UPDATES

ട്രെന്‍ഡിങ്ങ്

പ്രളയത്തേക്കാൾ വലിയ ദുരന്തമാണ് പിണറായി എന്നു പ്രസംഗിച്ച മുല്ലപ്പള്ളിക്ക് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ തന്നെ വീണ്ടെടുക്കാൻ വീണ്ടുമൊരു പര്യടനം നടത്തേണ്ടി വരുമോ?

‘നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യമുയർത്തി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ‘ജന മഹായാത്ര’ പ്രയാണം തുടരുകയാണ്

കെ എ ആന്റണി

കെ എ ആന്റണി

‘നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യമുയർത്തി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ‘ജന മഹായാത്ര’ പ്രയാണം തുടരുകയാണ്. ഇന്നലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്വീകരണ യോഗങ്ങളിൽ മുല്ലപ്പള്ളി പ്രധാനമായും കടന്നാക്രമിച്ചത് സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തന്നെയായിരുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് സി പി എമ്മും പിണറായി വിജയനും ആഗ്രഹിക്കുന്നതെന്നും കേന്ദ്രത്തിൽ ഒരു കാരണവശാലും കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വ്യക്തമാക്കുന്നത് ഇത് തന്നെയാണെന്നും പറഞ്ഞു കണ്ണൂർ ടൗണിലെ തന്റെ പ്രസംഗം ആരംഭിച്ച മുല്ലപ്പള്ളി പ്രളയത്തേക്കാൾ വലിയ ദുരന്തമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നു കൂടി പറഞ്ഞുകളഞ്ഞു. കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നു പറഞ്ഞ മുല്ലപ്പള്ളി തന്റെ വാദത്തെ സാധൂകരിക്കാൻ ശ്രമിച്ചത് ആഭ്യന്തര മന്ത്രി കൂടിയായ പിണറായിയുടെ ജില്ലയായ കണ്ണൂരിൽ അദ്ദേഹം അധികാരത്തിൽ വന്നതിനു ശേഷം നാല് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു എന്നത് ചൂണ്ടിക്കാട്ടിയാണ്.

കണ്ണൂരിലെ സ്വീകരണ യോഗത്തിനു മുൻപ് ചക്കരക്കല്ലിൽ നടന്ന സ്വീകരണ യോഗത്തിലും മുല്ലപ്പള്ളി ഏതാണ്ട് ഇതേ രീതിയിലുള്ള വിമർശനം തന്നെയാണ് മുഖ്യമന്ത്രിക്കും സി പി എമ്മിനും എതിരെ ഉന്നയിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ രക്തദാഹികളായ കൊലയാളിക്കൂട്ടമാണെന്നു സ്ഥാപിക്കാൻ അദ്ദേഹം കൂട്ടുപിടിച്ചത്‌ പക്ഷെ ഓപ്പൺ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലാലന്റെ മകനുമായ ഉല്ലേഖ് എൻ പി യുടെ ‘ Kannur: Inside India’s Bloodiest Revenge Politics’ എന്ന പുസ്തകം ആയിപ്പോയെന്നു മാത്രം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഉല്ലേഖിന്റെ പുസ്തകം മുല്ലപ്പള്ളി വായിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശങ്ങൾ. ഒരു പക്ഷെ, പുസ്തകം പ്രകാശനം ചെയ്ത മുഖ്യമത്രി പിണറായി വിജയൻ പുസ്തകത്തിൽ തന്നെക്കുറിച്ചു ചില തെറ്റായ പരാമർശങ്ങൾ ഉണ്ടെന്നു പറഞ്ഞതായി ചില പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാവാം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ള പങ്കിനെക്കുറിച്ചുകൂടി പ്രതിപാദിക്കുന്ന പുസ്തകത്തെ മുല്ലപ്പള്ളി കൂട്ട് പിടിച്ചത്.

