UPDATES

ട്രെന്‍ഡിങ്ങ്

പിണറായി, ഈ നാട്ടിലെ ജനമാണ് ചോദിക്കുന്നത്; ഇതാരുടെ പൊലീസാണ്?

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ ഡിജിപി ലോക്‌നാഥ് ബെഹ്റ എന്തിന് കണ്ടു എന്ന ചോദ്യത്തിന് ആര്‍ക്കും ഇപ്പോഴും ഉത്തരമില്ല

മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഇന്ദ്രനും ചന്ദ്രനും പോലും എന്നെ തടയാനാവില്ല എന്നാണ് തടയുമെന്ന് ഭീഷണി മുഴക്കിയ ആര്‍എസുഎസുകാരോടെ് മംഗലാപുരത്ത് പിണറായി വിജയന്‍ പറഞ്ഞത്. പക്ഷെ മുഖ്യമന്ത്രിയായ പിണറായി വിജയന് ഇന്ദ്രനേയും ചന്ദ്രനേയും മാത്രമല്ല, ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും പേടിയാണോ എന്ന സംശയമാണ് ഉയരുന്നത്. മുഖ്യമന്ത്രി അല്ലാതിരുന്നെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു, ഇത് ചെയ്യുമായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മുഖ്യമന്ത്രി ആയ സ്ഥിതിക്ക് ആ നിലയ്ക്ക് പ്രവര്‍ത്തിച്ചേ മതിയാവൂ. നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് പൊലീസ്. അല്ലാതെ ന്യായമായ ആവശ്യങ്ങള്‍ക്ക് സമാധാനപരമായി സമരം ചെയ്യുന്നവരുടെ നെഞ്ചത്ത് കയറാനുള്ളതല്ല. ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് അസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധം അറിയിക്കാനെത്തിയവരോടാണ് പൊലീസിന്റെ തോന്നിവാസവും അക്രമവും. ഇതിന് മറുപടി പറയാന്‍ ആഭ്യന്തര വകുപ്പും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും ബാദ്ധ്യസ്ഥരാണ്.

ഇന്ന് പൊലീസ് ആസ്ഥാനത്തേയ്ക്ക് ജിഷ്ണു പ്രണോയിയുടെ അമ്മയടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തുമെന്ന് പൊലീസിനും സര്‍ക്കാരിനും നേരത്തെ അറിയാവുന്ന കാര്യമാണ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യമില്ലാത്ത പ്രതികളെ അറസ്റ്റ് ചെയ്തും അവരോട് സംസാരിച്ചും പൊലീസ് ആസ്ഥാനത്തിന് മുന്നിലുള്ള പ്രതിഷേധം ഒഴിവാക്കാനും എന്ത് തടസമാണ് പൊലീസിനുണ്ടായിരുന്നത്? ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു ശ്രമം ഉണ്ടായില്ല എന്ന് വേണം മനസിലാക്കാന്‍. അതാണ് ഇന്ന് ഇത്തരമൊരു സംഭവത്തിലേയ്ക്ക് നയിച്ചത്.

ജിഷ്ണു പ്രണോയ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലുള്ള പൊലീസിന്റെ വിമുഖത ദുരൂഹമാണ്. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തിരിക്കുന്നത് കൊണ്ട് അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന കാര്യം മനസിലാക്കാം. ഇന്നലെ കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് വെറും പ്രഹസനമാണെന്നും മനസിലാക്കാം. പക്ഷെ മുന്‍കൂര്‍ ജാമ്യമില്ലാത്ത മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് എന്താണ് തടസം എന്ന് വ്യക്തമല്ല. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണോ? ആണെങ്കില്‍ ആരൊക്കെയാണ് ഇതിന് പിന്നില്‍? ഈ സര്‍ക്കാരില്‍ നെഹ്രു ഗ്രൂപ്പിന്റെ പണവും ആനുകൂല്യങ്ങളും പറ്റുന്ന ആരെങ്കിലുമുണ്ടോ? ഇങ്ങനെ ഒന്നും ഇല്ലെന്നാണെങ്കില്‍ പിന്നെ പൊലീസിന്റെ നിഷ്‌ക്രിയതയില്‍ സര്‍ക്കാര്‍ നടപടി എടുക്കണം. ജിഷ്ണു കേസില്‍ ശക്തമായ നടപടി എടുത്തു എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവകാശപ്പെട്ടത്. കേസ് നടപടികള്‍ അതിവേഗത്തിലാണ് നടക്കുന്നതെന്നാണ് പിണറായി പറഞ്ഞത്. ജിഷ്ണുവിന്റെ മരണം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു പ്രതി പോലും അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് കേരള പൊലീസ് മറുപടി പറഞ്ഞേ മതിയാകൂ. എന്നിട്ട് വേഗതയെ കുറിച്ച് സംസാരിക്കുന്നതാണ് നല്ലത്. ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുള്ള എല്ലാവരെ കൊണ്ടും ഇത് പറയിക്കാനുള്ള ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയും മന്ത്രിസഭയെ നയിക്കുകയും ചെയ്യുന്ന പിണറായി വിജയനുണ്ട്.

