തമാണ്. പകരം വിദഗ്ദമായ മെഡിക്കല്‍ സഹായമാണ് അപ്പോള്‍ ആവശ്യമുള്ളത്.

8) ആര്‍ത്തവം ദുരിതകാലമാണോ, എന്തുകൊണ്ട്?

സ്ത്രീശരീരത്തില്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ശാരീരിക, മാനസിക പ്രയാസങ്ങള്‍ക്ക് കാരണം. ശാരീരിക വേദനകള്‍ മാത്രമല്ല വിഷാദവും, അകാരണമായ മാനസികാസ്വാസ്ഥ്യവും ഉള്‍പ്പടെയുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നത് വസ്തുതയാണ്. മെഡിക്കല്‍ സയന്‍സ് ചരിത്രത്തില്‍ പഠനം നടത്തിയവര്‍ക്ക് ആര്‍ത്തവ സമയത്തെ പ്രയാസങ്ങള്‍കൊണ്ട് ആത്മഹത്യ ഉണ്ടായ സംഭവങ്ങള്‍ വരെ വായിക്കാന്‍ കഴിയും. പക്ഷേ അപ്പോഴും ഒരു ദിവസ അവധി എന്നത് ശാസ്ത്രീയ അടിത്തറയില്ലാതെ തുടരുകയാണ്, കാരണം മേല്‍പ്പറഞ്ഞ പ്രയാസങ്ങള്‍ ഉള്ളവള്‍ക്ക് ഏകദിന അവധിയല്ല, വൈദ്യ സഹായവും പ്രിയപ്പെട്ടവരില്‍ നിന്നുള്ള പിന്തുണയുമാണ് വേണ്ടത്. അവധി ദിനങ്ങള്‍ ചിലപ്പോള്‍ ഒരു ആഴ്ചവരെ വേണ്ടിയും വന്നേക്കും. അതികഠിനമായ വേദനയും, അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമ്പോള്‍ ഒരു ദിവസത്തെ അവധികൊണ്ട് ഒന്നുമാകില്ല എന്ന് സാരം.

9) ഒരു സ്ത്രീയുടെ ആര്‍ത്തവ ദിനങ്ങള്‍, അവളുടെ Fertile ദിവസങ്ങള്‍ എന്നിവയൊക്കെ അവളുടെ സ്വകാര്യതയാണ്. ഓഫീസിലെ HR മാനേജര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ വെളിവാക്കപ്പെടുന്നത് സൂക്ഷ്മവിശകലനത്തില്‍ സ്വകാര്യതയിലേക്കുള്ള അധിനിവേശമാണ്. ഇക്കാര്യത്തില്‍ രണ്ടുതരം മനോനിലയുള്ള സ്ത്രീകള്‍ ഉണ്ടാവാം. അതായത് ഇത്തരം കാര്യങ്ങളില്‍ സ്വകാര്യത ആവശ്യമില്ല എന്ന് ചിന്തിക്കുന്നവരും, ആര്‍ത്തവം തന്റെ സ്വകാര്യതയാണ് എന്ന് കരുതുന്നവരും ഉണ്ടാകാം എന്നത് സ്വാഭാവികവുമാണ്.

10) ചുരുക്കത്തില്‍ അവധി നല്‍കി മാറ്റി നിര്‍ത്തേണ്ട അശുദ്ധിയുടെ കാലം എന്നതാണ് മാധ്യമ സ്ഥാപനത്തിന്റെ ‘ഔദാര്യ അവധി’യുടെ ആകെത്തുക. ആര്‍ത്തവ സമയത്തെ ശാരീരിക മാനസിക അസ്വസ്ഥതകള്‍, പ്രയാസങ്ങള്‍, ഒട്ടും പ്രയാസമില്ലാതെ പൂപറിക്കുന്നത് പോലെ നേരിടുന്ന സ്ത്രീകള്‍…തുടങ്ങിയ വൈവിധ്യ കാര്യങ്ങള്‍ മരണം വരെ ഒരു പുരുഷന്, പുരുഷ സമൂഹത്തിന് അജ്ഞാതമാണ്. കാരണം ഒരു മണിക്കൂര്‍ പോലും അവന്‍ അത് ജീവിതത്തില്‍ അനുഭവിക്കുന്നില്ല.

11) എന്നാല്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധിയുണ്ട്, അവള്‍ ആ സമയത്ത് സ്പര്‍ശിക്കപ്പെടാന്‍ പാടില്ലാത്തവളാണ് എന്ന ചിന്ത ഉല്‍പാദിപ്പിക്കുന്നതും, അത് നടപ്പിലാക്കുന്നതും ‘ഔദാര്യ അവധി’ നല്‍കുന്നതും മത – സാമൂഹ്യരംഗത്തെ പുരുഷ മേധാവിത്വമാണ്. (ശബരിമല അയ്യപ്പ ദര്‍ശന കാലത്ത് എന്റെ വീട്ടില്‍ വന്നുറങ്ങാരുണ്ടായിരുന്ന എന്റെ വളര്‍ത്തമ്മ ദേവകിയമ്മയെ ഇപ്പോള്‍ ഓര്‍ക്കുന്നു)

