UPDATES

അന്തിമ സമരത്തിനിറങ്ങും മുമ്പേ നഴ്‌സുമാര്‍ക്ക് വിജയം; സമരം പിന്‍വലിച്ചു; നിയമ പോരാട്ടം തുടരും

‘വാക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ലോങ്മാര്‍ച്ച് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അന്തിമ വിജ്ഞാപനം ഇറക്കിയതായുള്ള പ്രഖ്യാപനം വന്നത്

അന്തിമ സമരത്തിനിറങ്ങും മുമ്പേ നഴ്‌സുമാര്‍ക്ക് വിജയം. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ നിയമവകുപ്പ് സെക്രട്ടറി ഒപ്പുവച്ചു. ഇതോടെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. അന്തിമ വിജ്ഞാപനം ഇറക്കിയ പശ്ചാത്തലത്തില്‍ സമരം തുടരേണ്ടതില്ലെന്ന് യുണൈറ്റൈഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ‘വാക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന പേരില്‍ ലോങ്മാര്‍ച്ച് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അന്തിമ വിജ്ഞാപനം ഇറക്കിയതായുള്ള പ്രഖ്യാപനം വന്നത്. ഇതേ തുടര്‍ന്ന് ലോങ്മാര്‍ച്ചും സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരവും പിന്‍വലിച്ചു. ഇന്ന് മുതല്‍ സംസ്ഥാന വ്യാപകമായി നഴസുമാര്‍ പണിമുടക്കി സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത്യാഹിത വിഭാഗങ്ങളില്‍ പോലും സേവനം ലഭ്യമാക്കില്ലെന്ന് നഴ്‌സുമാര്‍ അറിയിച്ചിരുന്നതിനാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ വിജ്ഞാപനമിറക്കുകയായിരുന്നു എന്നാണ് വിവരം.

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അടിസ്ഥാന ശമ്പളത്തോടൊപ്പം മറ്റ് അലവന്‍സുകളും ലഭ്യമാവും. ആശുപത്രി അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാര്‍, ലാബ്‌ ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് 20,000 രൂപയും കുറഞ്ഞ ശമ്പളമാക്കിക്കൊണ്ടാണ് വിജ്ഞാപനമിറക്കിയത്. കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ആറ് വിഭാഗങ്ങളാക്കി തിരിച്ചാണ് ശമ്പളവര്‍ധന. നഴ്‌സിങ് ജീവനക്കാര്‍ക്ക് കിടക്കകളുടെ അടിസ്ഥാനത്തില്‍ രണ്ടായിരം മുതല്‍ പതിനായിരം രൂപവരെ അധിക അലവന്‍സ് ലഭിക്കും. ഇതിന് പുറമെ വാര്‍ഷിക ഇന്‍ക്രിമെന്റ്, സര്‍വീസ് വെയിറ്റേജ്, ഡിഎ എന്നിവയും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. ഇതോടെ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 56-86 ശതമാനത്തിന്റെ വര്‍ധനവുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ് നടപ്പാക്കുന്നത്. സുപ്രീംകോടതി മാര്‍ഗരേഖ പ്രകാരമാണ് വിജ്ഞാപനമിറക്കിയത്.

നീണ്ട നാളുകളായുള്ള നഴ്‌സുമാരുടെ ആവശ്യമാണ് അടിസ്ഥാന ശമ്പള വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള നഴ്‌സുമാര്‍ പണിമുടക്കി സമരത്തിനിറങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ചര്‍ച്ചകള്‍ക്കൊടുവില്‍ അടിസ്ഥാന ശമ്പളം 20,000മാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്തിമവിജ്ഞാപനം പുറത്തിറക്കാത്തതില്‍ നഴ്‌സുമാര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാനിരിക്കെ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും സര്‍ക്കാര്‍ അന്തിമവിജ്ഞാപനം ഇറക്കുന്നത് കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാനുള്ള അനുമതി നല്‍കി. എന്നാല്‍ കോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തത് നഴ്‌സുമാരില്‍ അമര്‍ഷമുണ്ടാക്കി. ഒടുവില്‍ ഏപ്രില്‍ 16 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരമാരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനവ്യാപമായി പണിമുടക്കിക്കൊണ്ട് നഴ്‌സുമാര്‍ സമരത്തിനിറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലില്‍ നിന്നും തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ സമരം ശക്തമാക്കാനുള്ള നഴ്‌സുമാരുടെ തീരുമാനം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ ദിവസം യുഎന്‍എ ഭാരവാഹികളുമായി ലേബര്‍ കമ്മീഷ്ണര്‍ നടത്തിയ ചര്‍ച്ചയും പരാജപ്പെട്ടിരുന്നു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്, ആവശ്യം അംഗീകരിക്കുന്നതുവരെ സമരം എന്ന ആഹ്വാനവുമായി പണിമുടക്ക് സമരം തുടങ്ങാനിരിക്കെ അതിന് തലേ ദിവസം അന്തിമവിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സമരം പിന്‍വലിക്കുന്നതായി യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അഴിമുഖത്തോട് പറഞ്ഞു.

