UPDATES

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

മൂന്നാറിലെ ജെല്ലിക്കെട്ട്; ചില ‘സ്വത്ത്’ ചിന്തകള്‍

മൂന്നാർ മേഖലയിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന് തടയിടുക എന്നത് തന്നെ ലക്‌ഷ്യം

കെ എ ആന്റണി

കെ എ ആന്റണി

ഒടുവിൽ മൂന്നാറുകാരും ഒരു ജെല്ലിക്കെട്ട് മോഡൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുന്നു. തമിഴന്റേത് സ്വത്വ ബോധത്തിൽ അധിഷ്ഠിതമായ ഒരു പ്രക്ഷോഭമായിരുന്നെങ്കിൽ ‘സ്വത്ത്’ ബോധത്തിൽ അധിഷ്ഠിതമായ ഒന്നാണെന്ന വ്യത്യാസമേയുള്ളു. അതായത് മൂന്നാർ മേഖലയിലെ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിന് തടയിടുക എന്നത് തന്നെ ലക്‌ഷ്യം. അതിനിപ്പോൾ തമിഴന്റെ ജെല്ലിക്കെട്ട് മോഡൽ പ്രക്ഷോഭം തന്നെ വേണമെന്ന ശാഠ്യം എന്തിനാണെന്നൊന്നും ചോദിക്കരുത്. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്ന് കരുതിയാൽ മതി.

ലക്‌ഷ്യം കയ്യേറ്റം ഒഴിപ്പിക്കൽ തടയലാണെങ്കിലും പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന ജനകീയ സമിതി നൽകുന്ന വിശദീകരണം മറ്റൊന്നാണ്. മൂന്നാർ ടൗണിൽ വര്‍ഷങ്ങളായി കച്ചവടം ചെയ്ത് അഷ്ടിക്ക് വക കണ്ടെത്തുന്ന തങ്ങളെ പത്ര -ദൃശ്യ മാധ്യമങ്ങൾ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് തേജോവധം ചെയുന്നു. ദേവികുളത്തും ചിന്നക്കനാലിലും പള്ളിവാസലിലും കാന്തല്ലൂരിലുമൊക്കെ നടക്കുന്ന കയ്യേറ്റങ്ങള്‍ ഇട്ടാവട്ടത്തിൽ കിടക്കുന്ന മൂന്നാർ എന്ന ഒരു കൊച്ചു ടൗണിൽ കച്ചവടം ചെയ്തു ജീവിച്ചക്കുന്ന തങ്ങളുടെ മേൽ കെട്ടിവെക്കുന്നു. ജനകീയ സമിതിക്ക് ജനാധിപത്യത്തിന്റെ നാലാം തൂണുകാരോട് തീർത്താൽ തീരാത്ത കലിപ്പുണ്ട്. അതിനവരെ കുറ്റം പറയാൻ പറ്റില്ലല്ലോ. വെറുമൊരു മോഷ്ടാവായ ഒരാളെ പെരുംകള്ളനാക്കി ചിത്രീകരിക്കുന്നത് മഹാകഷ്ടമല്ലേ. സത്യത്തിൽ ഇതിനുമാത്രം മൂന്നാർ ടൗണിൽ ഞെങ്ങി ഞെരുങ്ങി  ജീവിച്ചു പോരുന്ന ഈ സാധു കച്ചവടക്കാർ എന്ത് ചെയ്തു?

ഒരു തോടിനും മറ്റൊരു പുഴയ്ക്കും മുകളിൽ ഇമ്മിണി ചെറിയ ഒരു കയ്യേറ്റം. കടകള്‍ക്ക് വികാസം പോരാതെ വന്നപ്പോൾ ദേശീയ പാതയിലേക്കും ചെറിയ തോതിൽ ഒരു കടന്നു കയറ്റം. ഇതിനെയൊക്കെ കയ്യേറ്റം എന്നു വിളിക്കുന്നവർ ടാറ്റായുടെ കൈയ്യേറ്റം എന്തുകൊണ്ട് കാണുന്നില്ല എന്നതാണ് ജനകീയ സമിതിക്കാരുടെ ചോദ്യം. വൻ സ്രാവുകളെ വിട്ടു ചെറിയ പരൽ മീനുകളെ പിടിക്കുന്ന ഈ ഏർപ്പാട് ഒട്ടും ശരിയല്ലെന്ന വാദമാണ് സമിതി ഉയർത്തുന്നത്.

