UPDATES

ശ്രീജിത്തിനെ പുറത്താക്കിയോ എന്നതവിടെ നില്‍ക്കട്ടെ; ജിഷ്ണു കേസ് എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് നോക്കൂ

പൊതുസമൂഹത്തിന് പൂര്‍ണ്ണമായും തെറ്റെന്നു തോന്നുന്ന ഒരു വിധിപ്രസ്താവം നടത്താന്‍ മാത്രം ദുര്‍ബലമായ കേസാണ് കേരള പോലീസ് ഫ്രെയിം ചെയ്തിരിക്കുന്നത്

ഏപ്രില്‍ പത്താം തീയതി രാത്രി കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഎം അതിന്റെ പ്രാഥമിക ഘടകമായ ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നു പുറത്താക്കി എന്നതായിരുന്നു. വാര്‍ത്ത ചില മുഖ്യധാര മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പുറത്തു വിട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ ബഹളങ്ങളും ആശങ്കകളും നിരാശപ്രകടനങ്ങളും അരങ്ങേറി. അതേസമയം, പാര്‍ട്ടി തന്നെ വണ്ണാര്‍ക്കണ്ടി ബ്രാഞ്ചില്‍ നിന്നു പുറത്താക്കി എന്നത് സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ല എന്ന് ശ്രീജിത്ത് വ്യക്തമാക്കുകയും ചെയ്തു.

ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് കണ്ടോത്തും പിറ്റേന്ന് മാധ്യമങ്ങളോടെ പറഞ്ഞു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ബ്രാഞ്ച് സെക്രട്ടറിയായ താന്‍ അറിയാതെ എങ്ങനെ ഇത്തരത്തില്‍ നടപടി ഉണ്ടാകുമെന്നും ശ്രീജിത്ത് ചോദിച്ചു. ജിഷ്ണുവിന്റെ അമ്മാവനെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നാദാപുരം ഏരിയ സെക്രട്ടറി പിപി ചാത്തുവും പറഞ്ഞു.

പത്താം തീയതി വൈകുന്നേരം വണ്ണാര്‍ക്കണ്ടി ബ്രാഞ്ചിന്റെയോ (അതോ വളയം ലോക്കല്‍ കമ്മിറ്റിയുടെയോ) ജനറല്‍ ബോഡി നടന്നിരുന്നു. പാര്‍ട്ടിക്കകത്ത് പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴോ, തെരഞ്ഞെടുപ്പോ സമരമോ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടാകുമ്പോഴോ ഒക്കെയാണ് ഒരു ലോക്കലിലെ എല്ലാ പാര്‍ട്ടി അംഗങ്ങളെയും വിളിച്ചുകൂട്ടി ജനറല്‍ ബോഡി മീറ്റിംഗ് നടത്തുന്നത്. സ്വഭാവികമായും ഇതില്‍ മേല്‍ക്കമ്മിറ്റിയില്‍ നിന്ന് (ഏരിയാ, ജില്ലാ കമ്മിറ്റികളില്‍ നിന്ന്) ഒരു നേതാവ് പാര്‍ട്ടിയുടെ നിലപാട് പറയാനും പ്രവര്‍ത്തകരുടെ ചര്‍ച്ചകള്‍ക്ക് വിശദീകരണം നല്‍കാനും എത്തും. ബ്രാഞ്ച് ജനറല്‍ ബോഡിയാണെങ്കില്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള നേതാവായിരിക്കും പങ്കെടുക്കുക. എന്തായാലും അങ്ങനെയൊരു പ്രധാനപ്പെട്ട മീറ്റിംഗ് ജിഷ്ണുവിന്റെ ബന്ധുക്കളും സഹോദരിയും നടത്തിയ സമരത്തിന്റെ അവസാന ദിവസം വളയത്ത് നടന്നിട്ടുണ്ട്. (അഴിമുഖം പ്രതിനിധി വളയത്ത് ചെന്ന് പ്രാദേശിക സിപിഎം നേതാക്കളെ കാണാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ മീറ്റിംഗില്‍ ആണെന്ന മറുപടിയാണ് കിട്ടിയത്.)

