UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്ഐഡിസിയില്‍ ‘ചിറ്റപ്പന്‍ നിയമന’ നീക്കം; കയ്യോടെ പിടിച്ചപ്പോള്‍ പിഴവെന്ന് വിശദീകരണം

ലെയ്സന്‍ ഓഫീസര്‍ തസ്തികയ്ക്കും പിആര്‍ഒ എന്നാണ് വിളിപ്പേരെന്ന് കെ എസ് ഐ ഡി സി

കഴിഞ്ഞ ദിവസം മലയാളമനോരമയില്‍ വന്ന കെ എസ് ഐ ഡി സിയിലെ നിയമന വിജ്ഞാപന പരസ്യത്തിനെതിരെ  ഗുരുതര ആരോപണമുയരുന്നു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനില്‍ പിആര്‍ഒ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ആളെ വേണമെന്ന് കാണിച്ചു കൊണ്ടുള്ള പരസ്യമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തസ്തികയിലേക്കുള്ള യോഗ്യതയായി നല്‍കിയിരിക്കുന്നത് ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബിരുദമാണ്. സെക്രട്ടറിയേറ്റില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിലോ, പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്‌മെന്റിലോ സെക്ഷന്‍ ഓഫീസറായോ അണ്ടര്‍ സെക്രട്ടറിയായോ അനുഭവപരിചയമുള്ളയാളെയാകും പരിഗണിക്കുകയെന്നും സൂചിപ്പിക്കുന്നു. പ്രായപരിധി 58ാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്‍ ടിസി രാജേഷ്, വിടി ബല്‍റാം എം എല്‍ എ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

പോസ്റ്റിലേക്ക് നിയമനം നടത്താന്‍ മിനിമം യോഗ്യതക്കായുള്ള മാനദണ്ഡമെങ്കിലും വേണ്ടേ എന്നാണ് ടിസി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്. വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ പൊതുജനസമ്പര്‍ക്കത്തിനായി നിയോഗിച്ചേക്കാവുന്ന കണ്‍സള്‍ട്ടന്‍സിയും സര്‍ക്കാരും ചേര്‍ന്നുള്ള കൂട്ടുകച്ചവടമാണ് ഇതെന്നും രാജേഷ് ആരോപിക്കുന്നുണ്ട്. ബന്ധുനിയമന വിവാദത്തോടാണ് വിടിബല്‍റാം പരസ്യത്തെ വ്യാഖ്യാനിച്ചത്. വ്യവസായ വകുപ്പില്‍ വീണ്ടും ചിറ്റപ്പന്‍ നിയമനങ്ങള്‍ക്ക് നീക്കം എന്ന തലക്കെട്ടിലാണ് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ നാട്ടില്‍ ഒരു പോസ്റ്റിലേക്ക് നിയമനം നടത്താന്‍ മിനിമം യോഗ്യതകളുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡമെങ്കിലും വേണ്ടേ? സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഇതാരുടെ വ്യവസായം വികസിപ്പിക്കാനാണ് ഈ നിയമനം നടത്തുന്നത്?

പോസ്റ്റ് പിആര്‍ഒ. യോഗ്യതയില്‍ ജേര്‍ണലിസമോ മാസ് കമ്യൂണിക്കേഷനോ ഒന്നും വേണ്ട, പക്ഷേ, ഫസ്റ്റ് ക്ലാസ് ഡിഗ്രി വേണം. പ്രവര്‍ത്തനപരിചയമാണ് അതിലും രസകരം. സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം. അതും ഫിനാന്‍സ് വകുപ്പിലോ പബ്ലിക് റിലേഷന്‍ വകുപ്പിലോ. ചുക്കും ചുണ്ണാമ്പും തമ്മിലുള്ള ബന്ധമേ ഈ രണ്ടു വകുപ്പും തമ്മിലുള്ളു. ഫിനാന്‍സ് വകുപ്പില്‍ നിന്നുള്ള ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയ പോസ്റ്റാണ്. പിആര്‍ഒ ആയി ഫിനാന്‍സ് വകുപ്പില്‍ നിന്നൊരാളെ പോസ്റ്റ് ചെയ്യുന്നതെങ്ങിനെയെന്ന ചോദ്യത്തെ പ്രതിരോധിക്കാനായിരിക്കണം പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകൂടി ചേര്‍ത്തത്. പ്രായപരിധി 58 വയസ്സാണ്. അതായത്, ഇപ്പോള്‍ വിരമിച്ചതോ ഉടന്‍ വിരമിക്കാനിരിക്കുന്നതോ ആയ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന തസ്തികയാണിത്. മിനിമം പത്രക്കുറിപ്പെങ്കിലും തയ്യാറാക്കാന്‍ അറിഞ്ഞിരിക്കണമെന്നുപോലുമില്ല. ശമ്പളം എന്തായാലും 20000 രൂപയേ ഉള്ളൂ, മാസം. അതുപിന്നെ പതിയെ വര്‍ധിപ്പിച്ചാലും ആരും ചോദിക്കില്ലല്ലോ.

