UPDATES

ട്രെന്‍ഡിങ്ങ്

‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’

യോഗ വേണ്ടത് മേലുദ്യോഗസ്ഥര്‍ക്ക്, പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായി പങ്കുണ്ടെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

“ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണ്. എന്നാല്‍ ഞങ്ങളില്‍ പലരും ഇന്ന് ആത്മഹത്യയുടെ തുമ്പത്താണ്. ഞങ്ങളിലെ എത്ര പേര്‍ ഹൃദയസ്തംഭനം വന്ന് മരിച്ചു എന്ന കണക്ക് പരിശോധിച്ചാല്‍ ആത്മഹത്യാ കണക്കെല്ലാം എത്ര നിസ്സാരമെന്ന് മനസ്സിലാവും”, കാക്കിക്കുള്ളിലെ നിസ്സാഹയത വെളിപ്പെടുത്തുകയായിരുന്നു ഒരു സിവില്‍ പോലീസ് ഓഫീസര്‍. ‘ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടയില്‍ ആളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചിട്ടുണ്ട്. എല്ലാം ചെറുപ്പക്കാരാണ്. മുപ്പതും നാല്‍പ്പതും വയസ്സുള്ളവര്‍. താങ്ങാനാവാത്തതിലധികം സ്‌ട്രെസ് ഉണ്ട്. ജോലി വിട്ടാല്‍ വേറെ ജോലിയും കിട്ടില്ല. അതുകൊണ്ട് എല്ലാ സഹിച്ച് നില്‍ക്കുകയാണ്. ജീവിതം എന്ന ഒന്ന് പോലീസുകാര്‍ക്കില്ല”, അദ്ദേഹം തുടര്‍ന്നു. കഴിഞ്ഞ 16 വര്‍ഷമായി കേരള പോലീസ് സേനയില്‍ ജോലി ചെയ്യുന്നയാളുടെ വാക്കുകള്‍ നിസ്സാരമായി തള്ളിക്കളയാനാവില്ല. പുറത്ത് വന്ന കണക്കുകള്‍ ഈ വാക്കുകള്‍ക്ക് ബലം നല്‍കുന്നതാണ്. സംസ്ഥാന പോലീസില്‍ ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 65 പോലീസ് ഉദ്യോഗസ്ഥര്‍. ഈ വര്‍ഷം മാത്രം 11 പേര്‍ ജീവനൊടുക്കി. 2014ല്‍ ഒമ്പത്, 2015ല്‍ അഞ്ച്, 2016ല്‍ 13, 2017ല്‍ 14, 2018ല്‍ 13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പോലീസുകാരുടെ കണക്ക്.

ആത്മഹത്യയില്‍ ഭൂരിഭാഗവും വ്യക്തിപരമായ കാരണങ്ങളാലാണെന്നും ജോലി സംബന്ധമായ വിഷമങ്ങളല്ലെന്നും പോലീസിലെ ആത്മഹത്യകളോട് പ്രതികരിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. എന്നാല്‍ ഡിജിപി സത്യം മറച്ചുവക്കുകയാണെന്ന് പോലീസുകാര്‍ കുറ്റപ്പെടുത്തുന്നു. അടുത്തിടെ ആത്മഹത്യ ചെയ്ത ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ ബാബുവിന്റെ മകന്റെയും സുഹൃത്തുക്കളുടേയും വെളിപ്പെടുത്തലുകള്‍ ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബാബു മരിക്കുന്നതിന് മുമ്പ് കുടുംബത്തെയും കൂട്ടി സ്റ്റേഷന്‍ ഓഫീസറായ സിഐക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു എന്നായിരുന്നു കോളേജ് വിദ്യാര്‍ഥിയായ മകന്‍ കിരണ്‍ ബാബുവിന്റെ വെളിപ്പെടുത്തല്‍. “എസ്‌ഐയില്‍ നിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ഞങ്ങളെയും അമ്മയെയും കൂട്ടി സ്റ്റേഷനിലെത്തി സിഐയ്ക്ക് മുന്നില്‍ അച്ഛന്‍ പൊട്ടിക്കരഞ്ഞു. ഞങ്ങളോട് അച്ഛന്‍ തയ്യാറാകാന്‍ പറഞ്ഞിരുന്നുവെങ്കിലും എങ്ങോട്ടാണെന്ന് അറിയില്ലായിരുന്നു. സ്‌റ്റേഷനിലെത്തിയ അച്ഛന്‍ സിഐയുടെ മുറിയില്‍ പോയി. ഞാന്‍ പിന്നാലെയെത്തിയപ്പോള്‍ സ്‌റ്റേഷനില്‍ നിന്ന് അച്ഛന്‍ പൊട്ടിക്കരയുന്നതാണ് കണ്ടത്. പണിഷ്‌മെന്റ് റോള്‍ രേഖപ്പെടുത്തിയാല്‍ താന്‍ തൂങ്ങി മരിക്കും എന്ന് പറഞ്ഞ് കരഞ്ഞ അച്ഛനെ സഹപ്രവര്‍ത്തകര്‍ സമാധാനിപ്പിച്ചു. നാലുമാസം കൂടി കഴിഞ്ഞാല്‍ എസ് ഐ ആയി ജോലിക്കയറ്റം ലഭിക്കേണ്ടയാളായിരുന്നു. എസ്‌ഐ യുടെ ഇടപെടല്‍ മൂലം ഇത് നഷ്ടപ്പെടുമെന്ന് അച്ഛന്‍ ഭയപ്പെട്ടിരുന്നു.”

