UPDATES

ട്രെന്‍ഡിങ്ങ്

ചെങ്ങന്നൂരില്‍ ബിജെപിയുടെ ധ്രുവീകരണ അജണ്ടയ്ക്ക് ചൂട്ടുപിടിക്കുന്ന കൊടിയേരിയും ഉമ്മന്‍ചാണ്ടിയും

ഹിന്ദു വോട്ടുകള്‍ (അങ്ങനെ ഒന്നുണ്ടെങ്കില്‍) അത് കൃത്യമായി വീതം വെക്കപ്പെട്ടു കഴിഞ്ഞു എന്നും ഇനി നിര്‍ണ്ണായകം ന്യൂനപക്ഷ വോട്ടുകളാണ് എന്ന ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരു മുന്നണികകളും ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തിവിട്ടിരിക്കുന്നത് എന്നു സംശയിക്കേണ്ടി വരും

ഗുജറാത്തിലും കര്‍ണ്ണാടകയിലും സംഭവിച്ചത് തന്നെ കേരളത്തിലെ ചെങ്ങന്നൂരിലും നടക്കുന്നു. സാമുദായിക വര്‍ഗ്ഗീയ ധ്രുവീകരണം. കേരള ബിജെപിയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമായി മാറിയ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ ഏത് വിധേനയും തങ്ങളുടെ മത തീവ്രവാദ ചര്‍ച്ചാ അജണ്ടകളിലേക്ക് കൊണ്ടെത്തിക്കുക എന്നത് അവരുടെ ലക്ഷ്യമാണ്. ആ തിരഞ്ഞെടുപ്പ് കുതന്ത്രത്തില്‍ കൊടിയേരിയും ഉമ്മന്‍ചാണ്ടിയും വന്നു വീഴുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

ഡി.വിജയകുമാറിനെതിരെ അദ്ദേഹം ഭാരവാഹിയായ അയ്യപ്പസേവാ സംഘത്തിന്റെ പേരുപറഞ്ഞു കോടിയേരി രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ ചൂടുപിടിച്ചത്. ഡി വിജയകുമാറിനെ സ്ഥാനാര്‍ത്ഥി ആക്കിയത് മുതല്‍ തന്നെ തങ്ങളുടെ പക്ഷത്തുള്ള ഹിന്ദു വോട്ടുകള്‍ ബിജെപി പക്ഷത്തേക്ക് പോകാതിരിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നത് എന്ന പ്രചരണവുമായി ഇടതുപക്ഷ കേന്ദ്രങ്ങള്‍ രംഗത്ത് വന്നിരുന്നു. സംസ്ഥാന സെക്രട്ടറി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് വേദികളിലും ഈ കാര്യം എടുത്തിട്ടതോടെ യു ഡി എഫിന് അപകടം മനസിലായി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കൊണ്ടാണ് യു ഡി എഫ് തിരിച്ചടിച്ചത്. സി പി എം വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നാണ് യു ഡി എഫ് പരാതി നല്കിയിരിക്കുന്നത്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയവത്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയധ്രുവീകരണം നടത്താനും സി.പി.എം ശ്രമിക്കുന്നു എന്നു പറഞ്ഞു കൊണ്ടു ഇന്നലെ ഉമ്മന്‍ ചാണ്ടി മാധ്യമ സമ്മേളനം നടത്തി. അഖില ഭാരത അയ്യപ്പസേവ സംഘം ആർ.എസ്.എസിന്‍റെ പോഷകസംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യു.ഡി.എഫ് വിജയകുമാറിന് സീറ്റ് നല്‍കിയതെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനം പരാജയഭീതിയില്‍നിന്ന് ഉണ്ടായതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതായി മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അയ്യപ്പസേവ സംഘം വര്‍ഗീയ സംഘടനയല്ല. അത് ഒരു സേവനസന്നദ്ധ സംഘടനയാണ്. അയ്യപ്പസേവസംഘത്തെ ആർ.എസ്.എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തില്‍ പോകുന്നവരുമെല്ലാം ആർ.എസ്.എസ് ആണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. വിഭാഗീയത സൃഷ്ടിച്ച് വോട്ടുതട്ടാന്‍ ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്ന അതേ നീക്കം തന്നെയാണ് സി.പി.എമ്മും നടത്തുന്നത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം ഈഴവ സ്നേഹത്തെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞതും സംവരണ വിഷയവുമായി ബന്ധപ്പെട്ട് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉയര്‍ത്തിയ വിമര്‍ശനവും കേരളത്തില്‍ നടക്കുന്ന സ്ഥിരം കലാപരിപാടികളായി കണക്ക് കൂട്ടിയാല്‍ തന്നെ കോടിയേരിയും ഉമ്മന്‍ ചാണ്ടിയും ഉയര്‍ത്തിയ വിവാദങ്ങളും കൂടി അതിനോടൊപ്പം ചേരുമ്പോള്‍ വര്‍ഗ്ഗീയമായും സാമുദായികമായും ചേരിതിരിയുന്ന വോട്ടര്‍ മനോനിലയാണ് ചെങ്ങന്നൂരില്‍ പ്രത്യക്ഷമാകുന്നത്. ബിജെപി ആഗ്രഹിക്കുന്നതും അത് തന്നെ.

