UPDATES

ട്രെന്‍ഡിങ്ങ്

ഇപ്പോള്‍ ജയിലിലാണ് ക്വാറിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സേതു

ക്വാറി മാഫിയയുടെ മാനസിക പീഡനവും അധികാരികളുടെ നിഷ്‌ക്രിയതയും കാരണമാണ് ഭര്‍ത്താവ് ആത്മഹത്യാശ്രമം നടത്തിയത് എന്നു ഭാര്യ; ഈ ക്വാറിക്കാര്‍ മുന്‍പ് ‘അന്യായ’മായി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമക്കാരെ തല്ലിയോടിച്ചിട്ടുണ്ട് എന്നു വാര്‍ഡ് മെംബര്‍

സേതുവിനെ അന്വേഷിച്ച് മുളക്കലത്തുകാവ് തോപ്പില്‍ കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോള്‍ ആ രണ്ടുമുറി വീട്ടില്‍ ആകെയുള്ളത് സേതുവിന്റെ ഭാര്യ ബിന്ദുവും മൂന്നുമക്കളും സേതുവിന്റെ പ്രായമായ അമ്മയുമാണ്. പാറകള്‍ക്കിടയില്‍ തെട്ടുതൊട്ടുനില്‍ക്കുന്ന ഓടുമേഞ്ഞതും, ഷീറ്റിട്ടതുമായ വീടുകള്‍. അടുത്തുള്ള കരിങ്കല്‍ക്വാറിയില്‍ നിന്നുള്ള പൊടിവീണ് നരച്ചുപോയ മരങ്ങളാണ് കോളനിയിലാകെ കാണാനുള്ളത്. ഉറക്കം നഷ്ടപ്പെട്ട് കുഴിഞ്ഞ കണ്ണുകളുമായി ബിന്ദു അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞ് വക്ക് പൊട്ടിയ പഴക്കം ചെന്ന കസേര നീക്കിയിട്ടു. വീടിന്റെ ചുമരില്‍ ദൈവങ്ങള്‍ തൂങ്ങിക്കിടക്കുന്നു. വീട്ടിലെ പെണ്‍കുട്ടികള്‍ അടുക്കളയിലേക്ക് മാറി നില്‍ക്കുകയാണ്. അച്ഛന്‍ ജയിലിലും, കശുവണ്ടി ഫാക്ടറിയിലെ തൊഴില്‍ നഷ്ടപ്പെട്ട അമ്മയുമുള്ള കുട്ടികളുടെ ദയനീയാവസ്ഥ അതിഭീകരമായിത്തന്നെ വീട്ടില്‍ നിഴലിച്ചുകാണാം.

ക്വാറിയില്‍നിന്നുള്ള ഒച്ചപ്പാടുകള്‍ മാത്രമാണ് അവിടെ കേള്‍ക്കാനുള്ളത്. അതുകൂടിയില്ലായെങ്കില്‍ ആ കുന്നിന്‍പുറത്ത് ഗ്രാമത്തിന്റെ മനോഹരമായ നിശബ്ദത മാത്രമേ ഉണ്ടാവുകയുള്ളു. പറക്കമുറ്റാത്ത മൂന്നുമക്കളും അമ്മയും താമസിക്കുന്നത് പലരുടെയും ഭീഷണിയെ ഭയന്നാണെന്നറിഞ്ഞപ്പോള്‍ മനസ്സൊന്നിടറി. സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ബിന്ദു വിതുമ്പുകയാണോ എന്ന് തോന്നിയെങ്കിലും, ഉറച്ച ശബ്ദത്തോടെയാണ് അവര്‍ സംസാരിച്ചത്. അപ്പോഴും എന്തെന്നില്ലാത്ത ഭയം അവരുടെ കണ്ണുകളില്‍ വ്യക്തമായിരുന്നു.

