UPDATES

ട്രെന്‍ഡിങ്ങ്

വാങ്ങാത്തവരുടെ റേഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കും; മന്ത്രി തിലോത്തമന്റെ ‘മാവോയിസ്റ്റ്’ ഇടപെടല്‍

കൃത്യമായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ തടഞ്ഞുവയ്ക്കാന്‍ ആലോചിക്കുകയാണ് ഭക്ഷ്യവകുപ്പ്. അതായത് രണ്ട് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ തടയാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. അതേസമയം ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കില്ലെന്നും ഭക്ഷ്യവകുപ്പ് ഉറപ്പ് നല്‍കുന്നുണ്ട്. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ട മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കാനാണ് തീരുമാനം. ഉടനെ തന്നെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കും.

അതേസമയം സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം കുറയാതിരിക്കാനാണ് സര്‍ക്കാരിന്റെ ഈ പുതിയ നീക്കമെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്. അതാത് മാസങ്ങളില്‍ ലഭിക്കുന്ന റേഷന്‍ മൊത്തത്തില്‍ ചെലവായാല്‍ മാത്രമാണ് സംസ്ഥാനത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സാധിക്കൂ. പുതിയ സംവിധാനമായ ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ യഥാര്‍ത്ഥ കാര്‍ഡ് ഉടമയ്ക്ക് മാത്രമാണ് ഭക്ഷ്യധാന്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇപ്പോള്‍ റേഷന്‍ വാങ്ങാത്ത പലരുടെയും ധാന്യം കടക്കാര്‍ തന്നെ മറിച്ചുവില്‍ക്കുകയാണ് പതിവ്. എന്നാല്‍ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഈ പതിവ് നിലയ്ക്കും. ഇതോടെ സംസ്ഥാനത്തെ റേഷന്‍ ഉപഭോഗം കുറയുന്നതായി കണക്കുകള്‍ വരും. അങ്ങനെ വന്നാല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതത്തിലും കുറവ് വരുത്തുമെന്ന് കണ്ടാണ് പുതിയ നീക്കം.

1942ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് ബഹുജന താല്‍പര്യവും പ്രക്ഷോഭവും മുന്‍നിര്‍ത്തി ബ്രിട്ടീഷ് ഭരണാധികാരികള്‍ അനുവദിച്ച് തുടക്കമിട്ടതാണ് കേരളത്തിലെ പൊതുവിതരണ സംവിധാനം. സ്വാതന്ത്ര്യാനന്തരം നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി ഒരു ഭക്ഷ്യമേഖല രൂപപ്പെടുത്തുകയും ചെയ്തു. 1964 നവംബര്‍ ഒന്ന് മുതലാണ് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യവിഹിതം ഏര്‍പ്പെടുത്തിയത്. ഇതോടെ അനൗപചാരിക റേഷനിംഗ് സംവിധാനത്തിന് തുടക്കം കുറിച്ചു. 1991-97 കാലയളവാകുമ്പോഴേക്കും കേരളത്തിലെ 95 ശതമാനം ജനങ്ങളും പൊതുവിതരണ ശൃംഖലയുടെ ഗുണഭോക്താക്കളായിരുന്നു. എന്നാല്‍ നവഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി 97ന് ശേഷം കേരള പൊതുമേഖല സംവിധാനം തകരുന്ന അവസ്ഥയാണ്. സാമ്പത്തിക ഉന്നമനം പ്രാപിച്ച പലരും റേഷന്‍ കാര്‍ഡിനെ ഒരു തിരിച്ചറിയല്‍ രേഖയായി സൂക്ഷിക്കുകയും എന്നാല്‍ റേഷന്‍ വാങ്ങുന്ന പതിവ് അവസാനിപ്പിക്കുകയും ചെയ്തു. ഈ ഭക്ഷ്യധാന്യങ്ങളും അര്‍ഹതപ്പെട്ടവരും അവശ്യക്കാരുമായവരുടെയും ഭക്ഷ്യധാന്യങ്ങളും പലപ്പോഴും സമയത്ത് വാങ്ങാത്തത് മൂലം നഷ്ടപ്പെടുന്നതാണ് പതിവ്.

