UPDATES

എന്‍എസ്എസിന്റെ സമദൂരം യുഡിഎഫിലേക്കുള്ള ദൂരമോ? അങ്കലാപ്പിലായത് ബിജെപി

വടക്കന്‍ കേരളത്തില്‍ രാഹുലിന്റെ വരവോടെ ട്രെന്‍ഡ് അനുകൂലമായി എന്ന് അവകാശപ്പെടുന്ന യുഡിഎഫിന്, എന്‍എസ്എസ് നിര്‍ണായക ശക്തിയായ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പ്രതീക്ഷ നല്‍കുന്നതാണ് എന്‍എസ്എസിന്റെ നീക്കം

എന്‍എസ്എസിന്റെ സമദൂരം യുഡിഎഫിലേക്കുള്ള ദൂരമോ? തിരഞ്ഞെടുപ്പടുത്തപ്പോള്‍ എന്‍എസ്എസിന്റെ സമദൂര നിലപാട് പ്രഖ്യാപനം ചിലരെയെങ്കിലും അങ്കലാപ്പിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസില്‍ നിന്ന് വ്യാപക പിന്തുണ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചവര്‍ക്ക് ഇത് തിരിച്ചടിയായി. വിശ്വാസ സംരക്ഷണത്തിനും ആചാരസംരക്ഷണത്തിനുമായി എന്നും വിശ്വാസികള്‍ക്കൊപ്പമുണ്ടാവുമെന്ന് വ്യക്തമാക്കിയാണ് എന്‍എസ്എസ് സമദൂരത്തിലേക്ക് ചുവട് മാറ്റിയത്. കാലങ്ങളായി സമദൂര സിദ്ധാന്തം തുടരുകയും ഇടതിനും വലതിനും വോട്ടുകള്‍ മാറ്റിയും മറിച്ചും നല്‍കിയും നില്‍ക്കുന്ന എന്‍എസ്എസ് ഇത്തവണ സമദൂരം പ്രഖ്യാപിച്ചത് മറ്റ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന വിവരങ്ങളാണ് യൂണിയന്‍ അംഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ചെങ്ങന്നൂര്‍ ആവര്‍ത്തിക്കേണ്ട എന്ന് ഉറച്ച തീരുമാനവും ഇടത് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള വഴികള്‍ അടക്കാതിരിക്കുക എന്ന ഉദ്ദേശവുമാണ് ഇത്തവണത്തെ സമദൂര നിലപാട് വെളിപ്പെടുത്തലില്‍. യൂണിയന്‍ ഭാരവാഹികളുടെ യോഗത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ച് പറഞ്ഞതും ഇക്കാര്യങ്ങള്‍ തന്നെ.

ആര്‍എസ്എസ്, ബിജെപി അടക്കമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് അടുപ്പം കാട്ടാതെ എല്‍ഡിഎഫിനോടും യുഡിഎഫിനോടും സമദൂരം പ്രഖ്യാപിച്ച് നിന്നിരുന്ന സമുദായ സംഘടനയാണ് എന്‍എസ്എസ്. തിരഞ്ഞെടുപ്പിലും അല്ലാതെയും എന്‍എസ്എസിന്റെ പിന്തുണക്കായി പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ബിജെപിയ്‌ക്കോ മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കോ അകറ്റിനിര്‍ത്തലുകളും അവഗണനകളും മാത്രമാണ് എന്‍എസ്എസ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. യുവതീ പ്രവേശനം അനുവദിക്കാനാവില്ലെന്നും ആചാരം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ട് ആദ്യം രംഗത്തെത്തിയതും നായര്‍ സര്‍വീസ് സൊസൈറ്റിയാണ്. പിന്നീട് പ്രക്ഷോഭ രംഗത്തിറങ്ങിയ ആര്‍എസ്എസും ബിജെപിയുമടക്കമുള്ളവര്‍ വിധിയെ അനുകൂലിക്കുകയും ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയെ സ്വാഗതം ചെയ്യുകയുമാണുണ്ടായത്. എന്നാല്‍ പിന്നീട് ഇവരെക്കൊണ്ട് മാറ്റി ചിന്തിപ്പിക്കുന്നതിലടക്കം എന്‍എസ്എസിന്റെ പങ്ക് വളരെ വലുതാണ്. സ്ത്രീകളെ അണിനിരത്തി നാമജപ ഘോഷയാത്രകളും നാമജപ യജ്ഞങ്ങളും സംഘടിപ്പിച്ച് എന്‍എസ്എസ് വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സമുദായത്തിന് പുറത്തു നിന്നുള്ള സ്ത്രീകളടക്കം ഈ പ്രതിഷേധ സംഗമങ്ങളിലും നാമജപയജ്ഞത്തിലും പങ്കെടുത്തു. നായര്‍ സര്‍വീസ് സൊസൈറ്റിയും പന്തളം കൊട്ടാരവുമായി സഹകരിച്ച് നടത്തിയ പന്തളം നാമജപ റാലിയില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്. അപ്രതീക്ഷിതമായ ജനക്കൂട്ടം എന്‍എസ്എസിന് പരോക്ഷമായി പിന്തുണ നല്‍കിയിരുന്ന ആര്‍എസ്എസ്,ബിജെപി പ്രാദേശിക ഘടകങ്ങളെപ്പോലും ഇരുത്തി ചിന്തിപ്പിച്ചു. ദേശീയ തലത്തില്‍ തന്നെ ബിജെപി ആര്‍എസ്എസ് നിലപാട് മാറാനും വിശ്വാസ സംരക്ഷണത്തിനായി നിരത്തിലിറങ്ങാനും ഇത് കാരണമായി.