എന്നാൽ ഇവരുടെ ഈ മുടന്തൻ ന്യായവാദങ്ങൾ കേൾക്കുമ്പോൾ എന്റെ നാട്ടുകാരായ പാവം കണ്ണൂർക്കാരെ കുറിച്ചോർത്തു സഹതാപം തോന്നുന്നു. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പഴി കലാപ ബാധിത പ്രദേശമായ കണ്ണൂർ നഗരത്തിൽ വസിക്കുന്നവർ കൂടിയല്ലേ പേറുന്നത് എന്നോർത്ത്. കണ്ണൂർ നഗരവാസികൾ മാത്രമല്ല കണ്ണൂരിന്റെ മലയോരങ്ങളിൽ വസിക്കുന്നവരും ഈ പഴി പേറുന്നുണ്ട്. ജില്ലയിൽ എവിടെ കൊലപാതകം നടന്നാലും കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകം എന്നല്ലേ ചാനലുകളിൽ ഫ്ലാഷ് ന്യൂസ് വരുന്നത്. ഇതിന്റെ പേരിൽ ഒരു കണ്ണൂർകാരനും ഇതേവരെ ചാനലുകൾക്കെതിരെ പ്രതിഷേധിച്ചു പ്രക്ഷോഭത്തിന്‌ ഇറങ്ങിയിട്ടില്ലെന്നു മൂന്നാറിലെ പാവം കച്ചവടക്കാർ ഓർക്കുന്നത് നന്ന്.

കൂട്ടത്തിൽ മറ്റൊരു പരാതി കൂടിയുണ്ട് സമിതിക്കാർക്ക്. അതാവട്ടെ മൂന്നാറിലെ ടൂറിസം തകർക്കാനാണ് നാലാം തൂണുകാർ ശ്രമിക്കുന്നതെന്നാണ്.  റിസോർട്ടുകൾ ഇല്ലെങ്കിൽ പിന്നെന്തു ടൂറിസം എന്നവർ തെളിച്ചു ചോദിക്കുന്നില്ലെങ്കിലും മനസ്സിലിരുപ്പ് വ്യക്തമാണ്. പ്രക്ഷോഭത്തിന്‌ പിന്നിൽ ആരൊക്കെയെന്ന് ഇനി കൂടുതൽ പരത്തി പറയേണ്ടതില്ലല്ലോ.

ഇത് ആദ്യമായല്ല ജനകീയ സമിതിക്കാർ മൂന്നാറിൽ പ്രക്ഷോഭത്തിന്‌ ഇറങ്ങുന്നത്. 2007 – ലും ഇവർ രംഗത്ത് വന്നിരുന്നു. അന്നും പ്രക്ഷോഭത്തിന്‌ പിന്നിൽ സകലമാന രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. തങ്ങൾ അന്നും ഇന്നും കയ്യേറ്റത്തിന് എതിരായിരുന്നു എന്ന് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നുണ്ട്. എന്നാൽ ബിജെപിയുടെ പ്രാദേശിക നേതൃത്വം മൂന്നാറിലെ കൈയ്യേറ്റത്തിന് നേരെ ഇത്രകാലവും എന്തുകൊണ്ട് കണ്ണടച്ചിരുന്നു എന്ന ചോദ്യത്തിന് അവർക്കു മറുപടിയില്ല.

ജെല്ലിക്കെട്ട് പ്രക്ഷോഭം ക്ലച്ച് പിടിക്കില്ലെന്ന് ഇന്നലെ ഒരു ചാനൽ ചർച്ചയിൽ  മൂന്നാറിലെ പൊതു പ്രവർത്തകനായ ബാബുലാൽ പറയുന്നത് കേട്ടു. മൂന്നാറിലെ കുടിയേറ്റത്തിന്റെ പേര് പറഞ്ഞു കഴിഞ്ഞ തവണ സഭ നേതൃത്വം രംഗത്ത് വന്നത് മറക്കാറായിട്ടില്ല. കുടിയേറ്റത്തിന്റെ മറവിൽ അന്ന് രക്ഷപ്പെട്ടത് കയ്യേറ്റക്കാർ ആയിരുന്നു എന്ന കാര്യവും മറന്നുപോയോ? വ്യവസ്ഥാപിത ട്രേഡ് യൂണിയനിയനുകളുടെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു രൂപീകരിക്കപ്പെട്ട പെമ്പിളെ ഒരുമയെ രാഷ്ട്രീയ നേതൃത്വങ്ങൾ എങ്ങിനെ തകർത്തു കളഞ്ഞുവെന്നതും മറന്നു പോയോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