അലവന്‍സുകളുടെ കാര്യത്തില്‍ കരട് വിജ്ഞാപനത്തില്‍ നിന്ന് വ്യത്യാസങ്ങള്‍ വരുത്തിയതായി ആരോപിച്ച് സമരം തുടരുമെന്ന സൂചനയാണ് ആദ്യം യുഎന്‍എ ഭാരവാഹികള്‍ ആദ്യം നല്‍കിയത്. എന്നാല്‍ പിന്നീട് ഈ നിലപാട് മയപ്പെടുത്തുകയായിരുന്നു. അലവന്‍സുകളില്‍ വലിയതോതില്‍ കുറവുകള്‍ വന്നിട്ടുണ്ടെന്നാണ് കരുതുന്നതെന്നും വിജ്ഞാപനം വ്യക്തമായി പഠിച്ച ശേഷം പുനപരിശോധന ആവശ്യമെങ്കില്‍ അത് നിയമപരമായി ആവശ്യപ്പെടുമെന്നും യുഎന്‍എ സംസ്ഥാന വൈസ്പ്രസിഡന്റ് സുനീഷ് പറഞ്ഞു ‘സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ സമരം ശക്തമാക്കുമെന്ന് ഉറപ്പായതോടെയാണ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് വിജ്ഞാപനമിറക്കിയത്. എന്ത് കാരണം കൊണ്ടാണെങ്കിലും ഇത് നഴ്‌സുമാരുടെ വിജയം തന്നെയാണ്. പക്ഷെ വിജ്ഞാപനത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയുന്നത്. കരട് വിജ്ഞാപനത്തില്‍ ഉറപ്പ് നല്‍കിയിരുന്ന അലവന്‍സുകള്‍ അന്തിമ വിജ്ഞാപനത്തില്‍ വെട്ടിക്കുറച്ചതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അതിനെതിരെ നിയമപരമായി മുന്നോട്ട് പോവും. തല്‍ക്കാലം സമരം അവസാനിപ്പിക്കുകയാണ്.’

എന്നാല്‍ സര്‍ക്കാര്‍ നിശ്ചിക്കുന്ന വേതനം നല്‍കാനാവില്ലെന്ന് പല ആശുപത്രി മാനേജ്‌മെന്റുകളും നേരത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതിനാല്‍ വിജ്ഞാപനം ഇറക്കിയാലും അത് നഴ്‌സുമാര്‍ക്ക് ലഭ്യമാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. 2013ലെ അടിസ്ഥാന ശമ്പള വര്‍ധനവ് പോലും പല ആശുപത്രി മാനേജ്‌മെന്റുകളും നടപ്പാക്കിയിട്ടില്ല. ഇതിനെതിരെ കൂടിയാണ് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നത്. എന്നാല്‍ സമരം ചെയ്തവരെയെല്ലാം പുറത്താക്കിയതല്ലാതെ ആശുപത്രിയില്‍ വേതന വര്‍ധനവ് നടപ്പിലാക്കിയിട്ടില്ല. മന്ത്രിമാരും ലേബര്‍ കമ്മീഷനും എല്ലാം ഇടപെട്ടിട്ടും ഈ സമരം ഒത്തുതീര്‍പ്പാക്കാനായിട്ടുമില്ല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