UPDATES

ട്രെന്‍ഡിങ്ങ്

മുല്ലപ്പള്ളീ, പിള്ളേച്ചനെ ശ്രദ്ധിച്ചോളൂ കേട്ടോ…

പിള്ളേച്ചൻ വീണ്ടും ചാക്കുമായി ഇറങ്ങിയിട്ടുണ്ട്. കോൺഗ്രസിലെ ചില വലിയ നേതാക്കളെ പോലും അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി സംഘപരിവാർ കൂടാരത്തിലെത്തിക്കും എന്നാണു അദ്ദഹത്തിന്റെ വീരവാദം

കെ എ ആന്റണി

കെ എ ആന്റണി

കേരളത്തിലെ പുതിയ പി സി സി അധ്യക്ഷനായി ചുമതല ഏൽക്കുന്നതിനുവേണ്ടി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് മുൻപായി ‘ദി ഹിന്ദു’ ദിനപത്രത്തിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തനിക്കു ലഭിച്ച പുതിയ പദവിയിൽ ആഹ്ളാദം രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ തനിക്കു മുന്നിലുള്ള കനത്ത വെല്ലുവിളികളെ കുറിച്ചു കൂടി മനസ്സ് തുറക്കുന്നുണ്ട്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലവിലെ സ്ഥിതി വളരെ ദയനീയമാണെന്നും എല്ലാം ശരിയാക്കിയെടുക്കാൻ അല്പം സാഹസപ്പെടേണ്ടി വരുമെന്നുമാണ് അദ്ദഹത്തിന്റെ അഭിപ്രായമായി ‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖത്തിൽ വന്ന കാര്യങ്ങളിലൊന്ന്. പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുക്കുമെന്നും എന്നാൽ ഇത്തരം നടപടികൾ ഒരിക്കലും വൈരാഗ്യബുദ്ധിയോടു കൂടി ഉള്ളതായിരിക്കില്ലെന്നും മുല്ലപ്പള്ളി പറയുന്നുണ്ട്. പാർട്ടിയിൽ അച്ചടക്കം പുനഃസ്ഥാപിച്ചു അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിനു മുൻപായി പാർട്ടിയെ കരുത്തുറ്റ ഒരു പ്രസ്ഥാനമാക്കി മാറ്റാൻ കഴിയുമെന്നും ഇക്കാര്യത്തിൽ തനിക്കൊപ്പം നിയമിതരായർ ഉൾപ്പെടെയുള്ള മുഴുവൻ കോൺഗ്രസ് നേതാക്കളുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി പറയുന്നു. അഖിലേന്ത്യ തലത്തിൽ ബി ജെ പി യാണ് കോൺഗ്രസിന്റെ മുഖ്യ ശത്രുവെങ്കിൽ കേരളത്തിൽ അത് സി പി എം ആണെന്ന ഉറച്ച കാഴ്ചപ്പാടാണ് മുല്ലപ്പള്ളിക്കുള്ളത്. അതേസമയം അടുത്തകാലത്തായി ബി ജെ പിക്കു കേരളത്തിൽ ഉണ്ടായിട്ടുള്ള വളർച്ചയെ മുല്ലപ്പള്ളി കാണാതിരിക്കുന്നില്ല.

കറകളഞ്ഞ കോൺഗ്രസ് നേതാവും ഗാന്ധി കുടുംബത്തിന്റെ കടുത്ത പിന്തുണക്കാരനുമായ മുല്ലപ്പള്ളി വി എം സുധീരനെപ്പോലെ തന്നെ ഗ്രൂപ്പില്ലാ നേതാവായാണ് അറിയപ്പെടുന്നത്. ഒരർത്ഥത്തിൽ ഇത് വലിയൊരു നേട്ടമാണെങ്കിലും ഗ്രൂപ്പിന്റെ അതിപ്രസരം അലയടിക്കുന്ന കേരളത്തിൽ ഗ്രൂപ്പില്ലായ്മ വലിയൊരു കോട്ടവും കൂടിയാണ്. ഗ്രൂപ്പില്ലാ നേതാവെന്ന് അറിയപ്പെട്ടിരുന്ന വി എം സുധീരന് എന്ത് സംഭവിച്ചു എന്നത് മറക്കാതിരുന്നാൽ മുല്ലപ്പള്ളിക്ക് നല്ലത്. അതേപോലെ തന്നെ അച്ചടക്കത്തിന്റെ വാൾ എടുക്കും എന്ന് ഇടയ്ക്കിടെ പറഞ്ഞോളൂ അതെടുത്തു വീശാൻ ശ്രമിച്ചാൽ കാര്യങ്ങൾ പിടിവിട്ടു പോയെന്നു വന്നേക്കാം. പോരെങ്കിൽ ഗ്രൂപ്പുകളുടെ ബലത്തിൽ കെ പി സി സി അധ്യക്ഷണാവൻ ശ്രമിച്ചു പരാജയപ്പെട്ടവർ അത്ര എളുപ്പത്തിൽ തങ്ങൾക്കുണ്ടായ നഷ്ട്ടം മറക്കുമെന്നു കരുതുന്നതും തികഞ്ഞ വിഡ്ഢിത്തരമായിരിക്കും. തീർന്നില്ല, പുരുഷ കേസരികളെ എല്ലാം പിടിച്ചു വർക്കിംഗ് പ്രസിഡണ്ട്, യു ഡി എഫ് കൺവീനർ തുടങ്ങിയ തസ്തികകളിൽ കയറ്റി ഇരുത്തിയപ്പോൾ കേരളത്തിലെ വനിതാ കോൺഗ്രസ്സുകാർ പാടെ തഴയപ്പെട്ട കാര്യവും മറക്കേണ്ട.