തിരുവനന്തപുരം കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയ്ക്കലത്തുകാവ് ജിത്തുഭവനില്‍ സേതു എന്ന 39കാരന്‍ കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നു. ഭാര്യ ബിന്ദു കശുവണ്ടി ഫാക്ടറിയില്‍ തൊഴില്‍ ചെയ്യുന്നു. മൂന്നു മക്കളാണ് സേതുവിനും ബിന്ദുവിനും. പതിനെട്ടുകാരനായ ജിത്തു ഡിഗ്രി വിദ്യാര്‍ത്ഥിയും. പതിനാറ് വയസ് പ്രായമുള്ള ജിതു കിളിമാനൂര്‍ ഹൈസ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും, പതിനാല് വയസുള്ള ഗീതു പോങ്ങനാട് സ്‌ക്കൂളില്‍ ഒന്‍പതാം തരത്തിലുമാണ്. സര്‍ക്കാര്‍ നല്‍കിയ രണ്ടുമുറി വീട്ടിലാണ് അവര്‍ താമസിക്കുന്നത്. കൂലിപ്പണി ആയിരുന്നെങ്കിലും അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോളുമാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31ന് സേതുവിന്റെ കുടുംബത്തിലേക്ക് വില്ലനായി വീട്ടില്‍നിന്നും 400 മീറ്റര്‍ അകലെയുള്ള ഏ.കെ.ആര്‍ ക്വാറി കടന്നുവരുന്നത്. അതോടെ എല്ലാം തകിടംമറിഞ്ഞു. സേതു സെക്രട്ടറിയേറ്റ് പടിക്കലായി. കുടുംബം പട്ടിണിയിലായി. വീട്ടില്‍ ഗുണ്ടകളെ ഭയന്നുള്ള ജീവിതവുമായി.

തിരുവനന്തപുരം കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ മുളക്കലത്തുകാവ് തോപ്പില്‍ എന്ന സ്ഥലത്തെ ഏ.കെ.ആര്‍ ക്വാറി ആന്‍ഡ് ക്രഷര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ജനവാസമുള്ള തോപ്പില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനിയില്‍നിന്നും 200 മീറ്റര്‍ മാത്രം അകലെയാണ്. ക്വാറിയുടെ ഉടമ ഐ.എസ്.ആര്‍.ഓയിലെ ജീവനക്കാരനായ അജിത്ത്കുമാറാണ്. ക്വാറിയില്‍നിന്നും പാറപൊട്ടിക്കുന്ന സമയത്ത് പാറച്ചീളുകളും, വലിയ കരിങ്കല്‍ കഷണങ്ങളും സാധാരണമായി കോളനിയില്‍ വന്നുവീഴാറുണ്ട്. കൂടാതെ ആസ്ത്മ,വലിവ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന തരത്തിലുള്ള കല്‍ പൊടിയും കോളനിയില്‍ സ്ഥിരമാണ്. എന്നാല്‍ ക്വാറിമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെപ്പറ്റിയോ, പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയോ പരാതിപ്പെടാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. ക്വാറിമാഫിയയുടെ ഗുണ്ടായിസത്തിനിരയായി സ്വന്തം നാട് ഉപേക്ഷിച്ചവരുമുണ്ട് കോളനിയില്‍.

വയനാടന്‍ ക്വാറികള്‍ക്ക് പൂട്ട്‌ വീണു; തുറപ്പിക്കുമെന്ന് ക്വാറി മാഫിയ, ജീവന്‍ കൊടുത്തും പോരാടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

എന്നാല്‍ സേതു എന്ന ചെറുപ്പക്കാരന്‍ ക്വാറി മാഫിയയ്‌ക്കെതിരെ ഒരു ഒറ്റയാള്‍പോരാട്ടത്തിലാണ്. കരിങ്കല്‍ ക്വാറിയില്‍ നിന്നും ഏതുനിമിഷവും വീട്ടിലേക്ക് പറന്നെത്തുന്ന കരിങ്കല്‍പാളിയില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടതെന്നാണ് അദ്ദേഹമുയര്‍ത്തുന്ന ചോദ്യം. കലക്ട്രേറ്റിനു മുന്നിലും, സെക്രട്ടറിയേറ്റിനു മുന്നിലും 356 ദിവസം നീണ്ടുനിന്ന സമരത്തിനിടെ നീതി തീണ്ടാപാടകലെയെന്നും, നീതിപാലകര്‍ക്കു മുന്നില്‍ താന്‍ തീണ്ടാകൂടാത്തവനെന്നും തോന്നിയാകണം സേതു രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിനുമുന്നില്‍നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സേതു ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ന്യായമായ ആവശ്യങ്ങള്‍ക്കായി പോരടിക്കുന്നവര്‍ എന്നും ഭരണകൂടത്തിന്റെ ശത്രുക്കളാണെന്ന് അരക്കിട്ടുറപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഈ ചെറുപ്പക്കാരന്‍ പോരടിക്കുന്നത് ഒരു നാടിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ്. നൂറിലധികം കുടുംബങ്ങളുടെ ജീവനു വേണ്ടിയാണ്. അധികാരികളും, രാഷ്ട്രീയക്കാരും ഇതിനെപ്പറ്റി സംസാരിക്കുന്നില്ല. കലക്ടറോ, പോലീസോ അന്വേഷിക്കുന്നില്ല. മുന്‍നിര മാധ്യമങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ പോരാട്ടം അവസാനിപ്പിക്കാന്‍ സേതു തയ്യാറല്ല. കലക്ട്രേറ്റ് പടിക്കല്‍ നീതികിട്ടും വരെയും സമരം ചെയ്യാന്‍ തന്നെയാണ് സേതു തീരുമാനിച്ചിരിക്കുന്നതെന്ന് ബിന്ദു പറയുന്നു.

