എന്‍ഡോസള്‍ഫാന്‍ ഒരു മിത്താണെന്നു വാദിക്കുന്നവര്‍ പോലുമുണ്ട് എന്നതാണ് ഭീതിജനകമായ വിഷയം-ഭാഗം 1
പടിഞ്ഞാറത്തറയിലെ സ്‌നേഹവീടിന്റെ അകത്തളത്തില്‍ അമ്മയുടെ മടിയില്‍ ഇരുന്നിരുന്ന നിവേദ്യയെ ചൂണ്ടിക്കാണിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരിലൊരാളായ മുനീസ സംസാരിച്ചു തുടങ്ങിയത്. മുനീസ പരിചയപ്പെടുത്തുന്നതിനു മുന്നേ തന്നെ ഒറ്റ നോട്ടത്തില്‍ നിവേദ്യയെ തിരിച്ചറിഞ്ഞിരുന്നു. ഭക്ഷണം കഴിക്കാനായി ശരീരത്തില്‍ ഘടിപ്പിച്ച ട്യൂബുമായി ഇരുന്നിരുന്ന അഞ്ചോ ആറോ വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ആ പതിനൊന്നുകാരിയുടെ ചിത്രം എന്‍ഡോസള്‍ഫാന്‍ സമരകാലത്തിനിടെ പലപ്പോഴായി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘നിവേദ്യയെ അറിയാമായിരിക്കുമല്ലോ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കാന്‍ മാധ്യമങ്ങള്‍ പലപ്പോഴായി ഉപയോഗിച്ച മുഖമാണ്. നിങ്ങള്‍ വിശ്വസിക്കുമോയെന്നറിയില്ല. ഇവളുടെ പേര് ഇതുവരെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.’
സര്‍ക്കാര്‍ അടുത്ത കാലങ്ങളിലായി തുടരെത്തുടരെ നടത്തിയ ധനസഹായ-കടം എഴുതിത്തള്ളല്‍ പ്രഖ്യാപനങ്ങളും മറ്റുമായി കാസര്‍ഗോട്ടെ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഒടുങ്ങിത്തുടങ്ങി എന്ന പൊതു ബോധം പരക്കുന്നതിനിടെയാണ് സ്‌നേഹം ട്രസ്റ്റ് നടത്തുന്ന സ്‌നേഹവീട്ടില്‍ എത്തുന്നത്. ‘എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ഇനിയെന്തു പ്രശ്‌നമാണ്? അവര്‍ക്ക് ആവശ്യത്തിലധികം ധനസഹായം ലഭിക്കുന്നില്ലേ? സര്‍ക്കാരുകള്‍ ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടല്ലോ? ചികിത്സയൊക്കെ സൗജന്യമല്ലേ?‘ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കാസര്‍ഗോഡ് ജില്ലയ്ക്കു പുറത്ത് ധാരാളം കണ്ടിട്ടുണ്ട് ഇവരെല്ലാം. മാറി നിന്നു ഇവരെ വീക്ഷിച്ച് വിധിയെഴുതുന്നവരോടും രാഷ്ട്രീയപ്രവര്‍ത്തകരുടെ അവസരവാദത്തെക്കുറിച്ചും സംസാരിക്കവേ ദയാഭായി അടക്കമുള്ളവര്‍ പറയുന്നതിങ്ങനെ: ‘ഈ പൊതു ബോധം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നറിയില്ല. അങ്ങേയറ്റം അപകടകരമാണത്. ഇവിടെ നടക്കുന്നത് വംശഹത്യയാണ്.’
