UPDATES

ഇതൊരു സിനിമാ ചിത്രീകരണമല്ല; നിലമ്പൂരിലെ അശ്വതി ഡോക്ടര്‍ രോഗിയെ കാണാന്‍ പോകുന്നതാണ്

ഡോ.അശ്വതി സോമനെ ഡോക്ടര്‍ ആയി അല്ലാതെ പലര്‍ക്കും അറിയാം. റേഡിയോ ജോക്കി, ടിവിചാനലുകളില്‍ അവതാരക, ഹ്രസ്വചിത്ര സംവിധായക, പരസ്യചിത്ര നിര്‍മ്മാതാവ്

ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ഡോ.അശ്വതി സോമന്റെ ആവശ്യം കേട്ട് അധികൃതര്‍ പോലും ആശ്ചര്യപ്പെട്ടു. പാലക്കാട് കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു അശ്വതി. സമാധാനപരമായി ജോലി നോക്കി തിരികെ തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് പാഞ്ഞെത്തിയിരുന്നവള്‍. അതിനിടെയാണ് അശ്വതി ഒരു ദിവസം നിലമ്പൂര്‍ ട്രൈബല്‍ മെഡിക്കല്‍ ഓഫീസറുടെ പോസ്റ്റില്‍ ഒഴിവു കാണുന്നത്. കണ്ട ദിവസം തന്നെ അവര്‍ ആ പോസ്റ്റിലേക്ക് അപേക്ഷിച്ചു.

സാധാരണഗതിയില്‍ ആരും താത്പര്യപ്പെടാത്ത ഒന്ന്. സ്ഥലം മാറ്റത്തിലൂടെ നിര്‍ബന്ധിത സേവനം നടപ്പാക്കുന്ന ട്രൈബല്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് തന്നെ നിയമിക്കണമെന്ന അശ്വതിയുടെ ആവശ്യം കേട്ട് ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ണുതള്ളി. പുറത്തുനിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ ചെന്നെത്തിപ്പെടാന്‍ കഴിയാത്ത, അളകളില്‍ ജീവിക്കുന്ന മനുഷ്യരുടെ ഇടയിലായിരിക്കും ജോലി. അങ്ങനെയുള്ളപ്പോള്‍ ഒരു സ്ത്രീയായ അശ്വതി എങ്ങനെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യും എന്നതായിരുന്നു അവരുടെ സംശയം. ‘സ്ത്രീകള്‍ക്ക് പറ്റിയ ഡിപ്പാര്‍ട്‌മെന്റ് അല്ല’ എന്ന് പറഞ്ഞ് അവര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അതുകൂടി കേട്ടതോടെ ഇനിയുള്ള സേവനം നിലമ്പൂര്‍ വനങ്ങളിലെന്ന് അശ്വതിയും ഉറച്ചു. ഒടുവില്‍ അശ്വതിയുടെ ആവശ്യത്തിന് ആരോഗ്യ വകുപ്പ് അധികൃതര്‍ വഴങ്ങി. അങ്ങനെ ഏഴ് മാസം മുമ്പ് ഡോ.അശ്വതി സോമന്‍ നിലമ്പൂരില്‍ ട്രൈബല്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു. മൊബൈല്‍ ഡിസ്പന്‍സറിയുമായി സദാസമയം ഊരുകള്‍ കറങ്ങുന്ന ഡോക്ടറെ കണ്ട് നിലമ്പൂരുകാര്‍ക്ക് പോലും അത്ഭുതമായിരുന്നു.