മെഡിക്കല്‍ ലീവെടുത്ത ബാബുവിനെ മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന ശുപാര്‍ശ ബാബുവിനെതിരെയുള്ള എസ്‌ഐയുടെ തന്ത്രമായിരുന്നുവെന്ന് സഹപ്രവര്‍ത്തകരും ആരോപിക്കുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ അസുഖമില്ലെന്ന് കണ്ടാല്‍ വ്യാജരേഖ ചമച്ചതിനടക്കം കേസെടുക്കുമെന്നും അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ ശാരീരിക ക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്നും മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ബാബുവിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും പറയുന്നു. ബാബുവിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ, “കഴിഞ്ഞ 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പരിശോധിച്ചാല്‍ ജോലിയെടുക്കുന്നതിന് മടിയില്ലാത്ത, ഏറ്റവും റിസ്‌ക്കും ഉത്തരവാദിത്തവുമുള്ള ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ബാബു. ആത്മാര്‍ഥതയോടെ ജോലി നോക്കിയിരുന്ന അദ്ദേഹം മരിച്ചെങ്കില്‍ അതിന് ഉത്തരവാദികള്‍ പോലീസ് സേനയ്ക്കുള്ളില്‍ തന്നെയുള്ളവരാണ്. ചിലരുടെ സമ്മര്‍ദ്ദപ്പെടുത്തലുകള്‍ താങ്ങാതെയാണ് അദ്ദേഹം ജീവനില്ലാതാക്കിയത്. എന്നാല്‍ ഇത് ബാബുവില്‍ മാത്രം തീരുന്ന പ്രശ്‌നമല്ല. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലീസിന്റെ ജീവിതം ഒരു സുരക്ഷിതത്വവുമില്ലാത്തതാണ്.”

ആത്മഹത്യകളെക്കുറിച്ചും പോലീസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ പ്രത്യേക സമിതി വേണമെന്ന ആവശ്യം നിലനില്‍ക്കുന്നു. ജോലിസംബന്ധമായ ആത്മഹത്യകള്‍ ചുരുക്കമാണെന്ന് ഡിജിപിയും പോലീസ് അസോസിയേഷനിലെ ചിലരും ഉറപ്പിച്ച് പറയുമ്പോഴും തങ്ങളുടെ പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്കോ അകാലമരണത്തിലേക്കോ ആണ് നയിക്കുക എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതിന് വ്യക്തമായ കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിലേക്ക് പോവും മുമ്പ് ചില വസ്തുതകള്‍ പരിശോധിക്കാം. സംസ്ഥാനത്ത് നിലനില്‍ക്കുന്നത് 18ലക്ഷം കേസുകള്‍. പ്രതിവര്‍ഷം ശരാശരി നടത്തുന്നത് 12 ലക്ഷം കേസുകള്‍. രേഖപ്പെടുത്തുന്നത് ശരാശരി ഏഴ് ലക്ഷം എഫ്‌ഐആറുകള്‍. കേസന്വേഷണത്തിന് പുറമെ മറ്റ് ജോലികള്‍ക്കെല്ലാം കേരള പോലീസില്‍ ഉള്ളത് ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ 21,400 പേര്‍. ഇതില്‍ തന്നെ കേസ് അന്വേഷിക്കാന്‍ അധികാരമുള്ളത് 15,000 പോലീസുകാര്‍. 1991ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കവെ എം.കെ ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ പ്രകാരം പോലീസ് സേനയില്‍ ആളുകളുടെ എണ്ണം വര്‍ധിപ്പിച്ചതൊഴിച്ചാല്‍ പിന്നീട് അതുണ്ടായില്ല.

“ബാലെ ട്രൂപ്പ് നടത്തിപ്പ് പോലെയാണ് കേരള പോലീസ്. ആകെ പത്തോ പതിനഞ്ചോ പേരുണ്ടാവും. നൂറ് കഥാപാത്രവും ഉണ്ടാവും. ഉള്ളവര്‍ എല്ലാ കഥാപാത്രങ്ങളും ആടിത്തീര്‍ക്കണം. അത് തന്നെയാണ് പോലീസില്‍ നടക്കുന്നത്. അഞ്ഞൂറ് പേര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് വര്‍ധനയുണ്ടാവേണ്ടത്. അതില്ലെങ്കിലും ആവശ്യത്തിന് ആളുകളെയെങ്കിലും നിയമിച്ചാല്‍ പകുതി പ്രശ്‌നങ്ങള്‍ അവിടെ തീരും”, ഒരുദ്യോഗസ്ഥന്‍ പ്രതികരിച്ചു.

സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഓരോ ദിവസവും മുന്നോട്ട് പോവുന്ന പോലീസുകാര്‍ക്ക് ഇനിയും പറയാനുണ്ടായിരുന്നു. ജോലിഭാരത്തിന്റെ, മേലുദ്യോഗസ്ഥരുടെ പീഡനത്തിന്റെ, പിരിമുറുക്കങ്ങളുടെ, സമ്മര്‍ദ്ദങ്ങളുടെ, സുരക്ഷിതത്വമില്ലാത്ത, ഭയന്നുള്ള ഔദ്യോഗിക ജീവിതത്തിന്റെ അനുഭവങ്ങള്‍. 12 വര്‍ഷം സര്‍വീസുള്ള സിവില്‍ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥന്‍ പറയുന്നു, “സ്‌റ്റേഷനില്‍ മേലുദ്യോഗസ്ഥര്‍ മാറി വരുന്നതിനനുസരിച്ച് കാര്യങ്ങള്‍ മാറും. ചില എസ്‌ഐമാര്‍ വന്നാല്‍ ബാക്കിയുള്ളവരുടെ കാര്യം കഷ്ടമാണ്. ഒരു ദിവസം രാവിലെ ഒമ്പത് മണിക്ക് ഡ്യൂട്ടിക്ക് കയറിയാല്‍ മിക്കപ്പോഴും അടുത്ത ദിവസം ഒമ്പത് മണിക്കാണ് ഇറങ്ങാന്‍ കഴിയുക. രാവിലെയും രാത്രിയും ഒന്നിച്ച്, ഉറക്കം നിന്ന് ജോലി. പിറ്റേന്ന് അവധിയെടുക്കാം. പക്ഷെ ആ അവധി ഒരു കാര്യവുമില്ലാതെ പോവും. കണ്ണില്‍ നിറയെ ഉറക്കവും ക്ഷീണവുമായായിരിക്കും വീട്ടിലേക്കെത്തുക. ഉറങ്ങിത്തീരുമ്പോള്‍ തന്നെ പകല്‍ മുഴുവന്‍ തീരും. പിറ്റേന്ന് വീണ്ടും ഡ്യൂട്ടിക്ക്. വീട്ടിലെ ഒരു കാര്യവും നോക്കാന്‍ കഴിയില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കുടുംബജീവിതം എന്നത് ഇല്ല. ഭാര്യയുമായോ കുട്ടികളുമായോ സംസാരിക്കാന്‍ പോലും സമയം ലഭിക്കാറില്ല. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ശാരീരിക ബന്ധം പോലും ഉണ്ടാവാറില്ല എന്നതാണ് സത്യം. ആത്മഹത്യാ കണക്കൊക്കെ മാറ്റിവച്ചാല്‍ പോലീസുകാര്‍ എത്ര പേര്‍ കുടുംബമായി ജീവിക്കുന്നുണ്ടെന്ന് കണക്കെടുത്താല്‍ മതി കാര്യങ്ങള്‍ മനസ്സിലാവാന്‍. പോലീസുകാര്‍ക്കിടയില്‍ ഡിവോഴ്‌സ് ധാരാളമായി നടക്കുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളാണ് പലരും ചൂണ്ടിക്കാട്ടിയത്. വനിതാ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “ബിപിയും ഷുഗറും കൊളസ്‌ട്രോളും ഇല്ലാത്ത പോലീസ് ഓഫീസര്‍മാര്‍ ചുരുക്കമായിരിക്കും. ഉറക്കമില്ലായ്മയും സ്‌ട്രെസ്സും ടെന്‍ഷനും കാരണം വരാത്ത രോഗങ്ങളില്ല. ഹൈ ബിപിയും ഡയബറ്റിക്‌സുമുള്ളവര്‍ ഒട്ടും ഉറക്കം നില്‍ക്കരുത്. എന്നാല്‍ പിന്നെയും അതേ ജോലികള്‍ തുടരുന്ന പോലീസുകാര്‍ക്ക് വിശ്രമത്തിന് പോലും സമയമില്ല. സ്‌റ്റേഷനുകളില്‍ വിശ്രമിക്കാന്‍ സൗകര്യവുമില്ല. ഇരിക്കാന്‍ തന്നെ സമയം ലഭിച്ചാല്‍ നല്ല കാര്യം. സ്‌ട്രെസ് കുറക്കാന്‍ യോഗ തുടങ്ങാം എന്ന് ഡിജിപി പറഞ്ഞു. എന്നാല്‍ അത് പ്രാക്ടിക്കലാക്കിയാല്‍ പോലീസുകാരുടെ സ്‌ട്രെസ് കൂടുകയാണ് ചെയ്യുക. വൈകിട്ട് നാല് മണിക്ക് ഡ്യൂട്ടിയുള്ളയാളും, രാത്രി വൈകി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയയാളും രാവിലെ നടക്കുന്ന യോഗ സെഷനില്‍ പങ്കെടുക്കേണ്ടി വരും. ഇത് പാമ്പുകടിയേറ്റവന്റെ തലയില്‍ തേങ്ങ വീണത് പോലെയിരിക്കും. ഞാന്‍ ഹൈ ഡയബറ്റിക് ആണ്. കുറച്ച് സ്‌ട്രെസ് കുറവുള്ള സ്‌റ്റേഷനിലേക്ക് ജോലി മാറ്റി തരാന്‍ അപേക്ഷിച്ചിട്ട് കാലങ്ങളായി. അത് ഇതേവരെ പരിഗണിച്ച് പോലുമില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ വിരമിക്കും. ഇത്രയും സീനിയറായ എനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ജോലിയില്‍ പുതിയതായി എത്തിയവരുടെ കാര്യം പറയേണ്ടതില്ലല്ലോ”.

