UPDATES

ട്രെന്‍ഡിങ്ങ്

മുല്ലപ്പള്ളി രാഹുല്‍ ഗാന്ധിയോട് ചെയ്യുന്ന അപരാധം; തോട്ട പൊട്ടിച്ചു മീൻ പിടിക്കുന്ന ശ്രീധരന്‍ പിള്ള; ബിജെപിയെ അഭിവാദ്യം ചെയ്യുന്ന കുഞ്ഞാലിക്കുട്ടിമാര്‍

ശബരിമലയില്‍ രാഷ്ട്രീയ കച്ചവടം തുടരുന്നു

കെ എ ആന്റണി

കെ എ ആന്റണി

അവൻ വരുമെന്ന് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം രണ്ടാമതൊരിക്കൽ കൂടി ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിച്ച പി എസ് ശ്രീധരൻ പിള്ള വക്കീൽ പ്രഖ്യാപിച്ചപ്പോൾ ആരായിരിക്കും ‘അവൻ’ എന്ന ചർച്ച പൊടിപൊടിച്ചു. എല്ലാ കണ്ണുകളും ആദ്യം നീണ്ടത് കണ്ണൂർ സിംഹമെന്നു കെ എസ് ബ്രിഗേഡ് പാടി നടക്കുന്ന മുൻ എം പിയും മന്ത്രിയും അതിലേറെ ലീഡർ കെ കരുണാകരന്റെ രണ്ടാമൻ എന്ന് സ്വയം പാടി നടന്ന എൻ രാമകൃഷ്ണനെ ലീഡറുടെ നിർലോഭ സഹായത്തോടെ ചിറകരിഞ്ഞു കണ്ണൂർ ഡി സി സി യുടെ അമരക്കാരനായ കെ സുധാകരനിലേക്കു തന്നെയായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. സുധാകരൻ-സംഘ പരിവാർ സംബന്ധം സംബന്ധിയായി സി പി എം മുഖപത്രം ദേശാഭിമാനി കഴിഞ്ഞ കുറച്ചു കാലമായി എഴുതിക്കൊണ്ടിരുന്ന വാർത്തകളെ സാധൂകരിച്ചുകൊണ്ടു തന്നെ പല ബി ജെ പി നേതാക്കളും സമീപിച്ചിരുന്നുവെന്ന അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനമായിരുന്നു.

കാര്യ സഞ്ചാരങ്ങൾക്കു ഇപ്പോൾ വേഗമേറെയാകയാൽ അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ സന്ദർശിച്ച മോഹൻലാലാണ് കേരളത്തിൽ ഇപ്പോഴും ആദ്യാക്ഷരം എഴുതിക്കൊണ്ടിരിക്കുന്ന സംഘ പരിവാറിന്റെ രക്ഷകൻ എന്നും ഒരു വ്യാഖ്യാനമുണ്ടായി. ആള് പണ്ട് അങ്ങിനെ ഒരു സിനിമയിൽ (യോദ്ധ) അഭിനയിച്ചുണ്ടെന്നതും കൂടി വെച്ച് ഒരു സംഘി സുഹൃത്ത് ഒരു ദിവസം ഏറെ വാചാലമാകുകയും ഉണ്ടായി. പിള്ളേച്ചന്റെ മനസാക്ഷി സൂക്ഷിപ്പുകാരോട് ചോദിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി, അതായതു പിള്ളേച്ചൻ തോട്ട പൊട്ടിച്ചു മീൻ പിടിക്കുന്ന ഏർപ്പാട് നടത്തി നോക്കുകയാണെന്നും മോഹൻലാലിന് സിനിമ, ബിസിനസ് സംബന്ധിയായ ഒട്ടേറെ കമ്മിറ്റ്മെന്റ്‌സ് ഉള്ളതിനാൽ തല്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ഉള്ളതുകൊണ്ട് ഓണം പോലെ എന്നാക്കില്ലെങ്കിലും ഉള്ളു നിറഞ്ഞ ധനപിന്തുണ ഉറപ്പാക്കാമെന്നും പറഞ്ഞുവെന്നും. സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമെന്നു അയാൾ പറഞ്ഞപ്പോൾ കേരളത്തിൽ ഇനിയും അസ്തിത്വം ഉറപ്പിക്കാനാവാത്ത ഒരു ഗതികെട്ട പ്രസ്ഥാനത്തിന്റെ കേട്ടു മടുത്തുപോയ ആ പഴയ വിലാപം പോലെ തന്നെ തോന്നി. അടിയന്തിരാവസ്ഥ കാലത്തു ഇടതു ചാഞ്ഞു നടന്ന സുധാകരൻ അക്കാലത്തു ഇന്ദിര ഗാന്ധിയെ ഭാരത യക്ഷി എന്നൊക്കെ വിളിച്ചു ആക്ഷേപിച്ചു എന്നൊക്കെ പറഞ്ഞു ആന്റണി പാർട്ടി നടന്നിരുന്ന കാലത്തു തന്നെയാണ് കുട ചിഹ്നമാക്കിയ ഗോപാലൻ ജനതക്കു ശിഷ്ട ജന്മം വിധിച്ചിട്ടില്ലെന്നു കണ്ടു സുധാകരൻ കോൺഗ്രസിൽ അഭയം കണ്ടെത്തിയത് എന്ന കാര്യം അദ്ദേഹം നിരാകരിക്കുമെങ്കിലും കണ്ണൂരിലെ ആന്റണി കോൺഗ്രസ്സുകാർ വിശ്വസിക്കില്ല.