ആ മീറ്റിംഗ് എന്തിന് വേണ്ടിയായിരുന്നു എന്ന കാര്യം ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. സിപിഎം പോലുള്ള കേഡര്‍ പാര്‍ട്ടി അത് മാധ്യമങ്ങളിലൂടെയോ പൊതുസമൂഹത്തിന്റെയോ മുന്‍പില്‍ വിളിച്ച് പറയുക പതിവില്ല. ഒരു കാര്യം ഉറപ്പാണ്, പാര്‍ട്ടിയെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തിയ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളുടെ സമരം ആ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തു എന്ന് അംഗീകരിക്കുമ്പോഴും തുടക്കം മുതല്‍ പോലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും സംഭവിച്ച വീഴ്ചകള്‍ പകല്‍ പോലെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത് തങ്ങളുടെ മെംബര്‍മാരുടെ മുന്‍പില്‍ വിശദീകരിക്കാതെ സിപിഎം പോലുള്ള പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. അത്തരത്തിലുള്ള ചര്‍ച്ചകള്‍ അവിടെ നടന്നിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. ചിലപ്പോള്‍ അതിനുള്ള വിശദീകരണമായിട്ടു കൂടിയാകാം ആ യോഗം വിളിച്ചു ചേര്‍ത്തത്.

അതേസമയം മീറ്റിംഗില്‍ നടന്നത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്ക്രൂട്ടിനിയാണെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍ജ്ജീവ മെംബര്‍ ആയ ശ്രീജിത്തിന്റെ മെമ്പര്‍ഷിപ്പ് നിലനിര്‍ത്തേണ്ടതുണ്ടോ എന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ ആ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതും സ്വഭാവികമായ കാര്യമാണ്. എല്ലാ വര്‍ഷവും നടക്കുന്ന മെമ്പര്‍ഷിപ്പ് സ്ക്രൂട്ടിനിയില്‍ മെമ്പര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍, ബ്രാഞ്ച് മീറ്റിംഗുകളിലെ പങ്കാളിത്തം തുടങ്ങി നിരവധി കാര്യങ്ങള്‍ പരിശോധിക്കപ്പെടുകയും പ്രസ്തുത വ്യക്തിയെ മെമ്പര്‍ഷിപ്പില്‍ നിലനിര്‍ത്തേണ്ടത് ഉണ്ടോ എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്യും. അങ്ങനെ ചില ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടക്കുന്ന പ്രക്രിയയാണ് മെമ്പര്‍ഷിപ്പ് സ്ക്രൂട്ടിനി. അതായത് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച കാന്‍ഡിഡേറ്റ് മെംബറെ സ്ഥിരം മെംബര്‍ ആക്കുന്നതടക്കം.

