UPDATES

ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത

‘ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന പേരില്‍ തിരുവനന്തപുരം നഗരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ചെങ്കല്‍ച്ചൂൂള കോളനിയെക്കുറിച്ച് പുസ്തകം എഴുതി ശ്രദ്ധേയായ ധനുജ കുമാരിയുടെ ഭര്‍ത്താവാണ് സതീഷ്

ചെങ്കല്‍ച്ചൂള കോളനി നിവാസിയായതിന്റെ പേരില്‍ വാദ്യകലാകാരന് പൊലീസിന്റെ മാനസിക-ശാരീരിക പീഡനം. ഗിന്നസ് റെക്കോര്‍ഡിന് ഉടമ കൂടിയായ ചെണ്ട വാദ്യകാലകാരന്‍ സതീഷിനാണ് വഞ്ചിയൂര്‍ പൊലീസിന്റെ പീഡനം ഏല്‍ക്കേണ്ടി വന്നത്. ‘ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന പേരില്‍ തിരുവനന്തപുരം നഗരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ചെങ്കല്‍ച്ചൂൂള കോളനിയെക്കുറിച്ച് പുസ്തകം എഴുതി ശ്രദ്ധേയായ ധനുജ കുമാരിയുടെ ഭര്‍ത്താവാണ് സതീഷ്. മുന്‍പ് ഇവരുടെ മകന്‍ നിധീഷിനും ചെങ്കല്‍ച്ചൂള നിവസിയും ദളിത് വിഭാഗത്തില്‍ പെട്ട ആളായതിന്റെ പേരില്‍ കേരള കലാമണ്ഡലത്തില്‍ നിന്നും അപമാനം ഏല്‍ക്കേണ്ടി വന്നിട്ടുള്ളതാണ്. നിധീഷിനെ കലാമണ്ഡലത്തില്‍ പഠിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അവിടുത്തെ അധ്യാപകര്‍ നിലപാട് എടുത്തത്. ഇപ്പോള്‍ സതീഷിനെതിരേ പൊലീസിനെ പ്രകോപിച്ചതും ചെങ്കല്‍ച്ചൂളക്കാരന്‍ എന്നതാണ്.

പൊതുസ്ഥലത്ത് നിന്നും സിഗററ്റ് വലിച്ചു എന്ന കുറ്റത്തിനാണ് സതീഷിനെ വഞ്ചിയൂര്‍ എസ് ഐ സബീര്‍ പിടികൂടിയത്. 200 രൂപ പെറ്റിയടിക്കണം പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ പണം അടയ്ക്കാന്‍ സതീഷ് തയ്യാറായതാണ്. എന്നാല്‍ വണ്ടിയുടെ പെട്രോള്‍ തീര്‍ന്നതിനാള്‍ കൂടെയുണ്ടായിരുന്നയാള്‍ പെട്രോള്‍ ബങ്ക് വരെപോയിരിക്കുകയാണെന്നും കാശ് അയാളുടെ കൈയിലാണെന്നും തിരിച്ചു വന്നാല്‍ ഉടന്‍ പിഴ അടയ്ക്കാമെന്നും സതീഷ് എസ് ഐ യോട് പറഞ്ഞിട്ടും അതിനു സമ്മതിക്കാതെ പൊലീസ് സതീഷിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകായായിരുന്നു. സ്റ്റേഷനില്‍വച്ച് തന്നെ ജാതീയമായി ആക്ഷേപിക്കുകയും ചെങ്കല്‍ച്ചൂളക്കാര്‍ എല്ലാവരും ക്രിമിനലുകള്‍ ആണെന്ന തരത്തില്‍ അപമാനിക്കുകയും ചെയ്തതായി സതീഷ് പറയുന്നു. സ്റ്റേഷനില്‍ വച്ച് തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച നിര്‍ത്തുകയും ചെയ്തതായും എസ് ഐ ശാരീരികമായി ഉപദ്രവിച്ചെന്നും സതീഷ് പറയുന്നു. പൊലീസില്‍ നിന്നും തനിക്ക് നേരിട്ട ശാരീരിക-മാനസിക പീഡനങ്ങള്‍ കാണിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കാന്‍ തയ്യാറെടുക്കുകയുമാണ്.

