UPDATES

1600 രൂപയുണ്ട് സമ്പാദ്യമായി, മരുന്ന് വാങ്ങിക്കണം, ജീവിക്കണം; ആ പെന്‍ഷന്‍ പാസ് ബുക്ക് എങ്കിലും തിരിച്ചു തരാമോ? –നെടുങ്കണ്ടം പോലീസ് തല്ലിക്കൊന്ന രാജ് കുമാറിന്റെ അമ്മ യാചിക്കുന്നു

ജൂണ്‍ 12 ന് അര്‍ദ്ധ രാത്രി രാജ് കുമാറിനെയും കൊണ്ട് ലയത്തിലെ വീട്ടില്‍ എത്തിയ പൊലീസാണ് കസ്തൂരിയുടെ പാസ് ബുക്കുകള്‍ എടുത്തുകൊണ്ടു പോയത്

“പൊലീസുകാര്‍ എടുത്തുകൊണ്ടുപോയ എന്റെ പാസ് ബുക്കുകളെങ്കിലും തിരികെ തരാമോ? അതിലുള്ള പൈസ എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ മരുന്നെങ്കിലും വാങ്ങിക്കാമായിരുന്നു”; ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ട് കസ്തൂരി എന്ന 73 കാരി യാചിക്കുകയാണ്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ഇര രാജ് കുമാറിന്റെ അമ്മയാണ് കസ്തൂരി. കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘങ്ങളും മാധ്യമങ്ങളുമെല്ലാം കയറിയിറങ്ങി പോകുന്ന എസ്‌റ്റേറ്റ് ലയത്തിലെ ഒറ്റമുറി വീട്ടില്‍ ആസ്തമയുടെ ബുദ്ധിമുട്ടുകളുമായി കഴിയുകയാണ് കസ്തൂരി ഇപ്പോള്‍.

ചങ്ങനാശ്ശേരിയിലെ ഒരു വീട്ടില്‍ അടുക്കള പണി ചെയ്യുകയായിരുന്ന കസ്തൂരി കുമാറിന്റെ മരണ ശേഷം ജോലിക്ക് പോയിട്ടില്ല. ആസ്തമ രോഗിയായ കസ്തൂരിക്ക് തണുപ്പുകാലമായാല്‍ രോഗം മൂര്‍ച്ഛിക്കും. എങ്കില്‍ പോലും രോഗം വകവയ്ക്കാതെ ജോലിക്കു പോയിരുന്നയാളായിരുന്നു കസ്തൂരി. പക്ഷേ, ഇപ്പോള്‍ മരുമകളെയും മക്കളെയും തനിയെ ആക്കി പോകാനുള്ള വിഷമമാണ് ഈ വൃദ്ധയെ ലയത്തില്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. താന്‍ ജോലിക്കു പോയില്ലെങ്കില്‍ ഈ വീട് പട്ടിണിയാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഈ പ്രായത്തിലും കസ്തൂരി വീട്ടുജോലിക്ക് പോയിരുന്നത്. ഇപ്പോള്‍ അതിനും സാഹചര്യമില്ലാതായതോടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഇരുട്ടിലാണ് കസ്തൂരിയും വിജയയും മക്കളും.