ശ്രീജിത്ത് ദേശാഭിമാനിയില്‍ സ്റ്റാഫാണ് എന്നതൊഴിച്ചാല്‍ അയാളുടെ പാര്‍ട്ടി പ്രവര്‍ത്തന ചരിത്രമൊന്നും കേരള സമൂഹത്തിന് ഇപ്പോള്‍ അറിയില്ല. അതുകൊണ്ടു തന്നെ ശ്രീജിത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി എടുത്തു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ ന്യായാന്യായങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ബുദ്ധിമുട്ടായിരിക്കും. പിണറായി വിജയന്റെ നിര്‍ദേശത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെ കാര്‍മ്മികത്വത്തില്‍ ഇതാ വൈരനിര്യാതന ബുദ്ധിയോടെ ഒരു പ്രതികാര നടപടി ഉണ്ടായിരിക്കുന്നു എന്ന ആഖ്യാനത്തിന് നല്ല മാര്‍ക്കറ്റ് ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും വളയത്തിന് തൊട്ടടുത്തുള്ള ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരനെ കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതി. നിരന്തരം പിണറായി വിജയനെ വിമര്‍ശിക്കുകയും ലാവ്ലിന്‍ കേസില്‍ അടക്കം കക്ഷി ചേരുകയും ചെയ്ത കെഎം ഷാജഹാനെ ഡിജിപി ഓഫീസിന് മുന്‍പില്‍ വെച്ച് ഗൂഡാലോചന നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തതും പിണറായിയുടെ ‘പ്രതികാരദാഹി’ പ്രതിച്ഛായയ്ക്ക് ഏറെ ബലം കിട്ടുന്ന ഒരു സംഭവമായിട്ട് മുന്‍പില്‍ ഉണ്ട്. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീജിത്ത്, എസ് യു സി ഐയുമായി ചേര്‍ന്ന് എന്തെങ്കിലും ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ തനിക്കെന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കില്ല എന്നു പിണറായി പറഞ്ഞത് ശ്രീജിത്തിനെ കോര്‍ണര്‍ ചെയ്യാനുള്ള തീരുമാനങ്ങള്‍ പല തരത്തില്‍ കൈക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണെന്നും വ്യാഖ്യാനിക്കാം.

പാര്‍ട്ടിയില്‍ നിന്നുള്ള ശ്രീജിത്തിന്റെ പുറത്താക്കല്‍ ഇപ്പോള്‍ ഒരു നിഗൂഡതയാണെങ്കിലും അത് സംബന്ധിച്ച് ആദ്യം മാധ്യമങ്ങളോട് പറഞ്ഞവരില്‍ വണ്ണാര്‍ക്കണ്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ആര്‍എസ്എസുകാരുടെ വെട്ടേറ്റ ശ്രീജിത്തിന്റെ അച്ഛന്‍ കുമാരനും ഉണ്ടെന്നതുകൊണ്ട് തന്നെ വിശ്വസനീയമായ ചില അംശങ്ങള്‍ ആ വാര്‍ത്തയില്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ആ തീരുമാനത്തെ ‘മൂടിവെയ്ക്കാന്‍’ പാര്‍ട്ടി പ്രാദേശിക ഘടകത്തെ നിര്‍ബന്ധിക്കുന്ന തരത്തില്‍ രായ്ക്ക് രാമാനം ഉന്നത നേതൃത്വത്തിന്റെ എന്തെങ്കിലും ഇടപെടല്‍ ഉണ്ടായോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. സിപിഎമ്മുമായി ബന്ധപ്പെട്ട ശ്രീജിത്തിന്റെ ഭാവി എന്തെന്ന് അധികം താമസിയാതെ കേരള സമൂഹത്തിന് അറിയാന്‍ സാധിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. മുന്നനുഭവങ്ങള്‍ മാത്രം നോക്കിയാല്‍ മതി.

