UPDATES

ട്രെന്‍ഡിങ്ങ്

വടിയെടുക്കുന്ന പിണറായി, തോക്കെടുക്കാൻ വെമ്പി മോഹൻ ഭാഗവത്

പാർട്ടിയിൽ ഭരണം നടത്തുന്നതുപോലെ അത്ര എളുപ്പമല്ല ഒരു ഘടക കക്ഷി മന്ത്രിസഭയെ നയിക്കുക എന്നത് സഖാവ് പിണറായി ഇനിയെങ്കിലും തിരിച്ചറിയേണ്ടതായുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

സഖാവ് പിണറായി വിജയൻ നയിക്കുന്ന കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ തുടക്കം മുതൽക്കേ ശനി ബാധിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് നമ്മുടെ പൂഞ്ഞാർ പുലി സാക്ഷാൽ പി സി ജോർജ് അവര്‍കളാണ്. കുറച്ചു കാലമായി പിച്ചും പേയും പറയുന്ന ആൾ എന്ന ‘സൽപ്പേര്’ സമ്പാദിച്ച ആളാകയാൽ ഈ വെളിപാട് അധികമാരും മുഖവിലക്കെടുത്തില്ല. എന്നാൽ പോകെപ്പോകെ പി സി പറഞ്ഞതിൽ അല്പം വാസ്തവമില്ലേയെന്നു പലർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. മന്ത്രിമാരുടെ രാജിയും ഫോൺ കെണിയും മാത്രമല്ലല്ലോ കൂട്ടുത്തരവാദിത്വം ഇല്ലാത്ത സർക്കാരെന്ന ‘ബഹുമതി’യും നേടിയതോടെയാണ് ഈ സംശയം പലർക്കും ബലപ്പെട്ടത്. ഇപ്പോൾ ഏറ്റവുമൊടുവിലായി പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ മന്ത്രി പുംഗവന്മാർ കൂട്ടത്തോടെ മുങ്ങുക കൂടി ചെയ്തതോടെ അച്ചടക്കത്തിന്റെ വടി എടുക്കേണ്ട ഗതികേടിലായി നമ്മുടെ മുഖ്യൻ.

ഈ സർക്കാർ അധികാരത്തിൽ വന്ന വേളയിൽ ആഴ്ചയിൽ നാല് ദിവസമെങ്കിലും മന്ത്രിമാർ തലസ്ഥാനത്തുണ്ടാവണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശമാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാറ്റിൽ പറത്തപെട്ടത്. കോറം തികയാത്തതിനാൽ അന്ന് നടക്കേണ്ടിയിരുന്ന പ്രത്യേക മന്ത്രിസഭാ യോഗം നടന്നില്ല. ഒന്നും രണ്ടുമൊന്നുമല്ല പതിമൂന്നു മന്ത്രിമാരാണ് ഒറ്റയടിക്ക് മുങ്ങിയത്. കാലാവധി പൂർത്തിയായ ഓർഡിനൻസുകൾ പുതുക്കാൻ വേണ്ടിയായിരുന്നു മന്ത്രിസഭാ യോഗം വിളിച്ചത്. അവൈലബിൾ സെക്രട്ടറിയേറ്റ്‌, പി ബി യോഗം എന്നൊക്കെ പറയുന്നതുപോലെ സ്ഥലത്തുള്ളവരെ മാത്രം വെച്ച് നടത്താവുന്ന ഒന്നല്ലല്ലോ മന്ത്രിസഭാ യോഗം. എന്തായാലും ഈ പോക്ക് പോയാൽ ഭരണവും സർക്കാരും ഒരു വഴിക്കാവുമെന്നു പിണറായിക്ക് ഇതോടെ മനസ്സിലായെന്നുവേണം കരുതാൻ. അതുകൊണ്ടു തന്നെയാവണം വടിയെടുത്തതും ഇനി മുതൽ ആഴ്ചയിൽ അഞ്ചു ദിവസം മന്ത്രിമാർ തലസ്ഥാനത്തു തന്നെ ഉണ്ടാവണമെന്ന് കല്പനയായതും.