കേരള പോലീസിലെ അംഗബലം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതാണ് ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 1991നെ അപേക്ഷിച്ച് ക്രൈം നിരക്ക് പതിന്‍മടങ്ങ് വര്‍ധിച്ചു. ജനസംഖ്യയിലും വലിയ വര്‍ധനവുണ്ടായി. എന്നാല്‍ അതിന് ആനുപാതികമായി പോലീസ് അംഗസംഖ്യ വര്‍ധിച്ചിട്ടില്ല. 2014ല്‍ ഡിജിപി ജേക്കബ് പുന്നൂസ് പോലീസിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്ന് ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന ടിപി സെന്‍കുമാറിനെ ചെയര്‍മാനാക്കി ഒരു കമ്മറ്റി രൂപീകരിച്ചു. പോലീസിലെ അംഗസംഖ്യ കൂട്ടണമെന്നും, ജോലിഭാരം കുറക്കണമെന്നും, ഡ്യൂട്ടി എട്ട് മണിക്കൂര്‍ ആക്കി തീരുമാനമാക്കണമെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പഠന സമിതി കൈമാറിയത്. 18,000 പേരുടെ തസ്തിക കൂടി അനുവദിക്കണമെന്നതായിരുന്നു പ്രധാന ശുപാര്‍ശ. എന്നാല്‍ അത് നടന്നില്ല. ഉദ്യോഗസ്ഥര്‍ പറയുന്നത്, “ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനുകളെ എ ഗ്രേഡ് ആയും, അതില്‍ പകുതി കേസുകളുള്ള സ്റ്റേഷനുകള്‍ ബി ഗ്രേഡ് ആയും തീരെ കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനുകള്‍ സി ഗ്രേഡിലുമാണ് എം.കെ ജോസഫ് കമ്മീഷന്‍ പെടുത്തിയിരുന്നത്. തിരുവനന്തപുരം ഫോര്‍ട്ട്, മെഡിക്കല്‍ കോളേജ്, കന്റോണ്‍മെന്റ് സ്‌റ്റേഷനുകളെല്ലാം അന്ന് എ ഗ്രേഡില്‍ വരുന്നതായിരുന്നു. തിരുവല്ലം, കോവളം തുടങ്ങിയ സ്‌റ്റേഷനുകള്‍ സി ഗ്രേഡ് ആയും കണക്കാക്കി. എ ഗ്രേഡ് സ്‌റ്റേഷനുകള്‍ക്ക് 30 പേരെയാണ് അനുവദിച്ചിരുന്നത്. മറ്റ് സ്റ്റേഷനുകള്‍ക്ക് ആനുപാതികമായി കുറവും ആയിരുന്നു. സി ഗ്രേഡില്‍ ഉള്‍പ്പെട്ട സ്റ്റേഷനുകളില്‍ ഇന്ന് മുമ്പ് എ ഗ്രേഡ് ആയി രേഖപ്പെടുത്തിയിരുന്ന സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലും നാലോ അഞ്ചിരട്ടി എത്തുന്നുണ്ട്. എന്നാല്‍ സ്‌റ്റേഷനുകളിലേക്ക് നല്‍കുന്നത് പഴയ കണക്ക് പ്രകാരമുള്ള അംഗസംഖ്യ മാത്രം. ഓരോ എംഎല്‍എമാരുടേയും മന്ത്രിമാരുടേയുമെല്ലാം താത്പര്യങ്ങള്‍ക്കനുസരിച്ച് ജനമൈത്രി എന്നും മറ്റും പേരുപറഞ്ഞ് പുതിയ പോലീസ് സ്‌റ്റേഷനുകള്‍ തുറക്കുന്നു. എന്നാല്‍ ഇവിടേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം. മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് മാറ്റുന്നത്. അത് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും.”

‘കേരളത്തിലുള്ളത് 3.5 കോടി ജനങ്ങള്‍. ഇവരുടെ പരാതികള്‍ കേള്‍ക്കണം, ദിവസേന കൂടിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണം, ക്രമസമാധാനം ഉറപ്പ് വരുത്തണം, ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം ഇതെല്ലാം ഒരു വശത്ത്. എഫ്‌ഐആര്‍ എഴുതുന്നത് മുതല്‍, വാറണ്ട്, സമന്‍സ്, കോടതി, പെട്രോളിങ് തുടങ്ങിയ ജോലികള്‍ വേറെ. കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുതലുള്ള എഴുത്ത്. നാല് കേസ് എടുത്താല്‍ അത് നാലും എഴുതി തീരുമ്പോള്‍ തന്നെ ഒരു ദിവസം വേണ്ടി വരും. ഒരു ആക്‌സിഡന്റ് കേസ് വന്നാല്‍ പോലും എത്ര ഷീറ്റില്‍ എഴുതണം. എന്നിട്ടും ഡ്യൂട്ടി സമയത്ത് ചെയ്യാതെ റെസ്റ്റ് ടൈമിലും ഡ്യൂട്ടി കഴിഞ്ഞുള്ള സമയത്തുമൊക്കെയാണ് അത് എഴുതി തീര്‍ക്കുന്നത്. അതിന് പുറമെയാണ് ജനമൈത്രി, വയോജന പോലീസ്, പിങ്ക് പോലീസ്, സ്റ്റുഡന്റ് പോലീസ് അങ്ങനെ പല പദ്ധതികളുും. ഇതെല്ലാം ചെയ്യേണ്ടത് ഒരേ ആളുകളാണ്. ജനമൈത്രി പോലീസ് തുടങ്ങിയത് കോടിയേരിയാണ്. എന്നാല്‍ അതിനായി ആളുകളെ എടുത്തില്ല. ഉമ്മന്‍ ചാണ്ടി വന്നപ്പോള്‍ 140 സ്‌റ്റേഷനുകളിലേക്കായി 540 തസ്തികകള്‍ സൃഷ്ടിച്ചു. പക്ഷെ അതുകൊണ്ടും തീരില്ല നിലവിലെ ജോലിഭാരം. ജനമൈത്രിക്കായി വീടുവീടാന്തരം കയറിയിറങ്ങണമെന്നാണ് പുതിയ നിര്‍ദ്ദേശം. അതിന് സ്റ്റേഷനില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ പോവും. പലപ്പോഴും വാഹന സൗകര്യം പോലും തരില്ല. കയ്യില്‍ നിന്ന് കാശെടുത്ത് പെട്രോള്‍ അടിച്ച് സ്വന്തം വണ്ടിയില്‍ പോവും. എ ആര്‍ ക്യാമ്പുകളിലോ സ്‌പെഷ്യല്‍ യൂണിറ്റുകളിലോ ഉള്ളവരെ ഈ പദ്ധതികള്‍ക്കായൊന്നും നിശ്ചയിക്കുന്നുമില്ല. സ്റ്റേഷനുകളിലെ മറ്റെല്ലാ ജോലികള്‍ക്കുമൊപ്പമാണ് വയോജനപോലീസായാലും ജനമൈത്രി ആയാലും സ്റ്റുഡന്റ് പോലീസായാലും ഞങ്ങള്‍ എത്തുന്നത്. ചെറിയ വീഴ്ചകള്‍ക്കുപോലും ചോദ്യവും വരും.”

