നാല്‍പ്പത്തിയേഴു ജീവനക്കാർ പതിനൊന്ന് ദിവസമായി സമരത്തിലാണ്
2018 മേയ് മാസത്തില്‍ കോഴിക്കോട്ടെ പേരാമ്പ്രയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട നിപ വൈറസ് ബാധയ്ക്കും തുടര്‍ന്നുണ്ടായ അത്ഭുതകരമായ അതിജീവനത്തിനും ശേഷം ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തില്‍ രണ്ടാമതൊരിക്കല്‍ക്കൂടി നിപ വൈറസ് ബാധ സ്ഥിരീകരിക്കുക കൂടി ചെയ്തിരിക്കുന്ന ഒരു സമയമാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിപാക്കാലം തന്ന പ്രതിരോധപാഠങ്ങളും ആത്മവിശ്വാസവും കൈമുതലാക്കിക്കൊണ്ട്, വൈറസിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള സര്‍വ സന്നാഹങ്ങളും ആരോഗ്യവകുപ്പ് സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ഇടപെടലുകള്‍ നടത്താനും സാഹചര്യം നിയന്ത്രണത്തിലൊതുക്കി നിര്‍ത്താനും ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സംസ്ഥാനത്തുടനീളം തയ്യാറാണ്. രണ്ടാമതൊരിക്കല്‍ക്കൂടി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട ആശങ്കകളും ജാഗ്രതയും പരക്കുന്നതിനിടെ, ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു സമരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ നിപാക്കാലത്ത് ജീവന്‍ കൈയിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നാല്‍പ്പത്തിയേഴു ജീവനക്കാർ പതിനൊന്ന് ദിവസമായി സമരത്തിലാണ്. നിപ പനി പടര്‍ന്നുപിടിച്ച മേയ് മാസം കഴിഞ്ഞ് ഒരാണ്ട് തികഞ്ഞു കഴിഞ്ഞിട്ടും, സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയ ഈ നാല്‍പ്പത്തിയേഴ് പേരും ഇപ്പോഴും പുറത്തു തന്നെയാണുള്ളത്.
നിപാക്കാലത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ വെല്ലുവിളികള്‍ നേരിട്ട് ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയുണ്ടാക്കില്ലെന്ന വാഗ്ദാനം ആദ്യ ഘട്ടം മുതല്‍ക്കുതന്നെ ഉണ്ടായിരുന്നതാണ്. ഇതു വിശ്വസിച്ച ജീവനക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോള്‍ സമരത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു. എന്നാല്‍, സമരം ഒത്തുതീര്‍പ്പായിട്ടും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്നു കണ്ടതോടെയാണ് മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡ് ജീവനക്കാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നത്. 27 മുതല്‍ ആറു ദിവസക്കാലം നിരാഹാരമിരുന്നത് ശുചീകരണത്തൊഴിലാളിയായ രജീഷായിരുന്നു. നിപാക്കാലത്തെ സേവനങ്ങള്‍ക്ക് ധാരാളം പ്രശംസിക്കപ്പെട്ടിട്ടുള്ള, മെഡിക്കല്‍ കോളേജിലും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന രജീഷിനെ ആരോഗ്യനില വഷളായതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ശുചീകരണത്തൊഴിലാളി തന്നെയായ പ്രേമയാണ് നിരാഹാരമിരിക്കുന്നത്. പ്രേമയ്ക്ക് പിന്തുണയുമായി മറ്റു നാല്‍പ്പത്തിയാറു ജീവനക്കാരും പന്തലിലുണ്ട്. ഓരോരുത്തരായി എല്ലാവരും അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കാനാണ് തീരുമാനം.