പക്ഷെ കാര്യങ്ങൾ ഇന്നിപ്പോൾ കീഴ്മേൽ മറിഞ്ഞ സ്ഥിതിയാണ് ‘ദൈവപുത്രന് വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു’ എന്ന രീതിയിൽ കേരളത്തിലെ ഒട്ടു മിക്ക കോൺഗ്രസ് നേതാക്കളും സംഘി സംഗമം ഉത്തമം എന്നൊരു ഗതികെട്ട വിചാര കേന്ദ്രത്തിലേക്കോ ബിന്ദുവിലേക്കോ എത്തിയെന്നു തന്നെ വേണം കരുതാൻ. അല്ലെങ്കിൽ പിന്നെ കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം നൽകുന്ന സൂചന എന്തെന്നും കൂടി ശ്രീമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായ കേരളത്തിലെ പി സി സി വിശദീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം ശബരിമല പ്രക്ഷോഭം കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ദക്ഷിണേന്ത്യയിൽ വ്യാപിപ്പിക്കുമെന്നും പറയുന്ന ബി ജെ പി യുടെ സംഘി രാഷ്ട്രീയത്തിന്റെയും കൂടി ഉള്ളകം എന്തെന്നു കൂടി വിശദീകരിക്കാനുള്ള ബാധ്യത ചുരുങ്ങിയ പക്ഷം മുല്ലപ്പള്ളി രാമചന്ദ്രനെങ്കിലും ഉണ്ട്. മുകളിൽ പറഞ്ഞതു പോലെ അവൻ വരുമെന്ന പിള്ളേച്ചന്റെ പ്രഖ്യാപനം തിരുവെഴുത്തായി കണ്ടോ ധ്യാനിച്ചോ പണ്ട് സലോമി സ്നാപക യോഹന്നാന്റെ ശിരസ്സു ഒരു തളികയിൽ വെച്ച് ചക്രവര്‍ത്തിക്കു സമർപ്പിച്ചതുപോലെ ദക്ഷിണേന്ത്യ മുഴുവൻ സംഘികൾക്ക് ഒരു താലത്തിൽ വെച്ച് നൽകാൻ തീരുമാനിച്ചോ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ താങ്കളെ കെ പി സി സി അധ്യക്ഷനാക്കിയ രാഹുൽ ഗാന്ധിയോട് ചെയ്യുന്ന കടുത്ത അപരാധം തന്നെയാവും ആർത്തവ രക്തമെന്നു പറഞ്ഞു അമ്മയ്ക്കും പെങ്ങൾക്കും ഭാര്യക്കുമെതിരെ എന്നതിനപ്പുറം പ്രകൃതിയോട് തന്നെ ചെയ്യുന്ന ഈ കങ്കാണിപ്പണി.

