UPDATES

ഇതുപോലുളള ക്രിമിനൽ പൊലീസുകാരെ നാട്ടിലിറക്കി വിടരുത്, ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി പോരാട്ടത്തിന്

സത്യം പുറത്ത് വരണം സനലിനെ കൊന്നവനെ ഇനിയും ക്രമസമാധാനത്തിന്റെ ചുമതല കൊടുത്ത് സമൂഹത്തിലേക്ക് ഇറക്കിവിടരുത്

ഗോപിക

ഗോപിക

ഡിവൈഎസ്പി ഹരികുമാറിന്റെ ക്രൂര മര്‍ദ്ദനത്തിനിരയാകുകയും തുടര്‍ന്ന് നടുറോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനം ഇടിച്ചു മരണപ്പെടുകയും ചെയ്ത സനല്‍ കുമാറിന്റെ വീട് തേടിയുള്ള യാത്ര അവസാനിച്ചത് നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള കൊടങ്ങാവിള മൂന്ന്കല്ലിന്‍മൂട് ജംഗ്ഷനിലാണ്. ഇതിനടുത്ത് വെച്ചാണ് മൂന്ന് ദിവസം മുമ്പ് ആ ചെറുപ്പക്കാരന്‍ നിയമപാലകന്റെ ക്രൂരതയ്ക്ക് ഇരയായത്.

മൂന്ന്കല്ല് ജംഗ്ഷനിലെ ചെറിയ പെട്ടിക്കടകടയിലെ ചേട്ടനാണ് സനല്‍കുമാറിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചത്. മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോഴാണ് പുള്ളിക്കാരന്‍ സംഭവത്തെക്കുറിച്ച് വികാരധീതനായത്. ‘ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്തയാളായിരുന്നു മോളേ സനല്‍, ആ പാവത്തിനെ ഇല്ലാണ്ടാക്കിയവനെ വെറുതെ വിടരുത്’.

ആ ജംഗ്ഷന്‍ മുതല്‍ സനലിന്റെ വീട് വരെയും ഇതേ വികാരത്തില്‍ തന്നെയാണ് അയല്‍വാസികളും നാട്ടുകാരും. സനലിന്റെ വീട് ചോദിച്ച് അധികം നടക്കേണ്ടി വന്നില്ല. ജംഗ്ഷനില്‍ പലയിടത്തും ആ ചെറുപ്പക്കാരന്റെ ഫോട്ടോ ഫ്‌ളക്‌സുകള്‍ നിറഞ്ഞിരിക്കുകയായിരുന്നു. പ്രതിഷേധ സമിതിക്കാരും എംഎല്‍എ ആന്‍സലും സനലിന്റെ വീടിനടുത്ത് തന്നെ കര്‍മ്മ നിരതരായി നില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടന്‍ അദ്ദേഹം വീട്ടിലേക്കുള്ള വഴിയാണ് ആദ്യം കാണിച്ചു തന്നത്.

ടാര്‍പ്പാളിന്‍ മുറ്റത്തേക്ക് നീട്ടിക്കെട്ടിയ നിലയില്‍ സനല്‍കുമാറിന്റെ പുതിയ വീട്. കഴിഞ്ഞ ദിവസം വരെ ആ ചെറുപ്പക്കാരനും ഭാര്യ വിജിയും മക്കളും സന്തോഷത്തോടെ കഴിഞ്ഞ വീടിനു മുന്നില്‍ ഇന്ന് ചെറിയ ഒരു ആള്‍ക്കൂട്ടവും, രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചര്‍ച്ചകള്‍ക്കും ഇടമായിരിക്കുകയാണ്.