പോത്തുപാറയിലെ ടിപ്പര്‍ മുതലാളിമാര്‍ അഥവാ നിശബ്ദതയുടെ രാഷ്ട്രീയം

“കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനമാണ് വീടിനു മുകളിലേക്കും, അടുക്കളയുടെ ചുമരിലും ക്വാറീന്നുള്ള കല്ല് വന്നു വീഴുന്നത്. അപ്പോള്‍ കുട്ടികളും ഞാനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുട്ടികള്‍ അത്രസമയവും പുറത്തുതന്നെയുണ്ടായിരുന്നു. എന്തോ ദൈവഭാഗ്യംകൊണ്ടാണ് കൃത്യസമയത്ത് കുട്ടികളെ അകത്തേക്ക് ചോറുണ്ണാന്‍ വിളിച്ചത്. കല്ലുവീണസ്ഥലത്ത് ടെറസ് വിള്ളുകയും ചെയ്തിരുന്നു. ഇതൊരിക്കലും ഞങ്ങളുടെ വീടിനു മാത്രം സംഭവിച്ച ഒന്നല്ല. കോളനിയിലെ ചില വീടുകള്‍ക്കു മുകളില്‍ കല്ല് വീണിട്ടുണ്ട്, അവരാരും ഇതിനെതിരെ സംസാരിക്കാതിരിക്കുന്നത് പേടികൊണ്ടാണ്. കല്ലുവീണതിന്റെ ശേഷം സേതുചേട്ടന്‍ ക്വാറിക്കാരെ കാണാന്‍ പോയിരുന്നു. ആ സമയത്ത് ക്വാറിക്കാര്‍ വളരെ മോശമായരീതിയിലാണ് ചേട്ടനോട് പെരുമാറിയത്. പിന്നെ ചേട്ടന്‍ വീട്ടിലില്ലാത്ത സമയത്ത് ക്വാറിയിലെ ഗുണ്ടകള്‍ എന്നു തോന്നിപ്പിക്കുന്ന തരത്തിലെ ആളുകള്‍ വരികയും കല്ല് വീണത് കാണണമെന്നും, അതെടുക്കണമെന്നും പറയുന്നത്. ഞാനതിന് സമ്മതിച്ചില്ല. ആ സമയത്താണ് അവരെന്നെ തള്ളിയിടുകയും, ഓടിവന്ന പെണ്‍മക്കളെ അസഭ്യം പറയുകയും ചെയ്യുന്നത്. പിറ്റേന്നാണ് ഏട്ടന്‍ കല്ലുവീണതിനെപ്പറ്റിയും വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയതിനെപ്പറ്റിയും അക്രമിച്ചതിനെപ്പറ്റിയും പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ ഇത്ര കാലമായിട്ടും പോലീസ് യാതൊന്നും തന്നെ അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. ചോദിക്കുമ്പോളെല്ലാം തന്നെ അന്വേഷിക്കുന്നുണ്ട് എന്ന മറുപടി മാത്രമാണ് പോലീസ് പറയുന്നത്. അധികാരികള്‍ എല്ലാം തന്നെ ക്വാറിക്കാറുടെ ഭാഗത്താണ്. ഒന്നാമത് കോളനിയിലുള്ളത് പട്ടികവര്‍ഗ്ഗക്കാരും, വിദ്യാഭ്യാസം കുറഞ്ഞവരുമാണ്. അത് അധികാരികളും ക്വാറിക്കാരും മുതലെടുക്കുകയാണ് ചെയ്യുന്നത്. ഞങ്ങളുടെ കോളനിയില്‍നിന്ന് 500 മീറ്റര്‍ ദൂരംപോലുമില്ല ക്വാറിയിലേക്ക്. ഇവിടെ നൂറോളം കുടുംബങ്ങളാണുള്ളത്. കുറേ കുട്ടികളുമുണ്ട്. കല്ലോ മറ്റോ തെറിച്ചുവന്ന് കുട്ടികളുടെ മേലെങ്ങാന്‍ പതിച്ചാല്‍ എന്താണ് സ്ഥിതി എന്നോര്‍ത്തുനോക്കു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 356 ദിവസങ്ങളല്ല. ജീവിതം തന്നെയെന്നുവേണം പറയാന്‍.”

