UPDATES

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ പെട്ടു; ഇടതുമുന്നണിയെ കുഴപ്പിച്ച് മറ്റൊരു വിശ്വാസ പ്രതിസന്ധി

രൂക്ഷ വിമര്‍ശനം വന്നതോടെ 2017ലെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ കേരള സര്‍ക്കാരിന് തിരിച്ചടി. അനുനയ നീക്കത്തിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ വേണ്ടത്ര ഫലം കാണാതെയിരിക്കുമ്പോഴാണ് കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി വിമര്‍ശനമുണ്ടായിരിക്കുന്നത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും സര്‍ക്കാര്‍ യാക്കോബായ വിഭാഗക്കാര്‍ക്കായി ഇളവുകള്‍ നല്‍കുകയാണെന്നുമുള്ള ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളുടെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കവെയാണ് ഇന്ന് സുപ്രീംകോടതിയുടേയും പരാമര്‍ശം. ഇത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാവും. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച് വരുന്നതിനാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ എല്‍ഡിഎഫിനെ പിന്തുണക്കാന്‍ യാക്കോബായ സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതോടെ യാക്കോബായ വിഭാഗക്കാര്‍ക്ക് അനുകൂല നിലപാടില്‍ നിന്ന് സര്‍ക്കാരിന് പിന്തിരിയേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത് എല്‍ഡിഎഫിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധികളിലേക്ക് നയിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കത്തില്‍ വഴിത്തിരിവായത് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ്, വരിക്കോലി, മണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഈ പള്ളികളുടെ ഉടമസ്ഥാവകാശം സമ്പൂര്‍ണമായി ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കുന്നതായിരുന്നു വിധി. മലങ്കര സഭയുടെ 1934ല്‍ രൂപീകൃതമായ ഭരണഘടനയെയാണ് സുപ്രീംകോടതി വിധിയിലൂടെ അംഗീകരിച്ചത്. 2002ല്‍ രൂപീകൃതമായ യാക്കോബായ വിഭാഗത്തിന്റെ ഭരണഘടനയെ സുപ്രീംകോടതി അംഗീകരിച്ചതുമില്ല. അതോടെ കേരളത്തിലെ 1064 യാക്കോബായ പള്ളികളുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനായി. ജൂലൈ നാലിന് നെച്ചൂര്‍ പള്ളിയുടെ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ബഞ്ച് സമാന വിധി ആവര്‍ത്തിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കീഴ്കോടതി വിധിക്കെതിരെ യാക്കോബായ വിശ്വാസികള്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി. ജൂലൈ മൂന്നിലെ വിധിയോടെ ‘ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം’ എന്നതായി മലങ്കര സഭകളുടെ ഭാവി.

വിധിയിലെ പ്രധാന വസ്തുതകള്‍ ഇങ്ങനെയായിരുന്നു- 1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികള്‍ക്ക് ബാധകമാണ്, 1934ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചു മാത്രം ഇടവകപ്പള്ളികള്‍ ഭരിക്കപ്പെടണം, 2002ലെ യാക്കോബായ ഭരണഘടന അസാധുവാണ്, 1934ലെ മലങ്കര സഭാ ഭരണഘടന ഒഴിയെയുള്ള ഉടമ്പടികളും മറ്റും ഇടവകപ്പള്ളി ഭരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. വിധി ഓര്‍ത്തഡോക്സ് പക്ഷത്തിന് ആഹ്ലാദം നല്‍കിയപ്പോള്‍ യാക്കോബായ പക്ഷത്തിന് കനത്ത തിരിച്ചടിയുമായിരുന്നു.

