UPDATES

ട്രെന്‍ഡിങ്ങ്

‘പാവപ്പെട്ട കോടീശ്വരന്‍മാര്‍ക്ക്’ കേരള രാഷ്ട്രീയത്തില്‍ രക്ഷയില്ലേ?

പാര്‍ട്ടി കമ്യൂണിസ്റ്റോ, കോണ്‍ഗ്രസ്സോ, ബിജെപിയോ ആവട്ടെ, മലയാളിയുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു മുതലാളിത്ത വിരുദ്ധതയുണ്ട്. ഒരു ജനിതക രേഖ പോലെ.

കേരള രാഷ്ട്രീയത്തില്‍ ഒരു ‘ഉച്ഛാടനം’ നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ വേഷധാരികളായ മുതലാളിമാരെ തുരത്തി ഓടിക്കുകയാണ്. 90 കോടി ആസ്തിയുള്ള തോമസ് ചാണ്ടി ആറ്റുനോറ്റ് കിട്ടിയ മന്ത്രികുപ്പായം ഊരി വെച്ചു അമേരിക്കയിലേക്ക് പറന്നപ്പോള്‍ നിലമ്പൂര്‍ ഇടതു എംഎല്‍എ പി വി അന്‍വര്‍ കൂടരഞ്ഞിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വേള മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ കണ്ണുനീര്‍ പൊഴിക്കുക കൂടി ചെയ്തു എം എല്‍ എ അദ്ദേഹം. ഇടുക്കിയില്‍ നിന്നുള്ള ജോയ്സ് ജോര്‍ജ്ജ് എംപിയുടെ കോട്ടക്കാമ്പൂരിലെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് സബ്കളക്ടര്‍ റദ്ദാക്കി കളഞ്ഞത്. ഏറ്റവും ഒടുവില്‍ ഏഷ്യാനെറ്റ് ചാനല്‍ മുതലാളിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തുള്ള നിരാമയ റിസോര്‍ട്ട് ഡി വൈ എഫ് ഐ പിള്ളേര്‍ വന്നു തല്ലി തകര്‍ത്തിരിക്കുന്നു.

പണ്ട് ആലപ്പുഴയില്‍ വര്‍ഗ്ഗീസ് വൈദ്യര്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് മുതലാളിയാകാന്‍ പോയ കഥയാണ് അദ്ദേഹത്തിന്റെ മകന്‍ കൂടിയായ ചെറിയാന്‍ കല്‍പ്പകവാടി ലാല്‍സലാം എന്ന സിനിമയാക്കിയത്. എന്നാല്‍ മുതലാളിയായ ‘നെട്ടൂരാനെ’ പാര്‍ട്ടി സഖാവ് നെട്ടൂരാനായല്ല പിന്നീട് കണ്ടത് എന്നാണ് സിനിമാ കഥ.

രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ റിസോര്‍ട്ട് ഡിവൈഎഫ്ഐ തല്ലി തകര്‍ത്തു; പ്രതിഷേധം റവന്യു വകുപ്പിനെതിരേയും

വൈരുദ്ധ്യമെന്ന് പറയട്ടെ കേരള നിയമസഭയിലെ ഏറ്റവും വലിയ കോടീശ്വരന്‍ കമ്യൂണിസ്റ്റുകാരനാണ്. വലതു കമ്യൂണിസ്റ്റ് അല്ല. തനി പത്തരമാറ്റ് ഇടതു കമ്യൂണിസ്റ്റ്. കോഴിക്കോട് ബേപ്പൂരില്‍ നിന്നും വിജയിച്ച് എം എല്‍ എ ആയ വി കെ സി മമ്മദ് കോയ കേരളത്തിലെ ഏറ്റവും സക്സസ്ഫുള്‍ ആയ പാദരക്ഷ ബ്രാന്‍ഡുകളില്‍ ഒന്നായ വികെസി പടുത്തുയര്‍ത്തിയ ആളാണ്. 2015-16 വര്‍ഷത്തില്‍ വികെസി ഗ്രൂപ്പിന്റെ ടേണ്‍ ഓവര്‍ 1500 കോടിയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ സഖാവ് വികെസി ഇങ്ങനെ പറഞ്ഞു. “ഞാന്‍ ഒരു കമ്യൂണിസ്റ്റ് ആണ്. എന്റെ പ്രത്യയശാസ്ത്രവും ബിസിനസും ഒരിയ്ക്കലും കൂടിക്കുഴയില്ല.”

സമ്പന്നനായി ജനിച്ചയാളല്ല ഞാന്‍; പാര്‍ട്ടി ഒരാശയമാണ്: വികെസി മമ്മദ് കോയ/അഭിമുഖം

വികെസിയുടെ കഥ ഒരു വേറിട്ട ഒന്നായി കിടക്കുമ്പോഴും 2006 തിരഞ്ഞെടുപ്പ് മുതല്‍ കേരളം കോടീശ്വരന്‍മാരുടെ ആധിക്യം ആനുഭവിച്ചു തുടങ്ങി. പത്താം ക്ലാസും ഗുസ്തിയും അനുഭവപരിചയമാക്കി വന്നിരുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പകരം മടിശ്ശീലയില്‍ കനമുള്ള 20ഓളം പേര്‍ ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2011ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ആ നംബര്‍ മൂന്നു മടങ്ങ് വര്‍ധിച്ചു 68 ആയി മാറി. കോണ്‍ഗ്രസ്സ് പാര്‍ട്ടി 14, മുസ്ലീംലീഗ് 13, ഒരു സീറ്റിലും വിജയിക്കാത്ത ബിജെപി 11, സിപിഎം 6 എന്നിങ്ങനെയായിരുന്നു പാര്‍ട്ടി തിരിച്ചുള്ള കണക്ക്. ആ തിരഞ്ഞെടുപ്പില്‍ 33 കോടീശ്വരന്‍മാര്‍ വിജയിച്ച് സഭയില്‍ എത്തുകയും ചെയ്തു.

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

തുടര്‍ന്ന് നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ 39 കോടീശ്വരന്‍മാരാണ് മത്സരിച്ചത്. അതില്‍ പ്രമുഖന്‍ തിരുവനന്തപുരത്ത് നിന്നും ജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ തന്നെ.

2016 നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും കോണ്‍ഗ്രസ്സ് മുന്നണിയില്‍ തന്നെ 30ല്‍ അധികം കോടീശ്വരന്മാരാണ് മത്സരിച്ചത്. എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥിയായി വിവാദ ബാര്‍ മുതലാളി ഡോ. ബിജു രമേശും പ്രത്യക്ഷപ്പെട്ടു. മലപ്പുറം, കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പിവി അന്‍വര്‍, ഗഫൂര്‍ ലില്ലി, വി അബ്ദുല്‍റഹ്മാന്‍, കാരാട്ട് റസാഖ് തുടങ്ങിയ ബിസിനസുകാരെ രംഗത്തിറക്കി മുസ്ലീം ലീഗ് കോടീശ്വരന്‍മാരുടെ കോട്ട പൊളിക്കാന്‍ സി പി എം ശ്രമിച്ചതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടു. അതില്‍ ഒരു കോടീശ്വരനായ പി വി അന്‍വറാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

മലപ്പുറത്തെ വേദനിക്കുന്ന ഇടത് കോടീശ്വരന്‍മാര്‍

തോമസ് ചാണ്ടിയായാലും പിവി അന്‍വറായാലും തങ്ങള്‍ ജനപ്രതിനിധികള്‍ എന്ന പദവിയില്‍ എത്തുന്നതിന് മുന്‍പ് ചെയ്ത ക്രൂരകൃത്യങ്ങള്‍ക്കാണ് പിടിയിലകപ്പെട്ടിരിക്കുന്നത്. അവര്‍ തങ്ങളുടെ പുതിയ അധികാര പദവി നിയമ ലംഘനങ്ങള്‍ക്ക് മറയിടാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നു ഇനിയും തെളിയേണ്ട കാര്യമാണ്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. വേണ്ടായിരുന്നു, ഈ വയ്യാവേലി എടുത്തു തലയില്‍ വെക്കേണ്ടായിരുന്നു എന്നു പലവട്ടം ചിന്തിച്ചിട്ടുണ്ടാകും ഈ വേദനിക്കുന്ന കോടീശ്വരന്‍മാര്‍.

പാര്‍ട്ടി കമ്യൂണിസ്റ്റോ, കോണ്‍ഗ്രസ്സോ, ബിജെപിയോ ആവട്ടെ, മലയാളിയുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു മുതലാളിത്ത വിരുദ്ധതയുണ്ട്. ഒരു ജനിതക രേഖ പോലെ. അതിങ്ങനെ ഇടയ്ക്കിടയ്ക്ക് പൊങ്ങിവരും. അതാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കണ്ടുകണ്ടങ്ങിരിക്കും ഒരുത്തനെ എം എല്‍ എയും എം പിയുമാക്കും, പിന്നെ തണ്ടിലേറ്റി നടത്തും, തോളില്‍ മാറാപ്പ് കേറ്റും.. പൂന്താനം പണ്ട് പാടിയത് ഇങ്ങനെയും ഭജിക്കാം ഇനി..

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