സംഭവത്തെ കുറിച്ച് സതീഷ് പറയുന്ന കാര്യങ്ങള്‍; പട്ടിക ജാതിയില്‍പ്പെട്ട ഒരു കലാകാരനാണ് ഞാന്‍. ചെങ്കല്‍ച്ചൂളയിലെ യുവാക്കള്‍ക്ക് കലയിലൂടെ നേര്‍വഴി കാണിക്കുന്നതിനായി മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി ചെയര്‍മാന്‍ ആയ ഹൈനസ് സാംസ്‌കാരിക സമിതിയുടെ സ്ഥാപകനുമാണ്. 48 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ട വായിച്ചു ഗിന്നസ് ബുക്കില്‍ ഇടം നേടാനും കഴിഞ്ഞിട്ടുണ്ട്. ചെങ്കല്‍ച്ചൂളയെ കുറിച്ച് പുസ്തകമെഴുതിയ ധനുജ കുമാരി എന്റെ ഭാര്യയാണ്. ഈ മാസം 14 ആം തീയതി രാത്രി ഏഴുമണിയോടെ ഒരു ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ച് മടങ്ങി വരുന്ന വഴി തകരപ്പറമ്പ് ഫ്‌ളൈ ഓവര്‍ പാലം തുടങ്ങുന്നിടത്തു വച്ച് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ പെട്രോള്‍ തീര്‍ന്നു പോയി. തുടര്‍ന്ന് ഞാന്‍ എന്റെ കൈവശം ഉണ്ടായിരുന്ന അഞ്ഞൂറു രൂപ കൊടുത്ത് ഡ്രൈവര്‍ സതീഷിനെ പെട്രോള്‍ വാങ്ങിവരാനായി വിട്ടു. അയാള്‍ വരാന്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ ഞാനൊരു സിഗററ്റ് വലിച്ചു. ഈ സമയത്താണ് പൊലീസ് ജീപ്പ് അവിടെ എത്തുന്നത്. വണ്ടിയില്‍ നിന്നും പൊലീസ് ഇറങ്ങിയതു തന്നെ പൊതുസ്ഥലത്തു നിന്നും സിഗരറ്റ് വലിക്കുമോടാ എന്നു ചോദിച്ചുകൊണ്ടാണ്. തെറിയാണ് അവരെന്നെ വിളിച്ചത്. 200 രൂപ പിഴയടക്കണം എന്നു പറഞ്ഞു. എന്റെ കൈവശം അപ്പോള്‍ പൈസയൊന്നും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന അഞ്ഞൂറു രൂപയാണ് പെട്രോള്‍ വാങ്ങാന്‍ കൊടുത്തു വിട്ടത്. പെട്രോള്‍ വാങ്ങാന്‍ പോയ ആള്‍ തിരിച്ചു വന്നാല്‍ ഉടന്‍ ഞാന്‍ പിഴയടക്കാമെന്ന് പൊലീസുകാരോട് പറഞ്ഞു. എന്നാല്‍ എസ് ഐ എന്നെ തെറിവിളിക്കുകയായിരുന്നു. മറ്റൊരു പൊലീസുകാരന്‍ എന്നെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പട്ടിക ജാതിയില്‍പ്പെട്ട ഒരു കലാകാരനാണ് ഞാനെന്നും 2005 ല്‍ ഗിന്നസ് ബുക്കില്‍ പേര് വന്നിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു നോക്കിയെങ്കിലും എസ് ഐ എന്നെ ചീത്ത വിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എവിടെയാണ് എന്റെ വീട് എന്നു ചോദിച്ചപ്പോള്‍ രാജാജി നഗറില്‍ ആണെന്നു പറഞ്ഞു. ഉടനെ കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ എസ് ഐയോട് പറഞ്ഞത് സാറേ ഇവന്‍ ചെങ്കല്‍ച്ചൂളക്കാരന്‍ ആണെന്നാണ്. ഉടനെ എസ് ഐ, രാജാജി നഗര്‍ എന്നല്ല, ചെങ്കല്‍ച്ചൂളയെന്നു പറഞ്ഞാല്‍ മതിയെടാ എന്നു പറഞ്ഞ് ആക്രോശിച്ചു. പിന്നെ ആ കോളനിയുടെ പേരു പറഞ്ഞായിരുന്നു ചീത്തവിളിയും ഭീഷണിയും. ഞാന്‍ കഴക്കൂട്ടത്തെ താമസക്കാരനാണ്. എന്റെ പേര് സബീര്‍, ഞാന്‍ ചെങ്കല്‍ച്ചൂളയില്‍  വരാം. നീ എന്താന്നുവച്ചാല്‍ ചെയ്യെടാ എന്നു പറഞ്ഞുകൊണ്ട് വീണ്ടും അസഭ്യം പറയുകയാണ് എസ് ഐ ചെയ്തത്. ഞാനൊരു പട്ടിക ജാതിക്കാരനാണന്നു പറഞ്ഞപ്പോള്‍ എതാടാ നിന്റെ ജാതി എന്നായി ചോദ്യം. സാംബവ സമുദായമാണെന്നു പറഞ്ഞപ്പോള്‍ എസ് ഐ തിരിച്ചു പറഞ്ഞത്, പറയന്‍ എന്നു പറയെടാ എന്നായിരുന്നു. നീ പറയനായതിന്റെ നെഗളിപ്പ് ആയിരിക്കും വെള്ളയും വെള്ളയും ഇട്ട് നടക്കുന്നത് അല്ലേടാ, നീയൊക്കെ എങ്ങനെ നടന്നാലും പറയന്‍ പറയന്‍ തന്നെ എന്നു പറഞ്ഞാണ് എസ് ഐ എന്നെ അപമാനിച്ചത്.

സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ എന്റെ തുണിയഴിച്ചു വാങ്ങി എന്നെ അടിവസ്ത്രത്തിലാണ് നിര്‍ത്തിയത്. നീ അവിടെ നിന്നത് കട കുത്തിത്തുറക്കാന്‍ അല്ലേടാ എന്നാണ് എസ് ഐ ചോദിച്ചത്. ഞാന്‍ കള്ളനോ കൊലപാതികോ അല്ലെന്നും എന്നെ കുറിച്ച് പറയാന്‍ അനുവദിക്കണമെന്നും ആഭ്യര്‍ത്ഥിച്ചപ്പോള്‍ എന്റെ കഴുത്തിന് കുത്തിപ്പിടിച്ചുകൊണ്ട്, നീ കൂടുതലൊന്നും പറയണ്ടാ, പെറ്റിയടയ്ക്കടാ എന്നായിരുന്നു എസ് ഐ യുടെ ആക്രോശം. മദ്യപിക്കാത്തൊരാള്‍ ആയിരുന്നിട്ടും ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ എടുക്കണമെന്നും പറഞ്ഞ് എന്നെ ജനറല്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അതിനുശേഷമാണ് എന്നെ ജാമ്യത്തില്‍ വിട്ടത്.

ഞാനൊരു കലാകാരനാണ്. ഞങ്ങളുടെ കോളനിയിലെ യുവ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍ കലയിലൂടെ അവരെ പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍. അങ്ങനെയുള്ള എന്നോടാണ് ഒരു ക്രിമിനലിനോടെന്ന പോലെ പെരുമാറിയത്. രാജാജി നഗര്‍ എന്നത് ഞങ്ങള്‍ ഇട്ട പേരല്ല, സര്‍ക്കാര്‍ ഇട്ടതല്ലേ. പക്ഷേ ആ പേര് പറഞ്ഞാല്‍ പോരാ, ചെങ്കല്‍ച്ചൂളക്കാര്‍ എന്നു തന്നെ പറയണമെന്നു പൊലീസുകാര്‍ വാശിപിടിക്കുന്നതെന്തിനാണ്. ചെങ്കല്‍ച്ചൂളക്കാര്‍ എല്ലാവരും ക്രിമിനലുകളാണോ? എന്തിനാണ് ഞങ്ങളെ കോളനിയുടെ പേരില്‍ അപമാനിക്കുന്നത്? ഞങ്ങളെ മനുഷ്യരായി കാണാന്‍ ഇപ്പോഴും തയ്യാറല്ല എന്നതിനു തെളിവാണോ എനിക്കുണ്ടായ ഈ അപമാനം. ചെങ്കല്‍ച്ചൂളയിലെ ഓരോത്തരും ഇത്തരത്തില്‍ അപമാനം നേരിടുന്നുണ്ട്. എന്റെ മകന് കലാമണ്ഡലത്തില്‍ പ്രവേശനം കിട്ടാതെ പോയതും ചെങ്കല്‍ച്ചൂളക്കാരന്‍, കീഴ്ജാതിക്കാരന്‍ എന്നൊക്കെ പറഞ്ഞാണ്. അവനെ പഠിപ്പിക്കാന്‍ കഴിയില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. അവനൊരു കലാകാരനാണ്. അവനെപ്പോലെ കലാകാരന്മാരായ ഒരുപാട് പിള്ളേര് ഈ കോളനിയില്‍ ഉണ്ട്. അവര്‍ക്കെല്ലാം ഇത്തരം അപമാനങ്ങള്‍ നേരിടേണ്ടി വരികയാണ്.

