സംസ്ഥാനം ആവശ്യപ്പെട്ടത് 7340 കോടിയുടെ പ്രത്യേക പാക്കേജിന്
ഓഖി ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കില്ലെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഓഖി ദുരന്തത്തിന്‍റെ ഫലമായി വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങൾ എന്തല്ലാമാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ‘ഇല്ല’ എന്നാണ് കൃഷിവകുപ്പ് മന്ത്രി കൃഷ്ണരാജ് മറുപടി പറഞ്ഞത്.
മതിയായ ഫണ്ട് അനുവദിക്കാത്തതിനാൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെകുറിച്ച് മാർച്ചിൽ കേരള നിയമസഭയിൽ ഒരു ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചക്ക് മറുപടിയായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത് 7340 കോടിയുടെ പ്രത്യേക പാക്കേജിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല എന്നായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നതിനായി സമ്മർദ്ദം ചെലുത്തുമെന്നും അവര്‍ പറഞ്ഞിരുന്നു.
2017 നവംബര്‍ 29ന് തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ന്യൂനമര്‍ദത്തിന്‍റെ ഫലമായി ഓഖി രൂപംകൊണ്ടത്. 81 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഈ ചുഴലിക്കാറ്റ് കവര്‍ന്നത്. 91 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. കന്യാകുമാരിക്ക് അടുത്തുനിന്നും ദിശ മാറി അറബിക്കടലിലെ ലക്ഷദ്വീപ് ലക്ഷ്യമാക്കി വന്ന ഓഖി തമിഴ്നാട്ടിലെയും കേരളത്തിലെയും തെക്കൻ ജില്ലകളില്‍ കനത്ത നാശം വിതച്ചിരുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കേരളത്തിലെ തിരുവനന്തപുരം ജില്ലയിലും. കേരളത്തിലുടനീളം 1843 കോടി രൂപയുടേയും, തമിഴ്നാട്ടിൽ 1000 കോടി രൂപയുടേയും നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, പ്രത്യേക പാക്കേജ് അനുവദിക്കില്ലെന്ന് സർക്കാർ പറയുന്നത് കേൾക്കേണ്ടിവന്നതില്‍ തീര്‍ത്തും നിരാശയുണ്ടെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി. പീറ്റർ പറഞ്ഞു. ‘പ്രത്യേക പാക്കേജ് എന്നത് ഞങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. അത് അനുവദിക്കില്ലെന്ന് പറഞ്ഞത് ദൌര്‍ഭാഗ്യകരമാണ്. നാളെ ഞങ്ങൾ പാർലമെന്‍റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അവിടെ ഈ പ്രശ്നം ഉന്നയിക്കും’ പീറ്റര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഇപ്പോഴും നഷ്ടങ്ങള്‍ നികത്താന്‍ സാമ്പത്തികമായി വളരെയധികം പ്രയാസപ്പെടുകയാണെന്നും അദ്ദേഹം ച്ചേര്‍ത്തു. തങ്ങള്‍ പ്രത്യേക പാക്കേജ് ഔദ്യോഗികമായിതന്നെ ആവശ്യപ്പെട്ടിരുന്നതായി ലത്തീന്‍ അതിരൂപതയുടെ വക്താവ് ഫാ. ലെനിൻ രാജും വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും (എസ്.ഡി.ആർ. എഫ്) കേന്ദ്ര സർക്കാർ 76.50 കോടി രൂപയും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും (എൻ ഡി ആർ എഫ്) 133 കോടി രൂപയും ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്ന് മറുപടിയിൽ കേന്ദ്രമന്ത്രി വിശദീകരിച്ചു. സമാനമായി, അടിയന്തിര സഹായ നടപടികൾ കൈക്കൊള്ളുന്നതിനായി 413.55 കോടി രൂപ (എസ്.ഡി.ആർ.എഫിൽ നിന്ന് 280.50 കോടി രൂപയും എൻ.ഡി.ആർ.എഫിൽ നിന്ന് 133.05 കോടി രൂപയും) തമിഴ്നാടിനും അനുവദിച്ചു.
ഓഖി ചുഴലിക്കാറ്റ് ബാധിച്ച കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളെ സഹായിക്കുന്നതിന് 741.60 ലക്ഷം രൂപ 2017-18 കാലഘട്ടത്തിൽ കേരള സർക്കാര്‍ ആവശ്യപ്പെട്ടിരുന്നതായും, തുടര്‍ന്ന് കേന്ദ്രവിഹിതമെന്നോണം 194.40 ലക്ഷം രൂപ അനുവദിച്ചതായും കൃഷ്ണരാജ് പറഞ്ഞു.
43 പേരുടെ ജീവനെടുത്ത മുതലപ്പൊഴി; അശാസ്ത്രീയ പുലിമുട്ട് നിര്‍മ്മാണം തീര്‍ത്ത മരണക്കെണി
നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം