വിഷ ചികിത്സാ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികളില്‍ ഭൂരിപക്ഷവും എം.വി. രാഘവന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്
എം.വി. രാഘവന്‍ സ്ഥാപിച്ച പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ തലപ്പത്തേക്ക് മകന്‍ എം.വി നികേഷ് കുമാര്‍ എത്തുന്നു. ഭരണസമിതിയുടെ പ്രസിഡന്റായി കഴിഞ്ഞ ദിവസമാണ് നികേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന നികേഷ് പ്രസിഡന്റു സ്ഥാനത്തേക്ക് എത്തുന്നതോടെ, വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കുടുംബവഴക്കിനും പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കും പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണെന്നാണ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സിഎംപി പ്രവര്‍ത്തകരുടേയും പക്ഷം. സിഎംപിയിലെ അരവിന്ദാക്ഷന്‍ പക്ഷം സിപിഎമ്മില്‍ ലയിക്കാനുള്ള തീരുമാനമെടുത്തിരുന്നു.
എം.വി രാഘവന്‍ കെട്ടിപ്പടുത്ത വിഷ ചികിത്സാ സൊസൈറ്റിയും അതിനോടനുബന്ധിച്ച സ്ഥാപനങ്ങളും കൈയടക്കിവയ്ക്കാനും കുടുംബവാഴ്ച കൊണ്ടുവരാനുമുള്ള വര്‍ഷങ്ങള്‍ നീണ്ട നീക്കത്തിന്റെ ഭാഗമാണ് നികേഷിന്റെ കടന്നുവരവ് എന്നാണ് സൊസൈറ്റിയോടടുത്ത വൃത്തങ്ങളില്‍ ഉയരുന്ന പ്രധാന ആരോപണം. സൊസൈറ്റിക്കു കീഴിലുള്ള സ്ഥാപനങ്ങളെ തങ്ങള്‍ക്കു കീഴിലെത്തിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും ഈ നീക്കത്തിനു പിറകിലുള്ളതായാണ് സിഎംപിയിലെ സി.പി ജോണ്‍ വിഭാഗത്തിന്റെയും പക്ഷം. കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എം.വി രാഘവന്‍ വിഭാവനം ചെയ്തതാണ് പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രം. പറശ്ശിനിക്കടവിലെ സ്‌നേക്ക് പാര്‍ക്ക്, ആയുര്‍വേദ കോളേജായി മാറിയ ഉമ്മര്‍കോയ ആശുപത്രി, കണ്ണൂരിലെ എ.കെ.ജി ആശുപത്രി എന്നിവയും ഈ സ്ഥാപനങ്ങള്‍ക്കൊപ്പം സ്ഥാപിക്കപ്പെട്ടതു തന്നെ. എം.വി രാഘവനും സംഘവും സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷവും ഈ സ്ഥാപനങ്ങളുടെ നേതൃത്വം അവരുടെ പക്കല്‍ തന്നെ തുടരുകയായിരുന്നു.
