മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറി നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, നിയമത്തിന്റെ എല്ലാ പരിരക്ഷയുമുള്ള ക്വാറിയുടെ നടത്തിപ്പില്‍ ഇടപെടാനാകില്ലെന്നുമാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത്
കാസര്‍കോട് പരപ്പയിലെ മുണ്ടത്തടം ആദിവാസി കോളനിക്കടുത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയ്‌ക്കെതിരെ സമരം ചെയ്തുകൊണ്ടിരുന്നവരില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തതായി പരാതി. മേയ് 29 മുതല്‍ മുണ്ടത്തടത്ത് രാപ്പകല്‍ സമരത്തിലായിരുന്ന ഗോത്രവിഭാഗക്കാരില്‍ രണ്ടു പേരെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. മുണ്ടത്തടം-മാലൂര്‍ക്കയം കോളനിയിലെ താമസക്കാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ രണ്ടാം ദിവസം ക്വാറിയിലേക്ക് വന്ന വാഹനങ്ങള്‍ സമരക്കാര്‍ തടയുകയായിരുന്നു. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചു എന്നു കാണിച്ചാണ് അറസ്റ്റെന്ന് സമരനേതാക്കള്‍ പറയുന്നു. ക്വാറിയോട് ചേര്‍ന്ന് ക്രഷര്‍ നിര്‍മിക്കുന്നതിനായി സാധനങ്ങളെത്തിക്കാന്‍ വന്ന വാഹനമാണ് സമരക്കാര്‍ മേയ് മുപ്പതിന് തടഞ്ഞിരുന്നത്. സമരക്കാരെ ബലമായി പിടിച്ചുമാറ്റിയും മര്‍ദ്ദിച്ചും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കിയ പൊലീസിന്റെ നടപടി അന്നു തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആദിവാസി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചാണ് ക്വാറിയുടെ വാഹനങ്ങളെ പൊലീസ് കടത്തിവിട്ടതെന്നും, ഇതിനെതിരെ തങ്ങള്‍ നല്‍കിയ പരാതിയുടെ മേല്‍ നടപടിയുണ്ടായില്ലെന്നും കോളനിക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തുവെന്ന കാരണം കാണിച്ച് ഇവരില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിരിക്കുന്നത്.
സമരക്കാര്‍ തങ്ങളെ തിരിച്ചാക്രമിച്ചുവെന്ന് പൊലീസ് നേരത്തേ തന്നെ വിശദീകരിച്ചിരുന്നു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവരില്‍ ചിലര്‍ പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. വനിതാ പൊലീസുകാരിയടക്കമുള്ളവര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നെടുത്ത കേസിലാണ് സജിത്ത്, രാമന്‍ എന്നിവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇരുവരെയും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, തന്റെ അമ്മയെ മര്‍ദ്ദിച്ച പൊലീസുകാരെ പിടിച്ചുമാറ്റാനാണ് സജിത്ത് ശ്രമിച്ചതെന്നും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുപോലുമില്ലാതിരുന്നയാളാണ് അറസ്റ്റിലായ രാമനെന്നും സമരത്തിന്റെ നേതൃനിരയിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ വിജയന്‍ പറയുന്നു. ‘സജിത്തിന്റെ അമ്മ ശാന്തയെയാണ് പൊലീസ് കഴുത്തു പിടിച്ച് ഞെരിച്ചത്. അമ്മയെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് ശാന്തയ്ക്ക് പരിക്കുപറ്റാതെ രക്ഷിക്കാനാണ് സജിത്ത് ശ്രമിച്ചത്. രാമനാകട്ടെ, സംഭവസ്ഥലത്ത് അപ്പോള്‍ എത്തിയതേയുണ്ടായിരുന്നുള്ളൂ. ഇവരൊന്നും വണ്ടിതടഞ്ഞവരുടെ കൂട്ടത്തിലില്ലായിരുന്നു. ഞങ്ങളെ വലിച്ചിഴയ്ക്കുന്നത് കണ്ടപ്പോള്‍ അവര്‍ ഇടപെട്ടതാണ്. കണ്ടാലറിയാവുന്ന എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.കൃത്യനിര്‍വഹണം തടഞ്ഞു, തല്ലിയും കടിച്ചും പരിക്കേല്‍പ്പിച്ചു എന്നെല്ലാമാണ് കേസുകള്‍ എന്നാണറിവ്. ഞാനടക്കം സമരപ്പന്തലിലുള്ള സ്ത്രീകളെല്ലാം ഒന്നു രണ്ടും പ്രതികളാണ്. സമരം പൊളിക്കാനുള്ള പദ്ധതിയാണ്. അതിനാണ് ഓരോരുത്തരെയായി ഇപ്പോള്‍ അറസ്റ്റു ചെയ്യുന്നത്.’
