UPDATES

ട്രെന്‍ഡിങ്ങ്

‘ഞങ്ങള്‍ കാട് കയറിത്തന്നെ ജീവിച്ചോളാം, പഠിപ്പ് ഉണ്ടാകില്ലന്നല്ലേയുള്ളൂ, ജീവന്‍ കിട്ടുമല്ലോ’; ആദിവാസി ബാലന്റെ മരണത്തില്‍ പുകഞ്ഞ് നിലമ്പൂര്‍

ആദിവാസി പീഡനത്തിന്റെ മാതൃകാ വിദ്യാലയം; ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ശ്രീഷ്മ

ശ്രീഷ്മ

“ഇന്നലെ സ്‌കൂളില്‍ നിന്നും ഞാന്‍ തിരികെ പോരുമ്പോള്‍, പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്‍ ഗേറ്റിനരികെ നിന്ന് നോക്കുന്നുണ്ടായിരുന്നു. എത്ര പേടിയോടെയാണ് ഞാന്‍ എന്റെ കുട്ടിയെ അവിടെ വിട്ടു പോന്നതെന്ന് പറഞ്ഞു തരാന്‍ അറിയില്ല. നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. അവനെ എനിക്ക് പഠിപ്പിക്കണം എന്നുണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ക്കൊപ്പം എന്തു വിശ്വാസത്തിലാണ് വിട്ടിട്ടു പോരുക. എന്റെ മാത്രമല്ല, ഇന്നലെ അവിടെ നിന്നും പോന്ന എല്ലാ അമ്മമാര്‍ക്കും ഇതേ പേടിയാണ്. ആരോടു പറയണമെന്നറിയില്ല”, ഇടയ്ക്കിടെ കരച്ചിലില്‍ മുങ്ങിപ്പോകുന്ന വാക്കുകള്‍ ഏറെ പണിപ്പെട്ടാണ് ചിത്ര കൂട്ടിച്ചേര്‍ത്ത് സംസാരിക്കുന്നത്. നിലമ്പൂരിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അവകാശപ്രവര്‍ത്തകയായ ചിത്രയുടെ മകനടക്കം പ്രദേശത്തെ അനവധി ആദിവാസി ഊരുകളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പനി ബാധിച്ചായിരുന്നു മരണമെന്നും, ബ്ലഡ് ക്യാന്‍സറിന്റെ അവസാന ഘട്ടത്തിലായിരുന്നുവെന്നും അധ്യാപകര്‍ പറയുമ്പോള്‍, ചികിത്സ ലഭിക്കാതെയാണ് വിദ്യാര്‍ത്ഥി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

കാട്ടുനായ്ക്ക ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്റെ മകനായ സതീഷ് കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. കുറച്ചു നാളുകളായി സതീഷിന് പനിയുണ്ടായിരുന്നുവെന്നും, പതിനാലാം തീയതി മൈസൂറിലേക്ക് നടത്തിയ യാത്രയ്ക്കിടെ കലശലാവുകയുമായിരുന്നു എന്നുമാണ് അധ്യാപകര്‍ നല്‍കുന്ന വിശദീകരണം. കുട്ടിക്ക് മൈസൂരില്‍ വച്ചു തന്നെ ചികിത്സ ലഭ്യമാക്കിയിരുന്നെന്നും, തിരിച്ചെത്തിയപ്പോഴും പനി വര്‍ദ്ധിച്ചതോടെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ പറയുന്നു. എന്നാല്‍, അവിടെ നിന്നും മെഡിക്കല്‍ കോളേജിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സതീഷ് മരണത്തിനു കീഴടങ്ങുകയായിരുന്നു. വിഷയം അധ്യാപകരുടേയും സ്‌കൂളധികൃതരുടേയും അനാസ്ഥയുടെ ഫലമാണെന്ന് ആരോപിച്ച് ഞായറാഴ്ച കോളനിയില്‍ നിന്നും സതീഷിന്റെ ബന്ധുക്കളെത്തി സ്‌കൂളില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