ഡോ.അശ്വതി സോമനെ ഡോക്ടര്‍ ആയി അല്ലാതെ പലര്‍ക്കും അറിയാം. റേഡിയോ ജോക്കി, ടിവിചാനലുകളില്‍ അവതാരക, ഹ്രസ്വചിത്ര സംവിധായക, പരസ്യചിത്ര നിര്‍മ്മാതാവ് അങ്ങനെ പല മേഖലകളില്‍ അശ്വതി പ്രവര്‍ത്തിക്കുകയും തുടരുകയും ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍ എന്ന നിലയില്‍ അവരുടെ മഹത്വം പുറംലോകം അറിയുന്നത് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തിലൂടെയാണ്. നിലമ്പൂര്‍ ഉള്‍വനത്തിലെ ഒരു അളയില്‍ അനങ്ങാന്‍ പോലുമാവാതെ മരണംകാത്തുകിടന്ന ഒരാളെ ഊരിലെത്തി ജീവന്‍ രക്ഷിച്ചത് അശ്വതിയാണ്. കയറില്‍ തൂങ്ങി കീഴ്ക്കാംതൂക്കായ വഴുവഴുപ്പുള്ള പാറകളും ഒറ്റയടിപ്പാതകളും കടന്ന് ഊരിലെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവം അശ്വതി തന്നെയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതോടെ അശ്വതിയെ തേടി അഭിനന്ദനങ്ങളെത്തി. ‘ഒരു സ്ത്രീക്ക് ചെയ്യാന്‍ ആവുമോ’ എന്ന് സംശയിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ധാരണകളെ തിരുത്തിക്കൊണ്ടായിരുന്നു അശ്വതിയുടെ പ്രവര്‍ത്തനം.

ആദിവാസി മേഖലയില്‍ മൊബൈല്‍ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസറായി ചുമതലയേല്‍ക്കുമ്പോള്‍ അശ്വതിയുടെ മനസ്സില്‍ പലതുമുണ്ടായിരുന്നു. താന്‍ ഇതേവരെ കാണാത്ത കാട് കാണുക, പലരും ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തി താനെങ്കിലും ചെയ്യുക, അങ്ങനെ പലതും. വിശേഷങ്ങള്‍ ഡോ.അശ്വതി സോമന്‍ തന്നെ പറയും;

‘ഡോക്ടര്‍മാര്‍ ഏത് പ്രതികൂല സാഹചര്യങ്ങളേയും അതിജീവിച്ച് ജീവന്‍ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്. ഡോക്ടറായുള്ള ജീവിതത്തിനിടയില്‍ അത്തരം അനുഭവങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇതുപോലൊന്ന് ജീവിതത്തില്‍ ആദ്യമാണ്. ഇതാണ് ഞാന്‍ ആഗ്രഹിച്ചതും. ഒരു ദിവസം ഉച്ചകഴിഞ്ഞാണ് ചോലനായ്ക്ക വിഭാഗത്തിലെ ഒരാള്‍ രക്തംവാര്‍ന്ന് അവശനിലയിലായ വിവരം അവിടെയുള്ള ചിലര്‍ ഞങ്ങളുടെ ഡ്രൈവര്‍ അനൂപിനെ അറിയിക്കുന്നത്. പ്രാചീനഗോത്ര വിഭാഗങ്ങളാണ് ചോലനായ്ക്കരും കാട്ടുനായ്ക്കരും. സാധാരണ ഗതിയില്‍ ഇത്തരം എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അത് ഞങ്ങളെ അറിയിക്കാന്‍ നില്‍ക്കാറില്ല. ഇത് അവര്‍ തുടര്‍ച്ചയായി ഞങ്ങളെ വിളിച്ചുകൊണ്ടേയിരുന്നു. പക്ഷെ അന്ന് അവിടേക്ക് പോവാന്‍ കഴിയില്ലെന്ന് ഉറപ്പായി. മാവോയിസ്റ്റ് ബാധിത മേഖലയെന്ന് കണക്കാക്കിയിട്ടുള്ളതിനാല്‍ പോലീസിന്റെ സംരക്ഷണത്തില്‍ മാത്രമേ അവിടേക്ക് പോകാനാവൂ. ആ സമയത്ത് ഉള്‍വനത്തിലേക്ക് പോയാല്‍ ഒന്നും നടക്കില്ലെന്നും, തിരികെ വരാന്‍ പോലുമാവില്ലെന്നും ഉറപ്പായിരുന്നു. അതുകൊണ്ട് പിറ്റേന്ന് രാവിലെ പോവാന്‍ താരുമാനിച്ചു. മാസത്തില്‍ രണ്ട് പ്രാവശ്യം ആ പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താറുണ്ടെങ്കില്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോയിട്ടില്ല. ഞങ്ങള് പോവുന്ന കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. അനൂപിന്റെ ഫോണിലേക്ക് ഊരിലുള്ളവര്‍ വിളിക്കുന്നുമുണ്ട്. അനൂപ് പത്ത് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നതിനാല്‍ ഊരിലുള്ളവരുമായി നല്ല ഒരു ബന്ധം ഉണ്ട്. എന്റെ മുഖത്ത് പോലും അവര്‍ നോക്കില്ല. പൊതുവെ അവര്‍ സ്ത്രീകളുടെ മുഖത്ത് നോക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല.