ജൂണ്‍ 12 ന് അര്‍ദ്ധ രാത്രി രാജ് കുമാറിനെയും കൊണ്ട് ലയത്തിലെ വീട്ടില്‍ എത്തിയ പൊലീസാണ് കസ്തൂരിയുടെ പാസ് ബുക്കുകള്‍ എടുത്തുകൊണ്ടു പോയത്. വിധവ പെന്‍ഷന്‍ ഇനത്തില്‍ ഒരു പാസ് ബുക്കില്‍ 1600 രൂപയും മറ്റൊന്നില്‍ കുക്കിംഗ് ഗ്യാസ് സബ്‌സ്ഡിയായി കിട്ടിയ 500 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. ഈ രണ്ട് പാസ് ബുക്കുകളും പൊലീസ് അന്നു കൊണ്ടുപോയതാണ്. ഇതുവരെയായിട്ടും തിരിച്ചു കിട്ടിയിട്ടില്ല. എവിടെ പോയാണ്, ആരോടാണ് ചോദിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നാണ് കസ്തൂരി പറയുന്നത്. ‘പൊലീസുകാര്‍ക്ക് പാസ് ബുക്കുകളുടെ ഫോട്ടോ എടുത്തോണ്ട് പോയാല്‍ പോരായിരുന്നോ? അതിനകത്ത് ആകെ അത്രയും രൂപയെ ഉള്ളൂവെന്ന് അവര്‍ക്ക് മനസിലായതുമല്ലേ, പിന്നെ എന്തിനാണ് അതെടുത്തു കൊണ്ടു പോയത്? ഞാനിനി ആരോടാണ് ചോദിക്കുന്നത്. എവിടെയെങ്കിലും പോയി ചോദിക്കാനാണെങ്കില്‍ അതിനുള്ള വണ്ടിക്കൂലി പോലും എന്റെ കൈയിലില്ല. തണുപ്പ് കൂടിയതോടെ ശ്വാസം മുട്ടല്‍ കാരണം കിട്ടാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ്. ആ പൈസ എങ്കിലും എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ മരുന്നെങ്കിലും വാങ്ങാക്കിയായിരുന്നു. ഇത്ര വയസായില്ലേ, ചാകുവാണേല്‍ ചാകട്ടേ എന്നു മുന്‍പൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എനിക്ക് കുറച്ചു കാലം കൂടി ജീവിക്കണമെന്നുണ്ട്. എന്റയീ കൊച്ചുങ്ങള്‍ ഒരു നിലയില്‍ എത്തി കണ്ടിട്ട് ചത്താല്‍ മതിയെന്നാണ് പ്രാര്‍ത്ഥന. അതിനു വേണ്ടിയാണ് ഞാനിപ്പോള്‍ ആ പാസ് ബുക്ക് എങ്കിലും കിട്ടാന്‍ പ്രാര്‍ത്ഥിക്കണത്’;കസ്തൂരി പറയുന്നു.