അധികാരമേറ്റത് മുതല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പല നയസമീപനങ്ങളും തീരുമാനങ്ങളും ആലോചനകളും ഇപി ജയരാജന്റേത് പോലുള്ള നിയമന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ സംബന്ധിച്ച വിവാദങ്ങളും പോലെ നിരവധി കാര്യങ്ങള്‍ ഉണ്ടായെങ്കിലും സര്‍ക്കാരിന് ഏറ്റവും ചീത്തപ്പേരുണ്ടാക്കിയത് കേരള പൊലീസാണ്. അധികാരമേറ്റതിന്റെ പിറ്റേ ദിവസം തന്നെ പൊലീസില്‍ വലിയ അഴിച്ച് പണി നടത്തിയിരുന്നു. ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് എന്നൊരു പരിശോധന നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഡിജിപി സെന്‍കുമാറിന്റെ തല ആദ്യം തന്നെ ഉരുണ്ടു. ഈ കേസും വിവാദവുമായി കോടതിയില്‍ തുടരുന്നു. പുരുളിയ ആയുധ കേസും ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമൊക്കെയായി ബന്ധപ്പെട്ട് വിവാദത്തിന്റെ നിഴലിലുള്ള ലോക്‌നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചപ്പോള്‍ തന്നെ പലരും നെറ്റി ചുളിച്ചിരുന്നു. ജിഷ കേസിലെ അലംഭാവവും പുറ്റിങ്ങല്‍ വെടിക്കെട്ടുമായി ബന്ധപ്പെട്ട സമീപനവുമൊക്കെയാണ് സെന്‍കുമാറിന്റെ ഡിജിപി സ്ഥാനം തെറിപ്പിക്കുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമായുണ്ടായിരുന്നത്. എന്നാല്‍ ജിഷ കേസില്‍ വിജിലന്‍സ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പിണറായി സര്‍ക്കാരിന്റെ പൊലീസിനെ തന്നെ.

ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങളടക്കം പിണറായി വിജയന്റേയും ലോക്‌നാഥ് ബെഹ്‌റയുടേയും പൊലീസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരവധിയാണ്. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പൊലീസ് ആര്‍എസിഎസിന്റേയും ബിജെപിയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായി. സംഘപരിവാര്‍ ഉള്‍പ്പെട്ട കേസുകളിലെ പൊലീസിന്റെ മൃദുസമീപനവും സംഘപരിവാര്‍ ബന്ധമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിച്ച് നിര്‍ത്തുന്നതായും ആരോപണം ഉയര്‍ന്നു. കാസര്‍ഗോഡ് മൗലവി വധക്കേസില്‍ മാത്രമാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടി സംഘപരിവാറിനെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്. ബാക്കി മിക്ക സംഭവങ്ങളിലും സംശയമുയര്‍ത്തുന്ന നീക്കങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് അടക്കം മുഖ്യമന്ത്രിയായി ചുമതലയേറ്റ 2016 മേയ് 25 മുതലുള്ള ദിവസങ്ങളില്‍ കേരള പൊലീസ് ചീത്തപ്പേര് കേള്‍പ്പിക്കാത്ത ഏതെങ്കിലുമൊരു മാസം എടുത്ത് പറയാന്‍ ബുദ്ധിമുട്ടായിരിക്കും.