പരാതി നല്‍കിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികളും, നീതിപാലകരും തിരിഞ്ഞുനോക്കാതെ, ക്വാറി പൂട്ടിക്കണമെന്നും, തന്റെ വീടിനുപറ്റിയ കോട്ടത്തിന് ന്യായമായ നഷ്ടപരിഹാരം കിട്ടണമെന്നും ആവശ്യപ്പെട്ട് നീതിയ്ക്കായി പോരാടുന്ന യുവാവിനെ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്ന പേരില്‍ അറസ്റ്റുചെയ് ജയിലിലേക്കയച്ചിരിക്കുകയാണ് അധികാരികള്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്നും ആത്മഹത്യ ചെയ്യാനൊരുങ്ങിയ സേതുവിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരനെ തട്ടിമാറ്റിയതിനാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് ബിന്ദു പറയുന്നു.

“പത്താം തിയ്യതി രാവിലെയാണ് എന്നെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിക്കുന്നത്. സേതുവിനെ അറസ്റ്റ് ചെയ്‌തെന്നും, കോടതിയില്‍ ഹാജരാക്കാന്‍ പോവുകയാണെന്നും എത്രയും പെട്ടെന്ന് സ്റ്റേഷനിലേക്ക് എത്തണമെന്നുമാണ് പോലീസുകാരന്‍ പറഞ്ഞത്, ഞാന്‍ അപ്പുറത്തെ വീട്ടില്‍നിന്ന് 200 രൂപയും കടം വാങ്ങി കോടതിയിലെത്തിയപ്പോളേക്കും ചേട്ടനെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് സ്റ്റേഷനില്‍ നിന്ന് എനിക്ക് എഫ്.ഐ.ആറിന്റെ കോപ്പി തന്നത്. അത് വായിച്ചപ്പോള്‍ ശരിക്കും തകര്‍ന്നുപോയി, മാധ്യമ ശ്രദ്ധയ്ക്കുവേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും മറ്റുമാണ് അതില്‍ പറഞ്ഞിരിക്കുന്നത്. സമരം തുടങ്ങി ഇക്കാലയളവില്‍ ഞങ്ങള്‍ പരാതി നല്‍കാത്ത വകുപ്പുകളില്ല എന്നുതന്നെവേണം പറയാന്‍. പോലീസ് സ്‌റ്റേഷന്‍, കളക്ടര്‍, ഡി.ജി.പി, ബാലവാകാശ കമ്മീഷന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെന്നാലും പരാതിയുടെ മേല്‍ നടപടിയെടുക്കാന്‍ ഇന്നേവരെ ആരും തയ്യാറായിട്ടില്ല. സ്വാഭാവിക നടപടി എന്ന നിലയില്‍ ഒന്നു വന്ന് നോക്കുകയെങ്കിലും ഉണ്ടായിട്ടില്ല. വില്ലേജ് ഓഫീസില്‍വച്ച് ക്വാറിക്കാര്‍ സേതുചേട്ടനെ കൊലവിളി നടത്തിയത്. എന്നിട്ടും അധികാരികള്‍ കണ്ണടച്ചുതന്നെയാണിരിക്കുന്നത്. കോടതിയില്‍ കുറച്ചുകൂടി വിശ്വാസം ഉള്ളതിനാലാണ് ഇന്നും ഞങ്ങള്‍ ജീവിക്കുന്നത്. സേതുചേട്ടന്‍ സമരം ചെയ്യുന്നത് ഞങ്ങളുടെ വീടിന്റെ മുകളില്‍ കല്ല് വീണതുകൊണ്ട് മാത്രമാണെന്നു പറയരുത്. നാളെ കോളനിയിലെ മറ്റൊരു വീട്ടിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ്.”