നിലമ്പൂര്‍ ടൗണില്‍ നിന്ന് ഏതാണ്ട് 20കി.മീ. ടാറിട്ട് റോഡും, പിന്നെ 25കി.മീ. ചളി പുതഞ്ഞുകിടക്കുന്ന മണ്‍പാതയുമാണ് അവിടേക്കെത്തിപ്പെടാനുള്ള മാര്‍ഗം. നെടുങ്കയം വരെ ഞങ്ങളുടെ ജീപ്പ് എത്തി. പക്ഷെ അവിടെ നിന്ന് പിന്നെ നടന്നുതന്നെ കയറണം. ഏതാണ്ട് എട്ട് കി.മീ. ഉള്ളിലാണ് രക്തംവാര്‍ന്ന് അവശനിലയിലായ രവിയുടെ അള. പക്ഷെ നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത വിധം രണ്ട് മരങ്ങള്‍ കടപുഴകി വീണുകിടക്കുകയാണ്. സാധാരണ ഫോറസ്റ്റ് ജീവനക്കാര്‍ക്കേ അത് മുറിച്ച് മാറ്റാനുള്ള അധികാരമുള്ളൂ. രവിയെ കാണാന്‍ എത്തുന്നതാണെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഊരിലുള്ളവരെല്ലാം ഉത്സാഹത്തോടെ അത് മുറിച്ചുമാറ്റിത്തന്നു. പക്ഷെ വഴുക്കലുള്ള പാറയിലൂടെ എങ്ങനെ കയറുമെന്നറിയാതെ ഞാന്‍ ഒരു നിമിഷം നിന്നു. ഒടുവില്‍ മുകളില്‍ നിന്ന് ഒരു കയര്‍ കെട്ടി താഴേക്കിട്ടു. അതില്‍ പിടിച്ചുതൂങ്ങി പതിയെ കയറാന്‍ തുടങ്ങി. പക്ഷെ കാലൊന്ന് തെറ്റിയാല്‍ ഒരു വശത്ത് പുഴയാണ്. കൊക്കപോലെ ആഴത്തിലുള്ള പുഴ. മറുവശത്ത് പാറക്കൂട്ടങ്ങളും. വീണാല്‍ പൊടിപോലും കിട്ടില്ല. ഇടക്ക് പലതവണ കാലിടറി, പാറക്കെട്ടില്‍ ഇടിച്ച് പരിക്ക് പറ്റി. കയറാന്‍ പറ്റുമോ എന്ന സംശയത്തില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പോലീസുകാരന്‍ ‘കണ്ടോ, അപ്പഴേ പറഞ്ഞതല്ലേ, ഡോക്ടര്‍ക്ക് അങ്ങോട്ട് കയറാന്‍ പറ്റില്ലെന്ന്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു നോട്ടം നോക്കി. പക്ഷെ ഞാന്‍ പിന്‍വാങ്ങിയില്ല. ഇത്രയും പോന്നെങ്കില്‍ രവിയുടെ അടുത്തെത്തിയിട്ടുതന്നെ കാര്യം എന്നായിരുന്നു.

