UPDATES

ട്രെന്‍ഡിങ്ങ്

കുടിക്കാൻ ശുദ്ധജലമില്ല, കിടന്നുറങ്ങാൻ സുരക്ഷിതമായ വീടില്ല ഈ ആദിവാസി കോളനിയില്‍; എന്നാണ് ഇതെല്ലാം ശരിയാക്കുക?

മഴക്കാലത്ത് ഞങ്ങളുടെ പിള്ളാർക്ക് സ്‌കൂളിൽ പോകാൻ പറ്റാറില്ലെന്ന് കോളനി നിവാസികള്‍

പാലക്കാട് അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ ശാസ്താനഗർ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ ദൂരമുണ്ട് ചീക്കുഴിയിലെ ആദിവാസി കോളനിയിലേക്ക്. ഇതിൽ ഒരു കിലോമീറ്റർ കഴിഞ്ഞാൽ ബാക്കി യാത്ര പിന്നെ അധികം ജനവാസമില്ലാത്ത പ്രദേശത്ത് കൂടിയും വനമേഖലക്ക് സമീപത്തു കൂടെയുമാണ്. വർഷകാലത്തൊഴികെ ഏതുസമയത്തും ഓട്ടോറിക്ഷയിൽ കോളനിയിലേക്കെത്താൻ കഴിയും. എന്നാൽ മഴ പെയ്താൽ സ്ഥിതി അതല്ല. കോളനിക്ക് ഒരു കിലോമീറ്റർ ഇപ്പുറമിറങ്ങി വനപാതയിലൂടെ നടക്കേണ്ടിവരും. പണിയ വിഭാഗത്തിൽപ്പെട്ട അഞ്ചു ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നത് ഇവിടെയാണ്. കുടിക്കാൻ ശുദ്ധജലമില്ലാതെയും കിടന്നുറങ്ങാൻ സുരക്ഷിതമായ വീടില്ലാതെയും.

10 വർഷം മുൻപ് സർക്കാർ ഫണ്ടുപയോഗിച്ചാണ് അഞ്ചു വീടുകൾ കോളനിയിൽ നിർമ്മിച്ചത്. എന്നാൽ ഭാഗികമായി നിർമാണം പൂർത്തീകരിച്ച വീടുകൾ നിർമാണത്തിലെ അപാകം കൊണ്ട് ഒറ്റ വർഷത്തിനുള്ളിൽത്തന്നെ തകർന്നു തുടങ്ങി. വിള്ളൽ വീണും, പൊട്ടിപ്പൊളിഞ്ഞും, കരിങ്കല്ലിൽ നിർമ്മിച്ച അടിത്തറയിളകിയും നിലവിലുള്ള വീടുകളുടെ അവസ്ഥ ഏറെ ശോചനീയമാണ്. മഴക്കാലമായാൽ ആകെയുള്ള ഇടുങ്ങിയ മുറികളിലേക്ക് വെള്ളവും കയറും. അടച്ചുറപ്പുളള വാതിലുകൾ പോലുമില്ലാത്ത വീടുകളിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് കൗമാരക്കാരായ പെൺകുട്ടികളടക്കമുള്ള കുടുംബങ്ങൾ കഴിയുന്നത്.

കുഴൽക്കിണറുണ്ട്. എങ്കിലും കുടിവെള്ളത്തിനായി അലച്ചിൽ

കോളനിയിൽ കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി നാലു വർഷം മുൻപ് സർക്കാർ ചെലവിൽ കോളനിക്കകത്ത് ഒരു കുഴൽക്കിണർ നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ കുഴൽക്കിണറിൽ നിന്നും ഒരു കുടം വെള്ളം ശേഖരിക്കണമെങ്കിൽ അരമണിക്കൂറോളം സമയം പമ്പ് ചെയ്യണം. ഇങ്ങനെ പമ്പ് ചെയ്തെടുക്കുന്ന വെള്ളം കുടിക്കാനും കൊള്ളില്ലെന്നു ആദിവാസികൾ പറയുന്നു. അതുകൊണ്ടു തന്നെ അര കിലോമീറ്റർ ദൂരെയുള്ള സ്വകാര്യവ്യക്തിയുടെ കിണറിനെയാണ് കുടിവെള്ളത്തിനായി ഇവർ ആശ്രയിക്കുന്നത്. കോളനിയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ഇവർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതേവരെ ഇതൊന്നും നടപ്പിലാക്കാനായിട്ടില്ല.

കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ല

മഴക്കാലത്ത് ഞങ്ങളുടെ പിള്ളാർക്ക് സ്‌കൂളിൽ പോകാൻ പറ്റാറില്ല. മഴക്കാലത്തു കാട്ടിനകത്തെ വഴിയിലൂടെ അരക്കിലോമീറ്റർ നടന്നു പോയി വേണം സ്‌കൂൾ ഓട്ടോറിക്ഷയിൽ കയറാൻ. എന്നാൽ മഴക്കാലത്ത് വഴി മോശമായതുകാരണം സ്‌കൂൾ ഓട്ടോറിക്ഷകളൊന്നും കോളനിയിലേക്ക് വരില്ല. കോളനിയുടെ അരക്കിലോമീറ്റർ ഇപ്പുറത്താണ് ഓട്ടോറിക്ഷകൾ നിർത്തുക.അതുകൊണ്ട് പിള്ളേരെ ഒറ്റക്ക് ഞങ്ങൾ കാട്ടിലൂടെ വിടാറില്ല. മഴയത്ത് അരക്കിലോമീറ്റർ കാട്ടിലൂടെ പിള്ളേർ എങ്ങനെ നടക്കും? അതും ആനയുടെ ശല്യമുള്ള സ്ഥലത്തു കൂടെ എങ്ങനെ പിള്ളാരെ തനിയെ വിടും? അതുകൊണ്ട് നല്ല മഴയുള്ളപ്പോഴൊന്നും പിള്ളാരെ ഞങ്ങൾ സ്‌കൂളിൽ വിടില്ല. മഴയില്ലാത്തപ്പോൾ കുഴപ്പമില്ല. അപ്പോൾ ഓട്ടോറിക്ഷ വീടിനു മുന്നിൽ വരെ വരും.” കോളനിയിലെ “മൂത്ത” പറയുന്നു.

പാപ്പറമ്പിൽ നിന്നും അഴകാമ്പാറ ആദിവാസി കോളനി വരെഎത്തുന്ന റോഡിന്റെ ദൈർഘ്യം രണ്ടര കിലോമീറ്ററാണ്. ഇതിൽ രണ്ടു കിലോമീറ്റർ റോഡ് പല കാലയളവിലായി ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ആദിവാസികൾ മാത്രം ആശ്രയിക്കുന്ന കോളനിയിലേക്കുള്ള അരക്കിലോമീറ്റർ റോഡ് ഇപ്പോഴും പരിതാപകരമായ അവസ്ഥയിൽ തുടരുകയാണ്. ഇതാകട്ടെ ഏറ്റവും ദുർഘടം പിടിച്ച പാതയും. ഒരു മഴ പെയ്താൽ മതി വനത്തിനുള്ളിലൂടെയുള്ള മൺപാത ചെളിക്കുളമാകാൻ. കോളനിയിലെ ഒമ്പതോളം സ്‌കൂൾ വിദ്യാർഥികൾക്ക് സ്‌കൂളിലെത്താനുള്ള ഒരേയൊരു പാതയും ഇതുമാത്രമാണ്.

കോളനിയിൽ പുതിയ വീട് നിർമ്മിച്ച് നല്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞു. കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും നടപടികൾ എടുത്തുവരികയാണ്. കോളനിയിലേക്കുള്ള റോഡിന്റെ മുക്കാൽ ഭാഗവും ഗതാഗതയോഗ്യമാക്കിക്കഴിഞ്ഞു. വൈകാതെ ബാക്കി ഭാഗം കൂടി പൂർത്തീകരിക്കും.അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ. ജയകൃഷ്ണൻ പറഞ്ഞു.

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