എന്നാല്‍ പൊതു സമൂഹത്തെ ഏറെ ആകുലപ്പെടുത്തേണ്ട കാര്യം ഇന്നലെ വന്ന കോടതി വിധിയാണ്. ജിഷ്ണു കേസിലെ അവസാനത്തെ രണ്ടു പ്രതികള്‍ക്ക് കൂടി മുന്‍കൂര്‍ ജാമ്യം കിട്ടി എന്നതുമാത്രമല്ല, ഈ കേസില്‍ ആത്മഹത്യ പ്രേരണ പോലും നിലനില്‍ക്കില്ല എന്നാണ് ജഡ്ജി എബ്രഹാം മാത്യു പറഞ്ഞിരിക്കുന്നത്. കൊലയുമായി ബന്ധപ്പെട്ട് ഇനി ഈ പ്രതികളെ ചോദ്യം ചെയ്യരുത്, പകരം ജിഷ്ണു താന്‍ കോപ്പിയടിച്ചു എന്ന മട്ടില്‍ എഴുതിക്കൊടുത്ത കുറ്റസമ്മത രേഖ വ്യാജമാണോ അല്ലയോ എന്നു കണ്ടെത്താന്‍ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം എന്നൊക്കെയാണ് വിധി പ്രസ്താവം. കോടതി വിധിയുടെ ന്യായാന്യായങ്ങളെ കുറിച്ച് നിയമ തലത്തില്‍ ചര്‍ച്ച നടക്കട്ടെ. എന്നാല്‍ കോടതിക്ക്, പൊതുസമൂഹത്തിന് പൂര്‍ണ്ണമായും തെറ്റെന്നു തോന്നുന്ന ഒരു വിധിപ്രസ്താവം നടത്താന്‍ മാത്രം ദുര്‍ബലമായ കേസാണ് കേരള പോലീസ് ഫ്രെയിം ചെയ്തിരിക്കുന്നത് എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട പരമപ്രധാനമായ വിഷയം. തുടക്കം മുതല്‍ ഇന്നലത്തെ കോടതി വിധി വരെയുള്ള ഈ കേസിന്റെ ചരിത്രം പാളിച്ചകളുടെയും അട്ടിമറികളുടെയും സ്വഭാവിക നീതിയുടെനിഷേധത്തിന്റെയും ആണെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു കൊണ്ടിരിക്കുന്നത്. തങ്ങള്‍ നിരവധി കാര്യങ്ങള്‍ ചെയ്തു എന്നു സര്‍ക്കാര്‍ പറയുമ്പോഴും ജിഷ്ണു കേസ് തകര്‍ക്കാനുള്ള വിത്ത് അതില്‍ തന്നെ നിക്ഷേപിക്കപ്പെട്ടിരുന്നു. അതിന്റെ സ്വഭാവിക പരിണതിയാണ് ഇന്നലെ കോടതിയില്‍ കണ്ടത്.

ഇനി സര്‍ക്കാരും ജിഷ്ണുവിന്റെ കുടുംബവും എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് പ്രധാന ചോദ്യം. എന്തായാലും ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ഈ മാസം 15ന് അനുമതി ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കുടുംബവുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ പത്ത് വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞതുപോലെ സമരം അവസാനിപ്പിക്കാനുള്ള ഒരു ‘പിടിവള്ളി’ മാത്രമായി ഈ കരാര്‍ മാറില്ലെന്ന് പ്രത്യാശിക്കാം.

ഒപ്പം മാധ്യമങ്ങള്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ജിഷ്ണു കേസിനെ സിപിഎം, സര്‍ക്കാര്‍ വിരുദ്ധ കഥകള്‍ മെനയാനുള്ള വിഭവമായി കാണാതെ കേസിനെ നേരായ വഴിയിലേക്ക് തിരിച്ചു വിടുന്ന എന്തൊക്കെ കണ്ടെത്തലുകളാണ് മാധ്യമങ്ങള്‍ നടത്തിയത് എന്നു സ്വയം ചോദിക്കുന്നതും നന്നായിരിക്കും. തുടക്കത്തില്‍ മൂടി വെയ്ക്കാന്‍ ശ്രമിച്ചതടക്കം. മാധ്യമങ്ങള്‍ ഇനി പുറത്തു കൊണ്ടുവരേണ്ടത് ഈ കേസ് അട്ടിമറിക്കപ്പെട്ടതിന്റെ പിന്നണി കഥകളാണ്. അല്ലാതെ സാമൂഹ്യ, രാഷ്ട്രീയ നിരീക്ഷകരുടെ വയറിളക്ക ചര്‍ച്ചകളും അവതാരകരുടെ ആക്രോശങ്ങളുമല്ല ജിഷ്ണുവിന്റെ കുടുംബത്തിന് നീതി കിട്ടാന്‍ വേണ്ടത്.

 

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