നേരത്തേയും ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് വംശീയമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണം പല തവണ നേരിട്ടിട്ടുള്ള പശ്ചാത്തലം സ്‌കൂളിനുള്ളതുകൊണ്ട്, സതീഷിന്റെ വിഷയത്തിലും തങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം. കഴിഞ്ഞ നവംബറിലാണ് വിദ്യാര്‍ത്ഥികളെ വൃത്തിയില്ലെന്ന പേരില്‍ വെയിലത്തു നിര്‍ത്തിയെന്ന ആരോപണം സ്‌കൂളിനു നേരെയുണ്ടായത്. സതീഷിന്റെ രോഗവിവരത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് അധ്യാപകര്‍ ആവര്‍ത്തിക്കുമ്പോഴും, മതിയായ ശ്രദ്ധ കിട്ടാത്തതാണ് മരണകാരണമെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കളും മറ്റും. തങ്ങളെ അധ്യാപകര്‍ വിവരമറിയിച്ചില്ലെന്ന പരാതിയാണ് സതീഷിന്റെ കുടുംബാംഗങ്ങള്‍ക്കുള്ളതെന്ന് ചിത്രയും പറയുന്നു. ശനിയാഴ്ച രാവിലെ സതീഷിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ, കൂട്ടമായാണ് കോളനിയില്‍ നിന്നും ആളുകള്‍ സ്‌കൂളിലേക്കെത്തിയത്. പ്രധാനാധ്യാപികയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഉച്ചയ്ക്കു മൂന്നു മണിയോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ചര്‍ച്ച നടന്നെങ്കിലും, മരണം നടന്ന് മണിക്കൂറുകളായിട്ടും അനുശോചന സന്ദേശവുമായി ഒരു പോസ്റ്റര്‍ പോലും വയ്ക്കാത്ത അധികൃതരെ വിശ്വസിക്കാന്‍ തയ്യാറല്ല എന്ന നിലപാടായിരുന്നു ബന്ധുക്കള്‍ക്ക്.

Read More: കുളിച്ചില്ലെങ്കില്‍ വെയിലത്ത് നിര്‍ത്തും, വെള്ളം കൊടുക്കാതെ ഒരു കിലോ മിക്സ്ച്ചര്‍ തീറ്റിക്കും; കേരളത്തിലെ ഒരു ആദിവാസി സ്‌കൂളിലെ ശിക്ഷാരീതികളാണ്‌

കഴിഞ്ഞ തവണ ഏറ്റവും മാര്‍ക്ക് വാങ്ങിച്ച വിദ്യാര്‍ത്ഥിക്കുള്ള ഗോള്‍ഡ് മെഡല്‍ വാങ്ങിച്ചിട്ടുള്ള സതീഷിന് ജീവന്‍ നഷ്ടമായതിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്നാണ് ചിത്രയുടെ പക്ഷം, “പനിയായിരുന്നു എന്നാണ് അധ്യാപകര്‍ പറഞ്ഞത്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതു വരെ അതു വിശ്വസിക്കാനല്ലേ വഴിയുള്ളൂ. ഒരാഴ്ചയോളമായി കുട്ടിക്ക് പനിയുണ്ടായിരുന്നു. അതിനിടെയാണ് മൂന്നു ദിവസത്തെ മൈസൂര്‍ യാത്രയ്ക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയത്. തിരിച്ചെത്തിയ കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ആദ്യം നിലമ്പൂര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. അവിടെ വച്ച് മരിക്കുകയും ചെയ്തു. രണ്ടു മാസത്തോളമായി കുട്ടിക്ക് പനിയാണെന്ന് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. അണുബാധയാണ് മരണകാരണം എന്നൊക്കെ പറഞ്ഞിരുന്നുവത്രേ.

ഇത്ര ഗുരുതരമായ പ്രശ്‌നം കുട്ടിക്ക് ഉണ്ടായിട്ടുകൂടി രക്ഷിതാക്കളേയോ എസ്.സി പ്രമോട്ടര്‍മാരേയോ അറിയിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. നിലമ്പൂര്‍ ആശുപത്രിയില്‍ വച്ച് യാദൃശ്ചികമായി പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവര്‍ കുട്ടിയെ കണ്ടതോടെയാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. അപ്പന്‍കാപ്പ് കോളനിയിലെ കുട്ടി ഇവിടെ ഗുരുതരാവസ്ഥയിലുണ്ടെന്നു കേട്ട് മുനീര്‍ എന്ന ഓട്ടോ ഡ്രൈവര്‍ അന്വേഷിച്ചപ്പോള്‍ സതീഷാണ് എന്ന് തിരിച്ചറിയുകയും, അതിനുശേഷം രക്ഷിതാക്കളെയും കോളനിയിലുള്ളവരെയും വിവരമറിയിക്കുകയുമായിരുന്നു. അപ്പോഴേക്കും തീരെ അവശനായ സതീഷ് കുഴഞ്ഞു കിടപ്പായിരുന്നു എന്നാണ് മുനീര്‍ പറഞ്ഞത്. അതിനു ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ രക്ഷിതാക്കള്‍ എത്തിയിരുന്നെങ്കിലും, കുട്ടിയോട് സംസാരിക്കാന്‍ സാധിച്ചില്ല. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ സതീഷ് മരിക്കുകയും ചെയ്തു.”

