രണ്ടു വര്‍ഷത്തിനിടെവയനാട് ജില്ലയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ വാച്ചറാണ് കെഞ്ചന്‍
ഇരുപതിലധികം വര്‍ഷങ്ങളായി വനംവകുപ്പില്‍ വാച്ചറായി ജോലി നോക്കുകയായിരുന്നു ബാവലിയിലെ കെഞ്ചന്‍. ജോലിയില്‍ പ്രവേശിച്ച് ഇക്കാലം വരെയും കാടിന്റെ ഓരോ മുക്കിലും മൂലയിലും ഏതാവശ്യത്തിനും കെഞ്ചനുണ്ടായിരുന്നു. നാട്ടുകാര്‍ക്കും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഏറെ പരിചിതനായിരുന്ന കെഞ്ചന്‍ കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബാവലിയില്‍ വനത്തിനകത്തെ പുഞ്ചവയല്‍ എന്നയിടത്ത് ആന്റി പോച്ചിംഗ് ക്യാമ്പിലേക്ക് ഡ്യൂട്ടിയ്ക്കായി പോകുന്നതിനിടെയാണ് കെഞ്ചനെ കാട്ടാന ആക്രമിച്ചത്. ഭാര്യ സീതയ്ക്കും സുഹൃത്തിനുമൊപ്പം കാടിനുള്ളിലൂടെ നടന്നു പോകവേ, അപ്രതീക്ഷിതമായാണ് സംഭവം. തലനാരിഴയ്ക്ക് രക്ഷപ്പെട്ട തനിക്കു മുന്നില്‍വച്ച് കെഞ്ചനെ കാട്ടാന ചവിട്ടുന്ന കാഴ്ചയുടെ മരവിപ്പിലാണ് സീതയിപ്പോഴും. പരാക്രമത്തിനു ശേഷം കാട്ടാന പിന്‍വലിഞ്ഞപ്പോള്‍, കെഞ്ചന്റെ മൃതദേഹത്തിനടുക്കല്‍ മണിക്കൂറുകളോളമാണ് സീത സഹായത്തിനായി കാത്തിരുന്നത് എന്നും പരാതികളുണ്ടായിരുന്നു. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പിലെത്തി കെഞ്ചന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കെഞ്ചന്റെ വീടും കോളനിയും മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല. പതിറ്റാണ്ടുകളായി വനംവകുപ്പിന്റെ ഭാഗമായ കെഞ്ചന്റെ മരണത്തില്‍ ഉദ്യോഗസ്ഥരും ദുഃഖത്തിലാണ്. എന്നാല്‍, കെഞ്ചന്റെ മരണം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളെ പരിഗണിക്കാതിരിക്കാനാകില്ല എന്നതാണ് വാസ്തവം. ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാടിനെ കൈരേഖകള്‍ പോലെയറിയാമെന്ന് വനംവകുപ്പു വിശ്വസിക്കുന്നത് പോലെത്തന്നെ, കാട്ടില്‍ തങ്ങള്‍ക്ക് അപകടം വരാന്‍ സാധ്യത കുറവാണെന്ന് ആദിവാസി കോളനികളിലെ യുവാക്കളും കരുതുന്നുണ്ട്. എങ്കിലും, പോയ വര്‍ഷങ്ങളിലെ ചില കണക്കുകള്‍ പരിശോധിച്ചാല്‍, ഗോത്രവിഭാഗത്തില്‍ നിന്നുള്ള വനംവകുപ്പ് വാച്ചര്‍മാരുടെ തൊഴിലിടത്തിലെ സുരക്ഷയെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്ന് തിരിച്ചറിയാനാകും. വയനാട്ടിലെ ആദിവാസി അവകാശപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത് ഇതു തന്നെ. വനത്തേയും വന്യമൃഗങ്ങളേയും ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഗോത്രവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണെന്ന വിശദീകരണത്തിനു പുറത്താണ്, ആദിവാസികളെ വാച്ചര്‍മാരായി നിയമിക്കുന്ന കീഴ്‌വഴക്കം ആരംഭിച്ചത്. വനവിഭവങ്ങള്‍ ശേഖരിച്ചും കൂലിപ്പണി ചെയ്തും നിത്യജീവിതം പുലര്‍ത്തിയിരുന്ന ആദിവാസി കോളനികളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നു എന്നത് തീര്‍ച്ചയായും സ്വീകാര്യമാണ്. എന്നാല്‍, വാച്ചര്‍മാരായി ജോലിയേല്‍ക്കുന്ന ആദിവാസികള്‍ തങ്ങളുടെ സാമൂഹിക ചുറ്റുപാടുകളുടെ ഇരകളായിത്തീരുകയാണ് പതിവ്. ഏതു വിധേനയും ആദിവാസിയെ വ്യവസ്ഥിതിയുടെ താഴേത്തട്ടില്‍ മാത്രം ഒതുക്കിനിര്‍ത്തുന്ന പതിവ് ഇവിടെയും തെറ്റാറില്ലെന്ന് ആദിവാസി അവകാശ പ്രവര്‍ത്തകയായ അമ്മിണി കെ ചൂണ്ടിക്കാട്ടുന്നു.
‘ഗോത്രവിഭാഗത്തില്‍പ്പെട്ട വാച്ചര്‍മാര്‍ക്ക് വനവുമായി നല്ല ബന്ധമുണ്ട്, അവര്‍ക്ക് സ്ഥലമെല്ലാമറിയാം എന്നെല്ലാം പറഞ്ഞാണ് ഇവരെ പറഞ്ഞയയ്ക്കുന്നത്. ശ്രദ്ധിക്കേണ്ടതെന്താണെന്നുവച്ചാല്‍, ഏറ്റവുമധികം അപകടത്തില്‍പ്പെടുന്നത് ഇവരാണ്. ആനയോ മറ്റു വന്യമൃഗങ്ങളോ പരിസരത്തുണ്ടെങ്കില്‍ പെട്ടന്ന് കണ്ടെത്താനും രക്ഷപ്പെടാനും ആദിവാസികള്‍ക്ക് സാധിക്കും എന്നൊരു പൊതു വിശ്വാസമുണ്ടല്ലോ. സത്യത്തില്‍ അതൊരു പൊതുബോധത്തിന്റെ ഭാഗമായുണ്ടാകുന്ന ചിന്തയാണ്. ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കിലും അല്ലെങ്കിലും, വാച്ചര്‍മാരുടെ സുരക്ഷ ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് ബാധ്യസ്ഥരാണ്. ഏതു ഭാഗത്താണ് വന്യമൃഗങ്ങള്‍ കൂടുതല്‍ ആക്രമിക്കാന്‍ സാധ്യത എന്ന് ഫോറസ്റ്റുകാര്‍ക്ക് അറിയാമായിരിക്കുമല്ലോ. വാച്ചര്‍മാരെ ഇങ്ങനെ പറഞ്ഞയയ്ക്കുമ്പോള്‍ അവരത് ശ്രദ്ധിക്കേണ്ടതാണ്. വനംവകുപ്പില്‍ ഏറ്റവും താഴേത്തട്ടില്‍ ജോലിചെയ്യുന്നയാളുകളാണല്ലോ വാച്ചര്‍മാര്‍. കാടിനുള്ളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനെ തുരത്താന്‍, കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് കയറ്റിവിടാന്‍ എല്ലാത്തിനും വാച്ചര്‍മാരെയാണ് ആശ്രയിക്കുക. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം തോക്കും മറ്റു പ്രതിരോധമാര്‍ഗ്ഗങ്ങളുമുണ്ടാകും. വാച്ചര്‍മാരെ വിട്ട് രംഗം ക്ലിയറാക്കിയ ശേഷം മാത്രമാണ് ഇവരെല്ലാം വരിക. സ്വയരക്ഷയ്ക്കായുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഓഫീസര്‍മാര്‍ക്കുണ്ട്. നേരെ മറിച്ച് വാച്ചര്‍മാരോട്, ഇതാണ് നിങ്ങളുടെ ഡ്യൂട്ടി എന്നു പറഞ്ഞ് അപകടകരമായ ജോലി ചെയ്യിപ്പിക്കുന്നുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നും മോശം അനുഭവം നേരിടേണ്ടിവരുന്ന കഥകളും കുറവല്ല. നിലനില്‍പ്പിന്റെ പ്രശ്‌നമായതിനാല്‍ ആരും ജോലി കളഞ്ഞു പോകുന്നില്ലെന്നുമാത്രം. വനം വകുപ്പ് ഗോത്രവിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നു എന്ന പേരു മാത്രമുണ്ട്. എല്ലാ അപകടങ്ങളും വെറും കൈയോടെ നേരിടേണ്ടി വരുന്ന ഇവരെക്കുറിച്ച് ആരും സംസാരിക്കാറില്ല. ചിലപ്പോള്‍ റേഞ്ചര്‍മാര്‍ വരുന്നതുവരെ കാവല്‍ കിടക്കേണ്ടി വരികയും ചെയ്യും.’