ആദരവ്, സര്‍ട്ടിഫിക്കറ്റുകള്‍, ജോലി വാഗ്ദാനം
2019 ജനുവരി നാലിന് നിപ വാര്‍ഡിലെ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരുന്ന വാര്‍ത്ത കേരളം ചര്‍ച്ച ചെയ്തിരുന്നതാണ്. മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിപ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നാല്‍പ്പത്തിയേഴു പേരെ ആദരിക്കുന്ന ചടങ്ങിലും അല്ലാതെയും, നിരവധി തവണ ജോലി സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെ സ്ഥിര ജോലിക്കാരില്‍ പലരും വൈറസ് ബാധ ഭയന്ന് ജോലിയില്‍ നിന്നും നീണ്ട അവധിയില്‍ പ്രവേശിച്ചപ്പോഴാണ്, താല്‍ക്കാലിക ജോലി ചെയ്തിരുന്ന ഇവര്‍ നാല്‍പ്പത്തിയേഴു പേരും ജീവഭയം പോലും വകവയ്ക്കാതെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിക്കെത്തിയിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റു വരുമാന മാര്‍ഗ്ഗങ്ങളില്ലാത്ത, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പശ്ചാത്തലത്തില്‍ നിന്നുള്ളവരും. സ്ത്രീകളടക്കമുള്ളവര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് നിപാക്കാലത്ത് ജോലിക്കെത്തിയിരുന്നത്, ജീവന്‍ പണയം വെച്ചിട്ടാണെങ്കിലും കിട്ടാന്‍ പോകുന്ന ദിവസക്കൂലിയെ ഓര്‍ത്തായിരുന്നു എന്നും ഇവരില്‍ ചിലര്‍ തുറന്നു സമ്മതിക്കുന്നുമുണ്ട്. ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ഇവരെ, നിപാക്കാലത്തെ വിശിഷ്ട സേവനം കണക്കിലെടുത്ത് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാഗ്ദാനവുമുണ്ടായിരുന്നു. ജോലി സ്ഥിരപ്പെടുത്തും എന്ന പ്രതീക്ഷയിലല്ല ഇവരാരും ഐസൊലേഷന്‍ വാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായെത്തിയതെങ്കിലും, അത്തരമൊരു വാഗ്ദാനം അന്ന് ഈ നാല്‍പ്പത്തിയേഴ് പേര്‍ക്കും വലിയ ആശ്വാസമായിരുന്നു. ശുചീകരണത്തൊഴിലാളികളും നഴ്‌സിംഗ് അസിസ്റ്റന്റുമാരുമെല്ലാം ഉള്‍പ്പെടുന്നതായിരുന്നു ഈ സംഘം.
അന്ന് മന്ത്രിയും മറ്റ് അധികൃതരും നല്‍കിയ വാക്ക് പക്ഷേ, പെട്ടന്നു തന്നെ ലംഘിക്കപ്പെട്ടു എന്നതാണ് വസ്തുത. ഇവരില്‍ ചിലരെ കാലാവധി കഴിഞ്ഞു എന്ന പേരില്‍ 2019 നവംബറില്‍ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നെങ്കിലും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്ന പ്രതിഷേധങ്ങളെല്ലാം വിഷയം പുനഃപരിശോധിക്കാമെന്ന അധികൃതരുടെ വാക്കിന്റെ പുറത്ത് ഒത്തുതീര്‍പ്പാകുകയും ചെയ്തിരുന്നു. ജോലി സ്ഥിരപ്പെടുത്തുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും, കാലാവധി നീട്ടി നല്‍കി സ്ഥിരമായി ജോലിയുണ്ടാകുന്ന അവസ്ഥ സൃഷ്ടിക്കാമെന്ന് ആരോഗ്യമന്ത്രി മുന്‍പ് വാഗ്ദാനം ചെയ്തിരുന്നത് മുന്‍നിര്‍ത്തിയായിരുന്നു ഇവരുടെ പ്രതിഷേധങ്ങളെല്ലാം. നവംബറിലെ പ്രതിഷേധത്തെത്തുടര്‍ന്ന് കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് ഇവര്‍ കരുതിയെങ്കിലും, ജനുവരി ഒന്നു