UPDATES

ശബരിമല: സുരക്ഷ ആവശ്യപ്പെട്ട് ഐജി മനോജ് എബ്രഹാമിനെ വിളിച്ചു; കുടുംബാംഗങ്ങള്‍ക്ക് ‘കൌണ്‍സലിംഗു’മായി പോലീസെത്തിയെന്ന് യുവതികള്‍

സ്ത്രീകളും പുരുഷന്മാരുമടക്കം പന്ത്രണ്ടോളം പേരാണ് മല കയറാനാഗ്രഹിക്കുന്നതായി അറിയിച്ച് പൊലീസിനെ സമീപിച്ചത്

ശ്രീഷ്മ

ശ്രീഷ്മ

പാര്‍ട്ടി പ്രവര്‍ത്തകരാണോ? ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ?- ചോദിക്കുന്നത് സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥരാണ്. ചോദ്യം ശബരിമല സന്ദര്‍ശിക്കാന്‍ സുരക്ഷയാവശ്യപ്പെട്ട വിശ്വാസികളായ സ്ത്രീകളോടും. ആക്ടിവിസ്റ്റുകള്‍ക്കല്ല, മറിച്ച് വിശ്വാസികള്‍ക്കാണ് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തുക എന്ന നിലപാടു ചര്‍ച്ചയാകുന്നതിനിടെ, ശബരിമല സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത സംഘത്തിലെ വിശ്വാസികളായ സ്ത്രീകളെയും വീട്ടിലെത്തി നിരുത്സാഹപ്പെടുത്തുകയാണ്.

ശബരിമല യാത്രയ്‌ക്കൊരുങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പംഗങ്ങളുടെ വീടുകളിലാണ് പൊലീസെത്തി അന്വേഷണം നടത്തുകയും, വീട്ടുകാരോട് സംസാരിച്ച് നിരുത്സാഹപ്പെടുത്തുകയും ചെയ്തത്. സ്ത്രീകളും പുരുഷന്മാരുമടക്കം പന്ത്രണ്ടോളം പേരാണ് മല കയറാനാഗ്രഹിക്കുന്നതായി അറിയിച്ച് പൊലീസിനെ സമീപിച്ചത്. വിശ്വാസികളായ സ്ത്രീകള്‍ക്ക് സുരക്ഷയുറപ്പാക്കുമെന്ന മുന്‍ നിലപാടില്‍ വിശ്വസിച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇവര്‍ക്കു പക്ഷേ, വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

ചലോ ശബരിമല എന്ന പേരിലുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആചാരപ്രകാരം തന്നെ മലചവിട്ടാനാഗ്രഹിക്കുകയും, വ്രതം നോറ്റ് വെള്ളിയാഴ്ച രാവിലെയോടെ ശബരിമലയിലെത്താം എന്ന് തീരുമാനിക്കുകയായിരുന്നു. ആറോളം സ്്ത്രീകളും അവര്‍ക്കൊപ്പം നാലോ അഞ്ചോ പുരുഷന്മാരും ചേര്‍ന്നു നടത്താനിരുന്ന യാത്രയ്ക്കു വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.

അതിന്റെ ഭാഗമായി ഐ.ജി. മനോജ് എബ്രഹാമിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും, അദ്ദേഹത്തില്‍ നിന്നും നിരുത്സാഹപെടുത്തുന്ന പ്രതികരണമാണുണ്ടായതെന്നും ഗ്രൂപ്പംഗങ്ങള്‍ പറയുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുക്കണമെന്നും യാത്രയെക്കുറിച്ച് ഒരിക്കല്‍ക്കൂടി ആലോചിക്കാനുമായിരുന്നു ഐ.ജിയുടെ നിര്‍ദ്ദേശം. ഇതിനെത്തുടര്‍ന്നാണ് കൂട്ടത്തില്‍ മൂന്നു സ്ത്രീകളുടെ വീടുകളില്‍ പൊലീസെത്തി സംസാരിച്ചത്.