ഇടതു പക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ധൃതഗതിയിലുണ്ടായ പ്രഖ്യാപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത് മുഖ്യധാരാ കേരളത്തിന്റെ പൊതുബോധത്തില്‍ മാത്രമാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ആവശ്യങ്ങള്‍ ഉപാധികളില്ലാതെ പരിഗണിക്കപ്പെടുന്നുണ്ടെന്നും, അവര്‍ക്കു വേണ്ടതെല്ലാം, ചികിത്സയടക്കം എളുപ്പത്തില്‍ ലഭിക്കുന്നുണ്ടെന്നുമുള്ള രീതിയില്‍ മാധ്യമങ്ങള്‍ പോലും വാര്‍ത്തകള്‍ നല്‍കിത്തുടങ്ങി. എന്നാല്‍, കാസര്‍കോട്ടെ ദുരിതബാധിത ഗ്രാമങ്ങളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് ഇപ്പോഴും കണക്കില്ല. പ്രഖ്യാപനങ്ങളില്‍ നിന്നും പ്രഖ്യാപനങ്ങളിലേക്ക് നയങ്ങള്‍ മാറുമ്പോഴും, ഇവരുടെ സമരത്തിന് മാറ്റമുണ്ടാകുന്നില്ല. മതിയായ ചികിത്സാ സൗകര്യമോ, കുട്ടികള്‍ക്കു വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമോ നിലവില്‍ എല്ലാവര്‍ക്കും ലഭ്യമല്ല. അശാസ്ത്രീയമായ ക്രോഡീകരണവും തെരഞ്ഞെടുപ്പും പദ്ധതി നടത്തിപ്പും കഷ്ടത്തിലാക്കിയ ആയിരങ്ങളെക്കുറിച്ച്, എന്‍ഡോസള്‍ഫാന്‍ സെല്‍ അംഗം കൂടിയായ മുനീസ പറഞ്ഞുതുടങ്ങി.
സര്‍ക്കാര്‍ രേഖകളിലില്ലാത്ത ചിലര്‍
‘മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയാണ് എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതെന്ന് അറിയാമല്ലോ. 4182 പേരെയാണ് 2010ലെ ക്യാംപില്‍ നിന്നും തെരഞ്ഞെടുത്തത്. 2011ല്‍ 1318 പേര്‍ കൂടി പട്ടികയിലിടം നേടി. അവരില്‍ 610ഓളം പേര്‍ പുറത്തായെന്നു ചൂണ്ടിക്കാട്ടി അന്നു ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. 2013ല്‍ പട്ടികയിലുള്ളവരുടെ എണ്ണം 348 ആയി. ഇവര്‍ക്കെല്ലാം അനുവദിച്ച തുക കൃത്യമായി കിട്ടുന്നുണ്ടോ എന്നത് അടുത്ത വിഷയം. 2017ല്‍ നടന്ന മെഡിക്കല്‍ ക്യാംപിലാണ് നിലവിലെ പ്രശ്‌നങ്ങളുണ്ടാകുന്നത്.
7000ത്തോളം പേരാണ് ക്യാംപിലേക്ക് അപേക്ഷിച്ചത്. അവരില്‍ത്തന്നെ നാലായിരം പേര്‍ക്കു മാത്രമാണ് അവര്‍ ക്യാംപില്‍ പങ്കെടുക്കാനുള്ള സ്ലിപ് നല്‍കിയത്. പ്രഥമദൃഷ്ട്യാ ലിസ്റ്റില്‍ പെടാന്‍ അര്‍ഹരാണെന്നു തോന്നിയവര്‍ക്കാണ് ഇതു നല്‍കുന്നത്. എന്നാല്‍ ക്യാംപ് നടന്നതിനു ശേഷം 1905 പേരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. കലക്ടര്‍ തന്നെ നേരിട്ടു പറഞ്ഞും മറ്റും ഈ കണക്ക് ഞങ്ങള്‍ മുന്നേ അറിഞ്ഞിരുന്നു. അപേക്ഷിച്ച 7000 പേരില്‍ 1905 പേര്‍ക്കു മാത്രം അര്‍ഹതയെന്നു തീരുമാനമായതിനു ശേഷമാണ് പെട്ടന്ന് ഈ പട്ടികയിലെ എണ്ണം 287ആയി ചുരുങ്ങിയത്.’