കെഞ്ചന്റെ മരണം വയനാട് ജില്ലയിലെ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അവകാശപ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ വാച്ചറാണ് കെഞ്ചന്‍. തിരുനെല്ലിയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളും. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേഗൂര്‍ കോളനിയിലെ ബൊമ്മന്‍ എന്ന വാച്ചറും മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലായിരുന്നു. മതിയായ ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളോ സുരക്ഷാ സൗകര്യങ്ങളോ ഇല്ലാതെ ജോലിയ്ക്കിറങ്ങി കൊല്ലപ്പെടുന്ന വാച്ചര്‍മാരെല്ലാം ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ളവരാണു താനും. നൂറോളം ജീവനുകള്‍ കാട്ടാനയുടെ കൈയില്‍ പൊലിഞ്ഞിട്ടുള്ള തിരുനെല്ലി പഞ്ചായത്തില്‍, വാച്ചര്‍മാരെ ജോലിക്കു പറഞ്ഞയയ്ക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് റബ്ബര്‍ ബുള്ളറ്റുള്ള തോക്കുകളോ ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാനുള്ള സാമഗ്രികളോ കൊടുത്തയയ്ക്കണമെന്ന ആവശ്യം ബൊമ്മന്റെ മരണത്തോടെത്തന്നെ ശക്തമായിരുന്നതാണ്. അപ്പോഴും, ആദിവാസിക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പ്രത്യേക കഴിവുകളുണ്ട് എന്ന വാദത്തില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു അധികൃതര്‍. വനത്തിനകത്തുള്ള ആന്റി പോച്ചിംഗ് ക്യാമ്പുകളിലേക്ക് വാച്ചര്‍മാരെ വനംവകുപ്പിന്റെ ജീപ്പില്‍ എത്തിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും മിക്കപ്പോഴും അതും പാലിക്കപ്പെടാറില്ല. വാച്ചര്‍മാര്‍ നടന്നു പൊയ്‌ക്കൊള്ളാമെന്ന് അറിയിക്കുന്നു എന്നതാണ് അധികൃതര്‍ ഈ വീഴ്ചയ്ക്കു നല്‍കുന്ന വിശദീകരണം. കെഞ്ചനും ഇത്തരത്തില്‍ ജീപ്പു വേണ്ടെന്ന് അറിയിച്ചാണ് ക്യാമ്പിലേക്ക് പോയിരുന്നത്. എന്നാല്‍, വാച്ചര്‍മാര്‍ നിരസിച്ചാലും ജീപ്പ് സൗകര്യം നിര്‍ബന്ധമായും ലഭ്യമാക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ ടി സി ജോസഫിനു പറയാനുള്ളത്.
