‘എം.എല്‍.എയായി തുടരുക എന്നതിനേക്കാള്‍ എന്റെ വിഷയം ഇത്ര വൃത്തികെട്ടൊരു നോട്ടീസ് അടിക്കാന്‍ മാത്രം മോശക്കാരനല്ല ഞാന്‍ എന്നു തെളിയിക്കലായിരുന്നു’
തന്നെ അയോഗ്യനാക്കിയ കോടതിയുത്തരവിനു കാരണമായ വര്‍ഗ്ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടമന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി കെ.എം ഷാജി. കേസില്‍ ഹൈക്കോടതിയെ കബളിപ്പിക്കാന്‍ വ്യാജമൊഴി നല്‍കിയെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെതിരെ കഴിഞ്ഞ ദിവസം ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനൊപ്പം, നോട്ടീസ് പൊലീസിന് എത്തിച്ചു നല്‍കിയെന്നു മൊഴി കൊടുത്ത സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുല്‍ നാസറിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പുതിയ നീക്കം.
ഇതര മതത്തില്‍പ്പെട്ടവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് മുസ്ലിം മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്ന കെ.എം. ഷാജിയുടെ പേരിലുള്ള നോട്ടീസ് യു.ഡി.എഫ്. നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു എന്നതായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച ഹര്‍ജി പരിഗണിച്ചാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാല്‍, നോട്ടീസുകള്‍ നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയായിരുന്നില്ല, മറിച്ച് സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുള്‍ നാസര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു എന്നു വെളിപ്പെടുത്തുന്ന മഹസര്‍ പുറത്തു വന്നതോടെയാണ് ഷാജിയുടെ വാദം ബലപ്പെട്ടത്. നോട്ടീസ് കണ്ടു എന്നു മൊഴികൊടുത്തവരെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്നും ആരോപണമുണ്ട്.
കെ.എം. ഷാജി പറയുന്നതിങ്ങനെ:
‘ഞാന്‍ തുടക്കം മുതല്‍ക്കേ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്. അങ്ങിനെയൊരു നോട്ടീസ് ഞാനോ എന്റെ ക്യാംപില്‍ നിന്ന് മറ്റാരെങ്കിലുമോ അടിച്ചിറക്കിയിട്ടില്ല. എനിക്ക് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണത്. വിഷയം കോടതിയില്‍ കേസായപ്പോഴും പ്രധാന പ്രശ്‌നമായിരുന്നത് നോട്ടീസ് എന്ന തെളിവിലുമുപരി, അതിനൊരു സാക്ഷിയുണ്ടായിരുന്നു എന്നുള്ളതാണ്. ഒരു ഒഫീഷ്യല്‍ വിറ്റ്‌നസ് ഇക്കാര്യം പറഞ്ഞു എന്നുള്ളത് വലിയൊരു പ്രശ്‌നമല്ലേ. അതോടെ സത്യം തെളിയിക്കുക എന്നത് വലിയൊരു ബാധ്യതയായി മാറി. അതോടെ ഇതിന്റെ പിറകില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
അങ്ങിനെയാണ് ഇപ്പറഞ്ഞ ഒഫീഷ്യല്‍ വിറ്റ്‌നെസ്സ് തന്നെ അതില്ല എന്നു സമ്മതിച്ച ഒരു മൊഴി ഞങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അയാള്‍ പറഞ്ഞത് വളപട്ടണം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് മനോരമയുടെ വീട്ടില്‍ നിന്നും അങ്ങിനെയൊരു നോട്ടീസ് പിടിച്ചെടുത്തിട്ടില്ലെന്നാണ്. ആ മൊഴിയാണ് ഇന്നലെ ഞങ്ങള്‍ കോടതിയില്‍ കൊടുത്തത്. കേസിലെ ഏറ്റവും വലിയ തെളിവ് യഥാര്‍ത്ഥത്തില്‍ വീട്ടില്‍ നിന്നും എന്തെല്ലാം പിടിച്ചെടുത്തു എന്നു രേഖപ്പെടുത്തുന്ന സീഷര്‍ മഹസര്‍ ആണ്. വീടിന്റെ ഉടമയെ കാണിച്ച് ഒപ്പിടീക്കുന്ന രേഖയാണത്. അതിലൊരിടത്തും ഈ പറയുന്ന നോട്ടീസിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. പിന്നെ ഈ നോട്ടീസുകള്‍ എവിടെനിന്നും വന്നു എന്നാണ് അറിയേണ്ടത്.’
വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നോട്ടീസ് ഏല്‍പ്പിച്ചിരിക്കുന്നത് അബ്ദുല്‍ നാസറാണെന്നും ഇയാള്‍ സി.പി.എം പ്രവര്‍ത്തകനും നികേഷിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണെന്നും ഇയാള്‍ നല്‍കിയ മൊഴിയില്‍ തന്നെ വ്യക്തമാണെന്നും ഷാജിയുടെ ഹര്‍ജിയില്‍ പറയുന്നു. യു.ഡി.എഫ് നേതാവിന്റെ വീട്ടില്‍ നിന്നുമാണ് അബ്ദുല്‍ നാസറിന് നോട്ടീസുകള്‍ ലഭിച്ചതെങ്കില്‍, പൊലീസ് പരിശോധനയില്‍ കണ്ടെത്താത്ത തെളിവുകള്‍ എങ്ങനെ ഇയാള്‍ക്കു കിട്ടി എന്നാണ് ഷാജിയുടെ ചോദ്യം.