പൊലീസിന്റെ മര്‍ദ്ദക സ്വഭാവം അങ്ങനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. കാരണം ആ സേനയുടെ ഭാഗമായവര്‍ പരിശീലിപ്പിക്കപ്പെടുന്നത് അത്തരത്തില്‍ പെരുമാറാനാണ്. അതിന് സമൂലമായ പരിഷ്‌കാരങ്ങളും ഉടച്ചുവാര്‍ക്കലുകളും വേണ്ടി വരും. അതല്ല ഇവിടെ പ്രശ്‌നം. പൊലീസില്‍ എല്ലാ കാലത്തും വിവിധ രാഷ്ട്രീയ താല്‍പര്യങ്ങളും ലോബികളും എല്ലാം ഉണ്ടായിരുന്നു. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും എല്ലാം ഇതിനകത്തുണ്ട്. എല്ലാ സര്‍ക്കാരുകളുടെ കാലത്തും പൊലീസ് അതിക്രമങ്ങള്‍ ഏതെങ്കിലുമൊക്കെ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പൊലീസിനെ കെട്ടഴിച്ച് വിടുന്ന സമീപനം യുഡിഎഫിനെ പോലെ എല്‍ഡിഎഫോ സിപിഎമ്മോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഒരിക്കലും സ്വകരിച്ചിട്ടില്ല. കോണ്‍ഗ്രസുകാരും യുഡിഎഫിലെ മറ്റ് കക്ഷികളും എക്കാലത്തും ഉന്നയിച്ചിരുന്നു ആരോപണം സിപിഎം പൊലീസിനെ കെട്ടിയിടുന്നു എന്നായിരുന്നു. യുഡിഎഫ് പൊലീസിനെ കെട്ടഴിച്ച് വിടുന്നു എന്ന ആരോപണം സിപിഎം തിരിച്ചുന്നയിച്ചു.

