UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടും കീഴാറ്റൂര്‍; വയലിലൂടെ ബൈപാസ് വേണ്ടെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം; ഇടപെടില്ലെന്ന് സിപിഎം

പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ദേശീയപാത അതോറിറ്റിക്കൊപ്പം നില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനവും പ്രദേശത്ത് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.

കീഴാറ്റൂര്‍ വയലുകളെ കീറി മുറിച്ച് ദേശീയ പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ വയല്‍ നികത്തരുതെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. വയലുകള്‍ പരമാവധി സംരക്ഷിക്കണം, റോഡിനായി മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിലെ റിസര്‍ച്ച് ഓഫീസറായ ജോണ്‍ ജോസഫ് ആണ് കീഴാറ്റൂര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ ദേശീയപാതാ വികസന അതോറിറ്റിയുടെ അന്തിമ വിജ്ഞാപനം വന്നിരിക്കെ ഇക്കാര്യത്തില്‍ ഇടപെടില്ല എന്ന് എംഎല്‍എ ജയിംസ് മാത്യു പറയുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കൂടി വന്ന സ്ഥിതിക്ക് അതിനെ മറികടന്ന് ബൈപ്പാസ് വരാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ‘വയല്‍ക്കിളികള്‍’.

കീഴാറ്റൂരിലെ വയലുകളെ വിഭജിച്ച് ബൈപ്പാസ് വരുന്നതിനെതിരെ പ്രദേശവാസികളായ വയല്‍ക്കിളികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സമരത്തിലാണ്. സമരം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ജോണ്‍ ജോസഫിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കൃഷി ഭൂമി ഒഴിവാക്കി പാതയ്ക്കായി തയ്യാറാക്കിയ അലൈന്‍മെന്റ് മാറ്റണമെന്ന് ജൂണ്‍ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

“സമരക്കാരുടെ ആവശ്യം ന്യായമാണ്. വയല്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണ്. കൃഷി ചെയ്ത് ജീവിക്കുന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. അത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ വയലിനെ മുറിക്കുന്ന തരത്തിലുള്ള റോഡ് നിര്‍മ്മാണം ഒഴിവാക്കണം. മറ്റ് സാധ്യതകള്‍ കൂടി പരിഗണിക്കണം. മറ്റ് സാധ്യതകള്‍ ഇല്ലെങ്കില്‍ മാത്രമേ വയലില്‍ കൂടി റോഡ് നിര്‍മ്മിക്കാവൂ. കീഴാറ്റൂര്‍ പരിസ്ഥിതി ലോല പ്രദേശമാണ്. മലകളും തോടുകളും ആണ് ഇരുവശവും. അതിനാല്‍ കീഴാറ്റൂരിലെ വയലുകള്‍ വഴിയുള്ള റോഡ് നിര്‍മ്മാണം ഏറ്റവും ഒടുവിലത്തെ സാധ്യതയായേ പരിഗണിക്കാവൂ” തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ട് മുന്നോട്ട് വക്കുന്നത്.

റോഡ് വികസനം കേരളത്തിന്റെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റോഡിന് വീതി കുറഞ്ഞത് മൂലം അപകടങ്ങള്‍ ഏറിയിരിക്കുന്നതിനാല്‍ റോഡ് വികസനം ആവശ്യമാണ്. എന്നാല്‍ അതിനായി കീഴാറ്റൂരിലെ വയലുകള്‍ ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്നുമാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ജൂണ്‍ മാസത്തില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് ദേശീയപാതാ അതോറിറ്റിയുടെ അന്തിമ വിജ്ഞ്ഞാപനം വന്നതെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് തന്നെ ഇനി ചര്‍ച്ച ചെയ്യേണ്ടതില്ല എന്നുമാണ് എംഎല്‍എ ജെയിംസ് മാത്യുവിന്റെ അഭിപ്രായം. എംഎല്‍എ യുടെ പ്രതികരണം ഇങ്ങനെ: “ഒന്നര മാസം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അത്. അതിന് ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ ജൂലൈ പതിനേഴിനാണ് ദേശീയപാതാ അതോറിറ്റി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കന്നത്. കീഴാറ്റൂരിലൂടെ തന്നെ ബൈപ്പാസ് നിര്‍മ്മിക്കുമെന്ന് അതില്‍ പറയുന്നു. അതിനായി 53.5 482 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണത്. വിജ്ഞാപനമിറങ്ങി പത്ത് ദിവസം കഴിഞ്ഞാണ് നിങ്ങള്‍ അതിന് മുമ്പുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരോ എംഎല്‍എയോ അല്ല പരിസ്ഥിതി പഠനം നടത്താന്‍ ഏല്‍പ്പിച്ചത്. ഞങ്ങള്‍ അത് ആവശ്യപ്പെട്ടിട്ടുമില്ല. ആ റിപ്പോര്‍ട്ട് അവര്‍ സംസ്ഥാന സര്‍ക്കാരിനോ എംഎല്‍എയ്‌ക്കോ കൈമാറിയിട്ടുമില്ല. പിന്നെ അക്കാര്യത്തില്‍ ഞങ്ങള്‍ ഇടപെടേണ്ട ആവശ്യമെന്തിരിക്കുന്നു? റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനാണ്. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം അത് ഉപരിതല ഗതാഗത വകുപ്പിന് കൈമാറും. ഉപരിതല ഗതാഗത വകുപ്പിന് താത്പര്യമുണ്ടെങ്കില്‍ മാത്രമേ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടപടിയുണ്ടാവൂ.