ജൂണ്‍ 12 ന് രാജ് കുമാറുമായി പൊലീസ് എത്തുമ്പോള്‍ കസ്തൂരി ഇവിടെയില്ലായിരുന്നു. ചങ്ങനാശ്ശേരിയില്‍ ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ ആയിരുന്നു. ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട് തട്ടിച്ച പണം വീട്ടില്‍ വച്ചിട്ടുണ്ടെന്നു കുമാര്‍ മൊഴി നല്‍കിയതിന്റെ പുറത്താണ് ഇവിടെ അന്വേഷിച്ചു വന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അന്നത്തെ സംഭവങ്ങളുടെ ദൃക്‌സാക്ഷിയായ ബന്ധു രാജേന്ദ്രന്‍ പറയുന്നുണ്ട്. നാല്‍പ്പത് ലക്ഷം രൂപ വീട്ടില്‍ വച്ചിട്ടുണ്ടെന്നു കുമാര്‍ പറഞ്ഞതെന്നാണ് അന്നു പൊലീസ് ഞങ്ങളോട് പറഞ്ഞത്. പണം എവിടെ വച്ചെടാ എന്നു ചോദിച്ചായിരുന്നു എല്ലാവരുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചതും. കുമാറിന്റെ വീട്ടില്‍ അപ്പോള്‍ ഭാര്യ വിജയയും രണ്ട് ആണ്‍മക്കളും മാത്രമായിരുന്നു. അകത്തു കയറി പൊലീസ് എല്ലാം വാരിവലിച്ചിട്ട് പരിശോധിച്ചിരുന്നു. അലമാര തുറന്നും പരിശോധന നടത്തി. ഭ്രാന്തു പിടിച്ചവരെ പോലെയായിരുന്നു പൊലീസിന്റെ കാട്ടിക്കൂട്ടലുകള്‍ എന്നാണ് രാജേന്ദ്രന്‍ പറയുന്നത്. പണം എവിടെയാണ് വെച്ചിരിക്കുന്നതെന്നു ചോദിച്ച് വിജയയേയും മക്കളെയും പേടിപ്പിച്ചിരുന്നു. അലമാരിയില്‍ നിന്നാണ് കസ്തൂരിയുടെ പാസ് ബുക്കുകള്‍ കിട്ടിയത്. അതിനകത്ത് പണത്തിന്റെ ഉറവിടത്തെ കുറിച്ച് വിജയ അപ്പോള്‍ തന്നെ പൊലീസിനോടു പറഞ്ഞിരുന്നതുമാണ്. കുമാര്‍ തട്ടിയെടുത്ത പണം ഭാര്യയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ രണ്ടു പേരുടെയും പാസ് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പണമൊന്നും ആ അക്കൗണ്ടുകളില്‍ വന്നിട്ടില്ലെന്നു മനസിലായതുമാണ്. എന്നിട്ടും അവര്‍ കസ്തൂരിയുടെ പാസ് ബുക്കുകള്‍ കൊണ്ടു പോയി. ആ പാസ് ബുക്കുകളാണ് കസ്തൂരി ഇപ്പോള്‍ തിരികെ ചോദിക്കുന്നത്. ആകെ 2,100 രൂപ മാത്രമാണ് അതിലുള്ളത്. ആ തുക കിട്ടിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും ആശ്വാസം എന്നാണ് ആ വൃദ്ധ പറയുന്നത്.

“മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നൊരു കൂരയാണിത്. അടച്ചുറപ്പുള്ള ഒരു വാതില്‍ പോലുമില്ല. മൂത്തതൊരു പെണ്‍കൊച്ചാണ്. അതിനെയും കൊണ്ട് എങ്ങനെ എവിടെ കിടക്കും. അതുകൊണ്ട് അവളെ പഠിക്കണിടത്തേക്ക് പറഞ്ഞു വിട്ടു (രാജ് കുമാറിന്റെ മൂത്ത മകള്‍ കട്ടപ്പനയില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്‌സിനു പഠിക്കുകയാണ്. അതിനു താഴെയുള്ളത് രണ്ട് ആണ്‍കുട്ടികളാണ്. ഒരാള്‍ പീരുമേട്ടിലെ കോളേജില്‍ ബികോമിന് പഠിക്കുന്നു. ഇളയ കുട്ടി വെള്ളികുളം എന്ന സ്ഥലത്തെ ഒരു സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്). സത്യം പറഞ്ഞാല്‍ സ്വന്തമായി ഒരു കൂരപോലും ഞങ്ങള്‍ക്കില്ല. അവള് (കുമാറിന്റെ ഭാര്യ വിജയ) എസ്‌റ്റേറ്റില്‍ പണിക്കു പോണതുകൊണ്ട് കിട്ടിയതാണ് ഈ ലയം. അവള്‍ക്കാണെങ്കില്‍ ആഴ്ച്ചയില്‍ രണ്ടോ മൂന്നോ പണി കിട്ടിയാല്‍ ആയി. പണിയില്ലാതായാല്‍ ഈ ലയത്തില്‍ നിന്നും മാറിക്കൊടുക്കേണ്ടി വരും. പഞ്ചായത്തില്‍ നിന്നും ഒരു വീട് അനുവദിച്ച് കിട്ടിയിട്ടുണ്ട്. പക്ഷേ, ആറ് ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിലേ അതൊന്നു പൂര്‍ത്തിയാക്കി എടുക്കാന്‍ പറ്റൂ. എവിടെ നിന്നും അത്രയും പണം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. എനിക്കാണെങ്കില്‍ ഒട്ടും വയ്യാതായി. എന്നിട്ടും വല്ല വീട്ടിലെയും അടുക്കള പണിക്കു പോണത് എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്താണ്. ഇത്രയും വരെ അതുങ്ങളെ കൊണ്ടു വന്നു. അതുങ്ങള് പഠിച്ച് ഒരു ജോലി കിട്ടിയാല്‍ കുറെ കഷ്ടപ്പാട് തീരും. എങ്ങനെ അതുങ്ങളുടെ പഠിത്തം കൊണ്ടുപോകുമെന്നാണ് അറിയാത്തത്. എനിക്കെന്തെങ്കിലും വന്നുപോയാല്‍ പിന്നാരാ അതുങ്ങള്‍ക്ക് ഉള്ളത്. അവളെക്കൊണ്ട് ഒറ്റയ്ക്ക് എന്ത് ചെയ്യാന്‍ പറ്റും?” കസ്തൂരി പറയുന്നു.