അര്‍ഹരായ ആയിരങ്ങള്‍ പുറത്തു നില്‍ക്കുമ്പോഴാണ് വെറും 287 പേരെ മാത്രം തെരഞ്ഞെടുത്തിട്ടുള്ള ഈ നീക്കമുണ്ടായത്. നിവേദ്യയടക്കം അതിഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന എത്രയോ പേര്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്. വര്‍ഷങ്ങളായി കടലാസ് കെട്ടുകളും ചുമന്നു നടന്നു മടുത്തവര്‍ പലരും പ്രതീക്ഷ കൈവിട്ട് അപേക്ഷ നല്‍കാതെയിരുന്നിട്ടുണ്ടെന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ അവകാശപ്രവര്‍ത്തകരിലൊരാളായ കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു. സര്‍ക്കാര്‍ നടപടികളിലെ കാലതാമസത്തിനിടെ മരണത്തിനു കീഴടങ്ങിയത് ധാരാളം കുട്ടികളാണെന്നും മാഷ് ഓര്‍മപ്പെടുത്തുന്നുണ്ട്.
‘1905 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയതെന്ന കണക്ക് പുറത്തു പോയതിനെച്ചൊല്ലി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മന്ത്രിയടക്കമുള്ള ആളുകള്‍ അറിയാതെയാണ് ഈ കണക്കുകള്‍ പുറത്തു പോയതെന്നു പറഞ്ഞായിരുന്നു തര്‍ക്കം. ‘ഞാനറിയാതെ ഈ കണക്ക് എങ്ങനെ പുറത്തു പോയി’ എന്നു മന്ത്രി സെല്‍ യോഗത്തില്‍ ക്ഷുഭിതനായി ചോദിക്കുക പോലുമുണ്ടായി. തുടര്‍ന്നു വന്ന ലിസ്റ്റില്‍ ഈ 1905 എന്നത് 287 ആയി ചുരുങ്ങിയെന്നതാണ് നിലവില്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. വളരെ ജെനുവിനായ പല കേസുകളും കണ്‍മുന്നില്‍ നില്‍ക്കുമ്പോഴാണിത് എന്നോര്‍ക്കണം. ലിസ്റ്റില്‍ പേരു വരാതെ പോയവരുമായി മന്ത്രിമാരടക്കമുള്ളവരെ പോയിക്കാണുമ്പോഴാകട്ടെ, അര്‍ഹരായവരെയേ പരിഗണിക്കാന്‍ സാധിക്കുള്ളൂ എന്നായിരുന്നു മറുപടി. നേരത്തേയുള്ള ലിസ്റ്റുകളില്‍ അകപ്പെടാതെപോയവരില്‍ അര്‍ഹരായ ആയിരങ്ങളുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നെങ്കിലും, വാദിക്കാന്‍ സാധിച്ചിരുന്നില്ല. ഈ ലിസ്റ്റില്‍ പക്ഷേ, ക്യാംപിനുശേഷം കണ്ടെത്തിയ രണ്ടായിരത്തോളം പേരില്‍ നിന്നും വീണ്ടും വെട്ടിച്ചുരുക്കിയാണ് ഇത്ര കുറച്ചു പേരെ തെരഞ്ഞെടുത്തിട്ടുള്ളത്. അതിന്റെ ന്യായമെന്താണ്? ആദ്യത്തെ ലിസ്റ്റിട്ടതും ഇവര്‍ തന്നെയല്ലേ?
