UPDATES

മൂന്ന് വർഷത്തിനുള്ളിൽ 469 പൊക്സോ കേസുകള്‍; ഇരകള്‍ക്ക് വേണ്ടത്ര സംരക്ഷണ കേന്ദ്രങ്ങളില്ലാതെ പാലക്കാട് ജില്ല

കുട്ടികൾക്ക് നേരെയുള്ള ലൈംകികാതിക്രമങ്ങളുടെ കാര്യത്തിൽ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്താണ്

ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്ന പെണ്‍കുട്ടികള്‍ക്ക് താമസിക്കാൻ പാലക്കാട് ജില്ലയിൽ വേണ്ടത്ര സംരക്ഷണ കേന്ദ്രങ്ങളില്ല. ജില്ലയിൽ പോക്സോ കേസുകൾ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ക്ക് താൽക്കാലിക താമസസൗകര്യം പോലും വേണ്ടത്ര ഒരുക്കാൻ ഭരണാധികാരികൾക്ക് കഴിയാത്തത്.

കുട്ടികൾക്ക് നേരെയുള്ള ലൈംകികാതിക്രമങ്ങളുടെ കാര്യത്തിൽ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 469 കേസുകളാണ് പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ്‌ എഗൈൻസ്റ്റ് സെക്ഷ്വൽ ഓഫൻസ്) നിയമത്തിന് കീഴിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ഏപ്രിൽ ആയപ്പോഴേക്കും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 180 കടന്നു. ഒരു വശത്ത് നിയമം കർക്കശമായി നടപ്പിലാക്കുമ്പോൾ മറുവശത്ത് അതിക്രമങ്ങൾക്ക് വിധേയരാകുന്ന പെണ്‍കുട്ടികള്‍ക്കുള്ള താൽക്കാലിക താമസത്തിന് പോലും വേണ്ടത്ര സൗകര്യങ്ങൾ ജില്ലയിൽ ഏർപ്പെടുത്താൻ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പറയേണ്ടിവരും.

ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്ന കുട്ടികൾക്കു മാത്രമായി നിലവിലുള്ളത് ഒലവക്കോട് പ്രവർത്തിക്കുന്ന “നിർഭയ” മാത്രമാണ്. ഇവിടെയാകട്ടെ 30 കുട്ടികളെ പാർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ മാത്രമേയുള്ളു. അതുകൊണ്ടുതന്നെ ഇത്തരം കുട്ടികളെ മഹിളാമന്ദിരം പോലുള്ള സർക്കാരിന്റെ മറ്റു കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ട അവസ്ഥയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കുമായി മഹിളാമന്ദിരം, നിർഭയ, കുടുംബശ്രീയുടെ സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്, മഹിളാ സമഖ്യ എന്നിങ്ങനെ നാല് കേന്ദ്രങ്ങൾ ജില്ലയിൽ സർക്കാരിന്റെ കീഴിലുണ്ട്. എന്നാൽ നാലു കേന്ദ്രങ്ങളും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിലാണ്. മാത്രവുമല്ല, നിർഭയയൊഴികെ മറ്റൊരു കേന്ദ്രങ്ങളിലും ദീർഘകാലം കുട്ടികളെ താമസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളില്ല. രക്ഷിതാക്കൾ തന്നെ പ്രതികളാകുന്ന കേസുകളിലാണ് പലപ്പോഴും കുട്ടികളെ ദീർഘകാലം താമസിപ്പിക്കേണ്ടി വരിക.

നിലവിൽ ഒലവക്കോട് പ്രവർത്തിക്കുന്ന നിർഭയയിൽ മാത്രമാണ് ഇത്തരത്തിൽ സൗകര്യമുള്ളത്. എന്നാൽ നിർഭയയിലെ സ്ഥലപരിമിതി മൂലം ഇപ്പോൾ കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സർക്കാർ ഗേൾസ്‌ ചിൽഡ്രൻസ് ഹോമിലാണ് ജില്ലയിൽ നിന്നും ദീർഘകാലം താമസിക്കേണ്ടി വരുന്ന കുട്ടികളെ പാർപ്പിക്കുന്നത്. 100 കുട്ടികളെ പാർപ്പിക്കാൻ കഴിയുന്ന ഇവിടെയും ഇപ്പോൾ ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ കുട്ടികളായിക്കഴിഞ്ഞു.

അടിയന്തിരഘട്ടങ്ങളിൽ പോലും താമസിപ്പിക്കാൻ താൽക്കാലിക കേന്ദ്രങ്ങളില്ല

പോക്സോ കേസുകളിൽ രക്ഷിതാക്കൾ പ്രതികളാകുന്ന സാഹചര്യത്തിൽ കുട്ടികളെ കേസിന്റെ ആദ്യഘട്ടങ്ങളിൽ വൈദ്യപരിശോധനയുടെയും മൊഴിയെടുക്കലിന്റെയും ഭാഗമായി കുറച്ചു ദിവസങ്ങൾ മാറ്റിപ്പാർപ്പിക്കേണ്ടി വരും. എന്നാൽ ഇത്തരത്തിൽ താൽക്കാലിക താമസത്തിന് പോലും ജില്ലയിൽ കാര്യമായ സംവിധാനങ്ങളില്ലെന്നതാണ് യാഥാർഥ്യം. പാലക്കാട് സിവിൽ സ്റ്റേഷന് സമീപത്തു പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സ്നേഹിത ഹെൽപ് ഡെസ്ക്, മുട്ടിക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന മഹിളാമന്ദിരം എന്നിവയിലാണ് ഇപ്പോൾ താൽക്കാലികമായി കുട്ടികളെ പാർപ്പിച്ചുവരുന്നത്.

കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലെത്തുന്നതുവരെ പെണ്‍കുട്ടികളെ പാർപ്പിക്കുന്നതിനാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്നേഹിത പ്രവർത്തിക്കുന്നത്. എന്നാൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്നേഹിതയിൽ ഇപ്പോൾ ഏഴുപേരെ താമസിപ്പിക്കാനുള്ള സൗകര്യമാണുള്ളത്. മാത്രവുമല്ല മൂന്നു മുതൽ അഞ്ചു ദിവസം വരെ മാത്രമേ കുട്ടികളെ ഇവിടെ താമസിപ്പിക്കാൻ ഇപ്പോൾ കഴിയുന്നുള്ളൂ. അതുകൊണ്ടുതന്നെ അടിയന്തിര ഘട്ടങ്ങളിൽ കുട്ടികളെ താമസിപ്പിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയുള്ള മഹിളാ മന്ദിരത്തിലാണ്. സ്ഥലപരിമിതിയാണ് മഹിളാമന്ദിരവും നേരിടുന്ന ഒരു പ്രതിസന്ധി. 33 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കേന്ദ്രത്തിൽ ഇപ്പോൾത്തന്നെ 44 അംഗങ്ങളായിക്കഴിഞ്ഞു. ഇവിടെ തിങ്ങിഞെരുങ്ങിയാണ് കുട്ടികള്‍ക്ക് കഴിയേണ്ടി വരുന്നത്.

ലൈംഗികാതിക്രമങ്ങളിൽ പെട്ടുപോകുന്ന കുട്ടികളെ താൽക്കാലികമായാണ് മഹിളാമന്ദിരത്തിലേക്ക് മാറ്റുന്നതെങ്കിലും ചിലപ്പോഴെങ്കിലും ദീർഘകാലം കുട്ടികളെ ഇവിടെ താമസിപ്പിക്കേണ്ടി വരുന്നുണ്ട്. നിർഭാഗ്യവശാൽ ‘നിർഭയ’ പോലുള്ള സ്ഥാപനങ്ങളിൽ നിന്നും കുട്ടികൾക്ക് കിട്ടുന്ന കൌണ്‍സലിംഗ് അടക്കമുള്ള സൗകര്യങ്ങൾ മഹിളാമന്ദിരത്തിൽ കുട്ടികൾക്ക് കൊടുക്കാൻ കഴിയാറില്ല.

“ജീവിതത്തിന്റെ പല തലത്തിൽ നിന്നും എത്തിപ്പെടുന്ന സ്ത്രീകളാണ് മഹിളാ മന്ദിരത്തിലുള്ളത്. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിന്റെ മർദ്ദനം സഹിക്കാതെ വീടുവിട്ട് പൊന്നവർ തുടങ്ങി ജീവിതത്തിന്റെ അനിശ്ചിതത്വം പേറുന്നവരാണിവർ. അസ്വസ്ഥമായ അത്തരം ആളുകൾക്കിടയിലേക്കാണ് കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി എത്തുന്നത്. ഇത് കുട്ടിയുടെ മാനസിക ഘടനയെ എത്രമാത്രം ബാധിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതും കുട്ടികളുടെ സുരക്ഷിതമായ ഭാവി മുന്നിൽക്കണ്ട് അവർക്ക് ദീർഘകാലം താമസിക്കാൻ കൂടി പറ്റുന്നതുമായ മികച്ചൊരു കേന്ദ്രം ഇവിടെയുണ്ടാകേണ്ടത് അത്യാവശ്യമാണ്”. ബാലാവകാശ സംരക്ഷണ സമിതി പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഗിരീഷ് കടുന്തുരുത്തി പറയുന്നു.

അതേസമയം ജില്ലയിൽ ഗേൾസ് ചിൽഡ്രൻസ് ഹോം സ്ഥാപിക്കുന്നതിനായി സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസർ നല്‍കിയത്.

ജില്ലയിൽ കണ്ണാടിയിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങിവച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഒട്ടനവധി നിർദ്ദേശങ്ങൾ വന്നതിനാൽ പോക്സോ കേസുകളിൽ ഉൾപ്പെടുന്ന പെണ്‍കുട്ടികൾക്കും ഇവിടെ പ്രത്യേകം താമസസൗകര്യമൊരുക്കാനും ആലോചിക്കുന്നുണ്ട്. കൌണ്‍സലിംഗ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