കുമാര്‍ മരിച്ച ശേഷം കസ്തൂരിയും വിജയയും ജോലിക്ക് പോയിട്ടില്ല. പൊലീസുകാരും മാധ്യമങ്ങളുമൊക്കെയായി ഇപ്പോഴും ഈ ലയത്തിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മകന്‍ നഷ്ടപ്പെട്ട വേദനയും പ്രായവും തളര്‍ത്തുന്നുണ്ടെങ്കിലും കസ്തൂരിയാണ് എല്ലാവരോടും സംസാരിക്കുന്നത്. ജോലിക്ക് നില്‍ക്കുന്ന വീട്ടുകാര്‍ കഴിഞ്ഞ ദിവസങ്ങളിലൊക്കെ കസ്തൂരിയെ കൊണ്ടു പോകാന്‍ വിളിച്ചെങ്കിലും പോകാതെ നില്‍ക്കുന്നതും അതുകൊണ്ടാണ്. വിജയേയും കുട്ടികളെയും ഒറ്റയ്ക്കാക്കി പോകാന്‍ പേടിയാണെന്നാണ് കസ്തൂരി പറയുന്നത്. “അവര്‍ കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു. അമ്മയുടെ കാര്യങ്ങളൊക്കെ ഞങ്ങള്‍ നോക്കിക്കോളാം, ആശുപത്രിയില്‍ കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞു. ഞാനെങ്ങനെയാ ഇവരെ ഒറ്റയ്ക്കിട്ടിട്ട് പോകുന്നത്. അതുകൊണ്ട് വരുന്നില്ലെന്നു പറഞ്ഞു. അവര് തന്ന കുറച്ച് പൈസയാണ് ഇപ്പോഴും കൈയിലുള്ളത്. അതുകൊണ്ടാണ് ഇപ്പോഴത്തെ കാര്യങ്ങളൊക്കെ നടക്കണത്. അത് തീര്‍ന്നാല്‍ എന്തു ചെയ്യുമെന്നറിയില്ല. ഇനിയും അവരോട് കടം ചോദിക്കാന്‍ പറ്റുമോ? ഒരു വഴിയും മുന്നില്‍ കാണുന്നില്ല. വിജയയും പണിക്കു പോണില്ല. ഒരു വരുമാനവും ഞങ്ങള്‍ക്കില്ല.”

കുമാറിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കോലഹാലമേട്ടിലെ വീട്ടിലേക്ക് കൊണ്ടു വരുന്നതുവരെയുള്ള ചെലവും ഈ വൃദ്ധ തന്നെ വഹിക്കേണ്ടി വന്നിരുന്നു. പൊലീസ് കസ്റ്റഡിയില്‍ മരിച്ചൊരാള്‍ ആയിരുന്നിട്ടും ആശുപത്രിയിലെല്ലാം സിപിഎമ്മിന്റെ അടക്കം പ്രവര്‍ത്തകരും നേതാക്കന്മാരും ഉണ്ടായിട്ടും മൃതദേഹം ഇവിടെ എത്തിച്ചത് കസ്തൂരി ജോലി ചെയ്യുന്ന വീട്ടുകാര്‍ നല്‍കിയ ആറിയിരം രൂപ കൊണ്ടായിരുന്നു. തുടര്‍ന്നുള്ള ചടങ്ങുകള്‍ക്ക് ചെലവാക്കിയതും ആ വീട്ടുകാര്‍ കസ്തൂരിയുടെ കൈയില്‍ കൊടുത്ത ആയിരം രൂപയാണ്. മകന്റെ മരണവാര്‍ത്ത കസ്തൂരി അറിയുന്നത് ജോലി ചെയ്യുന്ന വീട്ടില്‍ വച്ചാണ്. തുടര്‍ന്ന് ആ വീട്ടുകാരാണ് അവരുടെ വാഹനത്തില്‍ കസ്തൂരിയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന് കുമാറിനെ കാണിക്കുന്നത്.

“എല്ലാവരും കൂടി എന്തോരം ദ്രോഹമാണ് ഞങ്ങളോട് ചെയ്യുന്നത്. എന്റെ മോനെ എല്ലാവരും കൂടി ചതിച്ചു. എന്നിട്ടവനെ തല്ലിക്കൊന്നു. അവനെ കൊന്നാല്‍ ബാക്കിയുള്ളവരൊക്കെ രക്ഷപെടുമല്ലോ, അതുകൊണ്ടവര്‍ അവനെ കൊന്നു. ആരും ഇല്ലാതെ ഇത്രയൊന്നും ചെയ്യാനുള്ള കഴിവൊന്നും കുമാറിനില്ല. അവനെ ചതിച്ചത് തന്നെയാണ്. ഒടുവില്‍ കൊന്നുകളയുകയും ചെയ്തു. ഇപ്പോള്‍ അവരെല്ലാം കൂടി ഞങ്ങളെയും ദ്രോഹിക്കുകയാണ്. പൊലീസുകാര്‍ അന്നീ വീട്ടില്‍ വന്നു കാണിച്ചതൊക്കെ എല്ലാവരും അറിഞ്ഞതല്ലേ…ഞങ്ങളിനി എന്താ ചെയ്യേണ്ടത്? എനിക്ക് ഒട്ടും മേലാതായി. എന്തെങ്കിലും സഹായം സര്‍ക്കാര്‍ ചെയ്തു തരണം. വിജയയ്ക്ക് എന്തെങ്കിലും ജോലി കിട്ടിയാല്‍ മതിയായിരുന്നു. ഒരു പെങ്കൊച്ച് വളര്‍ന്നു വരുന്നുണ്ട്. അതിന്റെ കാര്യം നോക്കണം. പിള്ളേരുടെ പഠിത്തം കൊണ്ടു പോണം. സ്വന്തമായി അടച്ചുറപ്പുള്ള ഒരു ചെറിയ കൂരയെങ്കിലും ഉണ്ടാക്കണം. എല്ലാത്തിനും കൂടിയുള്ള ആരോഗ്യമോ ആയുസോ എനിക്കില്ല. ഞാന്‍ പോയാലും എന്റെയീ കൊച്ചുങ്ങള്‍ക്ക് ജീവിക്കണം. അതുകൊണ്ട് യാചിക്കുകയാണ്, എന്തേലും ഒരു വഴി ഞങ്ങള്‍ക്ക് സര്‍ക്കാര്‍ കാണിച്ചു തരണം. വേറെ ആരോടാണ് പറയേണ്ടതെന്നറിയില്ല. ഒരമ്മയുടെ അപേക്ഷയാണ്.” തൊണ്ട ഇടറിക്കൊണ്ട് മകന്‍ നഷ്ടപ്പെട്ട ഒരമ്മ അപേക്ഷിക്കുകയാണ്.

നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