‘സുവോമോട്ടോ കേസുകള്‍ എടുക്കുന്നത് പോലീസ് വഴക്കമുള്ളതാണ്. മുമ്പ് അത് പെട്രോളിങ്ങിനിടയില്‍ കണുന്ന ഒഫന്‍സുകളായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനത്തിന്റെ അമിത വേഗത അങ്ങനെ പലതും ഇത്തരത്തില്‍ പെടുന്നതാണ്. എന്നാല്‍ ഇന്ന് അതും നിര്‍ബന്ധിതമായിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി അതത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ എസ്‌ഐമാര്‍ക്കോ ഒരു ദിവസം ഇത്ര കേസ് എന്ന് ടാര്‍ഗറ്റ് ഫിക്‌സ് ചെയ്ത് നല്‍കും. അഞ്ച് സുവോമോട്ടോ, 10 സുവോമോട്ടോ എന്നിങ്ങനെ. എസ്‌ഐ പോലീസുകാര്‍ക്ക് ആ നിര്‍ദ്ദേശം കൈമാറും. അപ്പോള്‍ അത് ജനങ്ങളെ പീഡിപ്പിക്കലാവും. ഉദാഹരണത്തിന് ട്രിപ്പിള്‍ എടുത്ത് വാഹനമോടിക്കുന്നവരെ പിടികൂടി എന്നിരിക്കുക. മുമ്പാണെങ്കില്‍ വാഹനമോടിച്ചയാള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്യുക. മൂന്ന് പേരേയും പ്രതി ചേര്‍ത്താലും അത് ഒറ്റ കേസ് ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ നിവൃത്തികെട്ട് മൂന്ന് പേര്‍ക്കെതിരെയും ഓരോ കേസുകള്‍ ചാര്‍ജ് ചെയ്യും.നാല് പേര്‍ ചേര്‍ന്ന് പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ അത് ഒറ്റ കേസ് ആക്കാതെ നാല് പേര്‍ക്കെതിരെയും ഓരോരോ കേസുകള്‍ ചാര്‍ജ് ചെയ്യും. രാത്രിയില്‍ വെറുതെ റോഡില്‍ നില്‍ക്കുന്നവനെ എന്തെങ്കിലും പേരില്‍ ചോദ്യം ചെയ്ത് കേസ് ചാര്‍ജ് ചെയ്യും. ടാര്‍ഗറ്റ് മീറ്റ് ചെയ്യല്‍ കൂടി പോലീസുകാരന്റെ ജോലിയായി വന്നിരിക്കുകയാണ്. അഥവാ അത് മീറ്റ് ചെയ്യാനായില്ലെങ്കില്‍ മുകളില്‍ നിന്ന് എസ്‌ഐയെ സമ്മര്‍ദ്ദപ്പെടുത്തും. എസ്‌ഐ ഞങ്ങളെ ചോദ്യം ചെയ്യും. കാരണം കാണിക്കല്‍ നോട്ടീസ് വരെ തന്നുകളയും. കേസ് എടുത്താല്‍ അത് എഴുതാനുള്ള പേപ്പര്‍ പോലും ചിലപ്പോള്‍ സ്‌റ്റേഷനിലുണ്ടാവില്ല. എഴുതാനുള്ള സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങിക്കുന്നതടക്കം പോലീസുകാരന്റെയോ പോലീസുകാരിയുടേയോ ചുമതലയായി വരും. സമയബന്ധിതമായി കേസ് എഴുത്ത് തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപ്പോള്‍ ചോദ്യം വരും. എഎസ്‌ഐ മുതല്‍ മുകളിലേക്കുള്ളവര്‍ക്കാണ് കേസ് അന്വേഷിക്കാനുള്ള ചുമതല. എന്നാല്‍ അത് സിവില്‍ പോലീസ് ഓഫീസര്‍മാരും ജി ഡി ചാര്‍ജുള്ള ഉദ്യോഗസ്ഥരും വരെ ചെയ്യേണ്ടി വരുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.”