വിധി വന്നതോടെ അന്നേവരെ യാക്കോബായ വിഭാഗത്തിന്റെ കൈവശമുണ്ടായിരുന്ന പള്ളികളുടെ ഉടമസ്ഥത ഏറ്റെടുക്കാനായി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം. കോലഞ്ചേരി, വരിക്കോലി, നെച്ചൂര്‍, കന്യാട്ടുനിരപ്പ്, മണ്ണത്തൂര്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ട് പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അധികാരമുറപ്പിക്കാനായി. 74 പള്ളികളുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങള്‍ തുടരുകയാണ്. ബാക്കി വരുന്ന പള്ളികളിലെല്ലാം ചെറുതും വലുതുമായ തര്‍ക്കങ്ങളും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. കോതമംഗലം, കട്ടച്ചിറ, വരിക്കോലി, പിറവം തുടങ്ങിയ പള്ളികളിലാണ് തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നത്. അതീവ സാമ്പത്തിക ശേഷിയുള്ള പള്ളികള്‍ കൂടിയാണ് ഇവയെന്നതാണ് വിഷയത്തിന്റെ മറ്റൊരു വശം. സ്‌കൂളുകളും, പ്രൊഫഷണല്‍ കോളേജുകളും, ആശുപത്രികളുമുള്‍പ്പെടെ വലിയ വരുമാന സ്രോതസ്സുകള്‍ കൈവശം വയ്ക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട അവകാശ തര്‍ക്കങ്ങള്‍ യഥാര്‍ഥത്തില്‍ വിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല, സാമ്പത്തിക അധികാരമാണ് അതിന്റെ മുഖ്യവശം എന്നത് ഇരുസഭക്കാരും പരസ്യമായല്ലെങ്കിലും സമ്മതിക്കുന്നു.

കോടതിവിധി നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും വിധി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യാക്കോബായ വിഭാഗവും ഉറച്ച നിലപാടിലാണ്. പല തവണ ഓര്‍ത്തഡോക്‌സ് സഭാ പുരോഹിതരും അധ്യക്ഷന്‍മാരും കോടതി വിധി പ്രകാരം തങ്ങളുടേതായ പള്ളികളില്‍ പ്രാര്‍ഥനയ്ക്കായെത്തിയെങ്കിലും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം മൂലം അതിന് സാധിക്കാതെ വന്നു. പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് പുരോഹിതനെത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണിയുള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളുമായി യാക്കോബായ വിശ്വാസികള്‍ പള്ളിയങ്കണത്തില്‍ തടിച്ചുകൂടി. ഇതേ സ്ഥിതിയാണ് മറ്റ് പള്ളികളിലും തുടരുന്നത്. ഓര്‍ത്തഡോക്‌സ് പുരോഹിതന്‍മാര്‍ പ്രാര്‍ഥനയ്ക്കായെത്തുമെന്ന അറിയിപ്പ് ലഭിക്കുമ്പോള്‍ മുതല്‍ വിശ്വാസികള്‍ കനത്ത പ്രതിഷേധവുമായി പള്ളികളില്‍ തടിച്ച് കൂടുകയും പുരോഹിതര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ മടങ്ങുകയുമാണ് ചെയ്യുന്നത്. പോലീസ് സംരക്ഷണയിലാണ് ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ എത്തുന്നതെങ്കിലും പോലീസിനെ നോക്കുകുത്തിയാക്കി പ്രതിഷേധക്കാര്‍ രംഗം കയ്യടക്കുന്ന കാഴ്ചയാണ് കേരളത്തിലെ പള്ളികളില്‍ കണ്ടുവരുന്നത്. പോലീസും യാക്കോബായ വിശ്വാസികളും ഒത്തുകളിക്കുകയാണെന്ന ആരോപണം ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ പലതവണ ഉന്നയിച്ചു. ഇതിനിടെ തര്‍ക്കം രൂക്ഷമായതിനാല്‍ വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ പ്രാര്‍ഥനക്കെത്തിയത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പ്രാര്‍ഥന നടക്കുന്നതറിഞ്ഞ് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ തടിച്ച് കൂടുകയും നിരാഹാര സമരമുള്‍പ്പെടെ ആരംഭിക്കുകയും ചെയ്തു. കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ തങ്ങള്‍ക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനമുണ്ടായത്.