ഹിന്ദു വോട്ടുകള്‍ (അങ്ങനെ ഒന്നുണ്ടെങ്കില്‍) അത് കൃത്യമായി വീതം വെക്കപ്പെട്ടു കഴിഞ്ഞു എന്നും ഇനി നിര്‍ണ്ണായകം ന്യൂനപക്ഷ വോട്ടുകളാണ് എന്ന ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരു മുന്നണികളിലെയും പോള്‍ തന്ത്രജ്ഞന്‍മാര്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തിവിട്ടിരിക്കുന്നത് എന്നു സംശയിക്കേണ്ടി വരും. പ്രത്യേകിച്ചും ‘ഇന്നത്തെ കോണ്‍ഗ്രസ്സുകാരന്‍ നാളത്തെ ബിജെപിക്കാരന്‍’ എന്ന വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന പ്രതിഭാസം ന്യൂനപക്ഷങ്ങളെ ആശയകുഴപ്പത്തിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല. കര്‍ണ്ണാടകയില്‍ തന്നെ തങ്ങളുടെ എം എല്‍ എ മാരെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് അനുഭവിച്ച ബുദ്ധിമുട്ട് രാജ്യം മുഴുവന്‍ കണ്ടതാണ്.

കോണ്‍ഗ്രസ്സിന്റെ ആ വീക്ക് പോയിന്‍റിലേക്ക് നോക്കി സിപിഎം അടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തെ കൂട്ടു പിടിക്കുകയല്ലാതെ കോണ്‍ഗ്രസ്സിന് മറ്റ് വഴികളുണ്ടായിരുന്നില്ല. അതോടൊപ്പം ചന്ദനപൊട്ടും കാവിയും അണിഞ്ഞ എല്ലാവരും ആര്‍ എസ് എസുകാര്‍ അല്ല എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ മതേതര ബ്രാന്‍ഡ് മൂല്യം നിലനിര്‍ത്താനുള്ള ശ്രമമാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. എങ്ങനെയായാലും കോടിയേരി-ഉമ്മന്‍ ചാണ്ടി പോര് ആത്യന്തികമായി ഗുണം ചെയ്യുക ബിജെപിക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുതന്നെയാണ് അവരുടെ ലക്ഷ്യവും. ചെങ്ങന്നൂരില്‍ അത് വിജയിച്ചാല്‍ ധ്രുവീകരണ അജണ്ടയെ കേരളത്തിന്റെ മറ്റ് ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബിജെപി ശ്രമിക്കും എന്നതുറപ്പാണ്. താല്‍ക്കാലിക ലാഭത്തിന് വേണ്ടി കൊടിയേരിമാരും ഉമ്മന്‍ ചാണ്ടിമാരും ചെന്നു വീണു കൊടുക്കാതിരിക്കുക എന്നതാണ് മതേതര കേരളത്തിന്റെ നിലനില്‍പ്പിന് നല്ലത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