മണ്ണും ക്വാറി വേസ്റ്റും കടത്തരുത് എന്ന് കലക്ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും, നൂറ്റിയമ്പതോളം ലോഡ് ഇതിനോടകം ഇവിടെ നിന്നും കൊണ്ടുപോയതായും കോളനിക്കാര്‍
‘കഴിഞ്ഞ തവണ ഒരു ചെറിയ മഴയ്ക്കു തന്നെ കല്ലൊക്കെ മുകളില്‍ നിന്നും ഇടിഞ്ഞു വീണു. മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടേയില്ല. ഈ കുന്നിന്റെ അവസ്ഥ കാണുമ്പോള്‍ അടുത്ത മഴയ്ക്ക് ഇതു മുഴുവന്‍ ഇടിഞ്ഞു വീഴുമോ എന്ന പേടി തോന്നുന്നുണ്ട്. ഒറ്റ വീടും ബാക്കിയുണ്ടാകില്ല. മഴക്കാലത്ത് എങ്ങനെ പേടിക്കാതെ ഇവിടെ ജീവിക്കുമെന്നറിയില്ല’ പരപ്പയിലെ മുണ്ടത്തടം ക്വാറി സമരം ആരംഭിച്ച ദിവസങ്ങളില്‍ കോളനിയിലെ പത്തു വീടുകളിലൊന്നില്‍ താമസിക്കുന്ന ഷീജ പറഞ്ഞതാണിത്. മുണ്ടത്തടം-മാലൂര്‍ക്കയം കോളനിവാസികളുടെ ഭീതി അസ്ഥാനത്തല്ല എന്നുറപ്പിച്ചുകൊണ്ട്, ക്വാറിയോടു ചേര്‍ന്നുള്ള കരിങ്കല്‍ക്കെട്ട് ഇന്നലെ ഭാഗികമായി തകര്‍ന്നുവീണു. ക്വാറി നില്‍ക്കുന്നയിടത്ത് ഒഴുകിയിരുന്ന നീര്‍ച്ചാലിന്റെ വശത്തായി കെട്ടിയുയര്‍ത്തിയിരുന്ന കരിങ്കല്‍ക്കെട്ടാണ് ഇന്നലെ രാത്രിയോടു കൂടി തകര്‍ന്നു വീണത്. മഴ പെയതതോടെ ക്വാറിയുടെ താഴെയായുള്ള വീടുകളുടെ മുന്നിലേക്ക് കരിങ്കല്‍ക്കെട്ടിലെ കല്ലും മണ്ണുമെല്ലാം ഇടിഞ്ഞുവീഴുകയായിരുന്നു. ആര്‍ക്കും പരിക്കോ നഷ്ടമോ ഉണ്ടായിട്ടില്ലെങ്കിലും, ക്വാറിയുമായ ബന്ധപ്പെട്ട് തങ്ങള്‍ക്കുണ്ടായിരുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്ന് സത്യമാകുമോ എന്ന ഭീതിയിലാണ് ഇപ്പോല്‍ മുണ്ടത്തടം കോളനിക്കാര്‍.
‘വീടുകളുടെ മുന്നിലേക്കാണ് കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത്. ആളപകടവും പരിക്കുമൊന്നുമില്ല, പക്ഷേ, ഒരു വലിയ കരിങ്കല്‍ക്കെട്ടാണിത്. ഇതു മുഴുവനായും ഇടിഞ്ഞുവീണു കഴിഞ്ഞാല്‍ താഴെയുള്ള വീടുകള്‍ മുഴുവനായും നശിക്കും.’ മുണ്ടത്തടം ക്വാറിയ്‌ക്കെതിരായ സമരമുഖത്തുള്ള സാധുജന പരിഷത്ത് പ്രവര്‍ത്തകനായ അനീഷ് പയ്യന്നൂര്‍ പറയുന്നു. ക്വാറിയുടെ പ്രവര്‍ത്തനവും ആദിവാസി സ്ത്രീകളുടെ രാപ്പകല്‍ സമരവും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കാതെ അതിരാവിലെ തന്നെ കല്ലും മണ്ണും മാറ്റുന്ന ജോലി ക്വാറിയുടെ മേല്‍നോട്ടക്കാര്‍ തന്നെ തുടങ്ങിയിട്ടുണ്ടെന്ന് മാലൂര്‍ക്കയം കോളനിയില്‍ താമസിക്കുന്ന ബിനുവും പറയുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഇടിച്ചില്‍ തീരെ ചെറുതാണെങ്കിലും, ക്വാറി തങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കും എന്ന ഭീതിയില്‍ കഴിയുന്ന കോളനിക്കാര്‍ക്ക് ഇതിനെ നിസ്സാരവല്‍ക്കരിക്കാനാകുന്നില്ലെന്നും ബിനു പറയുന്നു.