‘കര്‍ണാടകയിലും വാച്ചര്‍മാരായി ജോലി നോക്കുന്നത് ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ്. അവിടെ എല്ലാവര്‍ക്കും ആയുധം കൊടുത്തിട്ടുണ്ട്. നിരായുധരായി ആരും ഉള്‍ക്കാട്ടില്‍ പോകാറില്ല, റേഞ്ചറായാലും വാച്ചറായാലും. ശബ്ദമുണ്ടാക്കുന്ന തോക്കുകളും റബ്ബര്‍ ബുള്ളറ്റ് തോക്കുകളും ലഭ്യമാണല്ലോ. വാച്ചര്‍മാര്‍ക്ക് അതു വിതരണം ചെയ്യുകയാണ് വേണ്ടത്. ആനയുടെ മുന്നില്‍പ്പെട്ടാല്‍, വലിയ ശബ്ദമുണ്ടാക്കാന്‍ സാധിച്ചാല്‍ മതി. ആന മാറിപ്പൊയ്‌ക്കൊള്ളും. അതിനു പോലും വനംവകുപ്പ് ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷിയിടത്തില്‍ ആനയിറങ്ങിയാല്‍ ഓടിക്കാന്‍ വരുന്ന വനപാലകരുടെ ആയുധമാണെങ്കില്‍ മുളവടിയും പടക്കവുമാണ്. ആനയെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചിട്ട് ഇതുവരെ അഞ്ചു പേരുടെ കൈ പോയിട്ടുണ്ട്. മൂന്നു പേരുടെ കേള്‍വിശക്തി തന്നെ നഷ്ടപ്പെട്ടു. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം മൂന്നു വാച്ചര്‍മാര്‍ക്കാണ് ഇത്തരത്തില്‍ പരിക്കേറ്റിട്ടുള്ളത്. ആരാണ് ഇവരെ സംരക്ഷിക്കുക? ആയുധമാണ് അവര്‍ക്കാവശ്യം. കാടിനകത്ത് അഞ്ചും എട്ടും കിലോമീറ്റര്‍ ഉള്ളിലാണ് ആന്റി പോച്ചിംഗ് ക്യാമ്പുകള്‍ ഉള്ളത്. അവിടേക്ക് വാച്ചര്‍മാരെ കൊണ്ടുവിടണമെന്ന് നിയമമുണ്ട്. അതും നടക്കാറില്ല. കാടിന്റെ മക്കളാണ് ഇവരെല്ലാം. കാട്ടിനകത്ത് നടന്നു പൊയ്‌ക്കൊള്ളാം എന്നു പറയാനുള്ള ധൈര്യം അവര്‍ക്കുണ്ടാകും. അതാണ് മിക്കപ്പോഴും സംഭവിക്കാറ്. പക്ഷേ, വാഹനത്തില്‍ കൊണ്ടു ചെല്ലുന്നു എന്നത് കര്‍ശനമായും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ഒരു കാരണവശാലും നടന്നുപോകാന്‍ അനുവദിച്ചുകൂടാ. അവര്‍ക്ക് അറിയാവുന്ന സ്ഥലങ്ങളാണ്, അറിയാവുന്ന വഴികളാണ് എന്നു പറഞ്ഞ് കാത്തിരിക്കാന്‍ സാധിക്കില്ല. തേനെടുക്കാന്‍ പോകുന്നവര്‍ വരെ വന്യജീവികളുടെ ആക്രമണത്തില്‍ മരിക്കുന്നില്ലേ. ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റില്‍ താഴേക്കിടയിലുള്ള ജോലിക്കാരുടെ എണ്ണം കുറവും അവര്‍ക്കു ലഭിക്കുന്ന സുരക്ഷ ഏറ്റവും തുച്ഛവുമാണ്. വനപാലകര്‍ക്ക് ആവശ്യമായ സംരക്ഷണവും പോരായ്മയും നല്‍കപ്പെടുന്നില്ല എന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ പോരായ്മയാണ്. വനത്തിന്റെ വിസ്തൃതിയ്ക്കനുസരിച്ചുള്ളത്ര വനപാലകര്‍ ജോലിയ്ക്കില്ല എന്നതും ശ്രദ്ധിക്കണം. ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കിയാലേ എന്തെങ്കിലും വഴിയുണ്ടാവുകയുള്ളൂ.’ വന്യമൃഗ ശല്യ പ്രതിരോധ കര്‍മസമിതി ചെയര്‍മാന്‍ കൂടിയായ ജോസഫ് പറയുന്നതിങ്ങനെ.