റേഷന്‍ വിഹിതം നിശ്ചിത കാലയളവില്‍ ആവശ്യമില്ലാത്തവര്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ആ കാലയളവുവരെ റേഷന്‍ തടഞ്ഞുവയ്ക്കാറുണ്ട്. നിശ്ചിതകാലയളവ് പൂര്‍ത്തിയാകുന്നതോടെ അത് പുനസ്ഥാപിച്ചും നല്‍കും. സിവില്‍ സപ്ലൈസിനെ അറിയിക്കാതെ മുടക്കം വരുത്തുന്നവരുടെ റേഷന്‍ വിഹിതമാണ് തടയുന്നത്. കേന്ദ്രവിഹിതം നഷ്ടമാകാതിരിക്കാനാണെങ്കിലും ഭക്ഷ്യവകുപ്പ് റേഷന്‍ ആവശ്യമില്ലാത്തവരില്‍ നിന്നും അത് പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാനൊരുങ്ങുമ്പോള്‍ ഭക്ഷ്യ സന്തുലിതയ്ക്കായി മാവോയിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങളാണ് ഓര്‍മ്മിപ്പിക്കപ്പെടുന്നത്.

മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുന്ന കാലത്ത് കേരളം നേരിട്ട ഒരു സുപ്രധാന വിഷയം ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തതയായിരുന്നു. ഈ അപര്യാപ്തത മനപൂര്‍വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു. പലപ്പോഴും റേഷന്‍ കട ഉടമകള്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ റേഷന്‍ കാര്‍ഡുകള്‍ കൈക്കലാക്കുകയും കടയുടമകള്‍ അവര്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതും പതിവായിരുന്നു. ഈ സാഹചര്യത്തില്‍ ഒരുകാലത്ത് റേഷന്‍ കടകള്‍ ആക്രമിച്ച് മാവോയിസ്റ്റുകള്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുക്കുകയും അവ അര്‍ഹരായ ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇ-പോസ് നടപ്പാക്കുന്നതോടെ ഈ അവസ്ഥ പൂര്‍ണമായും ഇല്ലാതാകുകയാണ്. കാരണം യന്ത്രം സ്ഥാപിക്കപ്പെടുന്നതോടെ യഥാര്‍ത്ഥ കാര്‍ഡുടമയ്ക്ക് മാത്രമേ ധാന്യം ലഭിക്കൂ എന്ന സ്ഥിതി വരും. ഇ-പോസ് സംവിധാനം ഒരു വിധത്തില്‍ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ഏറെ പ്രാധന്യമുള്ള ഒന്നാണ്. എന്നാല്‍ യഥാര്‍ത്ഥ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ ഭക്ഷ്യംധാന്യം വാങ്ങാനാകൂയെന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ ഉപയോഗം കുറയുന്നതായാകും ഭാവിയിലെ കണക്കുകള്‍ പുറത്തുവരുന്നത്.

ഈ സാഹചര്യത്തിലാണ് സിപിഐ മന്ത്രി പി തിലോത്തമന്‍ ഭരിക്കുന്ന ഭക്ഷ്യവകുപ്പിന്റെ തീരുമാനം ശ്രദ്ധേയമാകുന്നത്. ആവശ്യമില്ലാത്തവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നില്ലെന്നും പകരം ആവശ്യമുള്ളവര്‍ക്ക് അത് തുല്യമായി വീതിച്ചു നല്‍കുന്നുവെന്നുമുള്ള തീരുമാനമാണ് അത്. എന്നാല്‍ ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നുമില്ല. ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ മിച്ചം വരുന്ന പ്രതിമാസ ഭക്ഷ്യധാന്യത്തിന്റെ അളവ് കണക്കിലെടുത്ത് സംസ്ഥാനത്തെ റേഷന്‍ ഉപയോഗം കുറയുന്നുവെന്ന് തെളിയുന്നതോടെ കേന്ദ്രവിഹിതത്തില്‍ കുറവുണ്ടാകാതിരിക്കാനുമാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് ഭക്ഷ്യവകുപ്പ് തന്നെ വ്യക്തമാക്കിയിരിക്കുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