രണ്ട് ആദിവാസി കോളനികളിലും സമീപപ്രദേശങ്ങളിലുമായി നൂറോളം കുടുംബങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കരിങ്കല്‍ ക്വാറി അടച്ചു പൂട്ടണം എന്ന ആവശ്യവുമായി കോളനിക്കാര്‍ ആരംഭിച്ച രാപ്പകല്‍ സമരം ഇന്ന് ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. കുടിവെള്ളം വറ്റിച്ചും, മണ്ണിടിച്ചിലിന്റെ ഭീതി സൃഷ്ടിച്ചും, വഴി മുടക്കിയും, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള വാഹനം പോലും തടഞ്ഞും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറിക്കെതിരായി ബ്ലോക്ക് പഞ്ചായത്തംഗം രാധ വിജയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത് മേയ് 29നായിരുന്നു. എല്ലാ ഒത്തു തീര്‍പ്പു ചര്‍ച്ചകളും പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. സമരത്തിനിടെ ക്വാറിയിലേക്ക് ക്രഷര്‍ നിര്‍മാണ സാമഗ്രികളുമായെത്തിയ വാഹനം തടഞ്ഞതിന്റെ പേരില്‍, ആദിവാസി സ്ത്രീകളെയടക്കം പൊലീസ് മര്‍ദ്ദിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ക്വാറി സമരത്തിന് രാഷ്ട്രീയപ്പാര്‍ട്ടികളടക്കം പിന്തുണ പ്രഖ്യാപിച്ചതോടെ, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി സമ്മേളനവും വിളിച്ചു ചേര്‍ത്തിരുന്നു. ക്വാറിയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെന്നും, തടയാനാകില്ലെന്നുമായിരുന്നു പഞ്ചായത്തിന്റെയും അധികൃതരുടെയും നിലപാട്. എന്നാല്‍, സമരക്കാരുടെ ആവശ്യം പരിഗണിച്ച് ക്വാറിയുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്ന് യോഗത്തില്‍ തീരുമാനമായിരുന്നു. മഴക്കാലത്ത് ക്വാറി പ്രവര്‍ത്തിപ്പിക്കില്ലെന്നതടക്കമുള്ള ഈ തീരുമാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സമരക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്ന് കോളനിക്കാര്‍ അന്നു തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ക്വാറി മഴക്കാലത്ത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണയായെങ്കിലും സമരം അവസാനിപ്പിച്ചിരുന്നില്ല.
പ്രതീക്ഷിച്ചതു പോലെത്തന്നെ, സര്‍വകക്ഷിയോഗത്തിലെടുത്ത തീരുമാനങ്ങളെ അട്ടിമറിയ്ക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ ക്വാറിയുടമയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് സമരക്കാര്‍ പറയുന്നുണ്ട്. ‘മൈനിംഗ് നടത്തരുത്, പൊളിച്ചിട്ട കല്ല് ഇനിയും നീക്കാന്‍ പാടില്ല എന്നെല്ലാമാണ് സര്‍വകക്ഷിയോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശം കൊടുത്തിരുന്നത്. പക്ഷേ, ഇന്നലെയും ക്വാറിയില്‍ ഹിറ്റാച്ചി വച്ച് കല്ലു പൊട്ടിക്കുന്നുണ്ട്. കലക്ടറെ വിളിച്ച് പറഞ്ഞിട്ടും വലിയ താല്‍പര്യം കാണിക്കുന്നില്ല. എല്ലാവരും ചേര്‍ന്നുള്ള ഒത്തുകളിയാണോ എന്നും സംശയമുണ്ട്. സമരം ഒതുക്കാനുള്ള പ്രഹസനം മാത്രമായിരുന്നു അന്നത്തെ ഉത്തരവ്. ഇങ്ങിനെയൊരു നീക്കം നടത്തിയാല്‍ ഞങ്ങള്‍ സമരം ഒഴിവാക്കി പോകും എന്ന് അവര്‍ കരുതിക്കാണണം. അന്ന് ഇവരെ വിശ്വസിച്ച് സമരം നിര്‍ത്തിയിരുന്നെങ്കില്‍ മൈനിംഗ് തന്നെ ഇപ്പോള്‍ തുടര്‍ന്നേനെ. പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥര്‍ പോലും ക്വാറിക്കാരുടെ വണ്ടിയിലാണ് പോകുന്നത്. മൈനിംഗ് ഒഴികെ ബാക്കിയെല്ലാം അവിടെ നടക്കുന്നുണ്ട്. ക്രഷറിന്റെ പണി നടക്കുന്നു, കല്ലും സാധനങ്ങളും കടത്തുന്നു. ക്വാറിയുടെ പരിസരവും പാരിസ്ഥിതിക ആഘാതവും പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കും എന്നു പറഞ്ഞിരുന്നല്ലോ. പക്ഷേ, അങ്ങനെ ആരെങ്കിലും വന്നാല്‍ ഞങ്ങള്‍ അറിയാതെ പോകുമോ എന്നാണ് ഇപ്പോഴത്തെ പേടി. ഇവിടേക്ക് എല്ലാ ഉദ്യോഗസ്ഥരും വരുന്നത് ക്വാറിയുടമയുടെ വണ്ടിയിലാണ്. വനം വകുപ്പുകാരൊക്കെ അങ്ങിനെയാണ് വന്നത്. ഇനി ഈ പഠനസമിതിക്കാരും അവരുടെ വണ്ടിയില്‍ വന്ന് ഞങ്ങളറിയാതെ ക്വാറി കണ്ട് പോയാലോ? ഇവരുടെ വണ്ടിയിലാണെങ്കില്‍, ആരൊക്കെ എപ്പോഴൊക്കെ പോകുന്നു എന്നു നമ്മളറിയില്ലല്ലോ. നമ്മളോട് സംസാരിക്കാതെ പോയി അനുകൂലമായി റിപ്പോര്‍ട്ട് കൊടുത്താലോ?’