‘ഐ.ജിയെ വിളിച്ചു സംസാരിച്ചതിനു ശേഷം എന്റെ ജില്ലയിലെ ഒരു പൊലീസ് മേധാവി എന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മലയിലെ അവസ്ഥ അറിയില്ലേയെന്നും ഇപ്പോള്‍ത്തന്ന പോകേണ്ടതുണ്ടോ എന്നുമെല്ലാമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹവുമായി സംസാരിച്ച് ഫോണ്‍ വച്ച് ഒരു മണിക്കൂറിനുള്ളില്‍ എന്റെ വീട്ടില്‍ നിന്നും അച്ഛന്‍ വിളിച്ചു. അല്പം മുന്‍പ് പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ച് ഞാന്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണോ, എനിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നെല്ലാം അന്വേഷിച്ചെന്നും, ഞാന്‍ എന്തെങ്കിലും ജോലിക്ക് അപേക്ഷിച്ചിരുന്നോയെന്നും അച്ഛന്‍ ചോദിച്ചു.’ മല കയറാന്‍ തയ്യാറെടുത്ത സ്ത്രീകളിലൊരാള്‍ പറയുന്നു.

‘കാര്യം മനസ്സിലായെങ്കിലും വീട്ടുകാരെ പരിഭ്രാന്തരാക്കേണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ ഒന്നും പറഞ്ഞില്ല. തൊട്ടടുത്ത ദിവസം ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പൊലീസ് എന്റെ വീട്ടിലത്തി ഞാന്‍ മലയ്ക്കു പോകുന്നുണ്ടെന്നും, അവിടെ കലാപമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എന്നെ പോകാനനുവദിക്കരുതെന്നും പറയുകയായിരുന്നു. സ്വാഭാവികമായും വീട്ടുകാര്‍ ഭയന്നു പോകുകയും, ഞാന്‍ മലകയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നു വരെ എന്നെ വിളിച്ചു പറയുകയും ചെയ്തു. സുരക്ഷയുണ്ടെങ്കില്‍ മല കയറുമെന്ന് ഞാന്‍ മുന്‍പും വീട്ടില്‍ പറഞ്ഞിട്ടുണ്ട്. അന്നൊന്നും എതിര്‍പ്പുകാണിക്കാത്ത വീട്ടുകാര്‍ ഇത്രയേറെ വൈകാരികമായി പെരുമാറുന്നുണ്ടെങ്കില്‍ പൊലീസുകാര്‍ എന്തു തരത്തിലാണ് സംസാരിച്ചിരിക്കുക എന്ന ഊഹിക്കാമല്ലോ.’

സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് തടയാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായ മറ്റുള്ളവരും പറയുന്നു. പലരുടെയും വീടുകളില്‍ പൊലീസ് ഇടപെടലിനെത്തുടര്‍ന്ന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ശബരിമലയില്‍ പോകുന്നതുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ പൊലീസ് വീടുകളില്‍ വന്നു പോകുന്നതോടെ പരിസരവാസികളെല്ലാം കാര്യമറിയുകയും, സുരക്ഷാഭീഷണിയുണ്ടാകുകയും ചെയ്യുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പലരും സുരക്ഷയെക്കരുതി ഇപ്പോള്‍ വീടുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.

ഈ സംഘത്തിലെ എല്ലാവരും വ്രതമെടുത്തിട്ടുള്ള വിശ്വാസികളാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദിവസങ്ങളായി വ്രതം നോല്‍ക്കുന്നുണ്ടെന്നും, സുരക്ഷാകാരണങ്ങളായി മാലയിട്ടില്ലെന്നും തങ്ങള്‍ വിശ്വാസികള്‍ തന്നെയാണെന്നും ഇവര്‍ തറപ്പിച്ചു പറയുന്നുണ്ട്. ശബരിമലയിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാനെത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്നും, മറിച്ച് വിശ്വാസികളായ സ്ത്രീകളുടെ താല്‍പര്യം സംരക്ഷിക്കേണ്ട ബാധ്യതയേ സര്‍ക്കാരിനുള്ളൂവെന്നും രഹ്ന ഫാത്തിമ വിഷയത്തില്‍ നിലപാടെടുത്തവരുടെ പൊള്ളത്തരത്തെയാണ് ഊ സ്ത്രീകള്‍ ചോദ്യം ചെയ്യുന്നത്.