പനിയുടെ അസ്വസ്ഥതകള്‍ കാരണം യാത്രയ്ക്ക് താനില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ചാണ് സതീഷിനെ കൊണ്ടുപോയതെന്നും ഇവര്‍ക്ക് പരാതിയുണ്ട്. ശുദ്ധമായ കുടിവെള്ളമോ കുട്ടികളെ ശ്രദ്ധിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ സേവനമോ ലഭ്യമല്ലാത്തത്ര ശോചനീയമായ അവസ്ഥയിലാണ് സ്‌കൂളെന്നാണ് ചിത്രയുടെ ആരോപണം. ഇരട്ടി ശമ്പളത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ സമയ ഉത്തരവാദിത്തത്തോടെ നിയമിച്ച ഉദ്യോഗസ്ഥരും അധ്യാപകരും കുട്ടികളെ പരിഗണിക്കാറില്ലെന്നു പറയുന്ന ചിത്ര, പ്രധാനാധ്യാപികയും മിക്ക അധ്യാപകരും ആശുപത്രിയിലെത്തിയതു പോലുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കില്‍ പൊതുജന രോഷത്തില്‍ തകര്‍ക്കപ്പെട്ടേനെ. പക്ഷേ, തങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടിടവും സൗകര്യങ്ങളുമാണ് എം.ആര്‍.എസിന്റേത് എന്ന് വ്യക്തമായ ബോധ്യമുണ്ട്. വിവരമറിഞ്ഞപാടെ വണ്ടിവിളിച്ചും മറ്റുമെത്തിയ കോളനിക്കാര്‍ അക്രമാസക്തരായിരുന്നിട്ടു പോലും അങ്ങനെയൊന്നും ചെയ്യാതിരുന്നത് അതുകൊണ്ടാണ് – ചിത്ര പറയുന്നു. മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനോടു പോലും അധ്യാപകര്‍ക്ക് എതിരഭിപ്രായമായിരുന്നു എന്നാണ് പരാതി.

അതേയസമയം, സതീഷ് ക്യാന്‍സറിന്റെ അവസാന സ്റ്റേജിലായിരുന്നുവെന്നും, രോഗവിവരം ഇത്രനാളും ആരുമറിയാതെ പോയതാണെന്നുമാണ് എം.ആര്‍.എസിന്റെ സീനിയര്‍ സൂപ്രണ്ട് സുബ്രഹ്മണ്യന്‍ വിശദീകരിക്കുന്നത്. “അഞ്ചാറു ദിവസമായി സതീഷിന് പനിയായിരുന്നു. അതിനുള്ള മരുന്നുകളാണ് കൊടുത്തിരുന്നത്. മൈസൂരില്‍ പോയപ്പോഴും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പറയത്തക്ക അസുഖങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്. പിന്നീടാണ് താലൂക്കാശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളെ അറിയിക്കാറുണ്ട്, അറിയിച്ചിട്ടുമുണ്ട്. രണ്ടു മണിയോടെയാണ് ബ്ലഡ് ക്യാന്‍സറാണെന്ന് മനസ്സിലാകുന്നത്. ആശുപത്രിയിലുള്ള എന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴും അതീവ ഗുരുതരമാണ് എന്നാണറിഞ്ഞത്. രാത്രി പത്തരയോടെ കുട്ടി മരിക്കുകയും ചെയ്തു. ഇന്നായിരുന്നു സംസ്‌കാരം. മരണകാരണത്തെക്കുറിച്ച് ഡോക്ടര്‍ സതീഷിന്റെ മാതാപിതാക്കളോട് വ്യക്തമായി സംസാരിച്ചതുമാണ്. 510 കുട്ടികള്‍ പഠിക്കുന്ന സ്ഥലമാണ്. ഓരോ കുട്ടിയ്‌ക്കൊപ്പവും നില്‍ക്കാന്‍ നോക്കിയാല്‍ നടക്കില്ല. മെഡിക്കല്‍ കോളേജില്‍ ബൈസ്റ്റാന്‍ഡേഴ്‌സ് വേണമല്ലോ. മാതാപിതാക്കളെ അപ്പോള്‍ത്തന്നെ അറിയിച്ചിട്ടുണ്ട്. പനി പോലുള്ള ചെറിയ രോഗങ്ങള്‍ക്ക് പക്ഷേ സാധാരണ രക്ഷിതാക്കളെ അറിയിക്കാറില്ല. അവര്‍ കുട്ടിയെ കൊണ്ടുപോയാല്‍ പിന്നെ പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാണ് തിരിച്ചു വരിക. പഠനത്തില്‍ വലിയ താല്‍പര്യമില്ലാത്തതിനാലാണ്. ആഴ്ചകള്‍ തോറും മെഡിക്കല്‍ ക്യാമ്പുകളുമുണ്ടാകാറുള്ളതാണ്. പക്ഷേ സതീഷിന്റെ രോഗം മാത്രം തിരിച്ചറിഞ്ഞിരുന്നില്ല. തെറ്റിദ്ധാരണയുടെ പുറത്തുള്ള പ്രതികരണമാണ് ഇന്നലെ സ്‌കൂളിലുണ്ടായത്.”