ഞങ്ങളെ സംബന്ധിച്ച് ഇവിടെ ബൈപ്പാസ് വേണം. അധികാര സ്ഥാനത്തുള്ളവര്‍ കീഴാറ്റൂര്‍ വഴിയാണ് അത് വേണ്ടതെന്ന് പറഞ്ഞാല്‍, അവര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലക്കും എംഎല്‍എ എന്ന നിലക്കും ബൈപ്പാസ് വേണമെന്ന അഭിപ്രായത്തില്‍ വ്യത്യാസമില്ല. ആരാണോ സ്വാധീനിക്കാന്‍ ശ്രമിച്ച് അന്വേഷണം നടത്തിച്ചത് , അവരാണ് റിപ്പോര്‍ട്ടിന്റെ കാര്യങ്ങള്‍ ആലോചിക്കേണ്ടത്. അവര്‍ തന്നെ അത് അന്വേഷിക്കുകയും വേണം. അല്ലാതെ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. ഇവിടെ നിന്ന് മാറ്റി വേറൊരിടത്ത് റോഡ് കൊണ്ടു വന്നാല്‍ അവിടുത്തെ ജനങ്ങളോട് ഞങ്ങള്‍ സമാധാനം പറയേണ്ടി വരും.”

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

റിപ്പോര്‍ട്ട് കൂടി വന്നതോടെ തങ്ങളുടെ ആവശ്യം ന്യായമാണെന്ന് തെളിഞ്ഞതായി വയല്‍ക്കിളികള്‍ പറയുന്നു. എന്ത് വന്നാലും വയലുകളെ ഇല്ലാതാക്കി റോഡ് വരാന്‍ അനുവദിക്കില്ല എന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു: “പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ എല്ലാം വ്യക്തമാണ്. ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ആ റിപ്പോര്‍ട്ടിനെ മറികടന്ന് ഇതിലൂടെ റോഡ് വരാന്‍ ഞങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. റിപ്പോര്‍ട്ടിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരു വിഡ്ഢിത്തം ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. അങ്ങനെ ചെയ്താല്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാവും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അത് പഠിക്കണം.
ജൂലൈ 17-ന് അന്തിമ വിജ്ഞാപനമിറങ്ങിയ കാര്യം എംഎല്‍എ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. ജനകീയനായ എംഎല്‍എ ആണെങ്കില്‍ അത് ഞങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം കൂടി അദ്ദേഹത്തിനുണ്ട്. അന്തിമ വിജ്ഞാപനമായാലും എന്തായാലും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കോടതിക്ക് പോലും തള്ളിക്കളയാനാവില്ല”.

ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ രണ്ട് ചേരിയിലായിരുന്നു. വയലുകളിലൂടെ വരുന്ന ബൈപ്പാസിനെ എതിര്‍ക്കുന്നവര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരവും ആരംഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും കീഴാറ്റൂര്‍ വയലുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. അന്ന് ബിജെപി പ്രവര്‍ത്തകര്‍ സമരത്തെ പിന്തുണക്കുകയും, മറ്റൊരു തരത്തില്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ സിപിഎം, ജില്ലാ സെക്രട്ടി പി. ജയരാജന്റെ നേതൃത്യത്തില്‍ വയല്‍ക്കിളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകളും നടത്തിയിരുന്നു. പിന്നീട് സമരം തുടരുമ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാത്ത നിലപാടാണ് വയല്‍ക്കിളികള്‍ സ്വീകരിച്ചത്. എന്നാല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കീഴില്‍ വരുന്ന ദേശീയപാത അതോറിറ്റിക്കൊപ്പം നില്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനവും പ്രദേശത്ത് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