UPDATES

25 വര്‍ഷം മുന്‍പത്തെ ടാങ്കര്‍ അപകടവും ഇതുവരെ കൊടുക്കാത്ത 1.65 കോടി നഷ്ടപരിഹാരവും; ഫിനോള്‍ ദുരന്തമാവര്‍ത്തിക്കുമ്പോള്‍

25 വര്‍ഷത്തിനുശേഷം അതേ സ്ഥലത്ത്, അതേ കമ്പനിയുടെ ഫിനോള്‍ ടാങ്കര്‍ തന്നെ സമാനമായ അപകടത്തില്‍ പെടുന്നത് ഒരുപക്ഷെ ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കാനാവാം.

ഐ ഗോപിനാഥ്

ഐ ഗോപിനാഥ്

കേരളത്തില്‍ ഏറ്റവുമധികം വാഹനങ്ങള്‍ കടന്നുപോകുന്ന പാതയേതെന്നു ചോദിച്ചാല്‍ ഉത്തരം പാലക്കാട് – തൃശൂര്‍ – എറണാകുളം എന്നായിരിക്കും. തമിഴ്നാട്ടില്‍ നിന്നുവരുന്ന ടാങ്കറുകളും ലോറികളും തൃശൂര്‍ – എറണാകുളം, തൃശൂര്‍ – പാലക്കാട് ബസുകളും അന്തര്‍സംസ്ഥാന സര്‍വ്വീസുകളും പതിനായിരകണക്കിനു സ്വകാര്യവാഹനങ്ങളും ദിനംപ്രതി ഇതിലെ കടന്നു പോകുന്നു. സംസ്ഥാനത്തെ ആദ്യ ടോള്‍ പാതയും ഇതുതന്നെ. വാഹനപ്പെരുപ്പമനുസരിച്ച് അപകടങ്ങളിലും ഈ മേഖല മുന്‍നിരയില്‍ തന്നെ. എന്നിട്ടുപോലും കടന്നുപോകുന്ന വാഹങ്ങളെ ഉള്‍ക്കൊള്ളാവുന്ന സൗകര്യങ്ങള്‍ ഈ പാതക്കില്ല. ടോള്‍ പിരിക്കുന്നതിലൊഴികെ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ടോള്‍ കമ്പനി ഒരു താല്‍പ്പര്യവും കാണിക്കാറില്ല. ഫലമെന്താ, പാതവികസനം കഴിഞ്ഞിട്ടും അപകടങ്ങള്‍ക്ക് ഒരു കുറവുമില്ല.