അറസ്റ്റിലായ രണ്ടു പേരെയും ജാമ്യത്തിലിറക്കാനുള്ള നടപടികള്‍ മുന്നോട്ടു നീക്കുകയാണ് സമരക്കാര്‍. പൊലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ തേടാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശം പോലും മറികടന്ന് സമരപ്പന്തലിലിരിക്കുമ്പോഴാണ് അറസ്റ്റിന്റെ രൂപത്തില്‍ പൊലീസ് കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. ക്വാറിയുമായി ബന്ധപ്പെട്ട് വഴി അടയ്ക്കുന്നതു മുതല്‍ സമരനേതാക്കള്‍ക്ക് ക്വാറിയിലെ ജോലിക്കാരുടെ മര്‍ദ്ദനമേല്‍ക്കുന്നതുവരെയുള്ള പല പ്രതിസന്ധികളും ഇവിടത്തെ നാല്‍പ്പതോളം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്നെങ്കിലും അക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സമീപിച്ചപ്പോഴൊന്നും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഇവിടത്തുകാര്‍ ആരോപണമുന്നയിക്കുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലേക്കു വരെ കടന്നിരിക്കുന്ന സ്ഥിതിയ്ക്ക്, സമരം ഏതുവിധേനെയും അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നാണ് ഇവരുടെ വാദം.
മുണ്ടത്തടം ക്വാറി സമരം അഴിമുഖം പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: ക്വാറി മാഫിയ ഇടിച്ചു തകര്‍ക്കുന്ന മുണ്ടത്തടത്തെ ആദിവാസി ജീവിതം; കൂട്ടിന് പോലീസും
അതേസമയം, മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറി നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, നിയമത്തിന്റെ എല്ലാ പരിരക്ഷയുമുള്ള ക്വാറിയുടെ നടത്തിപ്പില്‍ ഇടപെടാനാകില്ലെന്നുമാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റിന്റെ പക്ഷം. സമരക്കാര്‍ പറയുന്നതു പോലെ ആറു വര്‍ഷമല്ല, മറിച്ച് പതിനഞ്ചു വര്‍ഷക്കാലം മുന്‍പേ ക്വാറി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നെന്നും, അന്നു മുതല്‍ ഇന്നുവരെ ഒരു പരാതി പോലും പ്രദേശവാസികള്‍ ക്വാറിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വിധുബാല പറയുന്നു. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്തിനാകില്ലെന്നാണ് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം. സമരം ഇത്രയധികം രൂക്ഷമായിട്ടും, ആദിവാസി കോളനികളില്‍ നിന്നുള്ളവരെ പൊലീസ് മര്‍ദ്ദിക്കുന്ന ഘട്ടമെത്തിയിട്ടും, പഞ്ചായത്തംഗങ്ങളോ പ്രസിഡന്റോ സമരപ്പന്തല്‍ സന്ദര്‍ശിച്ചില്ലെന്നും മുണ്ടത്തടത്തുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. നാളിതുവരെയായിട്ടും സമരക്കാര്‍ വിഷയം തനിക്കു മുന്നില്‍ പരാതിയായി അവതരിപ്പിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പറയുന്നു. ‘സമരപ്പന്തലിലേക്ക് ഞാന്‍ പോയിട്ടില്ല എന്നത് സത്യമാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ക്വാറിയാണത്. അമ്പത്തഞ്ചോളം ഏക്കര്‍ സ്ഥലത്ത് വര്‍ഷങ്ങളായി ക്വാറി പ്രവര്‍ത്തിക്കുന്നു. ലൈസന്‍സ് പുതുക്കിക്കൊടുക്കുന്ന സമയത്തുപോലും ക്വാറിയുമായി ബന്ധപ്പെട്ട് ഒരു പരാതിയും രേഖാമൂലം പഞ്ചായത്തില്‍ കിട്ടിയിട്ടില്ല. പെട്ടന്നുണ്ടായ സമരമാണിത്. നാട്ടില്‍ റോഡും പാലവും വരണമെങ്കില്‍ കല്ലും മറ്റും വേണമല്ലോ. ഇതൊക്കെ എവിടെനിന്നു കിട്ടും? ഇതേ ക്വാറിയുടമ തന്നെ പഞ്ചായത്തിന്റെ മറ്റൊരു ഭാഗമായ കൊളംകുളത്ത് ക്വാറി തുടങ്ങാന്‍ അപേക്ഷിച്ചിട്ടുണ്ട്. അതിനു ഞങ്ങള്‍ അനുമതി കൊടുത്തിട്ടില്ല. ജനവാസകേന്ദ്രമായതിനാലും കുടിവെള്ള പദ്ധതിയുള്ളതിനാലും ആളുകള്‍ക്ക് എതിര്‍പ്പുള്ളതിനാലും അവിടെ ക്വാറിയാരംഭിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമായി കാണിച്ചാണ് അനുമതി നിഷേധിച്ചത്. ക്വാറിയുടമ കേസിനു പോകുകയും പഞ്ചായത്ത് എതിര്‍ഭാഗത്ത് കക്ഷിചേര്‍ന്നിട്ടുമുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും മുണ്ടത്തടത്തെ ആളുകള്‍ ആദ്യ കാലത്ത് ഉയര്‍ത്തിയിരുന്നില്ല. പൊന്നും വില കൊടുത്താണ് സമരത്തിനിരിക്കുന്നവരുടെ സ്ഥലം ക്വാറിയുടമ വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിച്ചിരുന്നത്. ക്വാറിയ്‌ക്കെന്ന് അറിഞ്ഞുകൊണ്ട് തന്നെ സ്ഥലം വിറ്റവരാണ് ഇപ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത്. പൂര്‍ണമായും നിയമവിധേയമായാണ് ക്വാറി അവിടെ പ്രവര്‍ത്തിക്കുന്നത്. ഇനി അതല്ല, ആളുകള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എന്നെ അറിയിക്കണമല്ലോ. അതുണ്ടായിട്ടില്ല. പഞ്ചായത്തിനെ ആരും സമീപിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്് മെംബറും ക്വാറിയ്‌ക്കെതിരെയല്ല, വഴി തടസ്സം എന്ന കാര്യം മാത്രമാണ് ഇവിടെ ഉന്നയിച്ചിരുന്നത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ ജനങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കും. മുന്‍പും അങ്ങനെ നിന്നിട്ടുള്ളയാളാണ് ഞാന്‍.’
ക്വാറിയുടമയായ ചായ്യോത്ത് സി. നാരായണന്‍ സി.പി.എം പ്രവര്‍ത്തകനാണെന്നും, സി.പി.എം ഭരിക്കുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഉടമയെ സംരക്ഷിക്കുകയാണെന്നുമുള്ള പരാതി സമീപവാസികള്‍ക്കുണ്ട്. എന്നാല്‍, ഏറെക്കാലം മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കുകയും, പിന്നീട് പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിന്റെ പേരില്‍ പുറത്തു പോകുകയും ചെയ്ത നാരായണനെ സംരക്ഷിക്കേണ്ട കാര്യം പഞ്ചായത്തിനില്ലെന്നാണ് പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാട്. സി. നാരായണന്റെ ഉടമസ്ഥതയില്‍ത്തന്നെയുള്ള മറ്റൊരു ക്വാറി ലൈസന്‍സിനെതിരെ കോടതിയില്‍ പഞ്ചായത്തുമായി കേസു നിലനില്‍ക്കുന്ന വിഷയവും ഇക്കാര്യം സാധൂകരിക്കാനായി ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്വാറിയ്‌ക്കെന്ന് അറിഞ്ഞുകൊണ്ട് സ്ഥലം വില്‍ക്കുകയും, ആദ്യകാലത്ത് ക്വാറിയില്‍ ജോലിനോക്കുകയും ചെയ്തിരുന്നവര്‍ക്കു തന്നെ ഇപ്പോള്‍ ക്വാറിയ്‌ക്കെതിരായി സമരം ചെയ്യണമെന്ന് തോന്നിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പ്രസിഡന്റിന്റെ പക്ഷം. കോളനിയിലുള്ളവരും പ്രദേശവാസികളും മാത്രമല്ല, ചീമേനിയില്‍ നിന്നും പയ്യന്നൂരില്‍ നിന്നും ആളുകളെത്തിയാണ് സമരപ്പന്തലിലിരിക്കുന്നതെന്ന ആരോപണവും പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഊരുകൂട്ടത്തിന്റെ മൂപ്പന്‍ അടക്കമുള്ളവര്‍ സമരത്തിനു മുന്നിലില്ല എന്നതും, ക്വാറി കാരണം തങ്ങള്‍ക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല എന്ന് മൂപ്പന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നതുമാണ് സമരത്തിന്റെ ഉദ്ദേശലക്ഷ്യത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാനായി പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം സമരം ആദ്യമായി ആരംഭിച്ചപ്പോള്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്ന മൂപ്പന്‍ പിന്നീട് പിന്‍വാങ്ങിയത് ക്വാറിയുടമയുടെ സ്വാധീനത്തില്‍ അകപ്പെട്ടിട്ടാണെന്നും അതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും മുണ്ടക്കയം കോളനിയിലെ സാധാരണക്കാര്‍ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. സമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയും കൂടുതല്‍ ജനശ്രദ്ധ നേടുകയും ചെയ്യുമ്പോഴും, ക്വാറി നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത്. പൊലീസുകാര്‍ ആദിവാസികളെ തല്ലിച്ചതച്ചു എന്നു പറയുന്നതില്‍ കഴമ്പില്ലെന്നും പഞ്ചായത്ത് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മുണ്ടത്തടം കോളനിയോടും കാടിനോടും ചേര്‍ന്ന് മലയിടിച്ചുകൊണ്ടുള്ള ക്വാറിയുടെ പ്രവര്‍ത്തനമുണ്ടാക്കുന്ന പ്രതിസന്ധികള്‍ സഹിക്കവയ്യാതെയായപ്പോഴാണ് രണ്ട് ആദിവാസി കോളനികളിലായി താമസിക്കുന്ന നാല്‍പ്പതോളം കുടുംബങ്ങളും, കോളനിയ്ക്കു പുറത്തുള്ള അറുപതോളം മറ്റു കുടുംബങ്ങളും ചേര്‍ന്ന് രാപ്പകല്‍ സമരത്തിലേക്ക് കടക്കുന്നത്. കാതടപ്പിക്കുന്ന പാറപൊട്ടിക്കലുണ്ടാക്കുന്ന അസ്വസ്ഥതയും, വീട്ടിലേക്ക് പൊടി അടിച്ചു കയറിയുണ്ടാകുന്ന ശ്വാസസംബന്ധിയായ ബുദ്ധിമുട്ടുകളും കാരണം ഏറെക്കുറെ വാസയോഗ്യമല്ലാതായിരിക്കുകയാണ് മുണ്ടത്തടം കോളനി. കഴിഞ്ഞ വര്‍ഷം വരെ സുലഭമായി നീര്‍ച്ചാലുകളും ഉറവകളുമുണ്ടായിരുന്ന കോളനിയില്‍ ക്വാറിയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കാരണം നിലവില്‍ കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. കാടിനുള്ളിലെ നീരുറവകളെയും ക്വാറിയുടെ പ്രവര്‍ത്തനം പ്രതികൂലമായി ബാധിച്ചതായും കോളനിക്കാര്‍ പറയുന്നു. കോളനിയിലേക്കെത്താന്‍ ക്വാറിയുടെ കൈവശമുള്ള സ്ഥലം വഴിയുള്ള മണ്ണിട്ട റോഡു മാത്രമാണ് ഇപ്പോഴുള്ളത്. വണ്ടി വരാത്ത ആ റോഡിലൂടെ രോഗികളെയും മറ്റും പലപ്പോഴും താങ്ങിയെടുത്ത് താഴെയെത്തിക്കേണ്ടിവരാറുമുണ്ട്. വിദ്യാര്‍ത്ഥികള്‍ പോലും സ്‌കൂളിലെത്താന്‍ കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നു. ഇതിനു പുറമേയാണ് പാറപൊട്ടിക്കുന്ന ആഘാതത്തില്‍ വീടുകള്‍ക്കു വരുന്ന വിള്ളല്‍. വരാനിരിക്കുന്ന മഴക്കാലത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയുമായി ഏതു നിമിഷവും മണ്ണിടിച്ചില്‍ പ്രതീക്ഷിച്ചാണ് മുണ്ടത്തടത്തുകാര്‍ ക്വാറിയ്ക്കു മേലുള്ള മലയില്‍ ജീവിക്കുന്നത്. ഇക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴാണ്, ക്വാറിയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെന്നും, നിയമവിധേയമാണെന്നും കാണിച്ച് വിഷയത്തിലിടപെടാന്‍ പഞ്ചായത്ത് മടിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടാലുമില്ലെങ്കിലും, ക്വാറി അടച്ചു പൂട്ടുന്നതുവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് മുണ്ടത്തടം-മാലൂര്‍ക്കയം കോളനിക്കാരുടേത്.