ചെങ്കല്‍ച്ചൂളയെ കുറിച്ച് പൊതുസമൂഹം മനസിലാക്കി വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ്യം എന്നു മനസിലിക്കിക്കാനാണ് സതീഷിന്റെ ഭാര്യ ധനുജ കുമാരി ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകത്തിലൂടെ ശ്രമിച്ചത്. മറ്റുള്ളവരുടെ മുന്നില്‍ ക്രിമിനലുകളും കൂടെക്കൂട്ടാന്‍ കൊള്ളാത്തവരുമെന്നും പറഞ്ഞ് അകറ്റിനിര്‍ത്തപ്പെടുന്ന മനുഷ്യരുടെ ഉന്നമനമാണ് താനും ഭര്‍ത്താവും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇപ്പോഴും പൊലീസും പൊതുസമൂഹവും തങ്ങളെ നികൃഷ്ടജീവികളായി തന്നെയാണ് കാണുന്നതെന്നതിന്റെ തെളിവാണ് തന്റെ ഭര്‍ത്താവിന് നേരിട്ട ദുരനുഭവമെന്നു ധനുജ പറയുന്നു. എന്റെ മകനും ഇതു തന്നെയാണ് സംഭവിച്ചത്. കലാകാരനായാലും ചെങ്കല്‍ച്ചൂളയില്‍  ജനിച്ചവനായതുകൊണ്ട് അപമാനിക്കപ്പെട്ട് പുറത്താക്കപ്പെട്ടവനായി മാറി. ഒരു കലാകാരനായിരുന്നിട്ടും എന്റെ ഭര്‍ത്താവിനെ അപമാനിക്കാന്‍ പൊലീസിന് കാരണമായതും അദ്ദേഹം ചെങ്കല്‍ച്ചൂളക്കാരന്‍ ആയതുകൊണ്ടാണ്. എത്രനാള്‍ ഞങ്ങള്‍ ഇങ്ങനെ പൊലീസിനെയും മറ്റുള്ളവരെയും പേടിച്ച് ജീവിക്കണം. എവിടെയാണ് വീടെന്നു ചോദിച്ചാല്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ പറയാന്‍ പേടിയാണ്. കാരണം, ചെങ്കല്‍ച്ചൂളയെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവന്റെ സമീപനം മാറും. പിന്നെ ഒരു കൊടും ക്രിമിനലിനെ കണ്ടപോലെയാകും പെരുമാറ്റം. അതുകൊണ്ട്, വീട് എവിടെയെന്നു ചോദിച്ചാല്‍, സെക്രട്ടേറിയിറ്റിന് അടുത്ത്, തമ്പാരൂരിന് അടുത്ത്, റെയില്‍വേ സ്റ്റേഷനടുത്ത് എന്നൊക്കെ പറയേണ്ടി വരുന്ന ഗതികേടാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. എന്തിനാണ് ഇനിയും ഞങ്ങളെ ഉപദ്രവിക്കുന്നത്. ഈ കോളനിയില്‍ ജനിച്ചു പോയതിന്റെ പേരില്‍ ഇനിയുള്ള തലമുറകളും കുറ്റവാളികളായി തന്നെ ജീവിക്കണോ? അതുണ്ടാകരുത്. എന്റെ ഭര്‍ത്താവിന് സംഭവിച്ചതുപോലെ, എന്റെ മോന് സംഭവിച്ചതുപോലെ ഇനിയൊരു ചെങ്കല്‍ച്ചൂളക്കാരനും അപമാനിക്കപ്പെടരുത്; ധനുജ കുമാരി പറയുന്നു.

സതീഷ് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ആണെന്നും പിഴ അടപ്പിച്ച് വിടുക മാത്രമാണ് ഉണ്ടായതെന്നും വഞ്ചിയൂര്‍ പോലീസ് പ്രതികരിച്ചു.

Read More: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