ഈ പാതയിലെ അപകടങ്ങളുടെ ഒരു പ്രധാന മേഖല തൃശൂര്‍ – പാലക്കാട് അതിര്‍ത്തിയിലെ കുതിരാന്‍ – കുമ്പഴ മേഖലയാണ്. നൂറുകണക്കിനു ജീവനുകള്‍ ഇവിടെ പൊലിഞ്ഞുപോയിട്ടുണ്ട്. അതിനെല്ലാം പുറമെയാണ് നിരന്തരമായി ആവര്‍ത്തിക്കുന്ന ടാങ്കര്‍ ലോറികളുടെ അപകടങ്ങള്‍. മിക്കവാറും ടാങ്കറുകളില്‍ വിഷരാസവസ്തുക്കളായിരിക്കുമെന്നത് പ്രതേകിച്ച് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ദിവസം സംഭവിച്ച അപകടവും അത്തരത്തിലുള്ളതുതന്നെ. ഏറെ അപകടകാരിയായ ഫിനോളുമായി വന്നിരുന്ന ടാങ്കറാണ് കുതിരാനിറക്കത്തില്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. ഹിന്ദുസ്ഥാന്‍ ഓയില്‍ കോര്‍പറേഷന്റെ അമ്പലമുകള്‍ ഓഫീസില്‍നിന്ന് മഹാരാഷ്ട്രയിലേക്കുപോയിരുന്ന ടാങ്കറില്‍ 20000 ലിറ്റര്‍ ഫിനോളായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിയിടിയില്‍ ഹൈവേയില്‍നിന്ന് തെന്നി താഴേയ്ക്ക് തലകീഴായിമറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്ന് ഫിനോള്‍ ചോരുകയായിരുന്നു. ടാങ്കര്‍ തകരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശത്ത് വന്‍ കുഴിയൊരുക്കി ടാര്‍പോളില്‍ വിരിച്ച് ഫിനോള്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്ക് ഫിനോള്‍ ഒലിച്ചിറങ്ങി. സമീപത്തെ തോടുകളിലെ ചെറുമീനുകള്‍ ചത്തു പൊങ്ങുകയും ചെയ്തു. പ്രദേശവാസികളോട് കിണര്‍വെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ പലപ്പോഴായി ഉണ്ടിയിട്ടുണ്ടെങ്കിലും 25 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1993 ജൂണ്‍ 24നുണ്ടായ നാടിനെ നടുക്കിയ ഭയാനകമായ ദുരന്തത്തിന്റെ ഓര്‍മ്മകളാണ് കൊമ്പഴ നിവാസികളെ നടുക്കിയത്. അന്നത്തെ നഷ്ടപരിഹാരകേസ് ഇപ്പോഴും തുടരുകയാണെന്നതാണ് മറ്റൊരു ദുരന്തം. ജില്ലയിലെ കാര്‍ഷികരംഗത്തും കുടിവെളളരംഗത്തും പ്രധാന ജലസ്രോതസ്സായ പീച്ചി വൃഷ്ടിപ്രദേശത്തിനു സമീപമാണ് അന്ന് എച്ച് ഒ സി എല്ലിന്റെ തന്നെ ടാങ്കര്‍ മറിഞ്ഞത്. തുടര്‍ന്ന് ഡാമിന്റെ വെള്ളം നിറഞ്ഞു കിടന്ന വൃഷ്ടിപ്രദേശത്തേക്ക് ഫിനോള്‍ ഒലിച്ചിറങ്ങി. ഒരു ഡാമിന്റെ മരണമണിയാകുമെന്ന് ആശങ്കപ്പെട്ടെങ്കിലും ദിവസങ്ങളോളം പണിയെടുത്ത് ഏകദേശം രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്കിറങ്ങി മണല്‍ ചാക്കുകള്‍ നിറച്ച് ചെക്ക് ഡാം നിര്‍മിച്ച് ചാര്‍കോള്‍ ഇട്ട് വെള്ളം ഏറെക്കുറെ ശുചീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സംഭവം നടന്ന പ്രദേശത്തെ ജലാശയങ്ങളിലും കിണറുകളിലും ഫിനോള്‍ അംശം നിറഞ്ഞ് മലിനമായി. പലര്‍ക്കും ശ്വാസതടസ്സം നേരിട്ടു. നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കുടിവെള്ളത്തിനായി ജനങ്ങള്‍ മാസങ്ങളോളം ബുദ്ധിമുട്ടി. നഷ്ടപരിഹാരമായി 35.5 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് 1994 ല്‍ ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ 1.65 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നു തൃശൂര്‍ മോട്ടോര്‍ വാഹന ക്‌ളെയിംസ് ട്രൈബ്യൂണല്‍ കോടതി വിധിച്ചിരുന്നു. തൃശൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ട ഗ്രീന്‍ അതോറിറ്റിക്കു നഷ്പരിഹാരത്തുക കൈമാറണമെന്ന പ്രസ്താവം വിധിന്യായത്തെ അത്യപൂര്‍വമാക്കി. ഫിനോള്‍ കയറ്റിയയച്ച ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സും ടാങ്കര്‍ ലോറിയുടെ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയും ചേര്‍ന്നാണു നഷ്ടപരിഹാരത്തുക അടയ്‌ക്കേണ്ടിയിരുന്നത്. ഒരു മാസത്തിനകം പണം നിക്ഷേപിച്ചില്ലെങ്കില്‍ പലിശ നിരക്ക് ഒമ്പതില്‍നിന്നു പന്ത്രണ്ടായി ഉയരുമെന്നു വിധിയിലുണ്ടായിരുന്നു. കൂടാതെ സര്‍ക്കാര്‍ ആറു മാസത്തിനകം ഗ്രീന്‍ അതോറിറ്റി രൂപീകരിക്കുന്നില്ലെങ്കില്‍ നഷ്ടപരിഹാരത്തുക കമ്പനികള്‍ തന്നെ തൃശൂര്‍ ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം. ഫിനോള്‍ ചോര്‍ച്ചമൂലം സര്‍ക്കാരിനു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവായ തുക മാത്രമല്ല, ഭീമമായ പരിസ്ഥിതി ആഘാതത്തിനുള്ള നഷ്ടപരിഹാരമായിട്ടു കൂടിയായിരുന്നു കൂടുതല്‍ തുക ഈടാക്കാന്‍ കോടതി വിധിച്ചത്. ഗ്രീന്‍ ട്രൈബ്യൂണല്‍ പോലുള്ള സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനു മുമ്പായിരുന്നു ഈ വിധിയെന്നതാണ് അത്ഭുതകരം. എന്നാല്‍ സംഭവിച്ചതെന്താ? എതിര്‍ കക്ഷികള്‍ സ്വാഭാവികമായും ഹൈക്കോടതിയിലെത്തി. ഗ്രീന്‍ അതോറിറ്റി രൂപീകരണം നടന്നില്ല. തുക ഇപ്പോഴും ലാപ്‌സായിട്ടില്ല എന്നു മാത്രം.

25 വര്‍ഷത്തിനുശേഷം അതേ സ്ഥലത്ത്, അതേ കമ്പനിയുടെ ഫിനോള്‍ ടാങ്കര്‍ തന്നെ സമാനമായ അപകടത്തില്‍ പെടുന്നത് ഒരുപക്ഷെ ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കാനാവാം. അന്ന് ടാങ്കറില്‍ 6000 ലിറ്റര്‍ ഫിനോളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 20000 ആയിരുന്നു എന്നത് എത്രയോ ഭയാനകമായിരുന്ന അപകടത്തില്‍ നിന്നും പാരിസ്ഥിതിക ആഘോതത്തില്‍ നിന്നുമാണ് നമ്മള്‍ രക്ഷപ്പെട്ടത് എന്നതിന്റെ സൂചനയാണ്. അപകടകരമായ രാസവസ്തുക്കളുടെ ഗതാഗതം ഇപ്പോഴും അപകടരഹിതമാകകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍തന്നെ ഗെയ്‌ലും ഐഒസിയുമൊക്കെ ഉയര്‍ത്തുന്ന ചോദ്യങ്ങളും ഗൗരവത്തോടെ പരിഗണിക്കാനാണ് അധികാരികള്‍ തയ്യാറാകേണ്ടത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐ ഗോപിനാഥ്

ഐ ഗോപിനാഥ്

എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