പ്രിയ മുല്ലപ്പള്ളിയോട് ഒരു കാര്യം കൂടി താങ്കൾ കെ പി സി സി അധ്യക്ഷനായ ശേഷം കൊല്ലം ഡി സി സി ഓഫീസിൽ ശബരിമല സ്ത്രീ പ്രവേശനത്തെ ഹർഷാരവത്തോടെ എതിരേറ്റ ബിന്ദു കൃഷ്ണയെ അവർ പ്രസിഡന്റായ കൊല്ലം ഡി സി സി എങ്ങനെ കൈകാര്യം ചെയ്തുവെന്നു കൂടി വിശദീകരിക്കാൻ നെഹ്‌റു കുടുംബന്ധത്തിന്റെയും അതിലേറെ ഇന്ദിര ഗാന്ധിയുടെയും വിനീത വത്സലൻ എന്ന് അഹങ്കരിക്കുന്ന താങ്കൾ ബാധ്യസ്ഥനാണ്. സി പി എമ്മിനെ നിങ്ങൾക്ക് ശത്രുവായി പ്രഖ്യാപിക്കാം. പക്ഷെ നാല് ദിവസം പെണ്ണ് അശുദ്ധയും തുടർന്നുള്ള ദിവസങ്ങളിൽ ശുദ്ധയും ആകുന്ന ഈ ചീഞ്ഞ ഏർപ്പാട് ഭോഗ ബന്ധിതമോ അതോ അയ്യപ്പ ബന്ധിതമോ എന്ന് ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ ഉള്ളതും കൂടി അയ്യപ്പ സേവകർ ചമഞ്ഞു നടക്കുന്ന താങ്കളുടെ പാർട്ടിയിൽ തന്നെ പെട്ട പലരും താലത്തിൽ വെച്ച് സംഘികൾക്കു സമർപ്പിക്കും.

കൂട്ടത്തിൽ ഒന്നുകൂടി, താങ്കൾ അറിഞ്ഞോ ഇല്ലയോ എന്നറിയില്ല. ഈ ഒക്ടോബർ 12നു ഒരു കെ സുധാകര ഭക്തൻ കണ്ണൂരിൽ ഉപവാസം ഇരിക്കുന്നുണ്ട്. ആള് ചില്ലറക്കാരനല്ല ബീഫ് നിരോധനത്തിനെതിരെ ഡി വൈ എഫ് ഐക്കാർ ബീഫ് ഫെസ്റ്റിവൽ നടത്തിയ കാലത്തു ഒരു കന്നുകുട്ടിയെ പരസ്യമായി അറുത്തു പ്രതിക്ഷേധം രേഖപ്പെടുത്തിയ റിജുൽ മാക്കുറ്റി എന്ന സുധാകര അരുമ തന്നെയാണ് ഉപവാസം ഇരിക്കാൻ പോകുന്നത്. സി പി ഐ വിട്ടു മുസ്ലിം ലീഗിൽ ചേർന്ന കെ എൻ എ ഖാദർ സായ്‌വാണ് മുഖ്യ കാർമികനെങ്കിലും പരസ്യ ഫ്ലെക്സിൽ നമ്മുടെ സുധാകർജിയുമുണ്ട്.

