UPDATES

ചിത്രലേഖയുടെ സംരക്ഷണത്തിന് 3,58,995 രൂപ ഈടാക്കാന്‍ നീക്കമെന്ന വാര്‍ത്ത വ്യാജമെന്ന് പോലീസ്; അറിയില്ലെന്ന് ചിത്രലേഖയും

സുരക്ഷയ്‌ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അയിത്തം തുറന്നെഴുതിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചിത്രലേഖയുടെ സുരക്ഷയ്ക്ക് എത്താതിരുന്ന സാഹചര്യം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് സംരക്ഷണം വിട്ടുനല്‍കിയതിനുള്ള പ്രതിഫലമായി 3,58,995 രൂപ ചിത്രലേഖയില്‍ നിന്ന് ഈടാക്കിത്തരണമെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നുവെന്ന് വ്യാജവാര്‍ത്ത. പത്രവാര്‍ത്തയിലൂടെയാണ് താന്‍ ഈ വിവരം അറിഞ്ഞതെന്ന് ചിത്രലേഖ പറഞ്ഞു.

കോടതി വഴി സ്വന്തമായി പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നവര്‍ ചെലവു തുക സ്വന്തമായി അടയ്ക്കണമെന്ന നിയമം വഴി സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ റാങ്കിനനുസരിച്ച് ഓരോ നാല് മണിക്കൂറിനും സര്‍ക്കാര്‍ തുക നിശ്ചയിച്ചിട്ടുണ്ട്. അത് അനുസരിച്ച് പോലീസ് ഓഫീസറുടെ സേവനത്തിന് ഒരു ദിവസം 3945 രൂപ ചിത്രലേഖ നല്‍കണമെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ പതിനാല് മുതല്‍ പോലീസ് സംരക്ഷണം ലഭിച്ചു തുടങ്ങിയ ചിത്രലേഖ ഇതുവരെയുള്ള കണക്കനുസരിച്ച് 3,58,995 രൂപ അടയ്ക്കണമെന്നാണ് പത്രറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

‘പത്രവാര്‍ത്തയിലൂടെയാണ് ഞാന്‍ വിവരമറിഞ്ഞത്. അത്രയും വലിയ തുക കൊടുക്കാനുണ്ടെങ്കില്‍ വീട് പണി ലോണ്‍ എടുക്കാതെ പൂര്‍ത്തിയാക്കാനാകുമായിരുന്നു. ഇതിന് മുമ്പ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ തൊഴിലാളി സമരമുണ്ടായപ്പോള്‍ മാനേജ്‌മെന്റ് ആവശ്യപ്രകാരം നല്‍കിയ പോലീസ് സംരക്ഷണത്തിന് ഇത്തരത്തില്‍ പണം ഈടാക്കിയിരുന്നെന്നും വാര്‍ത്തയിലുണ്ട്. അങ്ങനെ പണം നല്‍കാന്‍ ഞാന്‍ ഒരു മാനേജ്‌മെന്റിന്റെയും ഭാഗമല്ല.’ ചിത്രലേഖ പറഞ്ഞു.

‘എന്റെ പെരുമാറ്റ രീതിയും സ്വകാര്യ സന്ദര്‍ശനങ്ങളും പോലീസുദ്യോഗസ്ഥര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും പത്രവാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത് എന്നെ മോശമായി ചിത്രീകരിച്ചു കൊണ്ട് പോലീസ് സംരക്ഷണം പിന്‍വലിക്കാനുള്ള പോലീസിന്റെ ശ്രമമായാണ് ഞാന്‍ ഇതിനെ മനസിലാക്കുന്നത്.’ ചിത്രലേഖ ആരോപിച്ചു.

അതേസമയം ഇത് സംബന്ധിച്ച ഓര്‍ഡറൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ചിത്രലേഖ അറിയിച്ചു. പ്രമുഖ ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പ്രതിഫലത്തിനായി പോലീസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

സുരക്ഷയ്‌ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അയിത്തം തുറന്നെഴുതിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചിത്രലേഖയുടെ സുരക്ഷയ്ക്ക് എത്താതിരുന്ന സാഹചര്യം അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംരക്ഷണത്തിന് ഉദ്യോഗസ്ഥര്‍ വരാന്‍ തുടങ്ങിയെന്നും അപ്പോഴും ചെലവ് തുക അടയ്ക്കണമെന്ന വിവരം അറിയിച്ചിട്ടില്ലെന്നും ചിത്രലേഖ പറഞ്ഞു.

‘അങ്ങനെയൊരു തീരുമാനം ഇപ്പോള്‍ ഉണ്ടായിട്ടില്ല. സുരക്ഷാ ഭീഷണിയൊന്നുമില്ലാത്ത സ്ത്രീക്ക് പോലീസ് സംരക്ഷണം വേണമെന്ന് പറഞ്ഞാല്‍ പണം അടയ്‌ക്കേണ്ടി വരും. ഹൈക്കോടതിയെ സമീപിക്കാനുള്ള ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. പക്ഷേ നിയമപ്രകാരം അങ്ങനെയൊരു അംഗീകൃത വകുപ്പ് ഉണ്ട്. ഫയല്‍ ചെയ്യണമോ വേണ്ടയോ എന്നത് ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്.’ ഡിവൈഎസ്പി പിപി സദാനന്ദന്‍ അഴിമുഖത്തോട് പറഞ്ഞു.

ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഇത്തരത്തിലൊരു കാര്യം രേഖാമൂലം ലഭിച്ചിട്ടില്ലെന്നും വളപട്ടണം എസ്‌ഐ കൃഷ്ണന്‍ അഴിമുഖത്തോട് വ്യക്തമാക്കി.

ദളിത് വനിതാ ഓട്ടോ ഡ്രൈവറായ ചിത്രലേഖയുടെ വീടിനും ഓട്ടോറിക്ഷയ്ക്കും നേരെ നിരവധി തവണ ആക്രമണമുണ്ടായിട്ടുമുണ്ട്. ചിത്രലേഖ ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഏപ്രില്‍ 14 മുതല്‍ പോലീസ് സംരക്ഷണം ലഭിച്ചു തുടങ്ങിയത്. കണ്ണൂര്‍ മയ്യില്‍ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണ് ചിത്രലേഖയും കുടുംബവും താമസിക്കുന്നത്.

എജ്ജാതി അയിത്തമാടോ പോലീസിലും? പോലീസിലെ അയിത്തം തുറന്നെഴുതിയതിന്റെ പിറ്റേന്ന് മകനെ അറസ്റ്റ് ചെയ്തെന്ന് ചിത്രലേഖ

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