തുടര്‍ന്നങ്ങോട്ട് എന്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ഒന്നിച്ചുള്ള പ്രവര്‍ത്തനവും പ്രതിഷേധങ്ങളുമാണ് കേരളത്തില്‍ നടന്നത്. പ്രതിഷേധ പ്രകടനങ്ങളും ഭക്തജന സംഗമങ്ങളും നാമജപഘോഷയാത്രകളും വിജയമാക്കുന്നതില്‍ എന്‍എസ്എസിന്റെ വ്യക്തമായ പങ്കാളിത്തമുണ്ടായിരുന്നു. 72 ഹിന്ദു സംഘടനകള്‍ ചേര്‍ന്നുള്ള അയ്യപ്പകര്‍മ്മ സമിതി രൂപീകരണത്തിലും അയ്യപ്പ ജ്യോതിയിലും എന്‍എസ്എസ് പ്രാതിനിധ്യം ശ്രദ്ധേയമായി. ഒരു വശത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും മറുവശത്ത് ശബരിമല പ്രക്ഷോഭത്തിന് ആശിര്‍വാദങ്ങള്‍ നല്‍കുകയും ചെയ്ത എന്‍എസ്എസ് വെളിപ്പെടുത്തിയത് രാഷ്ട്രീയനിലപാടാണെന്ന് വിലയിരുത്തപ്പെട്ടു. മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്ത് നടത്തിയ നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍എസ്എസിനെ പ്രത്യേകമായി ക്ഷണിച്ചുവെങ്കിലും ആ യോഗത്തില്‍ നിന്ന് എന്‍എസ്എസ് വിട്ടു നിന്നു. വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനത്തെ ആദ്യം വിമര്‍ശിച്ച് രംഗത്തെത്തിയതും സുകുമാരന്‍ നായരായിരുന്നു. എന്‍എസ്എസ് വിമര്‍ശനം അവസാനിപ്പിച്ച് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയാവണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടെങ്കിലും സുകുമാരന്‍ നായര്‍ വഴങ്ങിയില്ല. പകരം വനിതാ മതില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തന്ത്രമാണെന്ന വിമര്‍ശനമുന്നയിക്കുകയാണ് സുകുമാരന്‍ നായര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച എന്‍എസ്എസ് കോണ്‍ഗ്രസിനേയും വെറുതെ വിട്ടില്ല. ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണത്തിനനുകൂലമായാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നതെങ്കിലും ഇത് രാഷ്ട്രീയ മുതലെടുപ്പായി മാത്രമാണ് കാണുന്നതെന്ന വിമര്‍ശനമാണ് എന്‍എസ്എസ് ഉന്നയിച്ചത്. ഇക്കാലയളവിലെല്ലാം ബിജെപിയോട് അനുകൂല നിലപാടാണ് സമുദായ സംഘടന സ്വീകരിച്ചതും. ശബരിമല യുവതി പ്രവേശനത്തില്‍ ബിജെപിയോടൊപ്പമോ അതിലേറെ വാശിയോടെയോ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത എന്‍എസ്എസിന്റെ രാഷ്ട്രീയം സംഘപരിവാര്‍ അജണ്ടയ്‌ക്കൊപ്പമായിരുന്നു. ശബരിമല വിഷയത്തില്‍ കൈമെയ് മറന്നു കൊണ്ടുള്ള സഹകരണമായിരുന്നു.