മുതല്‍ ജോലിക്കെത്തേണ്ടതില്ലെന്ന അറിയിപ്പാണ് മുപ്പത്തിമൂന്നു ശുചീകരണത്തൊഴിലാളികള്‍, ഏഴ് നഴ്‌സുമാര്‍, അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് ലഭിച്ചത്. ഡിസംബര്‍ 31ന് ലഭിച്ച അറിയിപ്പ് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിക്കാതെ ഒന്നും ചെയ്യാനുള്ള അധികാരം തനിക്കില്ലെന്നായിരുന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അന്നത്തെ നിലപാട്. ഇതോടെയാണ് ജീവനക്കാര്‍ സംഘടിച്ച് നിരാഹാരസമരത്തിലേക്ക് കടന്നത്. ജനുവരി നാലു മുതല്‍ രാപ്പകല്‍ സത്യഗ്രഹമായി ആരംഭിച്ച സമരം, പിന്നീട് നിരാഹാരമായി മാറുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാരെ സംരക്ഷിക്കുമെന്ന വാഗ്ദാനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
പട്ടിക വെട്ടിച്ചുരുക്കിയത് ആദ്യ നിരാഹാര സമരത്തിനു ശേഷം; എന്നിട്ടും പാലിക്കാത്ത വാഗ്ദാനങ്ങള്‍
ജോലി നഷ്ടപ്പെടാതെ നോക്കാമെന്ന് ജീവനക്കാര്‍ക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പുനല്‍കുകയും, ആവശ്യപ്പെട്ടതു പ്രകാരം ഇക്കാര്യം രേഖാമൂലം എഴുതി നല്‍കുകയും ചെയ്തതോടെയാണ് നിരാഹാരം കിടന്നിരുന്ന ശുചീകരണത്തൊഴിലാളിയായ രജീഷ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നല്‍കിയ നാരങ്ങാനീര് കഴിച്ച് ജനുവരി ഇരുപതിന് സമരമവസാനിപ്പിക്കുന്നത്. മാസങ്ങള്‍ നീണ്ട സമരത്തിനു ശേഷമാണെങ്കിലും, വാഗ്ദാനം ലഭിച്ച ജോലി തിരികെക്കിട്ടിയെന്ന് ജീവനക്കാര്‍ ആശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ വെട്ടിച്ചുരുക്കലുകള്‍ വരുത്തിയ ശേഷമാണ് ജനുവരിയില്‍ സമരം ഒത്തുതീര്‍പ്പാക്കിയിരുന്നത്. മേയ് 19 മുതല്‍ മേയ് 31 വരെ ജോലിയിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരെയാണ് ഉടനെ ജോലിയിലെടുക്കുക എന്നായിരുന്നു തീരുമാനം. 4 നഴ്‌സുമാര്‍, 4 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 18 ശുചീകരണത്തൊഴിലാളികള്‍ എന്നിങ്ങനെ 26 പേരെ ഈ പട്ടികയിലുള്‍പ്പെടുത്തി ജോലി നല്‍കുമെന്ന് വ്യവസ്ഥയായിരുന്നു. സ്ഥിരജോലി എന്ന ആവശ്യം പരിഗണിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ്, എല്ലായ്‌പ്പോഴും ജോലിയുള്ള അവസ്ഥയുണ്ടാക്കുന്ന തരത്തില്‍ കാലാവധി നീട്ടിത്തന്നാല്‍ മതി എന്ന് ജീവനക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. അപ്പോഴും, ജൂണ്‍ ഒന്നു മുതല്‍ പല ദിവസങ്ങളിലായി ജോലിക്കു കയറിയ പന്ത്രണ്ടോളം പേര്‍ പുറത്തു നില്‍ക്കേണ്ടിവന്നിരുന്നു. നിപാക്കാലത്ത് അതേ ബുദ്ധിമുട്ടുകളോടെത്തന്നെ ജോലി ചെയ്തിരുന്നവരാണ് പുറത്താക്കപ്പെട്ട പന്ത്രണ്ടു പേരെന്നും, സമാനമായ തൊഴില്‍ സുരക്ഷ അവര്‍ക്കും നേടിക്കൊടുക്കാന്‍ പരിശ്രമിക്കുമെന്നും സമരക്കാര്‍ അന്ന് തീരുമാനമെടുത്തിരുന്നതാണ്. ഏറ്റവുമടുത്ത ഒഴിവുകളില്‍ ഇവരേയും ജോലിയിലെടുക്കാമെന്ന ധാരണയുമുണ്ടായിരുന്നുവെന്നാണ് വാസ്തവം.