കഴിഞ്ഞ ജനുവരി മുപ്പതാം തീയതി കുട്ടികളേയും അവരുടെ അമ്മമാരെയും കൊണ്ട് തിരുവനന്തപുരത്തേക്ക് പ്രതിഷേധപരിപാടികളുടെ ഭാഗമായി പോയിരുന്നു. ആ സമയം തൊട്ടാണ് ദയാഭായി ഞങ്ങള്‍ക്കൊപ്പം ചേരുന്നത്. തിരുവനന്തപുരത്തെ സമരം എല്ലാവരും ശ്രദ്ധിച്ചു, മന്ത്രിമാരെല്ലാം അമ്മമാരെ വന്നു കണ്ട് വിഷയത്തില്‍ ഉടനെ തീര്‍പ്പുണ്ടാക്കാമെന്നും, കാസര്‍ഗോഡ് വെച്ച് ബാക്കി കാര്യങ്ങള്‍ സംസാരിക്കാമെന്നും ഉറപ്പു തന്നതനുസരിച്ച് ഞങ്ങള്‍ മടങ്ങുകയും ചെയ്തു. പക്ഷേ, അടുത്ത സെല്‍ യോഗം വരെ ഈ അധികൃതരൊന്നും ആരെയും കണ്ടു സംസാരിച്ചതേയില്ല. തന്ന വാക്കനുസരിച്ച് യോഗത്തിനു മുന്‍പ് എല്ലാവരെയും കണ്ടു സംസാരിക്കുക എന്നത് ഒരു സാമാന്യ മര്യാദയല്ലേ? അതുണ്ടായില്ല. മാത്രമല്ല, അന്നു സെല്‍ യോഗത്തിലെത്തിയ മന്ത്രി പുറത്തു തന്നെ കാത്തുനിന്ന അമ്മമാര്‍ക്കു മുഖം കൊടുക്കാതെ രോഷം കാണിച്ചാണ് അകത്തേക്കു കയറിപ്പോയത്.’
അന്നുണ്ടായ ചര്‍ച്ചയുടെയും അമ്മമാരുടെ നിശ്ചയദാര്‍ഢ്യത്തിന്റേയും ഫലമായി ലിസ്റ്റ് പുനഃപരിശോധിക്കാനുള്ള തീരുമാനമുണ്ടായി. രണ്ടു മാസത്തിനകം സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശിച്ച റിപ്പോര്‍ട്ട് പല തവണയായി സമരക്കാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നാലു മാസമെടുത്ത് സമര്‍പ്പിച്ചപ്പോള്‍ 77 പേര്‍ കൂടെ പട്ടികയില്‍ ഇടം നേടി. ‘ആദ്യത്തെ ലിസ്റ്റില്‍ പാളിച്ചകളുണ്ടെന്നത് അതോടെ വ്യക്തമാണല്ലോ. യഥാര്‍ത്ഥത്തില്‍ ഏറ്റവുമാദ്യം കണ്ടെത്തിയ 1905 പേരില്‍പ്പെടാത്തവര്‍ പോലും യഥാര്‍ത്ഥ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. 77 പേരുടെ പുതിയ പട്ടികയില്‍ അധികൃതര്‍ പരമാവധി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗികളെയെല്ലാമാണ് അതില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കേണ്ടെന്നല്ല. കുട്ടികള്‍ക്കാണെങ്കില്‍ അധികകാലം ചികിത്സ ലഭ്യമാക്കേണ്ടിവരും എന്ന കാരണം കൊണ്ടുമാത്രമാണ് സത്യത്തില്‍ ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത്.’
നടക്കുന്നത് ദുരിതത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണോ?