ക്വാറിക്കെതിരെയുള്ള പോരാട്ടത്തില്‍ കോളനിക്കാര്‍ സേതുവിനെ സഹായിക്കുന്നില്ല എന്നതാണ് സത്യം. പണമുള്ളവന്റെ ധാര്‍ഷ്ട്യം കോളനിയിലേക്ക് ഇടയ്ക്കിടയ്ക്ക് മദ്യമായും മറ്റ് ലഹരിയായും കടന്നെത്താറുണ്ട്. അതിനാലാവണം ആളുകള്‍ ക്വാറിക്കെതിരെ സംസാരിക്കാന്‍ മടിക്കുന്നത്. മുന്‍പൊരിക്കല്‍ വാര്‍ത്ത ചെയ്യാനായി യി ന്യൂസ് ചാനലുകാര്‍ വന്ന സമയത്ത് അവരെ ഗുണ്ടകള്‍ തല്ലി ഓടിച്ചതും, ക്വാറിയുടെ ഭാഗത്തേക്ക് ആരെങ്കിലും ചെന്ന് ഫോട്ടോ എടുക്കുന്നതും മറ്റും തടയാന്‍ ചുറ്റിലും ക്യാമറ വച്ചിരിക്കുന്നതിനെപ്പറ്റിയും ബിന്ദു പറഞ്ഞു.

ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ

“കോളനിക്കാരില്‍ മിക്കവരെയും ക്വാറിക്കാര്‍ സ്വാധീനിച്ചു വച്ചിരിക്കയാണ്. മദ്യവും മറ്റും നല്‍കാറുണ്ടെന്നാണ് കേള്‍ക്കുന്നത്. അവര്‍ക്കെതിരെ ആരും സംസാരിക്കാതിരിക്കാന്‍ അവരെന്തും ചെയ്യും. ക്വാറിക്ക് ചുറ്റിലും ക്യമറകള്‍ വച്ചിട്ടുണ്ട്. അങ്ങോട്ട് ആരെങ്കിലും കയറി ഫോട്ടോ പിടിക്കുകയോ മറ്റോ ചെയ്താല്‍ കാണാനാണത്. എന്റയടുത്ത് അവരന്ന് പറഞ്ഞത് അവരോട് എതിര്‍ക്കാന്‍ പോയാല്‍ കൊല്ലും എന്നാണ്. എന്റെ ഭര്‍ത്താവിനെ വച്ചേക്കില്ല എന്നു പറഞ്ഞതായി പലരും എന്റടുക്കെ പറയാറുണ്ട്. പുറമെ ധൈര്യം കാണിക്കുന്നുവെന്ന് മാത്രമേയുള്ളു. ഉള്ളില്‍ ഭയമാണ്. അവര്‍ ഒന്നിനും മടിക്കാത്തവരാണ്. കുട്ടികള്‍ക്കും പേടിയാണെന്ന് അവര്‍ പറയാറുണ്ട്. സേതുവേട്ടന്‍ പണിക്ക്‌പോയിട്ട് കാലങ്ങളായി. സമരത്തില്‍ തന്നെയായിരിക്കും. വീട്ടിലെ അവസ്ഥ തന്നെയാണ് അതിലും ഭീകരമായിരിക്കുന്നത്. നാട്ടുകാരടെ സഹായങ്ങള്‍ കൊണ്ടു മാത്രമാണ് ഇത്രയുംകാലം സമരം തുടര്‍ന്നത്. ഇനിയെത്രനാള്‍ കഴിയും എന്നറിയില്ല. ക്വാറി മാഫിയകഴുടെ ഉപദ്രവംകാരണം ഇവിടം വിട്ടുപോകാന്‍ സാധിക്കില്ല. ഞങ്ങള്‍ വര്‍ഷങ്ങളായി ജീവിക്കുന്ന സ്ഥലം ആണിത്. ക്വാറി മാഫിയയുടെ മാനസിക പീഡനവും അധികാരികളുടെ നിഷ്‌ക്രിയതയും കാരണമാണ് ചേട്ടന്‍ ആത്മഹത്യാശ്രമം നടത്തുന്നത്.”

അവഹേളനങ്ങള്‍ക്കും ഭീഷണികള്‍ക്കുമിയിലാണ് ഇന്ന് സേതുവിന്റെ കുടുംബം ജീവിക്കുന്നത്. ഇത്തരത്തിലൊക്കെയാണെങ്കിലും നീതി കിട്ടുന്നതുവരെയും പൊരുതാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. പട്ടിണിമൂലം വീണാലും കുഴപ്പമില്ലെന്നും ഒറ്റയാള്‍ പോരാട്ടം തുടരും എന്നുതന്നെയാണ് സേതു ഉറപ്പിച്ചു പറയുന്നത്. മുന്നോട് ഇറങ്ങിത്തിരിച്ചു, ഇനി പിന്നോട്ടില്ലെന്നുതന്നെയുള്ള നിലപാടിലാണ് ബിന്ദുവും കുട്ടികളും.

കിളിമാനൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് സേതുവും കുടുംബവും താമസിക്കുന്നത്. അഞ്ചാം വാര്‍ഡിലെ മെമ്പര്‍ കെ. രവിയോട് സംസാരിച്ചസമയത്ത് അദ്ദേഹം പറഞ്ഞത് സേതുവിന്റെ സമരം എന്നത് അനുചിതമായ ഒന്നാണെന്നാണ്. ക്വാറിയെ അനുകൂലിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ക്വാറി പ്രവര്‍ത്തിക്കുന്നത് അനധികൃതമായല്ല എന്നും ഇന്നലെ(12.03.2018) നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ക്വാറിയുടെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നിയമങ്ങള്‍ കാറ്റില്‍ പറത്തി വട്ടിപ്പന ക്വാറി; ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഈ ഗ്രാമം

“ഈ സേതു എന്ന വ്യക്തിയുടെ സമരം വാര്‍ത്തയാക്കേണ്ടുന്ന ഒന്നാണെന്ന് തോന്നുന്നില്ല. ക്വാറി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായും പാലിച്ചുകൊണ്ടാണ്. വാര്‍ഡ്‌മെമ്പര്‍ എന്നുള്ള നിലയ്ക്ക് ഇതുവരെയും എന്നെ വന്നുകണ്ട് സംസാരിക്കാന്‍ സേതു ശ്രമിച്ചിട്ടില്ല. പാറ വീണു എന്ന് പറയുന്ന ദിവസം ക്വാറി മുതലാളി അവിടെയെത്തിയപ്പോള്‍ സേതു 5000 രൂപ ആവശ്യപ്പെട്ടെന്നാണ് കേള്‍ക്കുന്നത്. കല്ല് വീണതാണോ എന്നുള്ളതില്‍ സംശയമുണ്ടെന്നാണ് ക്വാറിയുടെ ആളുകള്‍ എന്നോട് പറഞ്ഞത്. പണവും വാങ്ങിക്കഴിഞ്ഞാണ് സേതു സമരത്തിന് പോയിരിക്കുന്നത്. ക്വാറിയില്‍നിന്ന് വളരെ ദൂരെയാണ് വീടുള്ളത്. ഏകദേശം 300 മീറ്റര്‍ എങ്കിലും ദൂരമുണ്ട് സേതുവിന്റെ വീടും, ക്വാറിയും തമ്മില്‍. പണ്ട് ഇവിടെ വന്ന പത്രക്കാരെ ക്വാറിക്കാര്‍ തല്ലി എന്നുള്ളത് സത്യമാണ്, പക്ഷെ അത് അന്യായമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതിനാലാണ്. അതിനെപ്പറ്റി കൂടുതലായൊന്നും അറിയില്ല. ആളുകള്‍ ഇടക്കിടെ സമരങ്ങള്‍ നടത്തുന്നു എന്നതൊക്കെ വെറുതെയാണ്. ക്വറിക്കെതിരെ ചില ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണറിയുന്നത്. നാട്ടില്‍ ക്രഷറിനെ അനുകൂലിക്കുന്നവര്‍ കൂടുതലും, എതിര്‍ക്കുന്നവര്‍ കുറച്ചുമാണുള്ളത്.”

അറസ്റ്റിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കന്‍ന്റോണ്‍മെന്റ് എസ്.ഐ ഷാഫി. ബി.എമ്മുമായി ബന്ധപ്പെട്ടപ്പോള്‍ സേതുവിനെ ആത്മഹത്യാശ്രമത്തിനാണ് അറസ്റ്റുചെയ്തിരിക്കുന്നത് എന്നു മറുപടി കിട്ടി. അതിന്മേല്‍ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നതുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ക്വാറിയെ സംബന്ധിക്കുന്നതോ, സമരത്തെ സംബന്ധിക്കുന്നതോ ആയ മറ്റു വിവരങ്ങളൊന്നുംതന്നെ കണ്‍ന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഇല്ലെന്നുമാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സര്‍ക്കാരിന് ‘തലവേദന’യായി ഇരിപ്പുറപ്പിച്ചുള്ള നൂറുകണക്കിന് ഒരാള്‍ മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം സേതു.

ക്വാറി നടത്തുന്ന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെങ്ങനെ ക്വാറിവിരുദ്ധരെ സംരക്ഷിക്കും? ഈ ജീവിതങ്ങള്‍ അറിയൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