എന്‍എസ്എസിന്റെ പിന്തുണ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനായി ഒരുക്കം കൂട്ടിയത്. തെക്കന്‍ ജില്ലകളില്‍ എന്‍എസ്എസിന്റെ സ്വാധീനത്തില്‍ വിജയം നേടുകയോ വോട്ട് ശതമാനം വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ട് മണ്ഡലങ്ങളില്‍ അടിത്തറയുറപ്പിക്കുകയോ ചെയ്യാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. പത്തനംതിട്ടയിലും തിരുവന്തപുരത്തും എന്‍എസ്എസ് നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കുക എന്ന താത്പര്യം ബിജെപി സംസ്ഥാന നേതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തൊഴികെ എന്‍എസ്എസ് താത്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നില്ല സ്ഥാനാര്‍ഥി നിര്‍ണയം. സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ ആശയവിനിമയത്തില്‍ എന്‍എസ്എസ് ആവശ്യങ്ങളെ ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞതാണ് സമുദായത്തെ പ്രകോപിപ്പിച്ചത്. നായര്‍ സമുദായത്തിന് ഏറെ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ളയെയോ ബി രാധാകൃഷ്ണന്‍ മേനോനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം എന്‍എസ്എസ് മുന്നോട്ട വച്ചെങ്കിലും കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളിക്കളയുകയും വളരെ വൈകി കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്‍ഡിഎഫ് മാവേലിക്കര സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയതിന്റെ പേരില്‍ മാവേലിക്കര യൂണിയന്‍ പിരിച്ചു വിട്ടിരുന്നു. പിരിച്ചുവിടലിനെ തുടര്‍ന്ന് യൂണിയന്‍ ഭാരാഹിയുടെ വെളിപ്പെടുത്തല്‍ എന്‍എസ്എസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. പത്തനംതിട്ടയും തിരുവനന്തപുരത്തും ബിജെപിയ്ക്ക് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട് എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഇതോടെ ഇതേവരെ സമദൂര നിലപാടില്‍ ഉറച്ച് നിന്ന എന്‍എസ്എസിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍ക്കുമെന്ന ആശങ്കയിലാണ് വീണ്ടും സമദൂര നിലപാടുമായി എന്‍എസ്എസ് നേതൃത്വം രംഗത്തെത്തിയതെന്നാണ് യൂണിയന്‍ നേതാക്കള്‍ നല്‍കുന്ന വിവരം. സ്വന്തം സമുദായാംഗമല്ലാത്ത കെ സുരേന്ദ്രനെ പിന്തുണക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഒടുവില്‍ എന്‍എസ്എസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനൊഴികെ മറ്റൊരു മണ്ഡലത്തിലും ബിജെപിയ്ക്ക് വോട്ട് നല്‍കേണ്ട എന്ന നിര്‍ദ്ദേശം നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിജയിച്ചില്ലെങ്കില്‍ നായര്‍-ഹിന്ദു വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നല്‍കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന് കൂടുതല്‍ ഗുണം നല്‍കുമെന്ന വിലയിരുത്തലും സമുദായ നേതൃത്വത്തിനിടയിലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാനായി വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന നിര്‍ദ്ദേശമാണ് യൂണിയന്‍ നേതാക്കള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിനായി ജയസാധ്യതയില്ലാത്ത ബിജെപിക്ക് വോട്ട് നല്‍കുന്നതിനേക്കാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനാണ് രഹസ്യ നിര്‍ദ്ദേശം. ‘സമദൂരം എന്ന് പറയും. എന്നാല്‍ സമദൂരം എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അതെന്തായാലും എല്‍ഡിഎഫിന് വോട്ട് പോവുന്ന തരത്തിലാവരുത്’ എന്ന നിര്‍ദ്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികളിലൊരാള്‍ പറയുന്നു. ഇതിന് പുറമെ എസ്എന്‍ഡിപി ഭാരവാഹിയും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ബിജെപി അമിത പ്രാധാന്യം നല്‍കുന്നതും യൂണിയന്‍ അംഗങ്ങളെ ചൊടിപ്പിച്ചതായാണ് വിവിരം.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് സുകുമാരന്‍ നായര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രധാന വിഷയമാക്കി ഉയര്‍ത്തിക്കാട്ടുമെന്ന് ബിജെപി നേതാക്കള്‍ പറയുകയും ചെയ്തു. രാഷ്ട്രീയ മുതലെടുപ്പിനായാണ് ബിജെപി ശബരിമല വിഷയത്തെ ഉപയോഗിക്കുന്നതെന്ന് എന്‍എസ്എസ് മുഖപത്രത്തിലൂടെ സംഘടന വിമര്‍ശിക്കുകയും ചെയ്തു. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു എങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താതെ കൈകഴുകിയെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു കോണ്‍ഗ്രസും എന്ന വിമര്‍ശനമുണ്ടെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിനേയോ ബിജെപിയേയോ വിമര്‍ശിക്കുന്നത് പോലെ ശക്തമായ വിമര്‍ശനമല്ല കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്നത്. സമദൂരം പ്രഖ്യാപിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയിലാണ്. വടക്കന്‍ കേരളത്തില്‍ രാഹുലിന്റെ വരവോടെ ട്രെന്‍ഡ് അനുകൂലമായി എന്ന് അവകാശപ്പെടുന്ന യുഡിഎഫിന്, എന്‍എസ്എസ് നിര്‍ണായക ശക്തിയായ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പ്രതീക്ഷ നല്‍കുന്നതാണ് എന്‍എസ്എസിന്റെ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