കേന്ദ്രത്തിലെ പോലെയല്ല കേരളത്തിലെ കാര്യങ്ങൾ. ഇവിടെ കോൺഗ്രസിന്റെ മുഖ്യ ശത്രു സി പി എം തന്നെയാണെന്ന മുല്ലപ്പള്ളിയുടെ വിലയിരുത്തൽ എല്ലാ അർത്ഥത്തിലും ശരി തന്നെയാണ്. എന്നു കരുതി ബി ജെ പിയെ തീർത്തും എഴുതിത്തള്ളുന്നതു അത്രകണ്ട് ശരിയാവില്ലെന്നു തോന്നുന്നു. ആരെയും ചാക്കിട്ടു പിടിക്കാൻ പോന്ന സൂത്രശാലിയാണ് കേരളത്തിൽ ഇപ്പോൾ ബി ജെ പി പ്രസിഡന്റായിട്ടുള്ള പി എസ് ശ്രീധരൻ പിള്ള എന്ന കാര്യം ശ്രദ്ധിയ്ക്കുക. പിള്ളേച്ചൻ കേരളത്തിൽ ബി ജെ പി അധ്യക്ഷൻ ആയിരുന്ന കാലത്താണ് ബി ജെ പി വളരെ തന്ത്രപരമായി കേരള കോൺഗ്രസ് റിബൽ പി സി തോമസിനെ മൂവാറ്റുപുഴയിൽ നിന്നും ജയിപ്പിച്ചെടുത്തതും കേന്ദ്രത്തിൽ മന്ത്രിയാക്കിയതും. അതേ തിരെഞ്ഞെടുപ്പിൽ തന്നെയായിരുന്നു മുൻ ധനകാര്യ മന്ത്രിയായിരുന്ന സി പിഎം നേതാവ് വിശ്വനാഥ മേനോനെ ചാക്കിട്ടു പിടിച്ചു എറണാകുളത്തു ബി ജെ പി
ടിക്കറ്റിൽ മത്സരിപ്പിച്ചതും.

പിള്ളേച്ചൻ വീണ്ടും ചാക്കുമായി ഇറങ്ങിയിട്ടുണ്ട്. കോൺഗ്രസിലെ ചില വലിയ നേതാക്കളെ പോലും അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി സംഘപരിവാർ കൂടാരത്തിലെത്തിക്കും എന്നാണു അദ്ദഹത്തിന്റെ വീരവാദം. താങ്കളോടൊപ്പം പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നോട്ടമിട്ടിരുന്ന ഒരു കോൺഗ്രസ് നേതാവിന് പിന്നാലെ പിള്ളേച്ചനും സംഘവും ചാക്കും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായ കാര്യവും ഓർമ്മയിൽ ഉണ്ടായാൽ നല്ലത്.

ബിജെപി ഫണ്ട് ഒഴുക്കുകയാണ്; പിണറായിക്ക് മുതലാളിമാരുണ്ട്; തങ്ങളുടെ ഖജനാവ് നിറയ്ക്കാന്‍ വേറെ വഴി നോക്കണമെന്ന് മുല്ലപ്പള്ളി

കോണ്‍ഗ്രസ്സ് രാഷ്ട്രീയം വടക്കോട്ട് നീങ്ങുമ്പോള്‍; മുല്ലപ്പള്ളിയുടെ ചരിത്രഭാരം

സിപിഎമ്മിനെ വിറപ്പിച്ച് തുടര്‍ച്ചയായി 5 തവണ കണ്ണൂരില്‍ നിന്നും എം.പി; രാഹുലിന്റെ മുല്ലപ്പള്ളി പരീക്ഷണം വിജയിക്കുമോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