UPDATES

നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റം; സര്‍ക്കാരിന് നികത്താം

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 2008ലെ നിയമം ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയത്. നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്നതാണ് ഭേഗദതി. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഇനി നെല്‍വയല്‍ നികത്താം. അതിന് പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമില്ല. മന്ത്രിസഭയ്ക്ക് ഇക്കാര്യം നേരിട്ട് തീരുമാനിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ഒരു വശത്ത് നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ മറുഭാഗത്ത് പ്രാദേശിക നിരീക്ഷണ സമിതിയുടെ അധികാരത്തില്‍ കൈകടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിയമഭേദഗതിക്ക് തീരുമാനമെടുത്തത്. നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപെടാം. നിയമ ഭേദഗതിയോടെ ഇതില്‍ മാറ്റം വരും. നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ അനുവാദവും വേണ്ട. ഉടമസ്ഥന് നിശ്ചിത തുക പാട്ടമായി കൊടുത്ത് തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും.

2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കും പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമാണെന്ന് അനുശാസിക്കുന്നു. എന്നാല്‍ ഭേഗദതി നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വയല്‍ നികത്തുന്നതിന് നിയമത്തില്‍ ഇളവ് ലഭിക്കും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്കായി നെല്‍വയല്‍ നികത്തുന്നതിന് മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകും. ഇതോടെ ഗെയ്ല്‍ പദ്ധതിക്കും, ദേശീയപാതാ വികസനത്തിനും നെല്‍വയല്‍ നികത്തുന്നത് സംബന്ധിച്ച് വിവിധയിടങ്ങളില്‍ ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങളെ മറികടക്കാന്‍ സര്‍ക്കാരിനാവും.

പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ അഞ്ചു സെന്റ്‌ നികത്താന്‍ പറ്റില്ല; ഫ്ലാറ്റിന് 10 ഏക്കര്‍ നെല്‍വയല്‍ നികത്താം, പെരിയാര്‍ ഭൂമി കൈയേറാം, തണ്ണീര്‍ത്തട നിയമം അട്ടിമറിക്കാം

ആദ്യഘട്ടത്തില്‍ പൊതു ആവശ്യങ്ങള്‍ക്കുള്ള വയല്‍ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമില്ല എന്ന തരത്തിലായിരുന്നു നിയമഭേദഗതി ഉദ്ദേശിച്ചിരുന്നത്. “2008ല്‍ തന്നെ പൊതു ആവശ്യത്തിന് വയല്‍ നികത്തുന്നതിന് ഇളവ് നല്‍കണമെന്ന് നിയമത്തില്‍ പറയുമ്പോള്‍ തന്നെ പൊതു ആവശ്യം എന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇത് നിയമ ദുരുപയോഗത്തിന് ഇടയാക്കിയേക്കുമെന്ന് അന്നു തന്നെ ഞാനുള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു.” എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. വി.എസ് വിജയന്‍ പറയുന്നു. ഈ തീരുമാനത്തിനെതിരെ നിരവധി എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. നിയമഭേദഗതി ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സിപിഐ നേതാക്കളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായി മന്ത്രിസഭാ യോഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു. പിന്നീട് പൊതു ആവശ്യം എന്നത് സര്‍ക്കാര്‍ പദ്ധതികള്‍ എന്നാക്കി പരിമിതപ്പെടുത്തി.

എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നെല്‍വയല്‍ ഏറ്റെടുക്കുന്നതിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ പ്രാതിനിധ്യമുള്ള പ്രാദേശികതല നിരീക്ഷണ സമിതിയില്‍ നിന്ന് അധികാരം സര്‍ക്കാരിലേക്ക് കൊണ്ടുവരുന്നത് അധികാരവികേന്ദ്രീകരണ സംവിധാനത്തിന് തുരങ്കം വക്കുന്നതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് രാജ്; ജനം ഇനി നോക്കുകുത്തി, കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കും

2008ന് മുമ്പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. വീടുവെക്കാന്‍ 300 ചതുരശ്രമീറ്റര്‍ വരെ നികത്തിയതിന് പിഴയടക്കേണ്ടതില്ല. വ്യാവസായിക ആവശ്യങ്ങള്‍ക്കാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്രമീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയിട്ടുള്ളതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴയീടാക്കാം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ന്യായവിലയുടെ 25ശതമാനം പിഴയടച്ച് നികത്തലുകള്‍ ക്രമപ്പെടുത്താമെന്നായിരുന്നു അത്. അതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആ ഭേദഗതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കേരളം. 2008ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നിയമം കൊണ്ടുവരുന്നത്. എന്നാല്‍ പിന്നീട് പലപ്പോഴായി നിമത്തില്‍ ഭേദഗതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന കര, വയല്‍ ഭൂമികളെ വേര്‍തിരിച്ചുകൊണ്ടുള്ള ഡാറ്റാ ബാങ്ക് നിയമം പ്രാബല്യത്തില്‍ വന്ന് ഒമ്പത് വര്‍ഷമായിട്ടും വിജ്ഞാപനം ചെയ്യാനായിട്ടില്ല. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്നത്.

വയലുകളും തണ്ണീര്‍ത്തടങ്ങളും വിഴുങ്ങാനൊരുങ്ങി പിണറായി സര്‍ക്കാര്‍; നിയമഭേദഗതി ‘വികസന’ത്തിന്റെ പേരില്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