UPDATES

ആ വാർത്ത വ്യാജമാണ്; ചേർപ്പ് സ്‌കൂളിലെ ആർഎസ്എസ് പരിപാടിക്ക് സർക്കാരിന്റെ അനുമതിയില്ല; അന്വേഷണത്തിനും നിർദ്ദേശം

വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് ‘മാതാപിതാക്കളെ പാഴ് വസ്തുക്കള്‍ പോലെ വലിച്ചെറിയരുത്’ എന്ന സന്ദേശവുമായി അനന്തപുരി ഫൗണ്ടേനും പത്തനാപുരം ഗാന്ധിഭവനും ചേര്‍ന്ന് നടപ്പാക്കുന്ന ബോധവല്‍ക്കരണ പരിപാടിക്ക്

ചേര്‍പ്പ് സ്‌കൂളിലെ ‘ഗുരുവന്ദനം’ സര്‍ക്കാരിന്റെ അനുമതിയോടെയും അറിവോടെയുമല്ല. വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് അനന്തപുരി ഫൗണ്ടേനും പത്തനാപുരം ഗാന്ധിഭവനും ചേര്‍ന്നു നടപ്പാക്കാനിരിക്കുന്ന ‘ഗുരുവന്ദനം’ എന്ന് ബോധവല്‍ക്കരണ പരിപാടിയ്ക്ക്. വ്യാസപൗര്‍ണമിയുടെ ഭാഗമായി തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് സ്‌കൂളില്‍ സംഘടിപ്പിച്ച ‘ഗുരുവന്ദനം’ സര്‍ക്കാരിന്റെ അനുമതിയോടെയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പും അനന്തപുരി ഫൗണ്ടേഷനും രംഗത്തെത്തി.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘ഗുരുവന്ദനം’ എന്ന പരിപാടി സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി.കെ.ജോസ് അനുമതി നല്‍കിയിരുന്നു. ഇതിനിടെയാണ് ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എസ് ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധിത ഗുരുപൂജ നടത്തിയത്. ഈ രണ്ട് സംഭവങ്ങളേയും കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലും വിവിധ മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്നും ചേര്‍പ്പ് സ്‌കൂളില്‍ നടത്തിയ ‘ഗുരുവന്ദന’ത്തിനല്ല തങ്ങള്‍ അനുമതി നല്‍കിയതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ വ്യക്തമാക്കി.

“ചേര്‍പ്പ് സ്‌കൂളില്‍ നടത്തിയ പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ല. അനന്തപുരി ഫൗണ്ടേഷനും ഗാന്ധിഭവനും ചേര്‍ന്ന് നടത്തുന്ന ബോധവത് ക്കരണ പരിപാടിക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്. ചേര്‍പ്പ് സ്‌കൂളില്‍ പരിപാടി നടത്തിയത് അനന്തപുരി ഫൗണ്ടേഷനും അല്ല. ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ചേര്‍ന്ന് അത്തരത്തില്‍ പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ ഇക്കാര്യം അനാവശ്യമായി വളച്ചൊടിക്കുകയാണ്. ചേര്‍പ്പ് സ്‌കൂളില്‍ നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിഇഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടിയെടുക്കും.”, അദ്ദേഹം വ്യക്തമാക്കി.

ചേര്‍പ്പ് സ്‌കൂളില്‍ നടന്ന പരിപാടിയുടെ കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും അതും തങ്ങള്‍ നടത്താനിരിക്കുന്ന ‘ഗുരുവന്ദന’വുമായി യാതൊരു ബന്ധവുമില്ലെന്നും അനന്തപുരി ഫൗണ്ടേഷന്‍ സെക്രട്ടറി ഹരികുമാര്‍ പറയുന്നു. പത്തനാപുരം ഗാന്ധി ഭവനില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ബോധവത്ക്കരണ പരിപാടിയാണ് ഗുരുവന്ദനം. ഗാന്ധിഭവത്തിലെ അഗതിമന്ദിരത്തില്‍ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളെ കാണാനുള്ള അവസരം നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്ന പരിപാടിയാണ് ‘ഗുരുവന്ദനം’. ഇതില്‍ താത്പര്യം തോന്നിയ അനന്തപുരം ഫൗണ്ടേഷന്‍ ഇത്തരത്തില്‍ ബോധവത്ക്കരണ പരിപാടി സ്‌കൂളുകളില്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി ചോദിക്കുകയായിരുന്നുവെന്നും ഹരികുമാര്‍ പറഞ്ഞു. “പത്തനാപുരം ഗാന്ധിഭവനില്‍ ‘ഗുരുവന്ദനം’ ഇന്ന് 1305-ാം ദിവസമാണ്. ഇതിനകം അമ്പതിനായിരത്തിനടുത്ത് കുട്ടികള്‍ ഈ ബോധവത്ക്കരണ ക്ലാസ്സില്‍ പങ്കെടുക്കുകയും ചെയ്തു. ‘മാതാപിതാക്കളെ പാഴ് വസ്തുക്കള്‍ പോലെ വലിച്ചെറിയരുത്’ എന്ന സന്ദേശവുമായാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഗാന്ധിഭവന്‍ സന്ദര്‍ശിച്ച സമയം ഈ പരിപാടി സ്‌കൂളുകളില്‍ നടത്തിയാല്‍ കുറേക്കൂടി നന്നായിരിക്കും എന്ന തോന്നലില്‍ നിന്നാണ് ഞങ്ങളും കൂടി ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കുന്നത്. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടുത്താത്ത തരത്തില്‍ ക്ലാസ് കഴിഞ്ഞുള്ള അരമണിക്കൂറോ, അല്ലെങ്കില്‍ അവധി ദിനങ്ങളിലോ ബോധവത്ക്കരണ പരിപാടി സ്ഘടിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അല്ലാതെ ചേര്‍പ്പ് സ്‌കൂളില്‍ നടത്തിയത് പോലെ അധ്യാപകരുടെ കാല് തൊട്ടുവണങ്ങളും പൂവിട്ട് പൂജിക്കലുമൊന്നുമല്ല. എന്നുമാത്രമല്ല, ഞങ്ങള്‍ ‘ഗുരുവന്ദനം’ പരിപാടിയുടെ ആലോചനകള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ഓണം അവധിയോടനുബന്ധിച്ച് തുടങ്ങണമെന്നാണ് ആലോചന”, ഹരികുമാർ പറഞ്ഞു.

‘ഗുരുവന്ദനം’ എന്ന പേരാണ് മാധ്യമങ്ങളുടെ തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്ന് വിദ്യാഭ്യാസ വകുപ്പും അനന്തപുരി ഫൗണ്ടേഷന്‍ അധികാരികളും പറയുന്നു. എന്നിരുന്നാലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്‌കൂള്‍ ആയിരിക്കെ ചേര്‍പ്പ് സ്‌കൂളില്‍ നടത്തിയ ‘ഗുരുവന്ദന’ത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