ഇതിനിടയില്‍ നിന്ന് വീടിനുള്ളില്‍ സനലിന്റെ ഭാര്യ വിജി ഉണ്ടെന്നും സംസാരിക്കണമെങ്കില്‍ അകത്തേക്ക് ഇരിക്കാമെന്നും പറഞ്ഞാണ് വിജിയുടെ ബന്ധു കൂടിയായ സത്യന്‍ ഞങ്ങളെ വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നിലത്ത് വിരിച്ച പായയില്‍ തളര്‍ന്ന് കിടക്കുകയായിരുന്നു വിജി. അപ്പോഴും സനല്‍കുമാറിന്റെ ഫോട്ടോ കൈയ്യില്‍ കൂട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. പുതുതായി പണികഴിപ്പിച്ച വീടാണ് സനല്‍ കുമാറിന്റെത്. സനലിന്റെ പങ്കാളിയായി വിജി എത്തിയിട്ട് അഞ്ച് വര്‍ഷമായി. പുതിയ വീട്ടിലേക്ക് മാറിയിട്ട് അധികം ദിവസമായിട്ടില്ല. മൂന്നും രണ്ടും വയസ്സാണ് മക്കളായ ആല്‍ബിനും, എബിനും. രണ്ടുപേരും അച്ഛന്റെ വിയോഗം അറിയാതെ വീടിനുള്ളില്‍ ഓടി നടക്കുകയാണ്. വിജിയെ വീണ്ടും വേദനിപ്പിക്കുന്നതും ഇതാണ്.

ഇരുപത്താറ് വയസ്സാണ് വിജിയുടെ പ്രായം. നെയ്യാറ്റിന്‍കര കണ്ണന്‍കുഴി സ്വദേശിയായ വിജിയും കൊടങ്ങാവിള സ്വദേശിയായ സനല്‍കുമാറും 2013 ലാണ് വിവാഹിതരായത്. ‘ആരോടും അനാവശ്യമായി ഒരക്ഷരം മിണ്ടാത്ത മനുഷ്യനാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്നേവരെ ഒരു അനാവശ്യ വഴക്കുപോലും ഉണ്ടായിട്ടില്ല. ആ മനുഷ്യനോട് ഇത്രയും ക്രൂരത ചെയ്തവന്‍ ഞെളിഞ്ഞ് നടക്കവാണ്. പൊലീസ് കൃത്യമായി അന്വേഷിക്കണം ആ മനുഷ്യന് നീതി വേണം, ഈ രണ്ടു കുട്ടികള്‍ക്കും‘- വിജി പാതിയിടറിയും ഇഴഞ്ഞും അവശമായാണ് ഇത്രയും പറഞ്ഞത്. അപ്പോഴും കൈയ്യില്‍ സനലിന്റെ ഫോട്ടോ മുറുകെപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു.

വാടകയ്ക്ക് എടുത്ത കുറച്ച് കസേരകള്‍ ഒഴികെ മറ്റൊരു വസ്തുക്കളും ഉണ്ടായിരുന്നില്ല ആ വീട്ടില്‍. വിജിയുടെ പേരിലുള്ള സ്ഥലം വിറ്റും ലോണും കടവും ഒക്കെയെടുത്താണ് സനല്‍കുമാര്‍ ആ വീട് പണിതത്. പണിതീര്‍ന്നെങ്കിലും വീടിന്റെ കടം ഇതുവരെ അടച്ച് തീര്‍ന്നിട്ടില്ല. അമ്മയും ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും അത്താണിയും ആയിരുന്നു സനല്‍കുമാര്‍. പ്ലംബിംഗായിരുന്നു സനല്‍കുമാറിന്റെ ജോലി. അതോടൊപ്പം വീടുകളിലെ ഇലക്ട്രീഷ്യന്‍ വര്‍ക്കുകളും സനല്‍ ഏറ്റെടുത്ത് ചെയ്ത് കൊടുക്കാറുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സനല്‍കുമാറിന്റെ അച്ഛന്‍ മരിച്ചത്. ഗവണ്‍മെന്റ് പ്രസ്സിലായിരുന്ന അച്ഛന് ഏകദേശം 13 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. പെന്‍ഷനായി മൂന്നാം പക്കം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. കടക്കെണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പറയപ്പെടുന്നത്. ആ ആഘാതത്തില്‍ നിന്ന് സനലിന്റെ അമ്മയായ രമണിയും സഹോദരി സജിതയും കരകയറി വരുമ്പോഴാണ് അപ്രതീക്ഷിതമായി കുടുംബത്തിന്റെ ആശ്രയമായ സനലിന്റെ മരണം.

ആ വീടിനുള്ളില്‍ അടുത്ത മുറിയില്‍ മകന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയാതെ അമ്മ രമണി തളര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു. നിരവധി അസുഖങ്ങള്‍ രമണിയെ അലട്ടുന്നുണ്ടെന്നും ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഇപ്പോള്‍ മകന്റെ മരണം കൂടിയായപ്പോള്‍ അതവരെ ആകെ തളര്‍ത്തിയെന്നും ബന്ധു കൂടിയായ സത്യന്‍ പറഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. ഒരു കുടുംബത്തിലെ ഏക വരുമാന മാര്‍ഗ്ഗമാണ് നിലച്ചത്.

സനലിന്റെ ഭാര്യയായ വിജി പ്ലസ്ടു കഴിഞ്ഞതാണ്. ‘ജോലിയൊന്നും തന്നെയില്ല. ഇനി ഈ പറക്കമുറ്റാത്ത കുട്ടികളുടെ പഠനം, രോഗിണിയായ സനലിന്റെ അമ്മയുടെ ശുശ്രൂഷ എല്ലാം നോക്കേണ്ടത് തൊഴില്‍ രഹിതയായ വിജിയാണ്. വീടിന്റെ കടം തന്നെയുണ്ട് വീട്ടാനേറേ. ഈ പ്രായത്തില്‍ ഒരു ജോലിയും തുണയുമില്ലാതെ ഈ പെണ്‍കുട്ടി ഇതൊക്ക എങ്ങനെ താങ്ങും എന്നാണ് വിജിയുടെ അമ്മയായ വാസന്തി ചോദിക്കുന്നത്. ചെയ്തവന്‍ സുഖമായി വെളിച്ചത്തിറങ്ങി നടക്കുന്നു. ഇത്തിരിയെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കില്‍ എപ്പഴേ എന്റെ മോന്റേ കൊലയാളികളെ പിടിക്കാമായിരുന്നു. എന്താ ചെയ്യേണ്ടന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇത് അങ്ങനെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല ഞങ്ങള്‍. ആ പൊലീസുകാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇപ്പോ നടക്കണ അന്വേഷണം അത്ര ശരിയായിട്ടൊന്നുമല്ല. ഇത്രയും ദിവസമായിട്ടും അയാളെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസിനായില്ല’– ഉള്ളിലെ അമര്‍ഷവും നിരാശയും സങ്കടവും ആ അമ്മ ഞങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചു.

സനലിന്റ മരണം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതിന് തെളിവു തന്നെയാണ് ആ വീട്ടു മുറ്റത്ത് ഇപ്പോഴും കൂടി കൂടി വരുന്ന ആള്‍ക്കൂട്ടം. വിവരം അറിഞ്ഞ് കൊടങ്ങാവിളയിലെ സനലിന്റെ വീട്ടിലേക്ക് ഇപ്പോഴും ആള്‍ക്കാര്‍ ഒഴുകുക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രമുഖരും സാംസ്‌കാരിക നായകന്‍മാരും കുടുംബത്തിന് പിന്തുണയുമായി വീട്ടിലേക്ക് എത്തുകയാണ്.

‘നല്ല അധ്വാനിയായ ചെറുപ്പക്കാരനാണ് സനല്‍. ആരോടും മുഖം കറുത്ത് ഒന്നും അവന്‍ പറയാറില്ല. ഈ പരിസരത്തെ എല്ലാ വീടുകളിലും പ്ലംബിഗും മറ്റ് ഇലക്ട്രീഷ്യന്‍ കാര്യങ്ങള്‍ക്കും സനലിനെയാണ് എല്ലാവരും വിളിച്ചിരുന്നത്. എപ്പോ വിളിച്ചാലും എന്തു തിരക്കുണ്ടെങ്കിലും അവന്‍ അതൊക്കെ ചെയ്ത് കൊടുക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു ചെറുപ്പക്കാരനെയാണ് ഇത്രയും ക്രൂരമായി അതും മതിയായ കാരണം പോലുമില്ലാതെ ഇല്ലാതാക്കിക്കളഞ്ഞത്. ഞങ്ങളെന്തായാലും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. സനലിനും കുടുംബത്തിനും നീതി കിട്ടുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും‘- റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