കേരളത്തില്‍ ഉടന്‍ നടപ്പാക്കപ്പെടുമെന്ന് ഭീഷണി മുഴക്കപ്പെട്ടിരിക്കുന്ന വേസ്റ്റ് ടു എനര്‍ജി പദ്ധതിയുടെ പൊതുജനസമ്പര്‍ക്കത്തിനായി കണ്‍സള്‍ട്ടന്‍സിയെ വിളിച്ചിട്ടുണ്ട്. അവര്‍ക്ക് ലക്ഷങ്ങളായിരിക്കും പ്രതിമാസം ഫീസായി കൊടുക്കുക. അത്തരത്തിലുള്ള കണ്‍സള്‍ട്ടന്‍സികള്‍ക്ക് സ്ഥാപനങ്ങളില്‍ ഒരു സിംഗിള്‍ കോണ്ടാക്ട് വേണം. അതിന് പിആര്‍ഒ ഉത്തമമാണ്. പത്രക്കുറിപ്പ് ഉണ്ടാക്കലും പത്രക്കാരുമായുള്ള സമ്പര്‍ക്കവും ഒക്കെ ആ ഏജന്‍സി നോക്കിക്കൊള്ളും. പിആര്‍ഒയ്ക്ക് അതിനായി ബുദ്ധി ഉപയോഗിക്കേണ്ടിവരികയേയില്ല. അതായത് ഇതൊരു കൂട്ടുകച്ചവടമാണെന്നര്‍ഥം.

സര്‍ക്കാരിനെ മോശമാക്കാന്‍ ഓരോരുത്തര്‍ ഇറങ്ങിക്കോളും. മുഖ്യമന്ത്രി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?

സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ കെഎസ്‌ഐഡിസി പബ്ലിക് റിലേഷന്‍ ഓഫീസറെയല്ല ഒരു ലെയ്സന്‍ ഓഫീസറെയാണ് നിയമിക്കുന്നത് എന്നും കാലകാലമായി ലെയ്സന്‍ ഓഫീസര്‍ തസ്തികയ്ക്കും പിആര്‍ഒ എന്നാണ് പറയുന്നതെന്നുമാണ് കെഎസ്‌ഐഡിസി നല്‍കിയ മറുപടി. കെഎസ്‌ഐഡിസിയുടെ ഫയലുകള്‍ മൂവ് ചെയ്യുക, ഫണ്ടുകള്‍ വേഗം വാങ്ങിത്തരിക എന്നിവയാണ് അതിലെ സ്‌കോപ് ഫോര്‍ വര്‍ക്കായി കെഎസ്‌ഐഡിസി നല്‍കുന്ന വിശദീകരണം. ഈ ആശയകുഴപ്പമാണ് സംഭവിച്ചിരിക്കുന്നതെന്നുമുള്ള ന്യായീകരണങ്ങളാണ് കെഎസ്‌ഐഡിസി നല്‍കിയത്. ഫയല്‍ മൂവ് ചെയ്യാനും ഫണ്ട്‌സ് പെട്ടെന്ന് പാസ്സാക്കാനും ഫിനാന്‍സ് വകുപ്പില്‍ പരിചയമുള്ള ആളുകള്‍ വേണം. അതുകൊണ്ടാണ് പ്രായപരിധി 58 വെച്ചിരിക്കുന്നതെന്നുംകെ എസ് ഐ ഡി സി വിശദീകരിക്കുന്നു. പിആര്‍ഒ എന്ന തലക്കെട്ടില്‍ വായിക്കുമ്പോള്‍ യുക്തിരഹിതമായി തോന്നുന്നതാണ്. അത് തിരുത്തി നല്‍കാനുള്ള കാര്യങ്ങള്‍ ഇന്ന് തന്നെ ചര്‍ച്ച ചെയ്യുമെന്നും കെ എസ് ഐ ഡി സി അറിയിച്ചു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