കെ കരുണാകരന്‍ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് കേരള പൊലീസ് ഏറ്റവുമധികം കുപ്രസിദ്ധി നേടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയത്. ഇതില്‍ കൂടുതലും ഭരണഘടനയെ മറികടന്നും പൗരാവകാശങ്ങളെ റദ്ദ് ചെയ്തും അടിയന്തരാവസ്ഥ ഒരുക്കിയ സാഹചര്യത്തിലായിരുന്നു. കെ കരുണാകരന്റെ കാലത്ത് പൊലീസ് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും മര്‍ദ്ദന കൊലകളും നടത്തുകയും എന്തിന് അഴീക്കോടന്‍ രാഘവനെ പോലുള്ള സിപിഎമ്മിന്റെ സമുന്നത നേതാക്കളുടെ കൊലപാതകങ്ങളില്‍ പോലും പങ്കുള്ളതായി ആരോപണം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രിക്ക് പൊലീസിന് മേല്‍ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോള്‍ അതല്ല സംഭവിക്കുന്നത്. പൊലീസ് അതിക്രമങ്ങള്‍ നടക്കുകയും ആഭ്യന്തര മന്ത്രിക്ക് നിയന്ത്രണമില്ലെന്ന പ്രതീതിയുണ്ടാവുകയുമാണ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ ദിവസം കേരളത്തിന്റേയും ഇന്ത്യയുടേയും ലോകത്തിന്റേയും ചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. 1957 ഏപ്രില്‍ അഞ്ചിനാണ് ഏഷ്യയില്‍ ആദ്യമായി ഒരു പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ അധികാരത്തില്‍ വന്നത്. ആ ചരിത്രസംഭവത്തിന്റെ 60ാം വാര്‍ഷികമാണ് ഇന്ന്. വലിയ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും പൊലീസ് എന്തായിരിക്കണം എന്ന കാര്യത്തില്‍ ആ സര്‍ക്കാരിന് വ്യക്തമായ ഒരു നയവും കാഴ്ചപ്പാടും നിലപാടുമുണ്ടായിരുന്നു. 1957ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് നിരവധി പൊലീസ് വെടിവയ്പുകളുണ്ടായി. വിആര്‍ കൃഷ്ണയ്യരും പിന്നീട് സി അച്യുത മേനോനുമായിരുന്നു അക്കാലത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. പൊലീസ് വെടിവയ്പുകളില്‍, കൊല്ലം ചന്ദനത്തോപ്പില്‍ സമരം ചെയ്ത കശുവണ്ടി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ് മാത്രമാണ് സര്‍ക്കാരിന് കളങ്കമായത്. ബാക്കിയുള്ള മിക്ക സംഭവങ്ങളും വിമോചനസമരക്കാരുടെ ആസൂത്രിതമായ അക്രമങ്ങളുടെ ഭാഗമായി ഉണ്ടായതായിരുന്നു. ഏതായാലും തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്ന സുചിന്തിതവും തികഞ്ഞ രാഷ്ട്രീയ ബോധത്തോടെയുമുള്ള നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അപമാനിക്കുന്നതായി ആ സംഭവം. പ്രതിച്ഛായ സംരക്ഷിക്കാനെന്ന പേരിലും രാഷ്ട്രീയ എതിരാളികള്‍ പാര്‍ട്ടിക്കെതിരെ ആയുധമാക്കുമെന്ന വിലയിരുത്തലിലും ആ വെടിവയ്പിനെ ന്യായീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് ചുമതലപ്പെടുത്തിയത് വെടിവയ്പിനെ ശക്തമായ എതിര്‍ത്ത് രംഗത്ത് വന്നിരുന്ന കെ ദാമോദരനെ തന്നെ ആയിരുന്നു എന്നതാണ് വൈരുദ്ധ്യം. ഏതായാലും പിന്നീട് വന്ന ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം പൊലീസിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തി. വെടിവയ്പും ലാത്തിചാര്‍ജ്ജും ലോക്ക് അപ്പ് മര്‍ദ്ദനങ്ങളും ഒരിക്കലും ഉണ്ടായില്ലെന്നല്ല പറഞ്ഞ് വരുന്നത്. എന്നാല്‍ പൊലീസിന് മേല്‍ ഒരു പിടി എപ്പോഴും ഭരണനേതൃത്വത്തിനുണ്ടായിരുന്നു. അതാണ് പിണറായി വിജയന്റെ ഭരണത്തില്‍ ഇല്ലാതായിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോളും പൊലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തര വകുപ്പ് എല്ലാ കാലത്തും ഇത്തരം ആരോപണങ്ങള്‍ നേരിട്ട് വരുന്ന ഒന്നുമാണ്. എന്നാല്‍ പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിനെതിരെ നടപടിയുണ്ടാകുമെന്നും സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്ന് ജനങ്ങളെ ബോധിപ്പിക്കാനും, അവരുടെ വിശ്വാസം നേടിയെടുക്കാനും പിണറായി വിജയന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചില സൈബര്‍ പോരാളികളെയും ന്യായീകരണ തൊഴിലാളികളേയും ഉപഗ്രഹങ്ങളെയും മാറ്റിനിര്‍ത്തിയാല്‍ സിപിഎമ്മുകാരുടെ പോലും വിശ്വാസം പൊലീസിന്റെ കാര്യത്തില്‍ നേടിയെടുക്കാന്‍ പിണറായിക്ക് കഴിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. കരുത്തും നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവുമൊക്കെയാണ് പിണറായി വിജയന്റെ നേതൃഗുണങ്ങളായി പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. സെന്‍കുമാറിനെ പുഷ്പം പോലെയെടുത്ത് കളഞ്ഞ പിണറായിക്ക് ലോക്‌നാഥ് ബെഹ്രയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത് എന്തുകൊണ്ടാണ്? ഹൈക്കോടതിയുടെ നിരന്തര വിമര്‍ശനം എന്ന് പറഞ്ഞാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.

