UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ജലീലിനെ പിടികൂടി റിസോര്‍ട്ടില്‍ കൊണ്ടുവന്ന് വെടിവച്ചുകൊന്നതാണെന്ന് സംശയിക്കുന്നുവെന്ന് സഹോദരന്‍

റിസോര്‍ട്ടിലെ കുളത്തിനോട് ചേര്‍ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം കണ്ടെത്തിയത

വയനാട്ടിലെ വൈത്തിരിയില്‍ മാവോയിസ്റ്റുകളും പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മലയാളിയായ സി പി ജലീല്‍ തന്നെയെന്ന് സ്ഥിരീകരണം. മലപ്പുറം പാണ്ടിക്കടവ് സ്വദേശിയാണ് ജലീലില്‍. ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി പി റഷീദ് ആണ് ഈ വിവരം സ്ഥിരീകരിക്കുന്നത്. താന്‍ മൃതശരീരം കണ്ടെന്നു റഷീദ് അഴിമുഖത്തോട് വ്യക്തമാക്കി. അതേസമയം ജലീലിനെ വധിച്ചതിനു പിന്നീല്‍ ദുരൂഹതയുണ്ടെന്നാണ് റഷീദ് പറയുന്നത്. സഹോദരനെ പിടിച്ചുകൊണ്ടുവന്നിട്ട് റിസോര്‍ട്ടുകാരുമായി ചേര്‍ന്ന് അവിടെ വച്ചു വെടിവച്ചുകൊന്നതാണെന്ന് സംശയിക്കാമെന്നും റഷീദ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഏറ്റുമുട്ടലിനെക്കുറിച്ച് പൊലീസ് പുറത്തു വിടന്ന വാര്‍ത്തകള്‍ അംഗീരിക്കാന്‍ കഴിയില്ലെന്നും അവരുടെ വാദങ്ങളോട് യോജിക്കുന്നില്ലെന്നും റഷീദ് അഴിമുഖത്തോട് പ്രതികരിച്ചു. ഏറ്റുമുട്ടലിന്റെ അന്തരീക്ഷം വ്യക്തമാക്കുന്നത് ഇതിനു പിന്നില്‍ വലിയ ദുരൂഹതകള്‍ ഉണ്ടെന്നു തന്നെയാണെന്നും അദ്ദേഹം പറയുന്നു. മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന വാദവും റഷീദ് നിഷേധിക്കുകയാണ്. പൊലീസ് പറയുന്നത് അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്നാണ്. രാത്രി മുതല്‍ രാവിലെ മുതല്‍ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.എന്നാല്‍ അത്രയും പേര്‍ ചേര്‍ന്ന് വെടിയുതിര്‍ത്തിട്ടും ഒരു പൊലീസുകാരനുപോലും പരിക്കേറ്റിട്ടില്ല. എപ്പോഴും ഇത്തരം ഏറ്റുമുട്ടലുകളില്‍ മാവോയിസ്റ്റുകള്‍ മാത്രം കൊലപ്പെടുകയാണ്.

അതേസമയം സി പി ജലീല്‍ മാവോയിസ്റ്റ് ആണെന്നും ഒളിവില്‍ ആയിരുന്നുവെന്നും സി പി റഷീദ് പറയുന്നുണ്ട്. പക്ഷേ, അതുകൊണ്ട് കൊല്ലേണ്ട കാര്യമുണ്ടോ എന്നും റഷീദ് ചോദിക്കുന്നു. തന്റെ സഹോദരനെ വധിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും നിയമപരമായ നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും റഷീദ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജലീലിന്റെ മൃതദേഹം തങ്ങള്‍ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ തേടുമെന്നും സി പി റഷീദ് അഴിമുഖത്തോട് സംസാരിച്ചപ്പോള്‍ പറഞ്ഞു.

ബുധനാഴ്ച്ച രാത്രി എട്ടരോടെയാണ് വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റുകളും പൊലീസ്തണ്ടര്‍ബോള്‍ട്ട് സേനകളും തമ്മില്‍ ഏറ്റുമുട്ടിയത്. റിസോര്‍ട്ടിലെ കുളത്തിനോട് ചേര്‍ന്ന് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ ഇന്‍ക്വിസ്റ്റ് നടപടികള്‍ നടക്കുകയാണെന്നും ഇതിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

കൊല്ലപ്പെട്ട ജലീല്‍ 2014 മുതല്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജലീലിനെതിരേ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നുണ്ട്. സി പി ജലീലിന് റഷീദിനെ സി പി മൊയ്തീന്‍ എന്നൊരു സഹോദരന്‍ കൂടിയുണ്ടെന്നും മാവോയിസ്റ്റ് കബനി ദളത്തിന്റെ നേതാവാണ് ഇയാളെന്നും വാര്‍ത്തകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