ഹിന്ദുസ്ത്രീകള്‍ക്ക് മലചവിട്ടാന്‍ താല്‍പര്യമുണ്ടെന്നും, ഇത് അവിശ്വാസികളുടെ ഇടപെടല്‍ കൊണ്ടുണ്ടായ നീക്കമല്ലെന്നും ബോധ്യപ്പെടുത്താനുള്ള മാര്‍ഗമാണ് ഇല്ലാതായതെന്ന് ചലോ ശബരിമല ഗ്രൂപ്പിലെ അംഗം പറയുന്നു ‘ആക്ടിവിസ്റ്റുകളും മാവോയിസ്റ്റുകളും മാത്രമല്ല ശബരിമലയിലേക്കു വരുന്നത് എന്നു തെളിയിക്കാമായിരുന്നു. യാത്രയ്ക്കു തയ്യാറെടുത്തവരെല്ലാം വിശ്വാസികളാണ്. കേരളത്തിലെ തൊണ്ണൂറ്റൊമ്പതു ശതമാനം വിശ്വാസി സ്ത്രീകള്‍ക്കും മല കയറാന്‍ താല്‍പര്യമില്ലെന്നാവും സംഘപരിവാര്‍ വാദം. ഇതു തകര്‍ക്കാന്‍ ഈ സ്ത്രീകളുടെ മുന്നേറ്റത്തിനായേനെ. സന്നിധാനത്ത് എത്താന്‍ സാധിച്ചില്ലെങ്കിലും, തടയപ്പെടുന്നിടത്ത് മാധ്യമങ്ങളെക്കണ്ട് മടങ്ങാനായിരുന്നു ഇവരുടെ ഉദ്ദേശം. പ്രതിഷേധിക്കാനോ, മുദ്രാവാക്യം വിളിക്കാനോ ഒന്നും ഇവര്‍ മുതിരുമായിരുന്നില്ല. പക്ഷേ, കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് രേഖപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചേനെ.’

രണ്ടും മൂന്നും തവണയാണ് പൊലീസ് ഇവരുടെ വീടുകളുമായി ബന്ധപ്പെട്ടത്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് പോലും ഹാക്ക് ചെയ്തതായി സംശയമുണ്ടെന്ന് അംഗങ്ങള്‍ പറയുന്നു. പോകാനുദ്ദേശിക്കുന്നവരുടെ പേരുവിവരങ്ങള്‍ അന്വേഷിച്ച് ബന്ധപ്പെട്ടിരുന്നെങ്കിലും, സുരക്ഷ ഉറപ്പു വരുത്താതെ വീടുകളില്‍ കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി വിവരങ്ങള്‍ കൈമാറാനാവില്ലെന്ന് എല്ലാവരും നിലപാടെടുക്കുകയായിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണമെങ്കിലും, കലാപം നടക്കും, ആരേയും വിടരുത്, സുരക്ഷ നല്‍കാനാകില്ല എന്നെല്ലാമാണ് വീട്ടുകാരോട് പറയുന്നത്.