എന്നാല്‍, ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ പൂര്‍ണമായും പരിഹരിക്കപ്പെട്ടു എന്ന വിശ്വാസം അധിക കാലം നീണ്ടു നിന്നിരുന്നില്ല. ജോലിയിലെടുത്ത ഇരുപത്തിയാറു പേരെയും മൂന്നുമാസത്തെ കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും പുറത്താക്കുകയാണ് അധികൃതര്‍ ചെയ്തത്. ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം സ്ഥിരമായി ജോലി ലഭിക്കുന്ന വിധത്തില്‍ പരിഗണിച്ച ഇവരില്‍ പതിനാറു പേരെ, കഴിഞ്ഞ ഏപ്രിലില്‍ മൂന്നു മാസത്തെ കാലാവധി തീര്‍ന്നതോടെ ജോലിയില്‍ നിന്നും നീക്കം ചെയ്തിരുന്നു. മാതൃശിശു കേന്ദ്രം, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഹെല്‍ത്ത് മിഷന്‍ എന്നിവിടങ്ങളിലേക്ക് മുന്നൂറു രൂപ ദിവസക്കൂലിക്ക് നിയമിക്കപ്പെട്ട ജീവനക്കാരെല്ലാം മാസങ്ങളായി ജോലിയില്ലാതെ പുറത്തു നില്‍ക്കേണ്ടിവരികയായിരുന്നു. ജനുവരിയിലെ സമരത്തോടെ ജോലി ലഭിച്ചുവെന്ന് നാട്ടുകാരും ബന്ധുക്കളും വിശ്വസിക്കുകയാണെന്നും, തങ്ങള്‍ക്കു കിട്ടിയ വാഗ്ദാനങ്ങളെല്ലാം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നതിനെക്കുറിച്ച് ആരും ശ്രദ്ധിക്കാത്തതെന്താണെന്നുമായിരുന്നു ഇവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. കാലാവധി കഴിഞ്ഞ് നാലോ അഞ്ചോ ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ജോലിയില്‍ തിരികെ പ്രവേശിക്കാം എന്നു കരുതിയവര്‍ക്കായിരുന്നു പുറത്താക്കല്‍ കനത്ത പ്രഹരമായത്. അപ്പോഴും ജോലിയിലുണ്ടായിരുന്ന ഏഴോളം പേരെയും മേയ് 31ഓടെ പുറത്താക്കിയതിനെത്തുടര്‍ന്നാണ് നിപാ വാര്‍ഡ് തൊഴിലാളികളുടെ രണ്ടാം ഘട്ട സമരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചത്. ജൂണ്‍ മാസത്തില്‍ പുതിയതായി പ്രവേശിക്കാന്‍ അര്‍ഹതപ്പെട്ടവരുടെ പട്ടിക വരുമ്പോള്‍, അതില്‍ തങ്ങളുടെ പേരുമുണ്ടാകുമെന്ന് അവസാന നിമിഷം വരെയും ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, പുതിയ ആളുകളെ എടുത്തപ്പോഴും നിപാ വാര്‍ഡിലെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പരിഗണനയുണ്ടായില്ല. ഇത്രയേറെ തവണ കബളിപ്പിക്കപ്പെട്ട സ്ഥിതിയ്ക്ക് ഇനി പിന്നോട്ടില്ലെന്ന് ഇവരും പറയുന്നു.
‘നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയായില്ലേ? ഇനിയെന്ത് ബുദ്ധിമുട്ട്?’