ഇത് ഒരു റിജിൽ മാക്കുറ്റിയോടെയോ കോൺഗ്രസ് രാഷ്ട്രീയത്തിൽ അയാളെപ്പോലുള്ളവരെ വളർത്തിക്കൊണ്ടുവരുന്നവരുടെയോ മാത്രം പ്രശ്നമല്ല. മറിച്ചു അധികാര രാഷ്ട്രീയത്തിൽ ഏതു ചെകുത്താനോടും സന്ധി ചെയ്യാൻ ഒരുങ്ങി ഇറങ്ങിയ കോൺഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റെ കൂടി അവസരവാദ രാഷ്ട്രീയത്തിന്റെ കാര്യം കൂടിയാണ്. ബാബറിമസ്ജിദ് വിഷയത്തിൽ തങ്ങളുടെ പാർട്ടിക്ക് വന്ന വീഴ്ചകൾ പരിഹരിച്ചുവെന്ന പറയുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ മുസ്ലിം ലീഗ് തന്നെയാണ് ഇക്കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിൽ ബി ജെ പിക്കു അഭിവാദ്യം അർപ്പിച്ചു കൊണ്ടോട്ടിയിൽ പ്രകടനം നടത്തിയത്. ഉമ്മയും പെങ്ങളും വീട്ടിൽ കുത്തിയിരിക്കുമെന്നു പറയുന്ന മുസ്ലിം ലീഗിന് ശബരിമല കാര്യത്തിൽ മതമല്ല സ്ത്രീ വിരുദ്ധ കാര്യത്തിൽ പ്രാവീണ്യം ഏറെയാണ്. അല്ലെങ്കിലും പണ്ട് ചേകന്നൂർ മൗലവി പറഞ്ഞതുപോലെ പ്രവാചകനൊരു വഴി തങ്ങൾക്കു വേറൊരു വഴി എന്ന സിദ്ധാന്തക്കാരാണ് ലീഗുകാർ.

ഇവർക്കൊപ്പം തന്നെയാണ് കേരളത്തിന്റെ വ്യത്യസ്ത ശബ്ദം എന്ന് സ്വയം അഹങ്കരിക്കുന്ന പൂഞ്ഞാർ ജോർജ്. പുരുഷാധിപത്യ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത അയാളും കളം നിറയുമ്പോൾ ഇനിയിപ്പോൾ നിങ്ങൾ കെട്ടിയാടിയ പുരോഗമന വേഷമത്രയും അഴിഞ്ഞു അതിനുള്ളിൽ കാവി പ്രകടമാകുന്നു. ഇനിയിപ്പോൾ കോൺഗ്രസ് പൊന്നും വിലനൽകി തിരിച്ചു വലിച്ചു വിളിച്ചു കേറ്റിയ മാണിച്ചായാനും മോനും എപ്പോൾ വിളിച്ചാലും കൂടെയുണ്ടെന്ന് മോദിക്കും അമിത് ഷാകൾക്ക് എന്നേ ഉറപ്പു നൽകിയവരാണ്. പണത്തിനു മീതെ എന്തൊക്കെ പറക്കുമെന്നു ഇത്തരം ഊച്ചാളി പാർട്ടികളെ നയിക്കുന്നവരോട് ചോദിക്കുന്നതിൽ വലിയ യുക്തിയൊന്നുമില്ല. അധികാര രാഷ്ട്രീയത്തിന്റെ പേരിൽ ഇവറ്റകളെ പേറിയ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഇക്കാര്യത്തിൽ ഒരേപോലെ പ്രതി സ്ഥാനത്തു തന്നെയാണ്.

അവനല്ല, അവർ വരുന്നുവെന്ന് ശ്രീധരൻ വക്കീലിന് തികഞ്ഞ അഹങ്കാരത്തോടെ അമിത് ഷായോടും നരേന്ദ്ര മോദിയോടും പറയാനുള്ള വകുപ്പൊക്കെ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എങ്കിൽ പിന്നെ നേരെ ചൊവ്വേ അങ്ങോട്ട് ചെന്നാൽ പോരെ. വൈകിപ്പോയാൽ അവിടെയും കാത്തുകെട്ടി കിടക്കേണ്ടിവരും.

അയ്യപ്പനെ ദർശിക്കാൻ ഒരവസരം തരണമേയെന്നാണ് പ്രാര്‍ത്ഥന; ചെന്നിത്തലയുടെയും കൂട്ടരുടെയും അഭിപ്രായമല്ല അഡ്വ. ബിന്ദു കൃഷ്ണയ്ക്ക് (വീഡിയോ)

പിന്നോട്ട് നട(ത്തി)ക്കുന്ന കേരളം

സംഘപരിവാറിന് ആയുധം താലത്തില്‍ വച്ചുകൊടുത്ത് കോണ്‍ഗ്രസിന്റെ നാണംകെട്ട പിന്മാറ്റം

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