12) പുരുഷനൊപ്പം സ്ത്രീയും തൊഴില്‍രംഗത്തെ മത്സരങ്ങള്‍ നേരിടുന്ന ആഗോളീകൃതമായ കാലത്താണ് നാം ജീവിക്കുന്നത്. തൊഴില്‍ ദിനത്തിന്റെ അനിവാര്യമായ മിസിംഗ് തീര്‍ച്ചയായും സ്ത്രീകളുടെ തൊഴില്‍ രംഗത്തെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. പുരുഷനൊപ്പമുള്ള മത്സരത്തില്‍ പിന്നാക്കം പോകുവാന്‍ തീര്‍ച്ചയായും കഴുത്തറപ്പന്‍ കോര്‍പ്പറേറ്റ് മാത്സര്യകാലത്ത് ഇത് കാരണമാകും. മാത്രമല്ല ആര്‍ത്തവം രാവിലെ ഓഫീസ് സമയത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പായി ഉണ്ടാവണം എന്നത് പരിഹാസ്യമാണ്. ഓഫീസിലെത്തി നാല് മണിക്കൂര്‍ ജോലി കഴിഞ്ഞാണ് സംഭാവിക്കുന്നതെങ്കില്‍ ‘അവധിയുടെ യുക്തി’ പരിഹാസ്യമാകുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ സ്ത്രീ സൗഹൃദപരമായ തൊഴിലിടങ്ങള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം. വൃത്തിയുള്ള ശുചിമുറികളും, വേഗത്തില്‍ സാനിട്ടറി നാപകിനുകള്‍ ലഭ്യമാകുന്ന സ്ഥിതിയും ഉറപ്പുവരുത്തുകയാണ് മുതലാളിമാര്‍ ചെയ്യേണ്ടത്.

13) മേല്‍പ്പറഞ്ഞ രൂപത്തില്‍ പല കാരണങ്ങളാല്‍ മാസമുറ ഉണ്ടാവാത്ത ഒരു പെണ്ണ്, മാസത്തില്‍ ഇതിനായി അവധിയെടുക്കാത്തത് ‘ഇവള്‍ക്ക് ഈ സംഭവം ഒന്നുമില്ലേ?’ എന്ന പരിഹാസങ്ങളിലേക്ക് നയിക്കപ്പെടും. അത്യന്തികമായി ആര്‍ത്തവം ഒരു സ്ത്രീയുടെ സ്വകാര്യതയാണ്, അത് ഹനിക്കപ്പെടുകയാണ് ഓഫീസിലേക്കും, തൊഴിലിടത്തിലേക്കും ഈ ചര്‍ച്ച വലിച്ചിഴക്കുന്നതിലൂടെ സംഭവിക്കുന്നത് എന്ന് ചുരുക്കം.

14) പ്രധാനപ്പെട്ട സംഗതി, ആര്‍ത്തവം എന്തോ ഭയങ്കരമായ അശുദ്ധിയുടെയും, സ്ത്രീകള്‍ക്ക് എന്തൊക്കെയോ ഔദാര്യം ആവശ്യമുള്ള സമയത്തിന്റെയും ദിനങ്ങളാണ് എന്ന വികല പുരുഷചിന്തകള്‍ ഊര്‍ജ്ജം സംഭരിക്കുകയാണ് ആര്‍ത്തവാവധികൊണ്ടുള്ള സ്ത്രീ വിരുദ്ധത. ആയതിനാല്‍ തന്നെ മാതൃഭൂമിയുടെ നടപടിയെ പ്രശംസിക്കുമ്പോഴും ‘ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും’ എന്നതാണ് വസ്തുത. മാസത്തില്‍ ഒരു ദിവസമെങ്കിലും കൂലിയോടുകൂടിയ അവധി നല്‍കാത്ത സ്ഥാപനങ്ങള്‍ കുറവാണ്. അല്ലെങ്കില്‍ തൊഴില്‍നിയമങ്ങളുടെ സൂക്ഷ്മ വ്യാഖ്യാനങ്ങള്‍ അത് ഉറപ്പ് നല്‍കുന്നുണ്ട്. അങ്ങനെയൊരു കാലത്ത് ഈ ‘ഔദാര്യ അവധി’ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മറിച്ച് ഭരണകൂടങ്ങളും, തൊഴില്‍ സ്ഥാപനങ്ങളും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും, സ്ത്രീപക്ഷ തൊഴിലിടങ്ങള്‍ സൃഷ്ട്ടിക്കുകയും പോരായ്മകള്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടത്തി പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്.! അവള്‍ മാറ്റിനിര്‍ത്തേണ്ടവളല്ല. ആവശ്യ സമയത്ത് പിന്തുണ നല്‍കി ഒപ്പം നിര്‍ത്തേണ്ടവളാണ് എന്ന് പുരുഷാധിപത്യ സമൂഹം തിരിച്ചറിയട്ടെ..

വിരാമതിലകം: എന്റെ ഒരു പ്രിയപ്പെട്ട വനിതാ മാധ്യമ പ്രവര്‍ത്തക സുഹൃത്ത്, കേരളത്തിലെ ഒരു ചാനലിന്റെ തലപ്പത്തേക്ക് വരുന്നതായും പിന്തുണ പ്രതീക്ഷിക്കുന്നതായും കഴിഞ്ഞ ദിവസം മെസേജ് ചെയ്തു. കേരളത്തിലെ മുഴുവന്‍ മാധ്യമസ്ഥാപനങ്ങളും ഈ രീതിയില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കിയാല്‍, അവരെപ്പോലുള്ള ഉന്നത പദവിയില്‍ ഇരിക്കുന്ന സ്ത്രീകള്‍ എങ്ങിനെ തനിക്ക് കീഴിലുള്ള ആളുകളെ നയിക്കും, വീട്ടിലിരുന്നാല്‍ അത് എന്റെ ചിന്ത.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