‘ഒരു പൊലീസുകാരന്റെ യാതൊരു മര്യാദയും സ്വാഭാവവും ഇല്ലാത്തയാളാണ് ഹരികുമാര്‍. ഇതാദ്യമായല്ല അയാളുടെ പേരില്‍ ഇത്തരത്തില്‍ ഒരു കേസ് ഉണ്ടാകുന്നത്. പൊലീസുകാര്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം കൂടുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്’-ഇങ്ങനെ തുടങ്ങിയാണ് വിജിയുടെ പിതൃസഹോദരനായ സത്യന്‍ അന്ന് നടന്ന സംഭവങ്ങളുടെ കെട്ടഴിച്ചത്.

‘കടവും ലോണും എടുത്താണ് സനല്‍ ഈ വീട് വെച്ചത്. എനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്ന കുട്ടികളാണ് സനലും അവന്റെ സഹോദരി സജിതയും. അത്ര നല്ല സ്വഭാവമായതുകൊണ്ടാണ് വിജിയെ സനലിന് വേണ്ടി ആലോചിച്ചത്. അച്ഛന്റെ അപ്രതീക്ഷിത മരണവും അമ്മയുടെ രോഗവും എല്ലാം ഉണ്ടായിട്ടും എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസമുള്ളയാളായിരുന്നു അവന്‍. ഇളയമോനേ സുഖമില്ലാത്തതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോയിട്ട് രാത്രിയോടെയാണ് അവര്‍ വീട്ടിലെത്തിയത്. നേരം വൈകിയതുകൊണ്ട് കുട്ടികള്‍ക്കും വിജിയ്ക്കും ഭക്ഷണം വാങ്ങിവരാന്‍ പോയതാണ് സനല്‍. ഹോട്ടലിലെത്തി കുട്ടികള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം അവനും കഴിക്കാന്‍ തുടങ്ങുവായിരുന്നു. അതിനിടയിലാണ് വ്യാപാരി ബിനുവിന്റെ വീടിനു മുന്നില്‍ സനലിന്റെ കാറ് കിടക്കുന്ന കണ്ട ഡി.വൈ.എസ്.പി അവന് നേരേ ഈ ക്രൂരത കാണിച്ചത്. എന്നിട്ടും കാറ് മാറ്റി നിന്ന അവനു നേരേ ഡി.വൈ.എസ്.പി അകാരണമായി മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയായിരുന്നു. കുപിതനായി ഓടി വന്ന അദ്ദേഹം സനലിന്റെ കൈപിടിച്ച് തിരിച്ചശേഷം റോഡിലേക്ക് തള്ളിയിടുകയായിരുന്നു. അപ്പോഴാണ് സനലിനെ കാറിടിച്ച് തെറിപ്പിച്ചത്’- സത്യന്‍ പറഞ്ഞു.

സത്യം പുറത്ത് വരണം സനലിനെ കൊന്നവനെ ഇനിയും ക്രമസമാധാനത്തിന്റെ ചുമതല കൊടുത്ത് സമൂഹത്തിലേക്ക് ഇറക്കിവിടരുത്. അയാളെ ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നാണ് സനലിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒറ്റക്കെട്ടായ അഭിപ്രായം.

‘കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയ മനുഷ്യനെയാണ് ആ ഡിവൈഎസ്പി ഹരികുമാര്‍ കൊന്നത്’; നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം അടങ്ങുന്നില്ല; പ്രതി ഒളിവില്‍

സനലിനെയും കൊണ്ട് സ്‌റ്റേഷനിലേക്ക് പോയതും സൈറണ്‍ ഇടാതിരുന്നതും പോലീസിന്റെ ആവശ്യപ്രകാരം; ആംബുലന്‍സ് ഡ്രൈവര്‍

ഡിവൈഎസ്പി കൊലപെടുത്തിയ സനലുമായി പോലീസ് പോയത് സ്‌റ്റേഷനിലേക്ക്; കേസ് തിരിച്ചുവിടാന്‍ മദ്യം കുടിപ്പിച്ചതായി സഹോദരി

ഗോപിക

ഗോപിക

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