‘പൊലീസ് റെയ്ഡ് നടത്തിയിട്ടു കിട്ടാത്ത നോട്ടീസാണ് അയാള്‍ തനിക്കു കിട്ടി എന്നു പറഞ്ഞുകൊണ്ട് സ്റ്റേഷനില്‍ കൊടുക്കുന്നത്. ഈ നോട്ടീസാണ് എന്നിലേക്ക് കണക്ട് ചെയ്യുന്നു എന്നു പറയുന്ന ഏക തെളിവ്.’
‘എം.എല്‍.എയായി തുടരുക എന്നതിനേക്കാള്‍ എന്റെ വിഷയം ഇത്ര വൃത്തികെട്ടൊരു നോട്ടീസ് അടിക്കാന്‍ മാത്രം മോശക്കാരനല്ല ഞാന്‍ എന്നു തെളിയിക്കലായിരുന്നു. അതിന്റെ ഒന്നാം റൗണ്ട് ഞാന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഭരണഘടനാപരമായി നമ്മുടെ മതേതരത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മതചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പു വേദികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ശക്തമായ നിയമമുള്ളത്. ആ ഭേദഗതി രാജ്യ താല്‍പര്യമാണ്. അത്തരമൊരു താല്‍പര്യത്തെ അട്ടിമറിച്ചുകൊണ്ട് ഇങ്ങനൊരു വൃത്തികേട് നടത്തിയിരിക്കുന്നതാരായാലും, അവരെ പുറത്തുകൊണ്ടുവരാനുള്ള നിയമനടപടിയാണ് ഇനി വേണ്ടത്. അതിനുള്ള പരിശ്രമത്തിലാണ് ഞാന്‍.’
‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍
നാസറാണ് പൊലീസ് സ്റ്റേഷനില്‍ നോട്ടീസ് എത്തിച്ചതെന്ന വസ്തുത മറച്ചു വെച്ചു കൊണ്ട്, താന്‍ മനോരമയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതാണിതെന്ന് തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍ ശ്രീജിത്ത് കൊടേരി കോടതിയില്‍ പറഞ്ഞിരുന്നുവെന്നും, അതേ ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ മൊഴി മാറ്റിക്കൊടുത്തതായും കെ.എം ഷാജി പറയുന്നു. കേസില്‍ ശ്രീജിത്ത് കാണിച്ചിട്ടുള്ള കൃത്രിമത്വത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ചൊവ്വാഴ്ച ഫയലില്‍ സ്വീകരിക്കും. ശ്രീജിത്ത് കള്ളസാക്ഷി പറഞ്ഞുവെന്നാണ് കെ.എം ഷാജി കോടതിയിലുയര്‍ത്തുന്ന വാദം. അബ്ദുള്‍ നാസറിനെ വിചാരണ ചെയ്ത് നോട്ടീസിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഷാജി.
നോട്ടീസിനു പുറകില്‍ സി.പി.എം പ്രവര്‍ത്തിച്ചിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്നും കെ.എം. ഷാജി ആവര്‍ത്തിക്കുന്നുണ്ട്. ‘നികേഷും പൊലീസുദ്യോഗസ്ഥന്മാരുമാണ് നോട്ടീസിനു പിന്നിലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. സി.പി.എം എന്ന പാര്‍ട്ടി ഔദ്യോഗികമായി അതില്‍ പങ്കാളിയാണെന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തിലു മുഴുവന്‍ തെരഞ്ഞെടുപ്പു നടക്കാറുണ്ട്. പക്ഷേ, ഇങ്ങനെയൊരു വൃത്തികേട് സി.പി.എം മറ്റു സ്ഥലങ്ങളില്‍ ചെയ്തതായി എനിക്ക് അനുഭവമില്ല. നികേഷ് കുമാര്‍ ഒരു തട്ടിപ്പു വിദഗ്ധനാണെന്ന് സുപ്രീം കോടതിയില്‍ അഫിഡവിറ്റ് കൊടുത്തത് സര്‍ക്കാര്‍ തന്നെയാണ്. അങ്ങിനെയൊരു വ്യക്തി തന്നെയാണ് ഇതുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചത് എന്നെനിക്കുറപ്പാണ്.’
‘തെരഞ്ഞെടുപ്പ് ജയിക്കില്ലെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് മാത്രമുണ്ടാക്കിയ കേസാണിത്. ഇനി കേസില്‍ തോറ്റാല്‍പോലും എനിക്ക് സങ്കടമില്ല. നോട്ടീസിനു പിറകിലെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കു മുന്‍പില്‍ കൊണ്ടു വരാന്‍ കഴിഞ്ഞുവെന്നതും, ഞാനല്ല നോട്ടീസടിച്ചതെന്ന് തെളിയിക്കാന്‍ സാധിച്ചുവെന്നതും വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ്. ‘
അബ്ദുല്‍ നാസറടക്കം നോട്ടീസ് കണ്ടെന്നു പറയുന്ന എല്ലാ സി.പി.ഐ.എം. പ്രവര്‍ത്തകരെയും ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജിപിയെയും ഷാജി നേരിട്ടു കാണും.
കെഎം ഷാജിയുടെ അയോഗ്യത; ചിരിച്ചത് നികേഷ് മാത്രമല്ല, കണ്ണൂര്‍ ലീഗ് കൂടിയാണ്