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ സതീഷിന്റെ മരണകാരണം വ്യക്തമാകൂ എന്നതിനാല്‍ അതിനുവേണ്ടി കാത്തിരിക്കുകയാണ് രക്ഷിതാക്കളും ബന്ധുക്കളും. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും സൂചന ലഭിച്ചാല്‍ സ്‌കൂളിനെതിരായ പ്രക്ഷോഭങ്ങള്‍ കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം. ക്രൂരമായ ശിക്ഷാരീതികളുടെ പേരിലും ആദിവാസി വിഭാഗത്തോടുള്ള അവഗണയുടെ പേരിലും ഫണ്ടു തട്ടിപ്പിന്റെ പേരിലും മറ്റും ആരോപണങ്ങള്‍ നേരിട്ടിട്ടുള്ളയിടത്തു തന്നെ ഇത്തരമൊരു മരണമുണ്ടായതാണ് പ്രദേശവാസികളെ ക്ഷുഭിതരാക്കിയത്. പ്രധാനാധ്യാപിക പതിനെട്ടു വര്‍ഷത്തോളമായി ഒരേയിടത്ത് തുടരുന്നതില്‍ ക്രമക്കേടുണ്ടെന്നും, ഉടന്‍ തന്നെ പുറത്താക്കണമെന്നും ഒരു വിഭാഗം രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. സതീഷിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി പതിനായിരം രൂപ ഐ.ടി.ഡി.പി ഇന്നലെത്തന്നെ എത്തിച്ചിരുന്നു.

നേരത്തേ രണ്ടു മരണമുണ്ടായിട്ടുള്ള ഇവിടെ വീണ്ടും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് താനടക്കമുള്ളവര്‍ പ്രയത്‌നിച്ചിരുന്നതെന്ന് ചിത്ര പറയുന്നു. എം.ആര്‍.എസ് അധികൃതരെ സംശയിക്കാനുള്ള കാരണങ്ങള്‍ ചിത്ര അക്കമിട്ടു നിരത്തുന്നതിങ്ങനെയാണ്, “എം.ആര്‍.എസില്‍ ഇത് ആദ്യത്തെ സംഭവമല്ല. എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഷാജി എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇതു പോലെ മരിച്ചത്. അന്നും അധ്യാപകര്‍ പറഞ്ഞത് കുട്ടിക്ക് പനിയാണ് എന്നായിരുന്നു. രക്ഷിതാക്കളെ അന്നും വിവരമറിയിച്ചിരുന്നില്ല. പാട്ടക്കരമ്പില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ഇതു പോലെ മരിച്ചിട്ടും വര്‍ഷങ്ങളാകുന്നതേയുള്ളൂ. തുടര്‍ക്കഥയാണിത്. അസുഖം എന്തായാലും മാതാപിതാക്കളെ അറിയിക്കാനുള്ള ബാധ്യത ഇവര്‍ക്കില്ലേ? ഞങ്ങളെ അറിയിച്ചാലോ ഒപ്പം പറഞ്ഞയച്ചാലോ കുട്ടിക്ക് അപകടം പറ്റും എന്നൊക്കെയാണ് പറയുന്നത്. ഞങ്ങളുടെ കുട്ടികളല്ലേ അവര്‍? ഇന്നലെ സ്‌കൂളില്‍ വലിയ ബഹളമാണ് ഉണ്ടായത്. കോളനിക്കാര്‍ എച്ച്.എമ്മിനെ സ്‌കൂളില്‍ പൂട്ടിയിട്ടു. മണിക്കൂറുകളോളം സംഘര്‍ഷമായിരുന്നു അവിടെ. ഏഴു വണ്ടിയോളം പൊലീസുകാരും വന്നിരുന്നു. എച്ച്.എമ്മിനെ കൊല്ലും എന്നു തന്നെ പറഞ്ഞാണ് കോളനിക്കാര്‍ നിന്നിരുന്നത്. ഞങ്ങളുടെ കുട്ടിയെ കൊന്നതാണ് എന്നേ ഞങ്ങള്‍ പറയൂ. ഞങ്ങള്‍ പഴയതു പോലെ കാടുകയറിത്തന്നെ ജീവിച്ചോളാം. പഠിപ്പുണ്ടാകില്ലെന്നല്ലേയുള്ളൂ, ജീവന്‍ കിട്ടുമല്ലോ.”

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