സ്ത്രീസംഘത്തിനൊപ്പം പോകാന്‍ തയ്യാറെടുത്തിരുന്ന പുരുഷന്മാരുടെ വീടുകളിലും അന്വേഷണം നടന്നതായി ഗ്രൂപ്പംഗമായ വിഷ്ണു പറയുന്നു. ‘സ്റ്റേഷനില്‍ നിന്നുമുള്ള എന്‍ക്വയറിയാണ്, ശബരിമലവിഷയത്തിലുള്ള അന്വേഷണമാണ് എന്നു മാത്രമാണ് പറഞ്ഞത്. കൂടുതല്‍ വിവരങ്ങളൊന്നും പറയാന്‍ അവര്‍ തയ്യാറായില്ല. അറിയിച്ചാല്‍ സ്റ്റേഷനില്‍ വരേണ്ടിവരും എന്നു മാത്രം പറഞ്ഞു. കൂടെയുള്ള സ്ത്രീകള്‍ പോകുന്നുണ്ടോ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത് എന്നു തോന്നുന്നു.’

അതേസമയം, സന്ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് സമീപിക്കുന്ന സ്ത്രീകള്‍ക്കെല്ലാം സുരക്ഷ ഏര്‍പ്പെടുത്തുമെന്ന ഉറച്ച തീരുമാനത്തില്‍ത്തന്നെയാണ് പൊലീസെന്നും, നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള ഒരു നീക്കവും സേനയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും ഐ.ജി. ശ്രീജിത്ത് ഐ.പി.എസ് പറയുന്നുണ്ട്. ‘എന്നെ സമീപിച്ചവരോടെല്ലാം വന്നുകൊള്ളാന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. ഐ.ജി. മനോജ് എബ്രഹാമും അങ്ങിനെതന്നെ പറയാനാണ് സാധ്യത. വീടുകളില്‍ വന്നു സംസാരിച്ചു എന്നതൊന്നും ശരിയാകാന്‍ സാധ്യതയില്ല. ആരു വന്നാലും സംരക്ഷണം നല്‍കുക തന്നെ ചെയ്യും.’

പോകുന്നുണ്ടെങ്കില്‍ അറിയിക്കാന്‍ മാത്രമാണ് സ്ത്രീകളോടാവശ്യപ്പെട്ടതെന്ന് ഇവരുമായി ഫോണില്‍ ബന്ധപ്പെട്ട ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥനും വിശദീകരിക്കുന്നുണ്ട്. ആലോചിച്ച ശേഷം അറിയിക്കാം എന്നാണ് സ്ത്രീകളറിയിച്ചതെന്നും സിറ്റി പൊലീസ് അറിഞ്ഞുകൊണ്ട് ഇവരുടെ വീടുകളില്‍ ഉദ്യോഗസ്ഥരാരും തന്നെ ചെന്നിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഉദ്യോഗസ്ഥരെല്ലാം നിഷേധിക്കുമ്പോള്‍ത്തന്നെ, വീട്ടുകാരുമായി പൊലീസ് ബന്ധപ്പെട്ടു എന്നത് ഉറപ്പിച്ച് പറയുകയാണ് ഈ യുവതികള്‍.

‘ആദ്യ ദിവസത്തെ അവസ്ഥ കണ്ടു മനസ്സിലാക്കി അടുത്ത ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് സന്ദര്‍ശന സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടതായിരുന്നു. അതിനു സാധിക്കാതിരുന്നത് വീഴ്ച തന്നെയാണ്’ അവര്‍ പറയുന്നു. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കും എന്നുറപ്പു നല്‍കിയ പൊലീസ് സേനയോടാണ് തങ്ങള്‍ സുരക്ഷയാവശ്യപ്പെട്ടത് എന്നീ സ്ത്രീകള്‍ക്കറിയാം. വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ വൃശ്ചികത്തില്‍ നട തുറക്കുമ്പോള്‍ മലകയാറാനാകും എന്നും ഇവര്‍ കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അവസ്ഥകള്‍ കണക്കിലെടുത്ത് അടുത്ത തവണ കൂടുതല്‍ മികച്ച അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും എന്ന് ഇവര്‍ക്കു പ്രതീക്ഷയുമുണ്ട്.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ശബരിമല LIVE: ഇരുമുടിക്കെട്ടില്ലാതെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് പോലീസ്

ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കണ്ട, അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചാല്‍ മതി

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