UPDATES

രാഹുല്‍ ഗാന്ധി അറിയാന്‍, വയനാട്ടില്‍ മത്സരിക്കാനും തുഷാര്‍ മടിക്കില്ല

വയനാട്ടില്‍ മത്സരിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, സമൃതി ഇറാനിയെ കൊണ്ടുവരണമെന്ന് ബിജെപി

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞെങ്കിലും എന്‍ഡിഎയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് അനുവദിച്ചിരിക്കുന്ന അഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇന്ന് ഉച്ചയോടെ ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയുന്നതെങ്കിലും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് വൈകുമെന്നാണ് അറിയുന്നത്. ഇനി അഥവാ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടായാലും ഇതില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയാണുള്ളത്. വയനാട് ബിഡിജെഎസിന് അനുവദിച്ച സീറ്റാണെന്നതാണ് ഇപ്പോള്‍ എന്‍ഡിഎയ്ക്കുള്ളിലെ ആശയക്കുഴപ്പത്തിന് കാരണം. അതേസമയം രാഹുല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സീറ്റുകള്‍ ബിജെപിയുമായി വച്ചുമാറാനോ താന്‍ മത്സരിക്കാനോ തയ്യാറാണെന്നും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു.

വയനാട്, തൃശൂര്‍, ആലത്തൂര്‍, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളാണ് ബിഡിജെഎസിന് അനുവദിച്ചത്. കോട്ടയം സീറ്റ് പി സി തോമസിനാണ്. പത്തനംതിട്ട ഒഴികെ 13 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനിടെയിലാണ് വയനാട്ടില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതാണ് എന്‍ഡിഎയിലെയും ആശയക്കുഴപ്പത്തിന് കാരണം. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹം ഉന്നയിച്ചിട്ടുണ്ട്. വയനാട് ബിഡിജെഎസിന്റെ മണ്ഡലമായതിനാല്‍ തന്നെ അതിനുള്ള സാധ്യതയും ഏറെയാണ്. അന്തിമ തീരുമാനമല്ലെങ്കില്‍ പോലും തുഷാര്‍ തൃശൂരില്‍ മത്സരിക്കുമെന്നാണ് കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൗണ്‍സില്‍ യോഗം കൂടിയ ശേഷം തീരുമാനിക്കുമെന്നാണ് ഇന്ന് രാവിലെ തുഷാര്‍ ചേര്‍ത്തലയില്‍ പറഞ്ഞത്. ഇന്നലെ വരെ ഡല്‍ഹിയിലായിരുന്ന തുഷാര്‍ ഇന്ന് രാവിലെയാണ് മടങ്ങിയെത്തിയത്.

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്ന കെ സുരേന്ദ്രനെ തുഷാര്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനവും ബിജെപിക്കുണ്ടായിരുന്നു. ബിജെപി നേതൃത്വത്തില്‍ തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ മറ്റാരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്. എന്നാല്‍ തൃശൂര്‍ വിട്ട് വയനാട് മത്സരിക്കുന്ന തീരുമാനം ബിജെപി കേന്ദ്ര നേതൃത്തിന് വിടുകയാണെന്നാണ് തുഷാര്‍ ഇന്ന് രാവിലെ പ്രഖ്യാപിച്ചത്. അമിത് ഷായെ നേരിട്ട് ഇക്കാര്യം തുഷാര്‍ അറിയിച്ചിട്ടുണ്ട്.

രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്നും തിരിച്ചെടുക്കാന്‍ ബിജെപിയില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് ബിഡിജെഎസിന്റെ പുതിയ നീക്കം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സ്മൃതി ഇറാനിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. അമേഠിയില്‍ രാഹുലിനെ സ്മൃതി പരാജയപ്പെടുത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഇവര്‍ കേരളത്തിലും അതിന് സാധിക്കുമെന്ന് തെളിയിക്കാന്‍ ലഭിക്കുന്ന അവസരമായാണ് ഇതിനെ കാണുന്നത്.

അതിനാല്‍ തന്നെ വയനാട് മണ്ഡലം ബിജെപിയുമായി വച്ചുമാറാന്‍ തയ്യാറാണെന്നും തുഷാര്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു ആവശ്യം ബിജെപി ഉന്നയിച്ചിട്ടില്ലെന്നും ഇന്ന് രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയ തുഷാര്‍ വ്യക്തമാക്കി. താന്‍ മത്സരിക്കുമെന്നും തൃശൂരില്‍ മത്സരിക്കാനാണ് സാധ്യതയെന്നും തുഷാര്‍ പറയുന്നത് ഈ സാഹചര്യത്തിലാണ്. വയനാടിനെക്കുറിച്ച് ബിജെപി തീരുമാനിക്കട്ടെയെന്നുമാണ് തുഷാര്‍ ഇപ്പോള്‍ പരസ്യമായി പറയുന്നത്.

അതേസമയം കേരളത്തിലെ പ്രചരണത്തില്‍ എല്‍ഡിഎഫ് ഏറെ മുന്നിലെത്തി നില്‍ക്കുമ്പോഴാണ് ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാനാകാതെ വലയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