കേരള പൊലീസിന് ഇത്തരം തോന്ന്യവാസങ്ങള്‍ കാണിക്കാനുള്ള ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നത്?. തീര്‍ച്ചയായും ഇത് ലോക്‌നാഥ് ബെഹ്ര എന്ന ഒരു ഉദ്യോഗസ്ഥന്റെ മാത്രം പ്രശ്‌നമല്ല. പല തരത്തിലുള്ള സങ്കുചിതവും ഗൂഢവുമായുള്ള താല്‍പര്യങ്ങളുള്ളവര്‍ ഈ സേനയില്‍ തീര്‍ച്ചയായും ഉണ്ടാകും. എന്നാല്‍ പൊലീസ് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കയ്യില്‍ ഒരു കടിഞ്ഞാണ്‍ വേണം. പൊലീസ് നയത്തില്‍ എന്തെങ്കിലും തിരുത്തല്‍ വരുത്താനോ പുന:പരിശോധന നടത്താനോ പിണറായി വിജയന്‍ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരു വാര്‍ത്ത നല്‍കുന്ന സൂചന. അത് പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാനുള്ള നീക്കമാണ്. സംഘപരിവാര്‍ ബന്ധത്തിന്റെ പേരിലും സിറാജുന്നീസയെന്ന 11 വയസുകാരിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ച പൊലീസ് വെടിവയ്പിന്റെ പേരിലുമൊക്കെയാണ് രമണ്‍ ശ്രീവാസ്തവ അറിയപ്പെട്ടിരുന്നത്. ഇങ്ങനെയുള്ള രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേഷ്ടാവായി നിയമിക്കുന്നതിനെ പറ്റിയുള്ള ആലോചനയൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന കാര്യം പരിശോധിക്കപ്പെടണം. സിപിഎമ്മില്‍ നിന്ന് തന്നെ സര്‍ക്കാരിന്‍റെ പൊലീസ് നയത്തില്‍ ശക്തമായ എതിര്‍പ്പുയരുകയും തിരുത്താനുള്ള ആവശ്യം വരുകയും ചെയ്തു. പൊലീസിന് വീഴ്ച പറ്റി എന്ന് പല തവണ പൊതുജനങ്ങള്‍ക്ക് മുന്നിലും പാര്‍ട്ടി കമ്മിറ്റിയിലുമായി പിണറായി വിജയന്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇനിയുള്ള നാല് വര്‍ഷം മുഴുവന്‍ ഇത്തരത്തില്‍ വീഴ്ച പറ്റി എന്ന് പറയാനാണ് പിണറായി ഉദ്ദേശിക്കുന്നതെങ്കില്‍ അത് വലിയ ദുരന്തത്തിലേക്ക് ആയിരിക്കും നയിക്കുക.

ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സംഘപരിവാര്‍ ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. എന്നിട്ടും ബെഹ്റയെ പിണറായി വിജയന്‍ ഡിജിപിയായി തിരഞ്ഞെടുക്കുകയും യാതൊരു താക്കീതുമില്ലാതെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവാദം കൊടുക്കുന്നതും അത്ര നിഷ്‌കളങ്കമാണെന്ന് കാണാനാവില്ല. ജിഷ്ണുവിന്റെ അമ്മയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസിന്റെ ഇന്നത്തെ നടപടിയില്‍ രൂക്ഷവിമര്‍ശനം വിമര്‍ശനം ഉന്നയിക്കുകയും ബെഹ്റയെ ഫോണില്‍ വിളിച്ച് ശാസിക്കുകയും ചെയ്ത വിഎസ് അച്യുതാനന്ദന്‍ ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ്, ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ഉത്സാഹത്തെ കുറ്റപ്പെടുത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നാറ്റിക്കാനാണോ പൊലീസിന്റെ നീക്കമെന്നും വിഎസ് ചോദിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെ മോശമാക്കാന്‍ ഇത്തരത്തില്‍ നടക്കുന്ന പൊലീസുകാരുണ്ടെങ്കില്‍ അവരെ നിലയ്ക്ക് നിര്‍ത്താനുള്ള ബാദ്ധ്യത പിണറായിക്കുണ്ട്. അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജി വച്ച് ഇറങ്ങി പോകണം.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ ഡിജിപി ലോക്‌നാഥ് ബെഹ്റ എന്തിന് കണ്ടു എന്ന ചോദ്യത്തിന് ആര്‍ക്കും ഇപ്പോഴും ഉത്തരമില്ല. പക്ഷെ പൊലീസ് അതിക്രമത്തെ കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറയേണ്ടി വരും. ഇന്ദ്രനും ചന്ദ്രനും ചിലപ്പോള്‍ പിണറായി വിജയനെ തടയാന്‍ കഴിയില്ലായിരിക്കും. ഇന്ദ്രന്‍ ഒരു സാങ്കല്‍പ്പിക പുരാണ കഥാപാത്രമാണ്. ഭൂമിയെ ചുറ്റുന്നതും മാനത്ത് കാണുന്നതുമായ ചന്ദ്രനാണെങ്കില്‍ പിണറായി വിജയന്‍ ആരാണെന്ന് അറിയാനും വഴിയില്ല. പക്ഷെ ലോക്‌നാഥ് ബെഹ്‌റ അങ്ങനെയല്ലല്ലോ…

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