‘ഇത്രയും ജോലിഭാരമുള്ളപ്പോഴും മേലുദ്യോഗസ്ഥനില്‍ നിന്ന് നേരിടേണ്ടി വരുന്ന കാര്യങ്ങളാണ് പലരേയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഒരു ചെറിയ പിഴവിന് പോലും വലിയ ശിക്ഷകള്‍ നല്‍കുകയും, അതിന്റെ പേരില്‍ പൊതുവായി ഇന്‍സള്‍ട്ട് ചെയ്യുകയും ചെയ്യുക പല ഓഫീസര്‍മാരുടേയും ശീലമാണ്. വ്യക്തിപരമായ ഇഷ്ടക്കേടുകള്‍ പോലും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെ കാണിക്കുന്നവരുണ്ട്. 16 മണിക്കൂറും 24 മണിക്കൂറും ഒന്നിച്ച് ഉറക്കമില്ലാതെ ജോലി എടുത്ത് കഴിയുമ്പോഴായിരിക്കും പിറ്റേന്ന് എന്തെങ്കിലും ചെറിയ പിഴവിന്റെ പേരില്‍ കമ്മീഷണറെ കാണാന്‍ പറയുക. ഹെഡ്മാസ്റ്ററെ കണ്ട് സ്‌കൂളില്‍ കയറിയാല്‍ മതി എന്ന് പറയുന്നത് പോലെ. കമ്മീഷണര്‍ ഓഫീസില്‍ പോയാല്‍ ചിലപ്പോള്‍ മണിക്കൂറുകള്‍, അല്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ കാത്ത് നിന്നാലായിരിക്കും കാണാന്‍ സാധിക്കുക. ചിലപ്പോള്‍ അന്ന് കാണാനായില്ലെന്നും വരും. അപ്പോള്‍ അടുത്ത ദിവസവും കമ്മീഷണര്‍ ഓഫീസിലെ ഈ കുത്തി നില്‍പ്പ് തുടരേണ്ടതായി വരും. അതുകൂടാതെയാണ് മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വരുന്ന അധിക്ഷേപം.”

അമിത ജോലിയും അതുമൂലമുള്ള സമ്മര്‍ദ്ദങ്ങളുടേയും പരാതികളും ആകുലതകളും അങ്ങനെ തുടര്‍ന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് പറയാനുണ്ടായിരുന്നത് പോലീസിനുള്ളിലെ അരക്ഷിതാവസ്ഥയെക്കുറിച്ചാണ്. അസോസിയേഷനിലെ അംഗങ്ങള്‍ ഉള്‍പ്പെടെ ഈ ആശങ്ക പങ്കുവക്കുകയും ചെയ്തു. അവ ഇങ്ങനെ:

“രണ്ടാഴ്ചയ്ക്കുള്ളില്‍ എറണാകുളം റൂറല്‍ പോലീസ് ജില്ലയില്‍ രണ്ട് എഎസ്‌ഐമാരാണ് മേലുദ്യോഗസ്ഥരുടെ മാനസികപീഡനത്തെ തുടര്‍ന്ന് സ്വയം ജീവിതം അവസാനിപ്പിച്ചത്. ചെങ്ങമനാട് സ്റ്റേഷനിലും തടിയിട്ടപറമ്പ് സ്റ്റേഷനിലും. രണ്ടുപേരും മേലുദ്യോഗസ്ഥര്‍ക്കെതിരായി വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടാണ് ആത്മഹത്യ ചെയ്തത്. ആദ്യത്തെ കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരായ നടപടി ഒന്നും ഉണ്ടായതായി കേട്ടില്ല. സംഭവത്തില്‍ മരിച്ചയാള്‍ക്ക് അനുകൂലമായി സംസാരിച്ച ഒരു സഹപ്രവര്‍ത്തകനെ പണിഷ്‌മെന്റ് ആയി സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ കേസില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥന് മുന്‍പ് ആവശ്യപ്പെട്ടിരുന്ന സ്ഥലത്തേക്ക് തന്നെ സ്ഥലംമാറ്റം നല്‍കി ആളെ ‘ശിക്ഷിച്ചു’. ഇതിനു മുമ്പ് എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ഇത്തരം രണ്ടു സംഭവങ്ങള്‍ കൂടി ഉണ്ടായതായി അറിയാം. ഒരു എസ്‌ഐയും ഒരു എഎസ്‌ഐയും. അവരും രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായി ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിരുന്നു. അന്വേഷിക്കും എന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.”

‘കീഴുദ്യോഗസ്ഥരെ പച്ചക്ക് തെറി വിളിക്കുന്ന ഒരു വകുപ്പ്, പോലീസ് വകുപ്പ് മാത്രമേ കാണൂ. അത് ഒരു അവകാശം പോലെയാണ് പല മേലുദ്യോഗസ്ഥരും കണക്കാക്കുന്നത്. മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ യോഗയും കൗണ്‍സലിങ്ങും കൊണ്ടുവരും എന്ന് പറയുന്നു. സാധാരണ പോലീസുകാര്‍ക്കല്ല അത് വേണ്ടത്. കീഴുദ്യോഗസ്ഥരോട് മാന്യമായി പെരുമാറാനറിയാത്ത അടിമകളെപ്പോലെ കണക്കാക്കുന്നവര്‍ക്കാണ് കൗണ്‍സലിങ് അത്യാവശ്യമായിട്ടുള്ളത്. ഏതെങ്കിലും കേസ് അന്വേഷിച്ചാലോ കണ്ടെത്തിയാലോ അത് പോസിറ്റീവ് ആണെങ്കില്‍ ഡിജിപിയും ഐജിയും മുതലുള്ളവരുടെ ക്രെഡിറ്റില്‍ ചെന്ന് ചേരും. എന്നാല്‍ ഒരു പിഴവ് വരുന്ന കേസുകളില്‍, അത് മേലുദ്യോഗസ്ഥരുടെ അറിവും തീരുമാനവും പ്രകാരമായാല്‍ കൂടി പഴി വാങ്ങുന്നതും നടപടി നേരിടുന്നതും എസ്‌ഐ മുതലുള്ള കീഴുദ്യോഗസ്ഥരാണ്. വരാപ്പുഴ കസ്റ്റഡി മരണ കേസിലും, ശ്രീറാം കേസിലും, നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലും അതുണ്ട്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ചുമതലയില്‍ പെടാത്ത ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ അത് ആരെങ്കിലും പരാതിപ്പെടുമ്പോള്‍ നിര്‍ദ്ദേശം നല്‍കിയ ആരും തന്നെയുണ്ടാവില്ല. കമ്മീഷണര്‍ ഓഫീസില്‍ പോയി ഇല്ലെങ്കില്‍ മറ്റേതെങ്കിലും മേലുദ്യോഗസ്ഥനില്‍ നിന്ന് അതിന് തക്കതായ ശിക്ഷ നമ്മള്‍ തന്നെ വാങ്ങണം.”