ഒരു പാറയിടുക്ക് കയറിക്കഴിഞ്ഞപ്പോള്‍ ‘ഹാവൂ കയറിപ്പറ്റി’ എന്ന് പറഞ്ഞ് നിന്ന എനിക്ക് മുന്നില്‍ പാറക്കൂട്ടങ്ങളുടെ ഒരു നിരതന്നെ കയറാനുണ്ടായിരുന്നു. എങ്ങനെയൊക്കെയോ കൂടെ നിന്നവര്‍ ഉന്തിയും തള്ളിയും കയറില്‍ പിടിച്ച് വലിഞ്ഞ് കയറിയും ഒരു വിധം മുകളിലെത്തി. അവിടെയെത്തിയപ്പോള്‍ രവിയില്‍ നിന്ന് ഒരു ഞരക്കം മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ. അയാള്‍ക്ക് ഷുഗര്‍ ലെവല്‍ വളരെ കൂടുതലായിരുന്നു. താത്കാലികമായി ആ മുറിവില്‍ ഒരു പാഡ് വച്ചുകെട്ടി. രക്തം ഒലിച്ചുകൊണ്ടിരിക്കുന്ന കാലിലെ വിരല്‍ മുറിച്ചുമാറ്റാതെ അയാളെ രക്ഷിക്കാനാവുമായിരുന്നില്ല. പക്ഷെ പതിവ് പോലെ അവര്‍ ആശുപത്രിയിലേക്ക് വരാന്‍ വിസമ്മതിച്ചു. പിന്നെ പല അടവുകളും പയറ്റിയാണ് ഒടുവില്‍ ആശുപത്രിയിലേക്ക് വരാന്‍ രവിയും ബന്ധുക്കളും സമ്മതിച്ചത്. പക്ഷെ രവിയെ എങ്ങനെ താഴെ എത്തിക്കും? അത് വലിയ ചോദ്യമായിരുന്നു. ഊരിലുള്ളവര്‍ രവിയെ താങ്ങിയെടുത്ത് കയറിലൂടെ വലിഞ്ഞിറങ്ങി. പുറകെ ഞാനും. പക്ഷെ ആ വരവില്‍ എന്റെ വാച്ചും ഫോണും എല്ലാം പാറയിലിടിച്ച് തകര്‍ന്നു. അതൊന്നും കണക്കാക്കാതെ മുന്നോട്ട് തന്നെ പോയി. നിലമ്പൂര്‍ ആശുപത്രിയിലെ സര്‍ജനെ വിളിച്ചുവരുത്തി അന്ന് തന്നെ സര്‍ജറി നടത്താനുള്ള ഏര്‍പ്പാടുകളുമുണ്ടാക്കി. ഇപ്പോള്‍ രവി സുഖമായിരിക്കുന്നു. അയാള്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. അതിലുമേറെ സന്തോഷം വേറെയില്ല.

ഉള്‍വനത്തിലേക്ക് പോവുന്ന വഴിയില്‍ കാട്ടുമൃഗങ്ങളും, ഇഴജന്തുക്കളുമെല്ലാം മുന്നിലും അടുത്തുമായി ഉണ്ടായിരുന്നു. പേടി തോന്നിയെങ്കിലും രണ്ടും കല്‍പ്പിച്ച് ഒരൊറ്റപ്പോക്ക് പോയിനോക്കിയതാണ്. കാല് ഇടക്ക് ചളിയില്‍ പൂണ്ടു. ചളിയില്‍ നിന്ന് തിരികെ കാല് വലിച്ചെടുക്കുമ്പോള്‍ അട്ടകളുടെ ഒരു കൂട്ടംതന്നെയുണ്ടാവും കാലിനെ പൊതിഞ്ഞ്. ഇപ്പോഴും എനിക്ക് തൊലിപ്പുറമെ ചൊറിച്ചില്‍ മാറിയിട്ടില്ല. ഇതെല്ലാം സഹിച്ച് ഊരിലേക്കെത്തി രവിയെ കണ്ടത് ഹീറോയിസം കാണിക്കാനല്ല. ഞാനൊരു ഡോക്ടറാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. പ്രത്യേകിച്ചും പ്രാചീന ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പഠിച്ച പാഠങ്ങളുണ്ട്. നമ്മള്‍ അവരുടെ കൂടെ ഉണ്ടെന്ന് തോന്നിയാല്‍ മാത്രമേ അവര്‍ സഹകരിക്കൂ. മെഡിക്കല്‍ ക്യാമ്പുകള്‍ ഞങ്ങളുടെ ജീപ്പില്‍ വച്ച് തന്നെയായിരിക്കും. പക്ഷെ ക്യാമ്പുകള്‍ കഴിഞ്ഞ് ഞാന്‍ വെറുതെ നടക്കാനിറങ്ങും. ഒരു ഊരില്‍ ചിലപ്പോള്‍ പത്ത് പതിനഞ്ച് വീടുകളേ കാണൂ. അവരോടെല്ലാം അടുത്തും മിണ്ടിയും ചിലപ്പോള്‍ അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചും അവരുടെ കൂടെയുള്ള ആളായി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. രവിയുടെ ജീവന്‍ രക്ഷിച്ചതോടെ ഊരുകാര്‍ക്ക് എന്നിലുള്ള വിശ്വാസവും സ്‌നേഹവും കൂടിയിട്ടുണ്ട്.

