UPDATES

ട്രെന്‍ഡിങ്ങ്

മാറമ്പള്ളി എംഇഎസ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് ഫോണിനും ഇന്റർനെറ്റിനും വിലക്ക്; ആരാധനാലയങ്ങളിൽ പോകാൻ അനുവദിക്കുന്നില്ലെന്നും ആരോപണം

വിദ്യാർഥികൾ പരാതി നൽകിയിട്ടും, കോടതി വിധിയുണ്ടായിട്ടും അംഗീകരിക്കാതെ ഇൻ്റർനെറ്റ് നിരോധനം നടപ്പിലാക്കുകയാണ് മാറമ്പള്ളിഎംഇഎസ് കോളെജ് എന്നാണ് ആക്ഷേപം

വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നത് മൗലികാവകാശത്തിന്റെ ഭാഗമാണെന്ന ഹൈക്കോടതി വിധി വന്നിട്ടും സദാചാരത്തിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കുന്ന നടപടികള്‍ സംസ്ഥാനത്തെ കോളേജുകളില്‍ തുടരുന്നു. ഹൈക്കോടതിയെ പോലും ധിക്കരിച്ചുകൊണ്ട് തങ്ങളുടെ നിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പല കോളേജുകളും ഇപ്പോഴുമുണ്ട്. അതിലൊന്നാണ് എറണാകുളം ജില്ലയിലെ മാറമ്പള്ളി എംഇഎസ് കോളേജ്. ഈ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റലില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത സാധാരണ ഫോണ്‍ മാത്രം ഉപയോഗിക്കാം. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി പരാതി പറഞ്ഞപ്പോള്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്, നിങ്ങള്‍ കോടതി വിധി കണ്ടിട്ടാണ് വന്നതെങ്കിൽ അതിനെതിരെ അപ്പീൽ പോകുന്ന കാര്യം മാനേജ്മെന്റ് തീരുമാനിച്ചോളാം എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിത്തിനുള്ള വിലക്ക് കൂടാതെ മറ്റ് പല നിയന്ത്രണങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൗരാവാകാശങ്ങളുടെ കടുത്ത ലംഘനമാണവയെന്നും ഹോസ്റ്റല്‍ സമയത്തിന്റെ കാര്യത്തില്‍ പോലും നിലവിലുള്ള ഉത്തരവുകള്‍ക്ക് പുല്ലു വിലപോലും കല്‍പ്പിക്കാത്ത മാനേജ്മെന്റ് അവരുടെ ധാര്‍ഷ്ഠ്യവുമായി മുന്നോട്ടു പോവുകയാണ് ചെയ്യുന്നതെന്നും മാറമ്പള്ളി എംഇഎസ്സിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.നാല് കാര്യങ്ങളിലാണ് തങ്ങളുടെ മേല്‍ മനുഷ്യാവകാശ ലംഘനമാകുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയും ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷക്കാരായ 34 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതിയും കോളേജ് പ്രിന്‍സിപ്പലില്‍ നല്‍കിയിട്ടുണ്ട്. ഈ പരാതിയോട് പക്ഷേ, പ്രിന്‍സിപ്പല്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എംഇഎസ് മാനേജ്മെന്റ് മാറമ്പള്ളി കോളേജിലെ വനിത ഹോസ്റ്റലില്‍ ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങളെക്കുറിച്ചും ഇവിടെ താമസിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പറയാന്‍ ഏറെ പരാതികളാണുള്ളത്. കാമ്പസിനകത്ത് നേരത്തെ തന്നെ ഫോണ്‍ ഉപയോഗം നിയമപരമായി നിരോധിച്ചിട്ടുണ്ട്. അതേ സമയം തന്നെയാണ് കാമ്പസിനകത്തും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന പൗരാവകാശ നിഷേധത്തിന് മാനേജ്മെന്റ് മുതിര്‍ന്നിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും വിദ്യാര്‍ത്ഥികളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും നിഷേധിക്കലാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ബിബിഎ തുടങ്ങിയ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് തങ്ങളെന്നും പഠനാവശ്യത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകളുടെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ല. പുസ്തകങ്ങളെക്കാള്‍ ഉപരിയായി വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ഇന്ന് ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും സഹായിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് അവകാശം കേരള സര്‍ക്കാര്‍ മനുഷ്യാവകാശമായി പറയുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതിയും വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികളെ മൊത്തത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഇത് നീതി നിഷേധമാണെന്ന് മാറമ്പള്ളി എംഇഎസ് കോളേജ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യം വിശദീകരിച്ച് അവര്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി എഴുതി നല്‍കുകയും ചെയ്തു. തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നതായിരുന്നു പ്രിന്‍സിപ്പാളിനോടുള്ള അഭ്യര്‍ത്ഥനയെങ്കിലും കോളേജ് ഹോസ്റ്റലിന്റെ ചുമതല കൂടി വഹിക്കുന്ന പ്രിന്‍സിപ്പല്‍ പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. പ്രിന്‍സിപ്പാള്‍ പറഞ്ഞത്, ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രസ്തുത കേസിൽ അപ്പീൽ പോകാനൊക്കെ മാനേജ്മെന്റിന് കഴിവ് ഉണ്ടെന്നു പറഞ്ഞ് തങ്ങളെ എതിര്‍ക്കുകയായിരുന്നുവെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോട് പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയതുപോലെ, വേറെയും നീതി നിഷേധങ്ങള്‍ വിദ്യാര്‍ത്ഥിനികളോട് കാണിക്കുന്നുണ്ടെന്നും പരാതിക്കാര്‍ പറയുന്നുണ്ട്. അവധി ദിവസങ്ങളില്‍ ഓരോ മതവിഭാഗത്തില്‍പ്പെട്ടവര്‍ അവരവരുടെ ആരാധാനാലയങ്ങളില്‍ പോകുന്നതിനും വിലക്ക് ആണ്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉണ്ട്. അവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയയങ്ങള്‍ പോകാന്‍ ആഗ്രഹിച്ചാല്‍ പോലും അത് അനുവദിക്കുന്നില്ല. സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ പോവുന്നത് വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ മതസ്വാതന്ത്ര്യത്തിനു മേലുള്ള നിയമവിരുദ്ധമായ കടന്നു കയറ്റമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടുമ്പോഴും മാനേജ്മെന്റും പ്രിന്‍സിപ്പലും നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ്; വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിരവധി സമരങ്ങള്‍ നടത്തിയതിന്റെ ഫലമായി, കോടതി ഉത്തരവുകളുടെ കൂടി അടിസ്ഥാനത്തില്‍ വനിത ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ടെങ്കിലും, ആ അവകാശവും മാറമ്പള്ളി എംഇഎസ് കോളേജിലെ വനിത ഹോസ്റ്റലില്‍ കഴിയുന്ന തങ്ങള്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിലെ ക്ലാസ് കഴിഞ്ഞാല്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ ഹോസ്റ്റലില്‍ കയറിയിരിക്കണമെന്നാണ് നിബന്ധന. ലൈബ്രറിയില്‍ പോകാന്‍ പോലും ഇതുമൂലം സാധിക്കില്ല. പഠനാവശ്യങ്ങള്‍ക്കായും സഹപാഠികള്‍ക്കൊപ്പം അല്‍പ്പനേരം ചെലവഴിക്കാനും പോലും തങ്ങള്‍ക്ക് കഴിയുന്നില്ല. വൈകിട്ട് ആറു മണിവരെയെങ്കിലും ഹോസ്റ്റല്‍ പ്രവേശന സമയം നീട്ടി തരണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതിനേക്കാള്‍ ക്രൂരമാണ്, അവധി ദിവസങ്ങളില്‍ ഹോസ്റ്റലില്‍ നിന്നും പുറത്തു പോകുന്നത് തടയുന്നത്. വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് പഠനകാര്യങ്ങള്‍ക്കായി പുറത്തു പോകേണ്ടി വരും. അതിനെക്കാള്‍ ഗുരുതരമല്ലേ, അസുഖം വന്നാല്‍ ഒന്ന് ആശുപത്രിയില്‍ പോവുക എന്നത്. പക്ഷേ, എന്തിനായാലും പുറത്തു പോകണമെങ്കില്‍ പ്രിന്‍സിപ്പാളിന്റെ അനുമതി വേണമെന്നാണ് പറയുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ ഒട്ടും ജനാധിപത്യപരമല്ല. ഒഴിവാക്കേണ്ട നിയമങ്ങള്‍ തന്നെയാണിവയെല്ലാം; വിദ്യാര്‍ത്ഥികള്‍ അവരുടെ പരാതികളായി പറയുന്നു.

നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേല്‍പ്പിച്ച് കോളേജ് കാലം ഹോസ്റ്റല്‍ മുറികളില്‍ തളച്ചിടുമ്പോള്‍ അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ തങ്ങളെ തകര്‍ക്കുമെന്ന കാര്യം മാനേജ്മെന്റ് മനസിലാക്കുന്നില്ലേയെന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. സുരക്ഷയെന്നു പറഞ്ഞാണ് ഇതൊക്കെ ചെയ്യുന്നതിനെ കോളേജ് അധികാരികള്‍ ന്യായീകരിക്കുന്നത്. നീതിരഹിതമായ അടിച്ചമര്‍ത്തലുകളാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത്. ഇതിലൂടെ എന്താണ് അധികാരികള്‍ ആഗ്രഹിക്കുന്നതെന്നും മനസിലാകുന്നില്ല. അവര്‍ ഉണ്ടാക്കുന്ന കരിനിയമങ്ങള്‍ ചോദ്യം ചെയ്താല്‍ ഞങ്ങളെ നിയമലംഘകരാക്കുന്നു. ഇവിടെ ചുമത്തിയിരിക്കുന്ന ഒരു നിയമം പോലും രേഖാമൂലം ഉണ്ടാക്കിയിട്ടുള്ളതല്ല. ഇവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു നിര്‍ദേശവും ഔദ്യോഗികമായി നല്‍കിയിട്ടുമില്ല. ഇപ്പോഴുണ്ടാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നിയമസാധുതയുണ്ടെങ്കില്‍ അത് ഒരു സര്‍ക്കുലര്‍ ആയി ഇറക്കുകയും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്യൂ. അതിന് മാനേജ്മെന്റ് തയ്യാറാണോ? ഇപ്പോള്‍ ചെയ്യുന്നതായ, രേഖമൂലമല്ലാത്ത അടിച്ചേല്‍പ്പിക്കലുകള്‍ അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല. അതുകൊണ്ട് അലിഖിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും പിന്‍വലിച്ച് വിദ്യാര്‍ത്ഥികളുടെ പക്ഷത്തു നിന്നുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കാന്‍ കോളേജ് അധികാരികള്‍ ശ്രമിക്കണം. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ നന്മയാണാ ലക്ഷ്യം വയ്ക്കുന്നതെന്നു പറയാന്‍ കഴിയില്ല. ആയതിനാല്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പ്രിന്‍സിപ്പാള്‍ സമ്മതിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ എഴുതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരം സിഇടി കോളേജ്, തൃശൂര്‍ കേരള വര്‍മ കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് തുടങ്ങിയ പ്രമുഖമായ കലാലയങ്ങളിലെ വനിത ഹോസ്റ്റലുകളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു കേരള ഹൈക്കോടതി വിഷയത്തില്‍ ഇടപെടുന്നതും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് ഉത്തരവ് ഇട്ടതും. ഹോസ്റ്റല്‍ സമയം രാത്രി ഒമ്പത് വരെ നീട്ടി നല്‍കാനും അതേപോലെ നിഷേധിക്കപ്പെട്ട മറ്റ് അവകാശങ്ങള്‍ അംഗീകരിച്ചൂ കൊടുക്കാനും കേരളത്തിലെ എല്ലാ കോളേജുകള്‍ക്കുമായാണ് കോടതി ഉത്തരവ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവുകള്‍ ഭൂരിഭാഗം കോളേജുകളും നടപ്പാക്കുന്നില്ല. ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കിയും മറ്റുള്ള വിദ്യാര്‍ത്ഥികളെ അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി മൗനത്തിലാക്കിയുമൊക്കെയാണ് പല മാനേജ്മെന്റുകളും തങ്ങളുടെ നിയമങ്ങളുമായി മുന്നോട്ടു പോകുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു ചേളന്നൂര്‍ എസ് എന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഫഹീമ ഷിറിന്‍. ഹോസ്റ്റലില്‍ വൈകിട്ട് ആറു മുതല്‍ രാത്രി പത്തുവരെ സ്മാര്‍ട്ട് ഫോണോ മറ്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമത്തിനെതിരേ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ ഫഹീമയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരേ ഫഹീമ ഹൈക്കോടതിയെ സമീച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നതാണന്ന സുപ്രധാന വിധിയോടെ ഫഹീമയെ തിരിച്ചെടുക്കാന്‍ ഉത്തരവ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തരമൊരു ഉത്തരവ് പുറത്തു വന്ന് ദിവസങ്ങള്‍ പോലും കഴിയും മുന്നേ തന്നെ കേരളത്തിലെ കലാലയങ്ങളിലെ വനിത ഹോസ്റ്റലുകളില്‍ ഇപ്പോഴും കടുത്ത സദാചാര നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വസ്തുത മാറമ്പള്ളി എംഇഎസ് കോളേജ് വ്യക്തമാക്കി തരുന്നത്. നീതി പീഠങ്ങളെ പോലും വിലവയ്ക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നു പറഞ്ഞാണ് തങ്ങളുടേതായ നിയമങ്ങളും നിയന്ത്രണങ്ങളും അവര്‍ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. അനുസരിക്കാത്തവരെ പുറത്താക്കുക മാത്രമല്ല, ചോദ്യം ഉയര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായ വിദ്യാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യുക കൂടിയാണ് കോളേജ് മാനേജ്മെന്റും അധ്യാപകരും. വിദ്യാര്‍ത്ഥികളാകട്ടെ ഈ നീതി നിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെതിരേ വീണ്ടും വീണ്ടും കോടതികളെ സമീപിക്കുകയും ചെയ്യുന്നു.

ഈ വിഷയത്തില്‍ മാറമ്പള്ളി എംഇഎസ് കോളേജ് മാനേജ്മെന്റിന്റെ പ്രതികരണത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ലഭ്യമായിട്ടില്ല. മാനേജ്മെന്റിന് എന്താണ് പറയാനുള്ളതെന്ന് കേട്ടശേഷം അക്കാര്യങ്ങളും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