നരേന്ദ്ര മോദിയാകരുത് പിണറായി വിജയന്‍

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തവണ ഇടതു മുന്നണി അധികാരത്തിൽ വന്നാൽ പിണറായി വിജയനായിരിക്കും മുഖ്യമന്ത്രിയെന്ന് ഏതാണ്ട് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. നേതൃ പാടവം കൊണ്ട് സംഘടനാ രംഗത്തും സഹകരണ രംഗത്തും ഭരണ രംഗത്തും മികവ് തെളിയിച്ച ആൾ എന്നനിലയിൽ പിണറായി അല്ലാതെ മറ്റാര് എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. ദോഷം പറയരുതല്ലോ, മുഖ്യമന്ത്രിയാവാൻ എന്തുകൊണ്ടും യോഗ്യൻ പിണറായി തന്നെ എന്ന് പറഞ്ഞവരുടെ കൂട്ടത്തിൽ നമ്മുടെ പി സിയും ഉണ്ടായിരുന്നു. അല്പസ്വല്പം നീരസമൊക്കെ പാർട്ടിയിലും മുന്നണിയിലും ചിലർക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനൊന്നും ആരും വില കല്പിച്ചതുമില്ല. എന്നാൽ തന്റെ സ്വതസിദ്ധമായ ഈ കഴിവുകളൊന്നും പൂർണമായും പുറത്തെടുക്കാൻ പിണറായിക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പാർട്ടിയിൽ ഭരണം നടത്തുന്നതുപോലെ അത്ര എളുപ്പമല്ല ഒരു ഘടക കക്ഷി മന്ത്രിസഭയെ നയിക്കുക എന്നത് സഖാവ് പിണറായി ഇനിയെങ്കിലും തിരിച്ചറിയേണ്ടതായുണ്ട്.

മുതലാളിത്ത ഇന്ത്യയുടെ സ്വന്തം ആര്‍ എസ് എസ്

സഖാവ് പിണറായി മുഖ്യമന്ത്രി വടിയെടുക്കുമ്പോൾ മാറ്റൊരാൾ തോക്കെടുക്കാൻ വെമ്പൽ കൊള്ളുകയാണ്. മറ്റാരുമല്ല ആർ എസ് എസ് സർസംഘ് ചാലക് മോഹൻ മധുക്കർ ഭാഗവത് തന്നെയാണ് രാജ്യസ്നേഹം മൂത്ത് തോക്കെടുത്തു ശത്രു രാജ്യത്തോട് അടരാടാൻ കൊതിക്കുന്നത്. പിണറായിയും ഭാഗവതും രണ്ടു വ്യത്യസ്ത ചേരിയിൽ നിൽക്കുന്നവരാണ്. വ്യത്യസ്ത രാഷ്ട്രീയ ആദർശങ്ങൾ കൊണ്ടുനടക്കുന്നവർ. സി പി എം കേഡർ സ്വഭാവമുള്ള പാർട്ടിയാണെങ്കിൽ ആർ എസ് എസ് കേഡർ സ്വഭാവമുള്ള സംഘടനയാണ് എന്നതും ഭാഗവത് ആർ എസ് എസ് തലവനെങ്കിൽ പിണറായി മുൻപ് ഏറെകാലം സി പി എമ്മിന്റെ കേരളത്തിലെ അമരക്കാരൻ ആയിരുന്നുവെന്നതുമാണ് ഇവർ തമ്മിലുള്ള ഏക സാദൃശ്യം.

ഇന്ത്യൻ സേനക്ക് യുദ്ധ സജ്ജമാക്കാൻ ആറേഴുമാസമെങ്കിലും വേണമെന്നും ആർ എസ് എസ്സിന് വെറും മൂന്നേ മൂന്നു ദിവസ്സം മാത്രം മതിയെന്നുമാണ് ഭാഗവതിന്റെ വീരവാദം. ശരിയാണ് ആയുധ പരിശീനം ലഭിച്ച നിതാന്ത പരിശീനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വിഭാഗം തന്നെയാണ് ആർ എസ് എസ്സുകാർ എന്ന കാര്യത്തിൽ തർക്കമില്ല. രാജ്യത്തു കലാപം അഴിച്ചുവിട്ടു ഒട്ടേറെ നിരപരാധികളെ കശാപ്പു ചെയ്ത ചരിത്രം ആർ എസ് എസ്സിന് സ്വന്തം. പക്ഷെ ആർ എസ് എസ്സിനെ ഇന്ത്യൻ സൈന്യത്തോട് താരതമ്യം ചെയ്യാൻ ഈ മഹാരാഷ്ട്രക്കാരന് എവിടുന്നു ധൈര്യം കിട്ടി എന്നതാണ് പ്രശ്നം. മറ്റേതെങ്കിലും രാജ്യത്തോ ഭരണത്തിലോ ആയിരുന്നെങ്കിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കപ്പെടേണ്ട കുറ്റമാണ് ആർ എസ് എസ് മേധാവി നടത്തിയിരിക്കുന്നത്.

എങ്കിലും ഈ വീരവാദം കേൾക്കുമ്പോൾ ഇങ്ങനെയും തോന്നുന്നുണ്ട്. ഭീകരർക്കെതിരെ ഇവരെ ഒന്ന് അയച്ചു നോക്കിയാൽ ഇവരിൽ കുറെയെണ്ണം തീർന്നുകിട്ടിയേനെ. ഈ വീമ്പു പറയലിനു അല്പം ശമനവും ആവുമായിരുന്നു.

മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