അതെന്തുമാകട്ടെ മുല്ലപ്പള്ളിയുടെ പര്യടനത്തിലേക്കു തന്നെ തിരികെ പോകാം. ചില മുദ്രാവാക്യങ്ങൾ തിരിഞ്ഞു കുത്തും എന്നു പറയാറുണ്ട്. ഏറ്റവും നല്ല ഉദാഹരങ്ങളിൽ ഒന്ന് തെക്കൻ കേരളത്തിലെ ഈഴവർ തന്നെയാണ് വടക്കൻ കേരളത്തിലെ തിയ്യർ എന്ന്‌ സ്വയം തീരുമാനിച്ചു ഉറപ്പിച്ചു ഇതാ ഞാൻ എന്റെ യാഗാശ്വത്തെ മലബാറിലേക്ക് അയക്കുന്നുവെന്നു ഗീർവാണം മുഴക്കി മലബാർ പര്യടനം നടത്തിയ വെള്ളാപ്പള്ളി നടേശന്റെ അനുഭവം തന്നെ. പര്യടനം കൊണ്ട് ഒരു കാര്യവും നടന്നില്ലെന്ന് മാത്രമല്ല യാഗാശ്വം പോയ വഴിയിൽ പിന്നീട് പുല്ലുപോലും മുളച്ചില്ലെന്നതാണ് വാസ്തവം. സി പി എമ്മിനെ വിരട്ടി വരുതിയിലാക്കാൻ അന്ന് യാഗാശ്വത്തെ അയച്ച വെള്ളാപ്പള്ളി ഇപ്പോൾ അവർക്കു വേണ്ടി മതിലും പണിയിൽ ഏർപ്പെട്ടിരിക്കുന്നു എന്നതാണ് ഏറെ രസകരമായ കാര്യം.

കെ പി സി സി അധ്യക്ഷനായതിനു ശേഷം നമ്മുടെ മുല്ലപ്പള്ളി നടത്തുന്ന ആദ്യ പര്യടനത്തിന് കണ്ടെത്തിയ ‘ ‘നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പര്യടനം കടന്നു പോകുന്ന പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്നത്. ജവാഹർലാൽ നെഹ്‌റു ജയിലിൽ കിടന്നു ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥം രചിച്ചതുകൊണ്ട് മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കു വഹിച്ച പാർട്ടിയായിരുന്നു കോൺഗ്രസ് എന്നതുകൊണ്ടും സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച പാർട്ടി എന്ന നിലയിൽ കൂടി നമ്മൾ ഇന്ത്യയെ കണ്ടെത്തി എന്ന്‌ പറയാനുള്ള യോഗ്യതയൊക്കെ കോൺഗ്രസ് പാർട്ടിക്കുകൂടി അവകാശപ്പെട്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ പ്രശ്നം അവിടെയല്ല രശീതി തന്നില്ലെങ്കിൽ തങ്ങൾ പിരിച്ച പണം തങ്ങൾക്കു തിരിച്ചുവേണം എന്ന ആവശ്യവുമായി ചില കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ രംഗത്ത് വന്നു തുടങ്ങിയിരിക്കുന്നു എന്നിടത്താണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ചില മണ്ഡലം കമ്മിറ്റി ഭാരവാഹികളാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ഈ കമ്മിറ്റികൾ മരവിപ്പിക്കപ്പെട്ടവയാണെന്നും അവർക്കു രശീതി നൽകാൻ പറ്റില്ലെന്നുമാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെയും എ ഐ സി സി വിദേശ കാര്യ വിഭാഗം സെക്രട്ടറി സജീവ് ജോസഫിന്റെയും വിശദീകരണം.

മരവിപ്പിക്കപ്പെട്ട മണ്ഡലം ബ്ലോക്ക് കമ്മിറ്റികളും അവർ നടത്തുന്ന ഫണ്ട് പിരിവും സംബന്ധിച്ച തർക്കവും വിവാദവുമൊക്കെ ഒരു ഭാഗത്തു കൊഴുക്കുമ്പോൾ മുല്ലപ്പള്ളിയുടെ പര്യടനം പൂർത്തിയാവുമ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ തന്നെ വീണ്ടെടുക്കാന്‍ പുതിയ പര്യടനം നടത്തേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