എന്‍ഡോസള്‍ഫാന്‍ ഒരു മിത്താണെന്നു വാദിക്കുന്നവര്‍ പോലുമുണ്ട് എന്നതാണ് ഭീതിജനകമായ വിഷയം. ബാധിക്കപ്പെട്ടവര്‍ക്കു രോഗമുണ്ടാകുന്നതിനു കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നു തീര്‍ത്തും തിരിച്ചറിയാനുള്ള സാങ്കേതികതയുടെ അഭാവമാണ് ഇതിനൊരു പ്രധാന കാരണം. രോഗബാധയ്ക്കുള്ള കാരണം കീടനാശിനിയാകാം എന്ന സാധ്യത മാത്രമേ കണ്ടെത്താനാവുകയുള്ളൂ എന്നും ഈ സമാനത വിലയിരുത്തിയാണ് രോഗികളെ തിരിച്ചറിയുന്നതെന്നും വിവരാവകാശ നിയമപ്രകാരം അവകാശപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിക്കു ലഭിച്ച മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ന്യൂറോ രോഗങ്ങള്‍, ഗര്‍ഭാശയസംബന്ധമായ പ്രശ്‌നങ്ങള്‍, ചില ക്യാന്‍സറുകള്‍, കീടനാശിനി തളിച്ചാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്നിവയെയാണ് എന്‍ഡോസള്‍ഫാന്‍ പരിധിയില്‍ പെടുത്തുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഈ മാനദണ്ഡത്തിലെ കൃത്യതയില്ലായ്മയാണ് ലിസ്റ്റില്‍ നിന്നും ആളുകള്‍ ക്രമാതീതമായി പുറത്താകുന്നതിനു കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മാനദണ്ഡങ്ങള്‍ കൃത്യമാണെന്നും നിയമവിരുദ്ധമായി ആരേയും ചേര്‍ക്കാന്‍ സാധിക്കില്ലെന്നുമാണ് കാസര്‍ഗോഡ് ഡി.പി.എം അടക്കമുള്ളവരുടെ പക്ഷം. ഇത്രകാലത്തെ സമരങ്ങള്‍ക്കു ശേഷവും ലിസ്റ്റില്‍ തങ്ങള്‍ അകപ്പെടുന്നില്ലെങ്കില്‍, എന്തു ചെയ്യാനാണെന്ന് നിസ്സഹായതയോടെ നിവേദ്യയുടെ അമ്മയും ചോദിക്കുന്നു. പടിപടിയായി സഹായങ്ങളുടെ തോതും ശക്തിയും കുറച്ച്, സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെട്ടു എന്നു വരുത്തിത്തീര്‍ത്ത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കാലക്രമേണ തിരസ്‌കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സമരത്തിനിറങ്ങിയ അമ്മമാര്‍ സംശയിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്നേ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവുകളിലൊന്നില്‍, അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ധനസഹായം നിര്‍ത്തലാക്കാനാകും എന്ന പ്രസ്താവന കൂട്ടിച്ചേര്‍ത്തിരുന്നതായി കുഞ്ഞികൃഷ്ണന്‍ മാഷ് വിശദീകരിക്കുന്നു. ‘മാധ്യമങ്ങളൊന്നും അന്ന് ഇതറിഞ്ഞിരുന്നില്ല. ഇക്കാര്യം മാത്രം അവര്‍ പുറത്തുവിട്ടിരുന്നുമില്ല. പക്ഷേ അങ്ങിനെയൊരു രേഖ ഉണ്ടായിരുന്നു എന്നതു വാസ്തവമാണ്. അതു പിന്നീട് കൂടുതല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ എടുത്തു മാറ്റുകയായിരുന്നു. തലമുറകളോളം തുടരുന്ന ഒരു മഹാവിപത്ത് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കു തുടച്ചു നീക്കാന്‍ സാധിക്കുമെന്നാണോ? അതോ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ കുഞ്ഞുങ്ങളെയെല്ലാം പൂര്‍ണമായും അരികുവല്‍ക്കരിക്കുമെന്നോ? പുറത്തു പറയുന്നില്ലെങ്കിലും എല്ലാ അധികൃതരുടെയും ലക്ഷ്യമതാണ്. ചുരുങ്ങിയ കാലത്തിനകം ധനസഹായങ്ങള്‍ നിര്‍ത്തലാക്കുക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധ തീര്‍ന്നെന്നു വരുത്തിത്തീര്‍ക്കുക. അപകടത്തിന്റെ തോത് കുറവാണെന്ന് എങ്ങിനെയെങ്കിലും സ്ഥാപിക്കുക’
