UPDATES

കെവിനെ കൊന്നത് ജാതി; പക്ഷേ, ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാകരുത്

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ‘ജാതിരഹിത’ കേരളത്തിലെ ജാതി തുറന്നു പറയേണ്ടതായിവന്നിരിക്കുന്നു.

കെവിന്‍ ഒടുവില്‍ അന്ത്യവിശ്രമത്തിലായി. എന്നാല്‍ ദുരഭിമാന കൊലപാതകം സമൂഹത്തിലേക്ക് ഉയര്‍ത്തിവിട്ട ചോദ്യങ്ങള്‍ക്ക് അവസാനമാവുന്നില്ല. കെവിനെ കൊലപ്പെടുത്തിയത് ജാതിയാണ്, മതം മാറിയാലും മാറാത്ത ജാതി ബോധമാണ്. കെവിന്റെ മരണത്തില്‍ എന്നാല്‍ ഉത്തരവാദിത്തം ജാതിക്ക് മാത്രമല്ല. ആഭ്യന്തര വകുപ്പിന്റെ പരാജയം വീണ്ടും തെളിയിക്കുന്നതായിരുന്നു ആ കൊലപാതകം.

‘ജാതിരഹിത കേരളം’ വീമ്പ് പറച്ചിലുകാരുടെ വായടപ്പിക്കുന്നതായിരുന്നു ഒന്നാം നമ്പര്‍ പുരോഗമന കേരളത്തില്‍ നടന്ന മറ്റൊരു ദുരഭിമാനക്കൊല. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ജാതി ബോധത്തെ അഡ്രസ് ചെയ്യാതെ ഇനി കേരളത്തിനോ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മുന്നോട്ട് പോവാനാവില്ല എന്ന് വിളിച്ചു പറയുന്നതായിരുന്നു മൂന്ന് ദിവസമായി നടന്ന സംഭവങ്ങള്‍. ജാതിയുടേയും മതത്തിന്റേയും പേരിലുള്ള കൊലപാതകത്തില്‍ സമൂഹം ഒന്നടങ്കം പ്രതികരിക്കുന്നതാണ് കെവിന്റെ കൊലപാതകത്തിന് ശേഷം കണ്ടത്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ജാതിരഹിത കേരളത്തിലെ ജാതി തുറന്നു പറയേണ്ടതായി വന്നു. അതില്‍ പ്രതിഷേധിക്കേണ്ടതായി വന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ അന്ന് മുതല്‍ കേരളത്തില്‍, പ്രത്യേകിച്ച് കോട്ടയത്ത് ശക്തിയാര്‍ജ്ജിച്ച ദളിത് പ്രതിഷേധങ്ങളും സമൂഹത്തോട് പറഞ്ഞത് മറ്റൊന്നല്ല. ദളിതരും ദളിത് സംഘടനകളും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലേക്ക് വരെ നീണ്ടു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന മധുവിന്റെ കൊലപാതകത്തില്‍ ഉണ്ടായിവന്ന പ്രതിഷേധങ്ങളേക്കാള്‍ കനത്ത സ്വരത്തിലായിരുന്നു സോഷ്യല്‍ മീഡിയ കെവിന്റെ മരണം ഏറ്റെടുത്തത്. ഇപ്പോഴും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധ ശബ്ദങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ സമൂഹത്തിനോ കേരളം ഭരിക്കുന്നവര്‍ക്കോ ഇനി ആവില്ല എന്ന് വേണം കരുതാന്‍.

എന്നാല്‍ പ്രതിഷേധങ്ങളും ചര്‍ച്ചകളും പലവഴിക്കുയര്‍ന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ആഭ്യന്തരവകുപ്പിന്റെ സമീപനമാണ് കേരളം മറ്റൊരു തരത്തില്‍ ചോദ്യം ചെയ്തത്. സാധാരണക്കാരന് നീതി ലഭ്യമാക്കേണ്ട പോലീസ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതാണ് ഒരുപക്ഷേ കെവിന്റെ മരണത്തിലേക്ക് പോലും നയിച്ചത്. കെവിനെ തട്ടിക്കൊണ്ട് പോയതിന് മണിക്കൂറുകള്‍ക്കുള്ളില്‍, ഒരു സംഘമാളുകള്‍ മകനെ പിടിച്ചുകൊണ്ട് പോയി എന്ന പരാതിയുമായി എത്തിയ അച്ഛന്റെ പരാതികള്‍ക്ക് പോലീസ് വിലകല്‍പ്പിച്ചില്ല. തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഞ്ചിയ ഇരുപതുകാരിയുടെ അപേക്ഷകള്‍ക്കും വിലയുണ്ടായില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷയൊരുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി പോയതിന് ശേഷം ആലോചിക്കാമെന്ന പോലീസിന്റെ മറുപടിയാണ് കെവിന്റെ ഭാര്യ നീനുവിനെ ആദ്യം തളര്‍ത്തിയത്. തന്റെ സഹോദരനുള്‍പ്പെടെയുള്ളവരാണ് കെവിനെ തട്ടിക്കൊണ്ട് പോയതെന്നും അയാളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിസ്സഹായയായി രാവിലെ മുതല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന നീനുവിന്റെ കണ്ണീരിനും പോലീസ് വിലകല്‍പ്പിച്ചില്ല. 2016മെയ് മാസത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളിലേതിലും കുറവ് വന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ പോലീസിന്റെ സമീപനമാണ് ചര്‍ച്ചയായത്. അകാരണമായി തല്ലിച്ചതക്കുന്ന, ആളുമാറി പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുന്ന കേരളത്തിലെ പോലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ ഒടുവിലത്തെ തെളിവാണ് കെവിന്റെ കൊലപാതകം.

കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനായി തങ്കുബ്രദര്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനാണ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തെത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരാക്കുന്നതിനിടെ പോലീസുകാര്‍ കണ്ടില്ലെന്ന് നടിച്ച നീനുവിന്റെ കണ്ണീരിന് മുഖ്യമന്ത്രിയും മറുപടി പറയേണ്ടതായി വരുന്നു. തനിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ പോലീസ് കാണിച്ച അലംഭാവത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ അദ്ദേഹം അസ്വസ്ഥനാവുന്നതാണ് കണ്ടത്. ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവിന് തന്റെ സുരക്ഷാചുമതല ഉണ്ടായിരുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ അദ്ദേഹം പങ്കെടുത്ത പരിപാടിയില്‍ വേദിയുടെ സുരക്ഷാചുമതല ഗാന്ധിനഗര്‍ എസ്‌ഐയ്ക്കായിരുന്നു എന്നതിന്‍റെ വിവരങ്ങളാണ് പുറത്തുവരുന്നത്. എസ്‌ഐ പരിപാടി സ്ഥലത്തുണ്ടായിരുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചു. 365 പോലീസുകാരാണ് കോട്ടയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനെത്തിയിരുന്നത്. മുഖ്യമന്ത്രി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതോ, അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നതോ നിയമപരമായും ധാര്‍മ്മികമായും തെറ്റല്ല. എന്നാല്‍ ഒരു ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുന്നില്‍ കെഞ്ചി നില്‍ക്കുന്ന സാധരണക്കാരനെ പരിഗണിക്കുക കൂടി ചെയ്യാതെ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പോയ പോലീസിന്റെ ധാര്‍മ്മികതയെയാണ് സമൂഹം ചോദ്യം ചെയ്യുന്നത്. അതും അധികാരത്തിലേറിയപ്പോള്‍ താന്‍ എസ്‌കോര്‍ട്ട് ഇല്ലാതെ യാത്ര ചെയ്യും എന്ന് പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രിയുടെ കീഴിലെ പോലീസ് അങ്ങനെ ചെയ്യുമ്പോഴാണ് ആ പ്രവര്‍ത്തി ഏറെ വിമര്‍ശിക്കപ്പെടുന്നത്. ശ്രീജിത്തിന്റെ കൊലപാതകത്തിലും, കെവിനെ കണ്ടെത്തുന്നതില്‍ പോലീസ് കാണിച്ച അലംഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമാണ് പോലീസിനെതിരെ ഉയര്‍ത്തിയതെങ്കിലും ആഭ്യന്ത്രവകുപ്പ് കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കെവിനെ അന്വേഷിച്ചിറങ്ങാന്‍ പോലീസ് കാത്തുനിന്ന ഒരു ദിവസത്തിന് ഒരു ജീവന്റെ വിലയുണ്ടായിരുന്നു.

കെവിന്റെ മരണത്തിന് പിന്നാലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി നിരത്തിലിറങ്ങുകയും ബിജെപിയും യുഡിഎഫും സിഎസ്ഡിഎസും കോട്ടയത്ത് ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. ജാതിക്കൊലയെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വന്ന ബിജെപിയുടെ നിലപാട് കൂടി ഈ സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. രാജ്യത്തൊന്നടങ്കം ദുരഭിമാനക്കൊലകളും വംശഹത്യയും തുടരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കൊലപാതകത്തിലെ ജാതീയത ആരോപിച്ച് നിരത്തിലിറങ്ങാന്‍ എങ്ങനെ കഴിയുമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പ്രത്യക്ഷവും സൂക്ഷ്മവുമായ നിരവധി കാര്യങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുന്നത് കൂടിയാണ് കെവിന്റെ കൊലപാതകം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