വിഷ ചികിത്സാ സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികളില്‍ ഭൂരിപക്ഷവും എം.വി. രാഘവന്റെ കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. ഇതു ചൂണ്ടിക്കാണിച്ചാണ് കുടുംബവാഴ്ചാ ആരോപണം സി.പി ജോണ്‍ വിഭാഗം ഉയര്‍ത്തുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് നികേഷിന്റെ പ്രസിഡന്റ് സ്ഥാനത്തെ വിശേഷിപ്പിക്കാനാകുക എന്ന് ഈ പക്ഷത്തെ പ്രമുഖ നേതാവായ മാണിക്കര ഗോവിന്ദന്‍ പറയുന്നു. നിലവിലെ പ്രസിഡന്റ് വി.ടി.എച്ച് വിജയന്‍ എം.വി രാഘവന്റെ കുടുംബത്തിനകത്തു നിന്നുള്ളയാളല്ലെന്നും, അദ്ദേഹത്തെ മാറ്റി പകരം നികേഷിനെ കൊണ്ടുവരുന്നത് കുടുംബത്തിനകത്തു നിന്നും സ്ഥാപനങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും സിപിഎമ്മിന്റെ അധികാരപരിധിയില്‍ അവയെ കൊണ്ടുവരാനും ഒരുപോലെ സഹായിക്കുമെന്നാണ് മാണിക്കര ഗോവിന്ദന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
“സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പണ്ട് ഇവിടെ തീയിട്ട് പാമ്പിനെയെല്ലാം ചുട്ടുകൊന്നിട്ടുള്ളത്. അതെല്ലാം കഴിഞ്ഞിട്ടിപ്പോള്‍ ഭരണം ഏകപക്ഷീയമായി കുടുംബത്തിനകത്തേക്ക് ചുരുക്കുകയാണ്. എം.വി.ആര്‍ എന്ന മനുഷ്യന്‍ ഇതൊക്കെ പൊതു സമ്പത്തായാണ് നിലനിര്‍ത്തിയിട്ടുണ്ട്. സൊസൈറ്റിയുടെ പത്ത് ഏക്കറോളം സ്ഥലം സര്‍ക്കാരിന്റേതാണ്. ആ സ്ഥലത്താണ് ഇത് കെട്ടിപ്പൊക്കിയിട്ടുള്ളത്. പണ്ടും ജനങ്ങളുടെ സഹകരണത്തോടെയാണ് അദ്ദേഹം ഊ സ്ഥാപനം ഉണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ കാലശേഷം ഒരു ട്രസ്റ്റ് ഇത് കൈയടക്കുകയാണ് ചെയ്തത്. മകനായ ഗിരീഷ് കുമാറിനെ എം.വി.ആര്‍ ചുമതലക്കാരനാക്കുകയും അത് പലരും അംഗീകരിക്കാതിരിക്കുകയും ഒക്കെയായി വലിയ തര്‍ക്കങ്ങളുടെ ചരിത്രവുമുണ്ട്. സി.എം.പി രണ്ടായതിനു ശേഷം അതിന്റെ സാരഥ്യം അരവിന്ദാക്ഷന്റെ പക്ഷത്തിനു കീഴിലായി. അങ്ങനെയാണ് എം.വി.ആറിന്റെ ഓഫീസ് സെക്രട്ടറിയായ ടി.സി.എച്ച് വിജയനെ പ്രസിഡന്റാക്കുന്നത്. അതിനു ശേഷമാണ് സിപിഎമ്മില്‍ ലയിക്കണം എന്നൊരു ചിന്തയുണ്ടാകുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ തര്‍ക്കങ്ങളും കേസുകളുമൊക്കെ മുറുകി. പാര്‍ട്ടിയുടെ കൈയില്‍ സൊസൈറ്റി വന്നു എന്ന ദുഷ്‌പേര് ഉണ്ടാക്കേണ്ട എന്ന ചിന്തയില്‍ വിജയനെ പ്രസിഡന്റായി തീരുമാനിക്കുകയും, ലയനം നടന്നതോടെ കുടുംബത്തിന്റെ കൈയില്‍ സ്ഥാപനം ഉറപ്പിക്കുക എന്നതു കൂടി കണക്കിലെടുത്ത് നികേഷ് കുമാറിനെ കൊണ്ടുവരികയുമാണ് ചെയ്തത്.” മാണിക്കര ഗോവിന്ദന്‍ പറയുന്നതിങ്ങനെ.
എം.വി.ആറിനെ മുഖ്യ ശത്രുവായിക്കണ്ടിരുന്ന സിപിഎമ്മിന് ഒരു കാലത്തും പറശ്ശിനിക്കടവിലെ സ്ഥാപനങ്ങള്‍ക്കു മേല്‍ അധികാരം സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ലെന്നും, അതിന്റെ പ്രതികാരമെന്നോണമാണ് പാമ്പുവളര്‍ത്തു കേന്ദ്രത്തിനു തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ് സിഎംപിയുടെ എക്കാലത്തേയും വാദം. പാമ്പിന്റെ വിഷവും മറ്റും കള്ളക്കടത്തു നടത്തുകയാണെന്ന ആരോപണമുയര്‍ത്തി വനം വകുപ്പിനെക്കൊണ്ട് റെയ്ഡ് നടത്തിക്കുകയും മുതലകളടക്കമുള്ള വന്യജീവികള്‍ ചത്തൊടുങ്ങുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്പ്പും പാര്‍ക്കിലെ തീവയ്പ്പുമടക്കം അനവധി സംഘര്‍ഷങ്ങള്‍ക്കു ശേഷം സി.എം.പിയുടെ പക്കലുണ്ടായിരുന്ന സ്ഥാപനങ്ങള്‍ സിപിഎമ്മിന്റെ പക്കലത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. പാര്‍ട്ടിയിലും സ്ഥാനം വേണം, സൊസൈറ്റിയുടെ സ്വത്തുക്കളും കുടുംബത്തിലുള്ളവര്‍ക്ക് അനുഭവിക്കാനാകണം എന്ന രണ്ടു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ലയനത്തോടടുത്ത സമയത്തു തന്നെ നികേഷിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം. സൊസൈറ്റിയിലെ പലരും ഈ നീക്കത്തെ എതിര്‍ക്കുന്നവരാണെന്നും, അവസാന ഘട്ടത്തില്‍ രോഗബാധിതനായി കിടപ്പിലായിപ്പോയ മുന്‍ പ്രസിഡന്റിന്റെ അവസ്ഥ അരവിന്ദാക്ഷന്‍ വിഭാഗം മുതലെടുത്തതിനാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
13 ഭാരവാഹികളില്‍ അധികവും കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. പുറത്തുനിന്നുള്ളവരില്‍ മിക്കപേരും പ്രദേശത്തെ പൊതുപ്രവര്‍ത്തകരുമാണ്. പഞ്ചായത്ത് വക സ്ഥലവും മറ്റുമാണ് സൊസൈറ്റി ഉപയോഗിച്ചു പോരുന്നത്. എം.വി.ആറിന്റെ അവസാന കാലത്ത് സൊസൈറ്റിയുടെ സ്വത്തുക്കള്‍ കുടുംബത്തിന്റെ അധീനതയില്‍ വന്നതോടെ, മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങി നിയമനം നടത്തുന്നതുള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങള്‍ സി.പി ജോണ്‍ വിഭാഗം എം.വി.ആറിന്റെ മക്കള്‍ക്കെതിരെ ഉയര്‍ത്തുന്നുണ്ട്. അതേസമയം, സി.പി.എം സൊസൈറ്റിയുടെ അധികാരത്തിനായി ശ്രമിക്കുന്നു എന്ന ആരോപണമുയര്‍ത്തുന്നവരില്‍ എം.വി രാഘവന്റെ മകന്‍ ഗിരീഷ് കുമാറുമുണ്ട്. കുടുംബാംഗങ്ങളെല്ലാം അരവിന്ദാക്ഷന്‍ പക്ഷത്തേക്കു പോയപ്പോള്‍ സി.പി ജോണ്‍ വിഭാഗത്തില്‍ നിലകൊള്ളുകയായിരുന്നു ഗിരീഷ്. ഗിരീഷിനെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്നും മാറ്റിയതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ കുടുംബത്തിനകത്തുള്ള കേസായും മാറിയിരുന്നു.
അതേസമയം, ഇത്തരം വിവാദങ്ങള്‍ മുന്‍പ് ഉയര്‍ന്നപ്പോഴെല്ലാം കുടുംബവാഴ്ച എന്ന ആരോപണം നികേഷ് കുമാര്‍ പാടേ തള്ളിക്കളഞ്ഞിട്ടുണ്ട്. സിപിഎം സഹയാത്രികനായ നികേഷും അരവിന്ദാക്ഷ വിഭാഗത്തിലെ പ്രമുഖരും ലയനത്തിനൊരുങ്ങുമ്പോള്‍, അതിനെ എതിര്‍ക്കുന്ന എം.വി രാജേഷും സംഘവും എം.വി.ആര്‍ മുന്നോട്ടു വച്ച രാഷ്ട്രീയം അതേപടി പിന്‍പറ്റുമെന്ന അവകാശവാദത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഒപ്പം ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സിപിഎമ്മില്‍ ലയിക്കാതെ ഇടതുപക്ഷവുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. സി.പി ജോണ്‍ വിഭാഗം യു.ഡി.എഫുമായാണ് സഖ്യത്തിലുള്ളത്.