രണ്ടു വര്‍ഷം മുന്നെ നടന്ന പരിശോധനകളില്‍ വരെ കാസര്‍കോടന്‍ ഗ്രാമങ്ങളിലെ മണ്ണില്‍ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തിയിരുന്നു. ആയിരങ്ങള്‍ ഇപ്പോഴും സഹായം കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണെങ്കിലും, ഈ വിഷയത്തിലെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ കൈവശം പോലുമില്ല. സ്വതന്ത്രമായി പരിശ്രമിച്ച് കണക്കുകള്‍ ശേഖരിക്കാനുള്ള യജ്ഞത്തിലാണ് സാമൂഹിക പ്രവര്‍ത്തകയായ ദയാഭായി. ‘കണക്കുകള്‍ കൃത്യമായി കൈയിലുണ്ടാകുമ്പോളേ അതു മുന്‍നിര്‍ത്തി നമുക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുള്ളൂ. നിലവില്‍ നമ്മുടെ കൈയിലുള്ളത് സര്‍ക്കാര്‍ ക്യാംപുകളില്‍ നിന്നുമുള്ള വിവരങ്ങളാണ്. അതില്‍ തെറ്റുണ്ടെന്ന് വ്യക്തമാണല്ലോ. അപ്പോള്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വരുന്നു.’
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള അവഗണനയുടെ കഥകളാണ് മുനീസയ്ക്കു പറയാനേറെയുള്ളത്. ‘വലിയ പ്രതീക്ഷകളോടെയാണ് സെല്ലില്‍ ചര്‍ച്ചയ്ക്കു പോകുന്നത്. ലിസ്റ്റിന്റെ കാര്യമോ ആശുപത്രി ചെലവിന്റെ കാര്യമോ പറയാനായി എഴുന്നേറ്റാല്‍ ഉടനെ കേള്‍ക്കാം, ‘മുനീസ ഇരിക്കൂ’ എന്ന്. അവര്‍ക്ക് മുനീസയെ ഇരുത്തിയല്ലേ പറ്റൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെങ്കില്‍ ഇടതുപക്ഷ നേതാക്കള്‍ വലിയ സഹായമായിരുന്നു. സമരപ്പന്തല്‍ കെട്ടിത്തരുന്നതു മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടുള്ളവരാണ്. ഭരണപക്ഷത്തായതോടെ കാസര്‍കോട്ടെ മന്ത്രിയടക്കമുള്ളവര്‍ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയെന്നു പറയാതെ വയ്യ. മുന്‍പായിരുന്നെങ്കില്‍ പ്രതിപക്ഷം കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ ഭരണം മാറിയതോടെ ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല എന്നായിട്ടുണ്ട്. ഇനി, ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ഭരണ നേട്ടമായി കാണിക്കാനുള്ള ശ്രമമുണ്ടെങ്കില്‍, ഇതൊന്നും ആരും തരുന്ന ഔദാര്യമല്ല എന്നോര്‍ക്കണം. ഞങ്ങളോട് ഭരണകൂടം ചെയ്ത ക്രൂരതയ്ക്കുള്ള നഷ്ടപരിഹാരമാണ്.’
പ്രഖ്യാപിച്ചതും പ്രവര്‍ത്തിക്കുന്നതും
2017ലെ സുപ്രീം കോടതി വിധി പ്രകാരം, പട്ടികയില്‍ ഇടം നേടിയവര്‍ക്കെല്ലാം മൂന്നു മാസത്തിനകം അഞ്ചു ലക്ഷം രൂപയും ആജീവനാന്തം സൗജന്യ ചികിത്സയും ഉറപ്പാക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് ആദ്യം സമ്പാദിച്ച വിധി പ്രകാരമുള്ള അഞ്ചു ലക്ഷം- മൂന്നു ലക്ഷം വേര്‍തിരിവ് പുതിയ നിര്‍ദ്ദേശത്തിലില്ല. ബാധിക്കപ്പെട്ടവര്‍ക്കെല്ലാം അഞ്ചു ലക്ഷം വീതം ലഭിക്കണമെന്നിരിക്കേ, കഴിഞ്ഞ മാസങ്ങളില്‍ പെന്‍ഷന്‍ തുകയായ 2200 പോലും കൃത്യമായി കിട്ടുന്നില്ലെന്ന് രോഗികളുടെ ഒപ്പമുള്ളവര്‍ പറയുന്നുണ്ട്.