മണ്ണും ക്വാറി വേസ്റ്റും കടത്തരുത് എന്ന് കലക്ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും, നൂറ്റിയമ്പതോളം ലോഡ് ഇതിനോടകം ഇവിടെ നിന്നും കൊണ്ടുപോയതായും കോളനിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അധികാരികളും ക്വാറിയുടമയും ചേര്‍ന്ന് തങ്ങളെ കബളിപ്പിച്ച് സമരം ഒതുക്കിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നും, എന്തു വിലകൊടുത്തും ക്വാറി പൂട്ടിക്കുമെന്നും ആവര്‍ത്തിക്കുകയാണിവര്‍. നേരത്തേ, പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പ്രതിചേര്‍ത്ത് സമരക്കാരില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. തങ്ങളെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ തങ്ങളെത്തന്നെ പ്രതിചേര്‍ക്കുന്നതിലെ അസ്വാഭാവികതയും ഇവര്‍ വിശദീകരിച്ചിരുന്നു. അമ്മയെ പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സജിത്തിനെയും, സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന രാമനേയും പൊലീസ് അറസ്റ്റു ചെയ്തതിലെ പ്രതിഷേധവും സമരക്കാര്‍ അറിയിച്ചിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇരുവരും ഇന്നലെയാണ് ജാമ്യത്തിലിറങ്ങിയത്. സമരത്തിന്റെ മുന്‍പന്തിയിലുള്ള സ്ത്രീകളടക്കം മിക്കപേരും പല കേസുകളിലായി പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നും ജാമ്യത്തിനു ശ്രമിക്കാന്‍ ഇനി പത്തു ദിവസം കൂടിയാണ് ഇവര്‍ക്കു മുന്‍പിലുള്ളത്. കേസുകളില്‍ പ്രതിയാക്കി അറസ്റ്റു ചെയ്താലും, സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ പക്ഷം. എതിര്‍ക്കുന്നവരെ കേസില്‍ക്കുടുക്കി ഭയപ്പെടുത്തുന്ന ക്വാറിയുടമയുടെ തന്ത്രം ഇനി വിലപ്പോകില്ലെന്നും കോളനിക്കാര്‍ പറയുന്നു.
നേരത്തേ, കോളനികളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍പ്പോകാതെ സമരപ്പന്തലില്‍ത്തന്നെയുണ്ടായിരുന്നു. ശിശുക്ഷേമ സമിതിയടക്കം ഇടപെട്ട് നിര്‍ദ്ദേശം കൊടുത്തതിനെത്തുടര്‍ന്ന് ഇവര്‍ സ്‌കൂളില്‍ പോകാനാരംഭിച്ചിട്ടുണ്ട്. ഭയപ്പെട്ടിരുന്നതു പോലെ, ക്വാറിയോടു ചേര്‍ന്ന് ചെറിയ മണ്ണിടിച്ചിലുകള്‍ കണ്ടു തുടങ്ങിയതോടെ, വീണ്ടും ക്വാറിയിലേക്കുള്ള വാഹനങ്ങള്‍ തടയാന്‍ വരെ തങ്ങള്‍ മുതിര്‍ന്നേക്കും എന്ന മുന്നറിയിപ്പു നല്‍കുകയാണ് മുണ്ടത്തടം ക്വാറി സമരക്കാര്‍.