കെഞ്ചന്റെ ദാരുണമായ മരണം കൂടുതല്‍ ദുഃഖമുണ്ടാക്കുന്നത് മറ്റൊരു വിഷയം കൂടി പരിശോധിക്കുമ്പോഴാണ്. ഇരുപതു വര്‍ഷക്കാലമായി വാച്ചറായി ജോലി നോക്കിയിട്ടും കെഞ്ചന്‍ മരണം വരെ വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഇരുപതു വര്‍ഷം ജോലി നോക്കിയിട്ടുള്ള ഗോത്രവിഭാഗക്കാരെ വാച്ചര്‍മാരായി സ്ഥിരപ്പെടുത്തണം എന്ന സര്‍ക്കാര്‍ ശുപാര്‍ശയുണ്ടായിട്ടും, കെഞ്ചന്‍ താല്‍ക്കാലിക ജീവനക്കാരനായി തുടരുകയായിരുന്നു എന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ഥിരപ്പെടാനുള്ള യോഗ്യതയുണ്ടായിട്ടുപോലും, രേഖകളില്‍ എന്തോ നിസ്സാര പിശക് കടന്നുകൂടിയതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക ജീവനക്കാരനായി തുടരേണ്ടി വന്നതെന്ന് കോളനിക്കാര്‍ പറയുന്നു. സ്ഥിരജോലിയ്ക്കായി ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും, മറ്റു വരുമാനമാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ താല്‍ക്കാലിക വാച്ചറായി തുടരുകയായിരുന്നു കെഞ്ചന്‍. അതുകൊണ്ടു തന്നെ, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം മാത്രമാണ് സീതയ്ക്കു ലഭിക്കുക എന്ന് ടി.സി ജോസഫ് വിശദീകരിക്കുന്നു. ഇരുപതു വര്‍ഷം സര്‍ക്കാര്‍ ജോലി ചെയ്തിട്ടും സര്‍ക്കാര്‍ ജോലിക്കാരനല്ലാതെയാണ് കെഞ്ചന്റെ മരണം. മറ്റു വരുമാന മാര്‍ഗ്ഗങ്ങളില്ലാത്ത കെഞ്ചന്റെ കുടുംബം ഇനി എന്ത് എന്ന പകപ്പിലാണ്.
അതേസമയം, ഗോത്രവിഭാഗക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നില്ല എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും, ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ബാവലി വാര്‍ഡ് മെംബര്‍ വല്‍സല കുമാരിയുടെ പക്ഷം. വാച്ചര്‍മാര്‍ മാത്രമാണ് ആക്രമണത്തിന് ഇരയാകുന്നതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും വല്‍സല കുമാരി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ‘ക്യാംപില്‍ പോകുന്ന വാച്ചര്‍മാരെ ഫോറസ്റ്റുകാര്‍ തന്നെ വാഹനത്തില്‍ കൊണ്ടുപോയി വിടാറാണ് പതിവ്. അന്നും അങ്ങനെ കൊണ്ടുവിടാം എന്നു പറഞ്ഞതാണ്. പക്ഷേ കെഞ്ചന്‍ നടന്നു പൊയ്‌ക്കൊള്ളാം എന്നു പറഞ്ഞു പോകുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ബേഗൂരിലും ഒരു വാച്ചര്‍ മരിച്ചിരുന്നു. അന്ന് യഥാര്‍ത്ഥത്തില്‍ റേഞ്ചറായിരുന്നു മരിക്കേണ്ടിയിരുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വാച്ചര്‍ മരിച്ചത്. അല്ലാതെ വാച്ചര്‍മാര്‍ മാത്രം സുരക്ഷിതമല്ലാതെ ജോലി ചെയ്യുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. വനംവകുപ്പു കൊടുത്ത അഞ്ചു സെന്റ് സ്ഥലത്ത് കോളനിയില്‍ വീടുവച്ചാണ് കെഞ്ചന്‍ താമസിച്ചിരുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള കോളനിയാണ്. നല്ല സ്‌നേഹമുള്ള മനുഷ്യനായിരുന്നു. നാട്ടുകാര്‍ക്കും ഫോറസ്റ്റുകാര്‍ക്കും വലിയ കാര്യമായിരുന്നു. ഫോറസ്റ്റുകാരും കെഞ്ചന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ്.’