2010 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഏകദേശം 6300ല്‍ അധികം പേര്‍ക്കാണ് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചിട്ടുള്ളത്. അതില്‍ 1340 പേര്‍ക്ക് അഞ്ചു ലക്ഷവും 1310 പേര്‍ക്ക് മൂന്നു ലക്ഷവും കിട്ടിയതടക്കം 2650 പേര്‍ക്കു മാത്രമാണ് നിലവില്‍ ധനസഹായം ലഭിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. ഇക്കൂട്ടത്തില്‍ ബാക്കിയായ മൂവായിരത്തോളം പേര്‍ക്ക് ഇനിയും സാമ്പത്തിക സഹായം കിട്ടാന്‍ കാലതാമസം നേരിടേണ്ടി വരികയാണ്. ധനസഹായവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ച് കുഞ്ഞികൃഷ്ണന്‍ മാഷ് വിശദീകരിച്ചതിങ്ങനെ:
‘ഇത്രയും പേര്‍ ലിസ്റ്റില്‍പ്പെട്ടിട്ടും തുക ലഭിക്കാത്തവരായി ഉണ്ടെന്നു കാണിക്കാന്‍ ഇക്കൂട്ടത്തിലെ നാല് അമ്മമാര്‍ സുപ്രീം കോടതിയില്‍ കേസുമായി പോയി. അന്ന് അവരുടെ വാദത്തെ പ്രതിരോധിച്ചു കൊണ്ട് ചീഫ് സെക്രട്ടറി കോടതിയില്‍ പറഞ്ഞത് അര്‍ഹതയുള്ളവര്‍ക്കാണ് തുക കൊടുത്തതെന്നാണ്. അപ്പോള്‍ പട്ടികയിലെ മറ്റുള്ളവരെല്ലാം അര്‍ഹതയില്ലാത്തവരാണെന്നാണോ? ക്യാംപില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് കണ്ടെത്തിയവരല്ലേ ഇതെല്ലാം? ഈ കേസില്‍ ഇപ്പോഴും വാദം നടക്കുകയാണ്.’
‘കടബാധ്യത എഴുതിത്തള്ളിയതാണ് മറ്റൊരു അവകാശവാദം. 2016ലൊക്കെയാണ് ഈ തീരുമാനം വരുന്നത്. 600ഓളം പേരുടെ അമ്പതിനായിരത്തില്‍ താഴെയുള്ള കടങ്ങള്‍ എഴുതിത്തള്ളി. അമ്പതിനായിരം കടമെടുത്ത് ഇപ്പോള്‍ പലിശയടക്കം ലക്ഷത്തോളമെത്തിയവരില്ലേ? മൂന്നു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും പറയുന്നു. ഇരുപതു ലക്ഷത്തോളം കടമുള്ള കുടുംബങ്ങള്‍ ഇവിടെയുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചു വരികയായിരുന്നു ഇത്രയും നാള്‍. അതു പ്രഖ്യാപിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ ഇല്ലായിരുന്നു, അത് പിന്നീടു വന്നു. 2011 ജൂണ്‍ മുപ്പതിനു മുമ്പെടുത്ത കടങ്ങള്‍, വീടിന്റെ പേരിലെടുത്തവ, വാഹനങ്ങളുടെ പേരിലെടുത്തവ എന്നിവ പുറത്തായി. 2011നു ശേഷം കണ്ടെത്തിയവര്‍ അതിനു ശേഷം കടം വാങ്ങിച്ചിരിക്കില്ലേ? കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇവരിലെത്ര പേര്‍ക്കുണ്ട് കൃഷിഭൂമി?’ മാഷിന്റെ ചോദ്യങ്ങളില്‍ പലതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ബാധ്യസ്ഥരാണ്.