‘അഞ്ചുമാസമായി ജോലിയില്ലാതെയായിട്ട്. ഇവര്‍ ഓരോ മാസവും വിളിക്കും വിളിക്കുമെന്ന് പറയുന്നതുകൊണ്ട് മറ്റു ജോലികള്‍ക്കും പോയില്ല. ഒരു മാസം കഴിഞ്ഞാല്‍ പറയും അടുത്ത മാസം ജോലിയുറപ്പാണെന്ന്. അടുത്ത മാസമായാല്‍ വീണ്ടും നീട്ടും. വരുമാനത്തിന് മറ്റു നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇതിന്റെ പുറകേ തന്നെ നടക്കുന്നത്. കുറേക്കാലം അമ്പതു രൂപ ബസ്സുകൂലി കൊടുത്ത് ചേളന്നൂരിലെ വീട്ടില്‍ നിന്നും ദിവസവും മെഡിക്കല്‍ കോളേജില്‍ വന്നുകൊണ്ടിരുന്നു. നടക്കില്ല എന്നു തോന്നിയപ്പോള്‍ അതും നിര്‍ത്തി. എന്തിനാണ് വെറുതേ ദിവസവും അമ്പതു രൂപ കളയുന്നത്. അന്ന് ആദരിക്കുകയൊക്കെ ചെയ്തപ്പോള്‍ വലിയ വാഗ്ദാനങ്ങളാണ് തന്നുകൊണ്ടിരുന്നത്. എനിക്കും കിട്ടിയിട്ടുണ്ട് ഒരു ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും. അതുകൊണ്ടെന്ത് കാര്യം? അതുംകൊണ്ട് തിരുവനന്തപുരം വരെ പോയി. പരിഹരിക്കാമെന്നും ജോലി തരാമെന്നും അവിടുന്ന് മന്ത്രിയും പറഞ്ഞു. എന്തു പരിഹാരം? ഒന്നുമുണ്ടായില്ല. പുതിയ ആളുകളെ ഡിസംബര്‍ മുതല്‍ എടുക്കുന്നുണ്ട്. ജോലി തരാമെന്നു പറഞ്ഞ് എത്രകാലമായി പറ്റിക്കുന്നു ഞങ്ങളെ. ജോലി കിട്ടാതെ വേറെ നിവൃത്തിയില്ലെന്നു വന്നതോടെയാണ് നിരാഹരമെങ്കില്‍ നിരാഹാരം എന്നുപറഞ്ഞിറങ്ങിയത്. നാട്ടിലും വീട്ടിലും ചോദിക്കുന്നത് നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയായില്ലേ എന്നാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ മാസങ്ങളിലെല്ലാം. വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. ആളുകളുടെ പരിഹാസം കേള്‍ക്കാന്‍ വയ്യാതായി. നിപാക്കാലത്ത് ജോലിക്ക് വന്നതും ഇതുപോലെ നാട്ടുകാരുടെ അപമാനവും ഒറ്റപ്പെടുത്തലും സഹിച്ചുകൊണ്ടുതന്നെയാണ്. എന്നെ നാടുകടത്താനുള്ള പരിപാടി പോലുമുണ്ടായിരുന്നു. പനിയും കൊണ്ടുവന്നാല്‍ വീട്ടില്‍ കയറ്റില്ലെന്ന് മരുമകള്‍ പോലും പറഞ്ഞു. പേടിയുള്ളവര്‍ വേറെ എങ്ങോട്ടെങ്കിലും പൊയ്‌ക്കൊള്ളൂ എന്നു പറഞ്ഞാണ് ഞാന്‍ ജോലിക്കു വന്നിരുന്നത്. അത്രയും കഷ്ടപ്പാട് സഹിച്ചിട്ടുണ്ട്. ഇപ്പോഴും കഷ്ടപ്പാടുകള്‍ തന്നെ സഹിക്കുന്നു.’ നിരാഹാരപ്പന്തലിലിരിക്കുന്ന ശുചീകരണത്തൊഴിലാളി പ്രേമ പറയുന്നതിങ്ങനെയാണ്.
നാലു ദിവസമായി പ്രേമ നിരാഹാരം കിടക്കുകയാണിവിടെ. നേരത്തെ നിരാഹര സമരം ആരംഭിച്ച രജീഷിനെ, ആറു ദിവസത്തിനു ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക മാറ്റിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പ്രേമയും നിരാഹാരമാരംഭിച്ചത്. ഇത്തവണ കൃത്യമായ ഒരു ഇടപെടല്‍ അധികൃതരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുമുണ്ടാകാതെ പിന്മാറില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.