വാച്ചര്‍മാരെ മാത്രമായി ആരും മാറ്റിനിര്‍ത്തുന്നില്ല എന്നാണ് അധികൃതരുടെ നിലപാടെങ്കിലും, മുന്‍പു പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍ കൂടി പരിശോധിക്കുമ്പോള്‍ തിരിച്ചറിയാനാകുന്ന വസ്തുത മറ്റൊന്നാണ്. ആദിവാസികളില്‍ നിന്നും വാച്ചര്‍ ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകള്‍ മുതല്‍, ഇവര്‍ ജോലിക്കിറങ്ങുന്നയിടങ്ങളില്‍ വരെ കടുത്ത വിവേചനം നിലനില്‍ക്കുന്നതായി നേരത്തേയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യം പോലും ഉറപ്പുവരുത്താതെയാണ് പരിശീലനത്തിനായി ക്യാമ്പുകളില്‍ വാച്ചര്‍മാരെ എത്തിക്കുന്നതെന്നും, ഉദ്യോഗസ്ഥര്‍ ഇവരോട് തീര്‍ത്തും അധിക്ഷേപകരമായ രീതിയിലാണ് പെരുമാറുന്നതെന്നും ആരോപണമുണ്ടായിരുന്നു. വാച്ചര്‍മാരെ ഉന്നത ഉദ്യോഗസ്ഥരുടെ ദാസ്യവേലയ്ക്കായി നിയോഗിക്കുന്നുവെന്ന പരാതിയും പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു കേട്ടിട്ടുള്ളതാണ്. കെഞ്ചന്റെ ജോലി ഇരുപതു വര്‍ഷത്തിനു ശേഷവും താല്‍ക്കാലികമായി തുടര്‍ന്നതിനും മറ്റു കാരണങ്ങളന്വേഷിക്കേണ്ടതില്ലെന്ന് അവകാശപ്രവര്‍ത്തകര്‍ പറയുന്നു. തുടരെത്തുടരെയായി ഉണ്ടാകുന്ന മരണങ്ങള്‍ കണക്കിലെടുത്തെങ്കിലും, വാച്ചര്‍മാരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ടതാണെന്നാണ് ഇവരുടെ ആവശ്യം. വനത്തിന്റെ വിസ്തൃതിയ്ക്ക് ആനുപാതികമായി വാച്ചര്‍മാരെ നിയമിക്കുകയും ഉള്ളവര്‍ക്കെല്ലാം റബ്ബര്‍ ബുള്ളറ്റുള്ള തോക്കെങ്കിലും നല്‍കുകയും ചെയ്താല്‍, ഒരു പരിധി വരെ സ്വയരക്ഷയ്ക്ക് അതു മതിയാകും എന്നും ഇവര്‍ പറയുന്നു. ബൊമ്മന്റെ മരണത്തിനു ശേഷം ആവശ്യപ്പെട്ടതെല്ലാം കെഞ്ചന്റെ മരണത്തെത്തുടര്‍ന്നും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ ഇവര്‍ക്ക് ദുഃഖമുണ്ട്. എങ്കിലും, ഇനിയൊരു തവണ കൂടി ഈ ആവശ്യങ്ങള്‍ ഉയര്‍ത്തേണ്ടിവരാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുകയാണിവര്‍.