സുപ്രീംകോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ്‌സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കും എന്ന മുന്നറിയിപ്പാണ് ജസ്റ്റിസ് അരുണ്‍ മിശ്ര നല്‍കിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് ചോദിച്ച കോടതി കോടതിവിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഇനിയും കോടതിക്ക് ക്ഷമിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കണം. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും മനസ്സിലാക്കിക്കൊടുക്കണമെന്നും കോടതി പറഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടാവാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. എല്‍ഡിഎഫിനൊപ്പം എന്നും നിന്നിട്ടുള്ള യാക്കോബായ വിഭാഗങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന പ്രതീക്ഷയാണ് യാക്കോബായ സഭാ നേതൃത്വം അഴിമുഖത്തോട് പ്രതികരിച്ചിരുന്നത്. പള്ളികളില്‍ പ്രവേശിക്കാനെത്തുന്ന ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന വിശ്വാസവും അവര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍മാരെ കൂടുതല്‍ ചൊടിപ്പിക്കുകയാണുണ്ടായത്. ഇതിനിടെ പ്രശ്‌ന പരിഹാരത്തിനും അനുനയ നീക്കങ്ങള്‍ക്കുമായി സര്‍ക്കാര്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചിരുന്നു. ഇരുസഭകളുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തോട് യാക്കോബായ വിഭാഗം പിന്തിരിഞ്ഞ് നിന്നതോടെ അതും ഫലം കണ്ടില്ല. ചര്‍ച്ചകളോട് അനുകൂല സമീപനമല്ല യാക്കോബായ വിഭാഗം സ്വീകരിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് സ്വന്തമായി നിരവധി പള്ളികള്‍ ഉള്ളപ്പോള്‍ തങ്ങളുടെ പള്ളികളിലും അധികാരവും അവകാശവും സ്ഥാപിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന നിലപാടാണ് യാക്കോബായ വിഭാഗം സ്വീകരിച്ചത്. എന്നാല്‍ ഇതിന് ശേഷവും കോടതി വിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ താത്പര്യം കാട്ടിയില്ല എന്ന വിമര്‍ശനമുണ്ടായിരുന്നു. ശബരിമല യുവതീപ്രവേശന വിധി വന്നതിന് പിന്നാലെ നടപ്പാക്കിയ സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരോട് മറ്റൊരു സമീപനം സ്വീകരിക്കുന്നതിന് തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന മുന്നറിയിപ്പും ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍മാര്‍ നല്‍കിയിരുന്നു. അതേസമയം കേരളത്തിലെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും യാക്കോബായ വിഭാഗം എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് തുറന്ന് പ്രഖ്യാപിക്കുകയും എല്‍ഡിഎഫ് വിജയത്തിനായി വോട്ട് ചെയ്യണമെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍മാര്‍ വിശ്വാസ സമൂഹത്തോട് പരസ്യമായി ആവശ്യപ്പെടുകയുമുണ്ടായി.

എന്നാല്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം വന്നതോടെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സുപ്രീംകോടതി വിധി വന്നതിന് ശേഷവും യാക്കോബായ വിഭാഗങ്ങള്‍ വിവിധ പള്ളികളുടെ പേരില്‍ വ്യത്യസ്ത ഹര്‍ജികള്‍ നല്‍കിയെങ്കിലും പലതും കോടതി തള്ളി. കോടതി പ്രതികൂല നിലപാടെടുക്കുമ്പോഴും സര്‍ക്കാരിലാണ് യാക്കോബായ വിഭാഗങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. വിധി നടപ്പാക്കിയാല്‍ രാഷ്ട്രീയമായി സര്‍ക്കാരിന് തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലുണ്ടെങ്കിലും യാക്കോബായ വിഭാഗത്തെ കൈവിടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

Read More: ‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