‘എറണാകുളത്ത് എംഎല്‍എ എല്‍ദോയുടെ കയ്യൊടിഞ്ഞ കേസ്, പോലീസ് നടപടിക്രമം പോലെ ചെയ്യേണ്ടതേ ചെയ്തുള്ളൂ. പോലീസ് നടപടി ശരിയായിരുന്നു എന്ന് ആദ്യ ദിവസം റിപ്പോര്‍ട്ട് വന്നു. എന്നാല്‍ പിറ്റേന്ന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍ ഉത്തരവും കിട്ടി. രണ്ട്, കൊല്ലത്ത് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടതിന്റെ ശിക്ഷയായി മൂന്ന് പോലീസുകാര്‍ക്ക് സസ്പന്‍ഷന്‍. അത് അവരുടെ മാത്രം പിഴവാണോ. മുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റെവിടെ നിന്നോ ലഭിക്കേണ്ട വിവരങ്ങള്‍ ശരിയായി ലഭിക്കാതിരുന്നതിലെ പാളിച്ചയാണ്. എന്നാല്‍ നടപടി വന്നതാര്‍ക്കാണ്? വാറണ്ടിലെ പ്രതിയെ അന്വേഷിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നടന്നു. ആ അഡ്രസില്‍ അയാളില്ലായിരുന്നു. നടത്തിയ വിശദമായ അന്വേഷണത്തിലും വാറണ്ടിലെ പ്രതി നാട്ടില്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ കോടതി വാറണ്ട് നല്‍കിക്കൊണ്ടേയിരുന്നു. ഓരോ തവണ വാറണ്ട് വരുമ്പോഴും ആള് സ്ഥലത്തില്ലെന്ന് രേഖപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍ കോടതിക്ക് നല്‍കി. ഒടുവില്‍ കോടതി വാറണ്ട് നോട്ടീസ് നേരിട്ട് ഡിജിപിക്ക് അയച്ചു നല്‍കി. ഡിജിപി സ്റ്റേഷന്‍ ഹൗസ്ഓഫീസറോട് വിശദീകരണം തേടി. ഒടുവില്‍ ആ പോലീസുകാരന് കാരണം കാണിക്കന്‍ നോട്ടീസ്, സസ്പന്‍ഷന്‍. സംഭവത്തിനെല്ലാം ഉത്തരവാദിയും ചുമതലക്കാരനും കൂടിയായ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. വലിയതുറ സ്റ്റേഷനില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പന്‍ഷന്‍ ലഭിച്ചു. ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയയാളെ മദ്യപിച്ച് ബഹളം വച്ചതിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്ത് സ്റ്റേഷനിലെത്തിച്ചതാണ് സംഭവം. അയാളുടെ ബാഗില്‍ വിദേശ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അയാള്‍ മദ്യപിക്കുന്നത് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അയാളെ സഹായിക്കാനാണ് എസ്‌ഐയുടെ അറിവോടെ കുപ്പികള്‍ സ്റ്റേഷനില്‍ മാറ്റിവച്ചത്. എന്നാല്‍ ശ്രീലങ്കയില്‍ നിന്ന് വന്നയാള്‍ അക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ അറിയിച്ചു. സംഭവം വിവാദമായപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നു. മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടികളില്ല. ഇത്തരത്തില്‍ ഏത് നിമിഷവും നടപടി നേരിടാം എന്ന ഭയവും അരക്ഷിതത്വബോധവും പോലീസുകാര്‍ക്കുണ്ട്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്ന പ്രവര്‍ത്തിയായാലും നടപടി വരുമ്പോള്‍ തങ്ങള്‍ ബലിയാടാക്കപ്പെടുമെന്ന ഭയം പോലീസുകാരില്‍ ഉണ്ട്. തങ്ങളുടെ തൊഴിലിനും തങ്ങള്‍ക്കും യാതൊരു സുരക്ഷിതത്വവുമില്ലെന്ന തോന്നല്‍ അവരെ വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.”

പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കൃത്യമായി പങ്കുണ്ടെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായം, “കടുത്ത സമ്മര്‍ദ്ദത്തെയും അതിജീവിക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉള്ളവരേ പോലീസിലേക്ക് വരാവൂ എന്നാണ് എന്റെ അഭിപ്രായം. ഹൈറാര്‍ക്കി അനുസരിച്ച് സമ്മര്‍ദ്ദം കൊടുത്തുകൊണ്ടേയിരിക്കും. എന്നാല്‍ അതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു വിഷയമുണ്ട്. സമ്മര്‍ദ്ദം ചെലുത്താന്‍ മേലുദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഒരു കേസ് വന്നാല്‍ അത് അന്വേഷിക്കാനുള്ള സമയം പോലും വേണമെന്ന് ആലോചിക്കാതെ പോലീസ് നടപടിയില്ല എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്യുന്നു. ഇത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും എല്ലാം സമ്മര്‍ദ്ദമുണ്ടാക്കുകയും അത് കീഴുദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ചോറ്റാനിക്കരയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന കേസ് ഉണ്ടായിരുന്നു. കുട്ടി മരിച്ച് അടുത്ത ദിവസം മുതല്‍ പോലീസ് നടപടിയില്ല എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാന്‍ തുടങ്ങി. കുട്ടിയുടെ അമ്മയെയായിരുന്നു പോലീസിന് സംശയം. എന്നാല്‍ അവരല്ല അത് ചെയ്തതെങ്കില്‍, സ്വന്തം കുഞ്ഞ് മരിച്ച വേദനയില്‍ കഴിയുന്ന സ്ത്രീയെ അനാവശ്യമായി സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും ഗുരുതരമായ പിഴവാണ്. ധാര്‍മ്മികമായും മാനുഷികമായും അത് ശരിയല്ല. അഥവാ സംശയം തെറ്റിപ്പോയാല്‍ മാധ്യമങ്ങള്‍ തന്നെ പോലീസിനെ കീറി ഒട്ടിക്കും. അതിനാല്‍ എല്ലാ ഭാഗങ്ങളും അന്വേഷിച്ച് പൂര്‍ണമായും ഉറപ്പിച്ചതിന് ശേഷം മാത്രമേ ആ സ്ത്രീയെ ചോദ്യം ചെയ്യാനാവുമായിരുന്നുള്ളൂ. പക്ഷെ മാധ്യമങ്ങള്‍ക്ക് ക്ഷമയില്ലാതായതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമേറി. ഉടന്‍ നടപടി വേണം എന്ന നിര്‍ദ്ദേശങ്ങള്‍ വന്നു. അതുപോലെ തന്നെയാണ് കുണ്ടറയില്‍ മുത്തച്ഛന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊന്ന കുഞ്ഞിന്റെ കേസ്. ആ കേസ് അന്വേഷിക്കുമ്പോള്‍ പോലീസുകാര്‍ അനുഭവിച്ച ടെന്‍ഷന്‍ ആര്‍ക്കും മനസ്സിലാവില്ല. പോലീസിന് സംശയം തോന്നി. എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ സംശയം തെറ്റാണെങ്കില്‍ ഉണ്ടാക്കാവുന്ന മുറിവുകള്‍ എത്ര വലുതായിരിക്കും. അതിനാല്‍ ഒരാഴ്ച സമയമെടുത്ത് തന്ത്രപരമായി ഇടപെട്ടാണ് ആ കേസ് തെളിയിച്ചത്. ദിലീപിന്റെ കേസ് പോലും അത്തരത്തില്‍ ഒന്നായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപാണെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ചു. പോലീസിന് സംശയമായിരുന്നു. പൂര്‍ണമായ രീതിയില്‍ അത് ഉറപ്പിച്ചാലേ പോലീസിന് നടപടി സ്വീകരിക്കാനാവൂ. എന്നാല്‍ പോലീസ് ദിലീപിനെ രക്ഷിക്കാന്‍ നോക്കുന്നു എന്നായിരുന്നു മാധ്യമങ്ങളുടെ ആരോപണം. ഇത് എത്രത്തോളം സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കി. മേലുദ്യോഗസ്ഥരുടെ താക്കീതുകളും നിര്‍ദ്ദേശങ്ങളും കുറ്റപ്പെടുത്തലുകളും ചീത്തവിളികളും കേട്ട് ഒരു കേസ് അന്വേഷിക്കേണ്ടി വരിക എന്ന ഗതികേടിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. മാധ്യമങ്ങളുള്‍പ്പെടെ ഇങ്ങനെ പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി സമൂഹത്തിന് പൊതുവെ പോലീസുകാരില്‍ അവിശ്വാസ്യത രൂപപ്പെട്ടിട്ടുണ്ട്. പൊതുസമീപനം മോശമാവുന്നതിന്റെ പ്രഷര്‍ വളരെ വലുതാണ്.”

സമ്മര്‍ദങ്ങള്‍ ഇനി അനുഭവിച്ച് മുന്നോട്ട് പോവാനാവില്ല എന്ന നിലപാടാണ് പോലീസ് അസോസിയേഷനും എടുത്തിരിക്കുന്നത്. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു പറയുന്നു, “സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം സംഘടന ചര്‍ച്ച ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത ബാബുവിനുണ്ടായതിനേക്കാള്‍ വലിയ മാനസിക ബുദ്ധിമുട്ടുകള്‍ മറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി ബഹുഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. എന്നാല്‍ ഇനി അത് ആവര്‍ത്തിക്കാന്‍ പാടില്ല. കേരളത്തിലെ പോലീസ് ആരുടെയും അടിയാനോ കുടിയാനോ അല്ല. ആത്മാഭിമാനത്തോടെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. പോലീസ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാം, എന്താണ് പരിഹാരമാര്‍ഗം എന്ന് അടിയന്തിരമായി പരിശോധിക്കണം. അതിനായി പോലീസ് വകുപ്പിന് പുറത്തുനിന്നുള്ള ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണം.”

വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും ശിക്ഷാനടപടികളും -ഇതിനെല്ലാം ഒരു അറുതിയാണ് പോലീസുകാര്‍ ആവശ്യപ്പെടുന്നത്, “സമാധാനത്തോടെ, ആരോഗ്യത്തോടെ, മനുഷ്യനെപ്പോലെ ജീവിക്കാന്‍ ഒരു അവസരം, അത് മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്.”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