മൊറട്ടോറിയത്തിന്റെ നിലവിലെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പ്രതിസന്ധിയിലാണ് പലരും. കടമെടുത്ത തുക തിരികെ ചോദിച്ചു തുടങ്ങിയ ബാങ്കുകളോട് എന്തു പറയണമെന്ന് ഇവര്‍ക്കറിയില്ല. ‘മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. അവര്‍ വൈകാതെ തുക തിരികെ ചോദിച്ചു തുടങ്ങും. ഈ തീരുമാനത്തില്‍ വ്യവസ്ഥയാകാതെ അവരോട് എന്തുത്തരം പറയും? ഗ്രാമീണ ബാങ്കോ സിന്‍ഡിക്കേറ്റ് ബാങ്കോ മതിയായ നിര്‍ദ്ദേശം ലഭിക്കാത്തതിന്റെ പേരില്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കാറു പോലുമില്ല. സഹകരണ ബാങ്കുകള്‍ ഗ്രാമീണ പ്രദേശങ്ങളിലെ രോഗികളെ അറിയുന്നതിനാലും രാഷ്ട്രീയപ്രശ്‌നങ്ങളുള്ളതിനാലും കടുംപിടിത്തം പിടിക്കാറില്ലെന്നു മാത്രം. അനുവദിച്ച രണ്ടു കോടി നല്‍കാത്തിടത്തോളം കാലം ബാങ്കുകള്‍ ഇതേ ചോദ്യം ഞങ്ങളോടു ചോദിച്ചുകൊണ്ടിരിക്കും.’
7.5 കോടി രൂപ സമരകാലത്തു തന്നെ കടബാധ്യത തീര്‍ക്കാന്‍ നീക്കിവച്ചതാണെന്നും, ഇത് പുതിയതായെടുത്ത തീരുമാനമല്ലെന്നും കുഞ്ഞികൃഷ്ണന്‍ മാഷ് അടക്കമുള്ളവര്‍ പറയുന്നു. ഒരേ പ്രഖ്യാപനം തന്നെ മാറി മറിഞ്ഞു മറ്റൊരു പേരില്‍ വരുമ്പോള്‍, കാണുന്നവര്‍ക്കു മുന്നില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന ചിത്രവുമൊരുങ്ങുന്നു. കടം എഴുതിത്തള്ളുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്യുന്നതിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇവരോട് അധികൃതര്‍ക്കു ചോദിക്കാനുള്ളത് ഒരേ ചോദ്യമാണ് – രോഗികള്‍ക്ക് സൗജന്യ ചികിത്സയുണ്ടല്ലോ, പിന്നെന്തിനാണ് മറ്റു സഹായങ്ങള്‍ അല്പം വൈകുമ്പോഴേക്കും പ്രശ്‌നമുണ്ടാക്കുന്നത്? എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഇടപെട്ടു നല്‍കുന്ന സൗജന്യ ചികിത്സയുടെ കൂടുതല്‍ വിവരങ്ങള്‍ ചികഞ്ഞു പോയാല്‍, ഞെട്ടലുണ്ടാക്കുന്ന ചില കാര്യങ്ങളാണ് കണ്ടെത്താനാവുക.
(തുടരും)
എന്‍ഡോസള്‍ഫാന്‍ ഇര രാജീവിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
മരണം വലിയ ചിറകുവിടര്‍ത്തിയെത്തി; എന്‍ഡോസള്‍ഫാന്‍ ഇരകളായ അഭിലാഷും രമേഷും ഒപ്പം യാത്രപോയി