എന്റെ അച്ഛന്‍ ഇഎന്‍ടി സര്‍ജന്‍ ആയിരുന്നു. ഞാനും വൈദ്യശാസ്ത്രത്തിലേക്ക് ആകൃഷ്ടയാവുന്നത് അങ്ങനെയാണ്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മുതല്‍ ചാനലുകളില്‍ പ്രോഗ്രാം അവതരിപ്പിക്കാനും ആര്‍ജെയുടെ ജോലിക്കുമെല്ലാം പോയിട്ടുണ്ട്. ഇപ്പോഴും ഡോക്ടര്‍ പ്രൊഫഷനൊപ്പം അത്തരം കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. അതിനിടെ കിട്ടിയ ചാന്‍സ് പാഴാക്കാതെ ഞാന്‍ ഈ കാട്ടിലേക്ക് പോരുകയായിരുന്നു. ഇതിന് മുമ്പ് ഞാന്‍ ഒരു കാട്ടിലും പോയിട്ടില്ല. വീട്ടില്‍ നിന്ന് വിട്ടിട്ടില്ല. എന്റെ ആഗ്രഹമായിരുന്നു കാട് കാണണം എന്നത്. പുസ്തകങ്ങളിലും കഥകളിലും വായിച്ച കാട് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഓരോ രൂപത്തിലും ഭാവത്തിലും ഓരോ തവണ എന്നെ വരവേല്‍ക്കുന്ന കാടിനെ ഞാന്‍ ഇപ്പോള്‍ മതിയാവോളം ആസ്വദിക്കുകയാണ്. കാടിനുള്ളില്‍ മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നു? അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ കഴിയുക? എന്നീ ചിന്തകളാണ് ഈ ജോലി ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പിന്നെ ഈ തസ്തികയിലേക്ക് അധികമാരും വരാന്‍ ആഗ്രഹിക്കാറില്ല. എല്ലാവര്‍ക്കും പോവാന്‍ പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ഈ ജോലിയോട് കൂടുതല്‍ ഇഷ്ടം തോന്നി.

മഞ്ചേരിയിലാണ് ഞാനും ഭര്‍ത്താവും രണ്ടരയും നാലരയും വയസ്സുള്ള കുഞ്ഞുങ്ങളും താമസിക്കുന്നത്. ഒരു ദിവസം എനിക്ക് 130 കിലോമീറ്റര്‍ യാത്ര തന്നെയുണ്ട്. നിലമ്പൂര്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെയും യാത്രകള്‍, വനത്തിലൂടെ. യാത്രയെ ഇഷ്ടപ്പെടുന്ന, സാഹസികതയെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കേ ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ജോലി ചെയ്യാനാവൂ. ഞാന്‍ അതിന് ഏറ്റവും ചേരുന്ന ഒരാളാണെന്ന് എനിക്ക് എപ്പഴോ തോന്നി. നമുക്കെല്ലാവര്‍ക്കും പാഷന്‍ ഉണ്ട്. പക്ഷെ പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന സമയത്ത് പരമാവധി ചെയ്യുന്നു. അത്രമാത്രം. പിന്നെ, ഞാന്‍ ഇങ്ങനെ വീടിട്ടിട്ട് പോന്നാലും എന്റെ കുഞ്ഞുങ്ങളെ പല്ലുതേപ്പിക്കാനും കുളിപ്പിക്കാനും ഡോക്ടര്‍ കൂടിയായ അവരുടെ അച്ഛന്‍ ഉണ്ട് എന്ന ആത്മവിശ്വാസവും സുരക്ഷിതത്വവും ഉണ്ട്.’

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